കോഴിക്കോട്: തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് ഇനി രണ്ടു മണിക്കൂർ സമയം ലാഭിച്ച് യാത്ര ചെയ്യാം. ഇതിനായി ബൈപാസുകളിലൂടെ മാത്രം സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്തെത്തുന്ന കെഎസ്ആർടിസി ബൈപാസ് റൈഡറുകൾ സജ്ജമാക്കുകയാണ് കെഎസ്ആർടിസി. ഓരോ മണിക്കൂർ ഇടവിട്ട് കോട്ടയം, എറണാകുളം റൂട്ടിൽ ഈ ബസുകൾ സർവ്വീസ് നടത്തും. 48 സർവീസുകളാണ് ഇതിനായി ഒരുക്കുന്നത്. ഈ മാസാവസാനത്തോടെ സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രധാന റോഡുകളിലൂടെ ബസുകൾ നിശ്ചിത സമയത്ത് ഓടിയെത്തുന്നതിന് പ്രധാന തടസ്സം ഗതാഗതക്കുരുക്കാണ്. തിരക്കൊഴിഞ്ഞ ബൈപാസുകളിലൂടെ യാത്രചെയ്താൽ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. റൈഡർ സർവീസുകൾക്കായി ബൈപാസുകളിൽ മുഴുവൻ സമയ ഫീഡർ സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് തീരുമാനം. റൈഡർ സർവ്വീസിനായി സൂപ്പർഫാസ്റ്റ്, സൂപ്പർ ഡീലക്‌സ് ബസുകളാകും തെരഞ്ഞെടുക്കുക. തിരുവനന്തപുരത്ത് കഴക്കൂട്ടം, കൊല്ലത്ത് കൊട്ടാരക്കര, അയത്തിൽ, ആലപ്പുഴയിൽ കൊമ്മാടി ജങ്ഷൻ, ചേർത്തല ജങ്ഷൻ, ആലുവയിൽ മെട്രോ സ്റ്റേഷൻ, ചാലക്കുടി പുതിയ കോടതി ജങ്ഷൻ, മലപ്പുറം ചങ്കുവെട്ടി എന്നിവിടങ്ങളിലാകും ഫീഡർ സ്റ്റേഷനുകൾ ആരംഭിക്കുന്നത്.
കെഎസ്ആർടിസിയുടെ പഴയ ബസുകളാണ് ഫീഡർ സ്റ്റേഷനുകളായി മാറ്റുക. പ്രധാന നഗരങ്ങളിൽ നിന്നും കെഎസ്ആർടിസി സ്റ്റേഷനുകളിൽ നിന്നും ഇവിടേക്ക് ഫീഡർ സർവീസുകളും ആരംഭിക്കും. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് ഫീഡർ സർവീസിൽ യാത്ര സൗജന്യമായി ലഭിക്കുമെന്നതാണ് മറ്റൊരു സവിശേഷത. ബൈപാസ് റൈഡർ ബുക്ക് ചെയ്യുന്ന മലയോര ജില്ലകളിലുള്ളവർക്ക് ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്. ബൈപാസ് റൈഡർ ബുക്ക് ചെയ്യുന്നതിന് അനുസൃതമായ സമയങ്ങളിൽ വയനാട്, ഇടുക്കി തുടങ്ങിയ ജില്ലകളിലേക്കുള്ള ടിക്കറ്റ് ഒരുമിച്ചെടുക്കുകയും ചെയ്യാം. യാത്രാ ചെലവ് കുറയുമെന്നതാണ് സർവ്വീസിന്റെ മറ്റൊരു പ്രധാന ആകർഷകണം.

