തിരുവനന്തപുരം: കണ്ണൂർ സർവകലാശായിൽ ആർഎസ്എസ് സൈദ്ധാന്തികരായ ഗോൾവാൾക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയതിനെ പിന്തുണച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളിൽ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വൈവിദ്ധ്യങ്ങളാണ് ഇന്ത്യയുടെ കരുത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിചാരധാര പഠിപ്പിക്കുന്നതിൽ തെറ്റില്ല. വിദ്യാർത്ഥികൾ പഠിച്ച ശേഷം സംവാദങ്ങളിൽ ഏർപ്പെടണമെന്നും ഗവർണർ വ്യക്തമാക്കി.
അതേസമയം വലിയ പ്രതിഷേധമാണ് ഉയരുന്നത്. കണ്ണൂർ സർവ്വകലാശാല പിജി ഗവേണൻസ് ആൻഡ് പൊളിറ്റിക്‌സ് പാഠ്യപദ്ധതിയിലാണ് സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉൾപ്പെടുത്തിയത്. കടുത്ത വർഗീയ പരാമർശങ്ങളുള്ള കൃതികൾ സിലബസിൽ ചേർത്തത് കാവിവത്കരണമാണെന്നാണ് ഒരു വിഭാഗം ആളുകളുടെ ആരോപണം.
പ്രതിഷേധം ശക്തമായതോടെ സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉൾപ്പെടുത്തിയതിൽ അപാകതയുണ്ടോ എന്ന് പഠിക്കാൻ പ്രത്യേക സമിതിയെ നിയമിച്ചു. രണ്ടംഗ സമിതി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. വിവാദത്തിന് പിന്നാലെ സിലബസ് പുന:പരിശോധന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്.

