തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജനാധിപത്യ ചേരിയെ ശാക്തീകരിക്കാനുള്ള സിപിഎം ദേശീയ നേതൃത്വത്തിന്റെ ശ്രമങ്ങളെ പതിവുപോലെ ഇത്തവണയും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടുന്ന കേരള സംഘം അട്ടിമറിച്ചെന്ന് അദ്ദേഹം ആരോപിച്ചു. ദേശീയതലത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ കോൺഗ്രസുമായി കൂട്ടുകെട്ട് വേണ്ടെന്ന തീരുമാനം പോളിറ്റ് ബ്യൂറോ എടുത്തത് കേരള ഘടകത്തിന്റെ സമ്മർദ്ദം മൂലമാണോയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം നിലപാട് അങ്ങേയറ്റം ബുദ്ധിശൂന്യതയും വിവേകമില്ലായ്മയുമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം മാത്രമാണ് സിപിഎമ്മിന് തുരുത്തായുള്ളത്. കേരള സിപിഎം നേതാക്കളുടെ നിലപാട് ബിജെപിക്ക് അനുകൂലമാണ്. കാലങ്ങളായി കേരളത്തിൽ സിപിഎമ്മും ബിജെപിയും തുടരുന്ന രഹസ്യ സഖ്യമാണ് ഇത്തരം ഒരു നിലപാട് പിബിയിൽ സ്വീകരിക്കാൻ കേരള നേതാക്കൾക്ക് ഇന്ധനം പകർന്നത്. അന്ധമായ കോൺഗ്രസ് വിരോധം വച്ചുപുലർത്തുന്ന കേരളത്തിലെ സിപിഎം നേതാക്കളുടെ മൃദുഹിന്ദുത്വ സമീപനത്തിന് തെളിവാണ് പിബിയിലെ നിലപാടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വർഗീയ ഫാസിസത്തിനെതിരായ പോരാട്ടത്തിൽ ജനാധിപത്യ മതേതര ശക്തികളെ സിപിഎം ഒറ്റിക്കൊടുക്കുകയാണ്. നരേന്ദ്ര മോദിയുടെ നയങ്ങളോടും നിലപാടുകളോടും യോജിക്കുന്ന നടപടികളാണ് അധികാരത്തിൽ എത്തിയത് മുതൽ കേരള മുഖ്യമന്ത്രി പിന്തുടരുന്നത്. ബിജെപിയുടെ വർഗീയ ഫാസിസ്റ്റ് ഭീഷണിയെ ചെറുത്ത് തോൽപ്പിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യകക്ഷികളുടെ ദേശീയ ബദൽ രൂപപ്പെട്ടുവരുന്ന ഘട്ടത്തിലാണ് സിപിഎം കേരള ഘടകം പിന്നിൽ നിന്നും കുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ലാവ്‌ലിൻ കേസും സ്വർണ്ണക്കടത്ത് കേസും ബിജെപി നേതാക്കൾ പ്രതികളായ കുഴൽപ്പണക്കേസും എങ്ങനെ തെളിവുകളില്ലാതെ ആവിയായിപ്പോയി എന്ന് തിരിച്ചറിയാൻ സിപിഎം പിബിയിലെ കേരള നേതാക്കളുടെ നിലപാട് മാത്രം പരിശോധിച്ചാൽ മതിയെന്നും സുധാകരൻ അദ്ദേഹം കൂട്ടിച്ചേർത്തു.

