കൊച്ചി: പുരാവസ്തു തട്ടിപ്പിന്റെ പേരിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലുമായി അടുപ്പമുണ്ടായിരുന്നുവെന്ന് ഡി ഐ ജി സുരേന്ദ്രൻ. തന്റെ കുടുംബത്തിലെ മിക്ക ചടങ്ങുകളിലും മോൻസൻ പങ്കെടുക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി കമ്മിഷണർ ആയിരുന്ന അവസരത്തിലാണ് മോൻസണിനെ പരിചയപ്പെടുന്നത്. അതിനു ശേഷം തങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ മോൻസണിന്റെ ഇടപാടുകളിൽ തനിക്ക് ചില സംശയങ്ങൾ തോന്നിയിരുന്നു. അടുത്ത കാലത്തായി ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്നും സുരേന്ദ്രൻ വിശദമാക്കി. ആരിൽ നിന്നും പരാതികൾ ഒന്നും ലഭിക്കാത്തതിനാലാണ് മോൻസണിന്റെ ഇടപാടുകളെ കുറിച്ച് കൂടുതലായി അന്വേഷിക്കാത്തത്. മോൻസൺ നിയമവിരുദ്ധ ഇടപാടുകളെ കുറിച്ച് തനിക്ക് യാതൊരു അറിവുമില്ല. തന്റെ സാന്നിദ്ധ്യത്തിൽ പരാതിക്കാർ മോൻസണിന് പണം കൈമാറിയെന്ന് പറയുന്നത് ശരിയല്ല. തന്റെ സാന്നിദ്ധ്യത്തിൽ ആരും പണം കൈമാറ്റം നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തുക്കൾ വിദേശത്ത് വിറ്റതിലൂടെ ലഭിച്ച കോടികൾ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇത് നിയമ പോരാട്ടത്തിലൂടെ സ്വന്തമാക്കാൻ സഹായിച്ചാൽ 25 കോടി രൂപ പലിശരഹിത വായ്പ നൽകാമെന്നും വിശ്വസിപ്പിച്ചാണ് മോൻസൺ തട്ടിപ്പ് നടത്തിയത്. ആറു പേരിൽ നിന്നും മൂന്ന് വർഷത്തോളം മോൻസൺ തട്ടിപ്പ് നടത്തിയിരുന്നു.

