ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ നിലപാട് കര്‍ശനമാക്കി ഹൈക്കോടതി. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. കൊവിഡ് ചികിത്സാ നിരക്കുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശം.

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണ പരാതികളില്‍ ഡി ജി പി തന്നെ ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം, ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേയുള്ള അക്രമങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലീസ് തയ്യാറാകുന്നില്ലെന്ന് ആശുപത്രികളും പരാതിപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് കേരളത്തില്‍ ജാമ്യമില്ലാ കുറ്റമാണ്. മൂന്നുവര്‍ഷം തടവും 50000 രൂപ പിഴയുമാണ് ശിക്ഷ. എന്നാല്‍ പലപ്പോഴും ഇത്തരം കേസുകളിലെ പ്രതികള്‍ക്കെതിരെ കാര്യമായ നടപടിയുണ്ടാകാറില്ലെന്നാണ് ആശുപത്രികള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.