വാഷിംഗ്ടൺ: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളുമായി ആരോഗ്യ വിദഗ്ധർ. കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതിനിടെയാണ് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ രംഗത്തെത്തിയത്.
നിലവിലുള്ളതിൽ ഏറ്റവും അപകടകാരിയായ ആർ വൺ ടൈപ്പ് വൈറസിനെ അമേരിക്കയിൽ വീണ്ടും കണ്ടെത്തിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ആർ വൺ ടൈപ്പ് വൈറസിനെ കഴിഞ്ഞ വർഷം ജപ്പാനിൽ കണ്ടെത്തിയിരുന്നു. മറ്റു ചില രാജ്യങ്ങളിലും ഈ വൈറസിന്റെ സാന്നിദ്ധ്യം റിപ്പോർട്ടു ചെയ്തിരുന്നു.
ലോകത്ത് ആർ വൺ വേരിയന്റ് വൈറസ് ബാധിച്ചവർ കുറവാണെന്നതാണ് ഏക ആശ്വാസം. എന്നാൽ ആർ വൺ വേരിയന്റ് ബാധിച്ചവരുടെ എണ്ണം എപ്പോൾ വേണമെങ്കിലും ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ തന്നെ ജാഗ്രത കൈവിടരുതെന്നും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ വിട്ടുവീഴ്ച അരുതെന്നും വിദഗ്ദ്ധർ അറിയിച്ചു.
അതേസമയം അമേരിക്കയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ മാസ്‌ക് ധരിക്കാൻ കൂട്ടാക്കുന്നില്ലെന്ന വിവരവും പുറത്തു വരുന്നുണ്ട്. അമേരിക്കയിൽ ആർ വൺ വേരിയന്റ് വൈറസുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ഇത് കൂടുതൽ അപകടത്തിന് ഇടയാക്കിയേക്കും എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ലോകത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള രാജ്യം അമേരിക്കയാണ്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അമേരിക്കയിൽ ഇതുവരെ കൊവിഡ് ബാധിച്ചത് 43,725,604 പേർക്കാണ്. ഏറ്റവും അധികം മരണ സംഖ്യ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതും അമേരിക്കയിലാണ്. 706,058 പേർക്കാണ് അമേരിക്കയിൽ കോവിഡിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

