ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമം ചൈനീസ് സേന തുടരുന്നതായി റിപ്പോർട്ട്

ന്യുഡൽഹി: ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമം ചൈനീസ് സേന തുടരുന്നതായി റിപ്പോർട്ട്. ലഡാക്കിലെ സൈനിക നടപടി പിൻവലിച്ചുവെങ്കിലും ഇന്ത്യയിലേക്കുള്ള കടന്നുകയറ്റം ചൈനീസ് സൈന്യം ഉപേക്ഷിച്ചിട്ടില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

ഉത്തരാഖണ്ഡിലെ ബരഹോട്ടിയിൽ ചൈനീസ് പീപ്പിൾസ് ആർമി നുഴഞ്ഞുകയറിയെന്നാണ് വിവരം. കഴിഞ്ഞ മാസമായിരുന്നു സംഭവം. കുതിരപ്പുറത്തെത്തിയ സൈനികർ ഏതാനും മണിക്കൂറുകൾ സ്ഥലത്ത് തമ്പടിച്ചുവെന്നും വിവരമുണ്ട്. പ്രദേശത്തെ നടപ്പാലം ചൈനീസ് സൈന്യം നശിപ്പിച്ചുവെങ്കിലും ഇന്ത്യൻ സേനയുമായി ഒരു ഏറ്റുമുട്ടലിന് നിൽക്കാതെ അവർ മടങ്ങുകയായിരുന്നുവെന്നാണ് സൂചന. ഇന്ത്യൻ സൈന്യവും ഇന്തോ ടിബറ്റൻ ബോർഡർ പോലീസും എത്തിയപ്പോഴേക്കും ചൈനീസ് സേന മടങ്ങിയെന്നാണ് അധികൃതർ വിശദമാക്കുന്നത്. എന്നാൽ ഇത്തരമൊരു വിവരം സർക്കാരിന് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കിഴക്കൻ ലഡാക്കിൽ ചൈനീസ് സേന നടത്തിയ കടന്നുകയറ്റം 17 മാസത്തോളം തർക്കത്തിന് ഇടയാക്കിയിരുന്നു.