ന്യൂഡൽഹി: ത്രിദിന സന്ദർശനം പൂർത്തിയാക്കി മടങ്ങവെ പ്രധാനമന്ത്രിയ്ക്ക് അമൂല്യമായ സമ്മാനമാണ് അമേരിക്ക നൽകിയത്. ഇന്ത്യൻ സംസ്കാരവുമായി ബന്ധപ്പെട്ട 157 പുരാവസ്തുക്കളാണ് അമേരിക്ക അദ്ദേഹത്തിന് നൽകിയത്. അമൂല്യമായ പുരാവസ്തു ശേഖരം ഇന്ത്യക്ക് കൈമാറുന്നതിൽ പ്രധാനമന്ത്രി അമേരിക്കയ്ക്ക് നന്ദി അറിയിച്ചു.
അമൂല്യങ്ങളായ പുരാവസ്തുക്കളുടെ മോഷണം, അനധികൃത വ്യാപാരം, കടത്ത് എന്നിവയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കി.
പത്താം നൂറ്റാണ്ടിൽ മണൽക്കല്ലിൽ തീർത്ത രേവന്തയുടെ 8.5 സെന്റിമീറ്റർ വരെ പ്രതിമ, 12-ാം നൂറ്റാണ്ടിലെ അതിമനോഹരമായ നടരാജ വെങ്കല പ്രതിമ തുടങ്ങിയവ 157 പുരാവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നു. അമേരിക്ക ഇന്ത്യയ്ക്ക് കൈമാറിയ പുരാവസ്തുക്കളിൽ കൂടുതൽ ശേഖരങ്ങൾ 11-14 നൂറ്റാണ്ടിലേതാണ്. ബിസി 2000 കാലഘട്ടത്തിലെയും രണ്ടാം നൂറ്റാണ്ടിലെയും ചെമ്പ്, ടെറാക്കോട്ട ശിൽപങ്ങളും ഉൾപ്പെടുന്നു. 45 ശിൽപങ്ങൾ ബിസി കാലഘട്ടത്തിലേതാണ്. 71 ശിൽപങ്ങൾ സാംസ്കാരികവും ബാക്കി ഹിന്ദുയിസം, ബുദ്ധിസം, ജൈനിസം എന്നിവയുമായി ബന്ധപ്പെട്ടതാണ്.
ലക്ഷ്മി നാരായണ, ബുദ്ധൻ, വിഷ്ണു, ശിവ പാർവതി, ജൈന തീർത്ഥങ്കരർ, കങ്കാല മൂർത്തി, ബ്രഹ്മി, നന്ദികേശ, ഗണപതി തുടങ്ങിയവരുടെ പ്രതിമകളാണ് ഏറെയും. കല്ലിലും ടെറാക്കോട്ടയിലും ലോഹങ്ങളിലുമാണ് പ്രതികൾ തീർത്തിരിക്കുന്നത്. അതിപുരാതനവും ബിസി 2000ത്തിലുള്ളതുമായ 45 ശിൽപങ്ങളും ഇവയിൽ ഉൾപ്പെടുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

