ന്യൂഡൽഹി: സ്വന്തമായി ക്രിപ്റ്റോ കറൻസി പുറത്തിറക്കാനൊരുങ്ങി ഇന്ത്യ. സ്വകാര്യ ക്രിപ്റ്റോകറൻസികൾ കള്ളപ്പണം വെളുപ്പിക്കാനും തീവ്രവാദ ധനസഹായത്തിനും വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് ഒഴിവാക്കാനാണ് ഇന്ത്യ ഇത്തരമൊരു നീക്കം നടത്തുന്നത്. ഉടൻ തന്നെ ഇന്ത്യ സ്വന്തമായി ക്രിപ്റ്റോ കറൻസി പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. സ്വന്തമായി ക്രിപ്റ്റോ കറൻസി പുറത്തിറക്കുമ്പോൾ ഇന്ത്യ സ്വകാര്യ ക്രിപ്റ്റോകറൻസികൾക്ക് നിരോധനം ഏർപ്പെടുത്തും. ക്രിപ്റ്റോ കറൻസികൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായുള്ള പരാതി ഉയരുന്നുണ്ട്.
സ്വകാര്യ ക്രിപ്റ്റോകറൻസികൾ ഇന്ത്യയിൽ നിയമവിധേയമല്ലെന്നും കേന്ദ്രം അടുത്തുതന്നെ സ്വന്തം ഡിജിറ്റൽ ക്രിപ്റ്റോ കറൻസി പുറത്തിറക്കുമെന്നുമുള്ള സൂചനകൾ അടുത്തിടെ കേന്ദ്ര ഡപ്യൂട്ടി ഡയറക്ടർ (കറൻസി) സഞ്ജു യാദവ് പുറത്തുവിട്ടിരുന്നു. ബിജെപി നേതാവും ധനകാര്യ പാർലമെൻറ് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനുമായ ജയന്ത് സിൻഹ അധ്യക്ഷനായ പാർലമെൻറ് പാനലിന് മുമ്പാകെ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ, ക്രിപ്റ്റോ അസെറ്റ്സ് കൗൺസിൽ, വ്യവസായ സംഘടനകൾ, ഇതുമായി ബന്ധപ്പെട്ട മറ്റ് പങ്കാളികൾ എന്നിവർ നിർദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു. ഈ യോഗത്തിന് ശേഷം ജയന്ത് സിൻഹയും സ്വകാര്യ ക്രിപ്റ്റോകറൻസികളെ നിയന്ത്രിക്കുമെന്ന തരത്തിലുള്ള വിവരങ്ങൾ പങ്കുവെച്ചിരുന്നു.
അതേസമയം രാജ്യത്ത് അനിയന്ത്രിതമായ ക്രിപ്റ്റോ കറൻസി ഇടപാടുകൾ നിയന്ത്രിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച ചർച്ച നടത്തിയത്. അമിതവാഗ്ദാനങ്ങൾ നൽകിയും സുതാര്യമല്ലാത്തതുമായ ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെയും യുവജനങ്ങളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങൾക്ക് അവസാനമുണ്ടാക്കണമെന്നായിരുന്നു യോഗത്തിൽ ഉയർന്നു വന്ന ആവശ്യം. കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിനുള്ള സാമ്പത്തിക സ്രോതസായും ക്രിപ്റ്റോ കറൻസി ഉപയോഗിക്കുന്നതിനെ കുറിച്ചും യോഗത്തിൽ ചർച്ച നടന്നുവെന്നാണ് റിപ്പോർട്ടുകൾ.
വികസിച്ച് കൊണ്ടിരിക്കുന്ന ഒരു സാങ്കേതിക വിദ്യ എന്ന നിലയിൽ ക്രിപ്റ്റോ കറൻസിക്ക് മേൽ ശക്തമായ നിരീക്ഷണം നടത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നുമാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ആർ.ബി.ഐയും, ധനമന്ത്രാലയവും, ആഭ്യന്തര മന്ത്രാലയവും രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ദരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടർന്നാണ് ക്രിപ്റ്റോ കറൻസിയും അനുബന്ധ പ്രശ്നങ്ങളും ചർച്ച ചെയ്യാൻ മോദിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.

