പുതിയ മാനദണ്ഡം; രോഗം പിടിപ്പെട്ട് 30 ദിവസത്തിനുള്ളില്‍ മരണമടഞ്ഞാല്‍ കോവിഡ് മരണം

ന്യൂഡല്‍ഹി: കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലും സംയുക്തമായി രൂപീകരിച്ച മാനദണ്ഡങ്ങള്‍ സെപ്തംബര്‍ മൂന്നിന് തന്നെ പുറപ്പെടുവിച്ചിരുന്നതായി സുപ്രീം കോടതിയിലാണ് സര്‍ക്കാര്‍ അറിയിച്ചത്.

പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് കൊവിഡ് പിടിപ്പെട്ട് 30 ദിവസത്തിനുള്ളില്‍ രോഗി മരണമടഞ്ഞാല്‍ അതിനെ കൊവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പെടുത്തും. രോഗി ആശുപത്രിയില്‍ വച്ച് മരിച്ചാലും പുറത്തെ ഏതെങ്കിലും കേന്ദ്രത്തില്‍ വച്ച് മരിച്ചാലും അത് കൊവിഡ് മരണമായി തന്നെ ഇനി മുതല്‍ കണക്കാക്കപ്പെടും.

കൊവിഡ് ടെസ്റ്റ് നടത്തിയോ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന പരിശോധനകളിലൂടെയോ രോഗിക്ക് കൊവിഡാണോ അല്ലയോ എന്ന് ഉറപ്പ് വരുത്താവുന്നതാണ്. എന്നാല്‍ ആത്മഹത്യ, കൊലപാതകം, അപകടങ്ങള്‍ എന്നിവ കാരണം ഒരു വ്യക്തി മരിക്കുകയാണെങ്കില്‍ അയാള്‍ക്ക് കൊവിഡ് ഉണ്ടായിരുന്നുവെങ്കില്‍ പോലും അതിനെ കൊവിഡ് മരണങ്ങളുടെ പട്ടികയില്‍പെടുത്താന്‍ സാധിക്കില്ല.

മാത്രമല്ല, മരണ സര്‍ട്ടിഫിക്കറ്റില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന പരാതി പരിഹാരസെല്ലിനെ സമീപിക്കാവുന്നതാണ്.