ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ച് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ച് കേന്ദ്ര സർക്കാർ. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള വിവരങ്ങൾ വിശദമായി പഠിക്കാൻ വേണ്ടി സർക്കാർ നിയമക്കമ്മിഷനെ ചുമതലപ്പെടുത്തി. കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്.

വിഷയത്തിൽ ഉചിതമായ ശുപാർശ നൽകാൻ കേന്ദ്രം 21-ാം നിയമക്കമ്മിഷന് നിർദേശം നല്കിയിരുന്നു. എന്നാൽ 21-ാം കമ്മിഷന്റെ കാലാവധി 2018 ആഗസ്ത് 31ന് അവസാനിച്ചു. അതിനാൽ 22-ാം ലോ കമ്മിഷനാകും വിഷയം പഠിക്കുകയെന്നാണ് കിരൺ റിജിജു വ്യക്തമാക്കിയത്. ബിജെപി എംപി നിഷികാന്ത് ദുബെയ്ക്ക് രേഖാമൂലം മറുപടി നൽകുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കോടതികളിൽ നിന്നും പാർലമെന്റ് അംഗങ്ങളിൽ നിന്നും കേന്ദ്രത്തിന് നിർദേശങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്തും വിവിധ സമുദായങ്ങളെ നിയന്ത്രിക്കുന്ന വ്യക്തി നിയമങ്ങളിലെ വ്യവസ്ഥകളെക്കുറിച്ച് ആഴത്തിലുള്ള പഠനം ആവശ്യമായതിനാലുമാണ് വിഷയം ലോ കമ്മിഷന് കൈമാറിയതെന്ന് അദ്ദേഹം വിശദമാക്കി.

ഭരണഘടനയുടെ 44-ാം അനുച്ഛേദം പൗരന്മാർക്ക് ഏകീകൃത സിവിൽ കോഡ് ഉറപ്പാക്കാൻ ശ്രമിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ആദ്യമായി 21-ാം ലോ കമ്മിഷനെ സമീപിച്ചത് 2016 ജൂൺ മാസത്തിലാണ്.