സാമൂഹിക പരിഷ്‌കർത്താവ് ശ്രീ രാമാനുജാചാര്യയുടെ സമത്വ പ്രതിമ അനച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

ഹൈദരാബാദ്: സാമൂഹിക പരിഷ്‌കർത്താവും പതിനൊന്നാം നൂറ്റാണ്ടിലെ ഭക്തസന്യാസിയുമായ ശ്രീ രാമാനുജാചാര്യയുടെ സമത്വ പ്രതിമ അനച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമാനുജാചാര്യരുടെ പ്രതിമ അറിവിന്റെയും ജ്ഞാനത്തിന്റെയും പ്രതീകമാണെന്ന് പ്രധാവമന്ത്രി പറഞ്ഞു. അദ്ദേഹം ഉദ്ഘോഷിച്ചത് എന്താണോ അത് ലോകത്തെ നയിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഹൈദരാബാദിലെ ഷംഷാബാദിൽ 45 ഏക്കർ വരുന്ന കെട്ടിടസമുച്ചയത്തിലാണ് ശ്രീ രാമാനുജാചാരിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 216 അടിയാണ് പ്രതിമയുടെ ഉയരം. പഞ്ചലോഹം കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ പ്രതിമ ലോകത്തെ ഏറ്റവും വലിയ ലോഹ പ്രതിമകളിൽ ഒന്നാണ്. ‘ഭദ്ര വേദി’ എന്ന് പേരിലുള്ള കെട്ടിടത്തിലാണ് പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. 54 അടി ഉയരമാണ് ഈ കെട്ടിടത്തിനുള്ളിലുള്ളത്. ഡിജിറ്റൽ ലൈബ്രറിയും ഗവേഷണ കേന്ദ്രവും ശ്രീരാമാനുജാചാര്യരുടെ കൃതികളും തത്ത്വചിന്തകളും വിവരിക്കുന്ന ഒരു വിദ്യാഭ്യാസ ഗാലറിയും ഒരു തിയേറ്ററും ഈ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.

അതേസമയം ബസന്ത് പഞ്ചമി ദിനത്തിലാണ് രാമാനുജാചാര്യരുടെ പ്രതിമ സമർപ്പിച്ചതെന്ന് പ്രധാനമന്ത്രി വിശദമാക്കി. ഇന്ത്യയുടെ പൗരാണിക സംസ്‌കാരത്തെ വീണ്ടും ശക്തിപ്പെടുത്തുന്നതാണ് ഈ പ്രതിമ. രാമാനുജാചാര്യർ വർഷങ്ങളോളം യാത്ര ചെയ്തും പഠിച്ചും നേടിയത് ഇനി ഇവിടെ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2014 ലാണ് പ്രതിമയ്ക്ക് തറക്കല്ലിട്ടത്. 1,000 കോടി രൂപയുടെ പദ്ധതിയുടെ നിർമ്മാണം പൂർത്തീകരിച്ചത് ആഗോളതലത്തിൽ ഭക്തരിൽ നിന്നും ലഭിച്ച സംഭാവനകളിൽ നിന്നാണ്.