ഇന്ത്യൻ സൈനിക വിഭാഗത്തിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു; ഒരാഴ്ചയായിട്ടും വിശദീകരണം നൽകാതെ മെറ്റാ

ന്യൂഡൽഹി: ഇന്ത്യൻ സൈനിക വിഭാഗത്തിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. ചിനാർ കോർപ്‌സിന്റെ അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടിട്ട് ഒരാഴ്ചയിൽ അധികമായെങ്കിലും ഇതിന് വ്യക്തമായ ഒരു വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

കശ്മീർ താഴ്വര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈനിക വിഭാഗമാണ് ചിനാർ കോർപ്‌സ്. ഇന്ത്യൻ സൈന്യത്തെയും കശ്മീരിലെ നിലവിലെ പ്രശ്‌നങ്ങളെയും സംബന്ധിക്കുന്ന തെറ്റായ വാർത്തകളെ പ്രതിരോധിക്കുന്നതിനും ശരിയായ വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനും വേണ്ടിയാണ് ചിനാർ കോർപ്‌സ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും അക്കൗണ്ടുകൾ തുടങ്ങിയത്. ഈ അക്കൗണ്ടുകളിലൂടെ ചിനാർ കോർപ്‌സ് ജനങ്ങളെ ശരിയായ വിവരങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടത്.

ഫേസ്ബുക്ക് പോളിസികൾക്കെതിരായുള്ള പോസ്റ്റുകൾ വരുമ്പോഴോ അതല്ലെങ്കിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ മാത്രമാണ് സാധാരണയായി സമൂഹമാദ്ധ്യമത്തിലെ അക്കൗണ്ടുകൾ ഇത്തരത്തിൽ മരവിപ്പിക്കുന്നത്. എന്നാൽ ചിനാർ കോർപ്‌സിന്റെ അക്കൗണ്ട് മരവിപ്പിച്ചതിന് ഒരാഴ്ചയായിട്ടും വ്യക്തമായ മറുപടി നൽകാൻ ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും കമ്പനിയായ മെറ്റാ തയ്യാറായിട്ടില്ല.