Health (Page 51)

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധിക്കുന്നതിനായി സെപ്റ്റംബർ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവ് നടത്തുമെന്ന് ആരോഗ്യ, ഭക്ഷസുരക്ഷാ മന്ത്രി വീണാ ജോർജ്. മുഴുവൻ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിധിയിൽ കൊണ്ടുവരികയാണ് ലക്ഷ്യം. ഭക്ഷ്യ സുരക്ഷാ ലൈസൻസിനായി സമർപ്പിക്കുന്ന അപേക്ഷകളിൽ വളരെ വേഗത്തിൽ തീരുമാനമെടുക്കാൻ നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും ഭക്ഷ്യസുരക്ഷ ലൈസൻസ് എടുക്കേണ്ടതാണ്. സ്വന്തമായി ഭക്ഷണം നിർമ്മിച്ച് വിൽപന നടത്തുന്നവർ, പെറ്റി റീടെയ്ലർ, തെരുവ് കച്ചവടക്കാർ, ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നവർ, താല്കാലിക കച്ചവടക്കാർ എന്നിവർക്ക് മാത്രമാണ് രജിസ്‌ട്രേഷൻ അനുമതിയോടെ പ്രവർത്തിക്കാവുന്നത്. ജീവനക്കാരെ ഉൾപ്പെടുത്തി തട്ടുകട നടത്തുന്നവരും ലൈസൻസ് എടുക്കേണ്ടതാണ്. എന്നാൽ നിരവധി കച്ചവട സ്ഥാപനങ്ങൾ ലൈസൻസ് എടുക്കുന്നതിന് പകരം രജിസ്‌ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്നതായി പരിശോധനകളിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് പരിശോധനകൾ കർശനമാക്കിയിട്ടുള്ളത്.

ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാതെ ഭക്ഷ്യസംരംഭങ്ങൾ നടത്തുന്ന ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം, 2006 വകുപ്പ് 63 പ്രകാരമുള്ള ശിക്ഷ ലഭിക്കുന്നതാണ്. ലൈസൻസിന് പകരം രജിസ്‌ട്രേഷൻ മാത്രമെടുത്ത് പ്രവർത്തിക്കുന്നവരെ ലൈസൻസ് ഇല്ലാത്തവരായി പരിഗണിച്ച് നടപടി സ്വീകരിക്കും.

ഭക്ഷ്യ സുരക്ഷ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതോ ഭക്ഷ്യസുരക്ഷ ലൈസൻസ് പരിധിയിൽ വന്നിട്ടും ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷനിൽ പ്രവർത്തിക്കുന്നതോ ആയ സ്ഥാപനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടച്ചുപൂട്ടൽ ഉൾപ്പടെ നടപടികൾ സ്വീകരിക്കും. ലൈസൻസ് ലഭിക്കുന്നതിനായി foscos.fssai.gov.in എന്ന പോർട്ടലിലൂടെ അപേക്ഷിക്കാം. സാധാരണ ലൈസൻസുകൾക്ക് 2000 രൂപയാണ് ഒരു വർഷത്തേക്കുള്ള ഫീസ്.

ഭക്ഷണം വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ ലൈസൻസ് എടുത്തു മാത്രമേ പ്രവർത്തനം നടത്താൻ പാടുള്ളൂ എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരവധി തവണ അഭ്യർഥിച്ചിരുന്നു. ഇതൊരു നിയമപ്രകാരമുള്ള ബാധ്യത ആയിരുന്നിട്ട് കൂടി ലൈസൻസ് എടുത്ത് പ്രവർത്തിക്കുന്നതിന് യാതൊരു നടപടികളും സ്വീകരിക്കാത്തത് കൊണ്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന നടപടിയിലേക്ക് നീങ്ങുന്നത്. ലൈസൻസ് ഇല്ലാത്തതിനാൽ അടച്ചുപൂട്ടൽ നടപടി നേരിടുന്ന സ്ഥാപനങ്ങൾ ലൈസൻസ് നേടുകയോ നിയമപരമായി ലൈസൻസിന് പൂർണമായ അപേക്ഷ സമർപ്പിച്ചു മാത്രമേ തുറന്നു കൊടുക്കാൻ നടപടികൾ സ്വീകരിക്കുകയുള്ളൂ.

ആവശ്യക്കാർക്ക് ആവശ്യസമയത്ത് രക്തം എത്തിച്ചു നൽകാനായി ആരംഭിച്ച കേരളാപോലീസിന്റെ സംരംഭമാണ് പോൽ ബ്ലഡ്. അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ് എന്ന ഓൺലൈൻ സേവനം നിങ്ങൾക്കും പ്രയോജനപ്പെടുത്താം.

കേരള പോലീസിന്റെ മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ ആപ്പിന്റെ സഹായത്തോടുകൂടിയാണ് പ്രവർത്തനം. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പോൽ ബ്ലഡിൽ ആർക്കും അംഗങ്ങളാകാം. രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാൻ പ്ലേസ്റ്റോറിൽ നിന്ന് പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. ആപ്പിൽ പോൽ ബ്ലഡ് എന്ന വിഭാഗം തിരഞ്ഞെടുക്കുക. രക്തം നൽകാൻ ഡോണർ (Donor) എന്ന രജിസ്‌ട്രേഷൻ ഫോറം പൂരിപ്പിക്കുക. രക്തം ആവശ്യമുള്ളവർ റെസീപ്യന്റ് (Recipient) എന്ന ഫോറം പൂരിപ്പിക്കുക. രജിസ്‌ട്രേഷൻ പൂർത്തിയായാൽ കൺട്രോൾ റൂമിൽ നിന്നു നിങ്ങളെ ബന്ധപ്പെടും.

രക്തം അടിയന്തരഘട്ടങ്ങളിൽ സ്വീകരിക്കാൻ മാത്രമുള്ളതല്ല, രക്ത ദാനത്തിനും നാം തയ്യാറാകണം. ഇതുവരെ പൊതുജനങ്ങളുടെ സഹായത്തോടെ ഇരുപതിനായിരം യൂണിറ്റോളം രക്തം ആവശ്യക്കാർക്ക് എത്തിച്ചുനൽകാൻ കേരള പോലീസിന് കഴിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം: തൃശൂർ മെഡിക്കൽ കോളജ് ട്രോമ കെയർ ബ്ലോക്കിൽ വിവിധ പരിശോധനാ സംവിധാനങ്ങൾ ഏകോപിക്കുന്ന ആധുനിക ഇമേജിങ് സെന്റർ ഉടൻ യാഥാർഥ്യമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. 128 സ്ലൈസ് സി.ടി. സ്‌കാൻ, അൾട്രാ സൗണ്ട് സ്‌കാനിംഗ്, ഡിജിറ്റൽ എക്സ്റേ എന്നിവയാണ് സ്ഥാപിച്ചത്. അതിനൂതന റേഡിയോളജി സംവിധാനങ്ങൾ മെഡിക്കൽ കോളജുകളിൽ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇവ സ്ഥാപിച്ചത്. അപകടത്താലും മറ്റ് അത്യാഹിതങ്ങളായും വരുന്ന രോഗികൾക്ക് പരിശോധനകളും ചികിത്സയും അടിയന്തരമായി ഉറപ്പാക്കാനാണ് അത്യാഹിത വിഭാഗത്തിൽ തന്നെ വിവിധ പരിശോധനാ സംവിധാനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് എക്‌സ് റേ, സ്‌കാനിംഗ് പരിശോധനകൾക്കായി ആശുപത്രിയുടെ പല ഭാഗത്തായി പേകേണ്ടി വരുന്ന അവസ്ഥയാണ് ഇതിലൂടെ മാറുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ആരംഭിച്ച ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് ഇവ സ്ഥാപിക്കുന്നത്. നിലവിലെ ഒപിയിലെ പരിശോധനാ സംവിധാനങ്ങൾക്ക് പുറമെയാണ് അത്യാഹിത വിഭാഗത്തിൽ ഇവ സജ്ജമാക്കുന്നത്. 6.48 കോടി രൂപ ചെലവഴിച്ചാണ് പുതിയ പരിശോധനാ സംവിധാനങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. 4.78 കോടി രൂപ ചെലവഴിച്ചാണ് 128 സ്ലൈസ് സിടി സ്‌കാനർ സ്ഥാപിച്ചത്. ഇതിന്റെ ഇൻസ്റ്റലേഷൻ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. തല മുതൽ മുതൽ പാദം വരെയുള്ള ഏത് ഭാഗത്ത് പരിക്കേറ്റാലും 20 മിനിറ്റിനുള്ളിൽ സ്‌കാൻ ചെയ്ത് റിസൾട്ട് ലഭ്യമാകുമെന്നുള്ളതാണ് മെഷീന്റെ പ്രധാന പ്രത്യേകതയെന്ന് വീണാ ജോർജ് പറഞ്ഞു.

അത്യാധുനിക സംവിധാനമുള്ള പുതിയ സ്‌കാനറിൽ കൊറോണറി ആൻജിയോഗ്രാഫി, കോറോണറി പ്ലാക് ക്യാരക്ടറൈസേഷൻ, വെസൽ അനാലിസിസ്, ന്യൂറോളജി ഡി.എസ്.എ., വിർച്വൽ എൻഡോസ്‌കോപ്പി, സി.ടി. ആൻജിയോഗ്രാം തുടങ്ങിയവ വളരെ വേഗത്തിലും, കൃത്യതയോടെയും പൂർത്തിയാക്കാൻ സാധിക്കും. ലോകോത്തര നിലവാരമുള്ള പരിശോധന ഫലങ്ങൾ വളരെ വേഗത്തിൽ ലഭ്യമാക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. നിലവിലെ 16 സ്ലൈസ് സി.ടി. സ്‌കാനറിന് പുറമേയാണ് ഇത് സ്ഥാപിക്കുന്നത്.

1.7 കോടി രൂപ മുടക്കിയാണ് ഡിജിറ്റൽ എക്സ്റേ സ്ഥാപിച്ചത്. പരിശോധിക്കുന്ന ഡോക്ടർക്ക് ഡിജിറ്റലായി തന്നെ കമ്പ്യൂട്ടറിൽ എക്സ്റേ കാണാൻ സാധിക്കും. അതിനാൽ തന്നെ ആവശ്യമെങ്കിൽ മാത്രമേ ഫിലിം പ്രിന്റ് ചെയ്യേണ്ട ആവശ്യമുള്ളൂ. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലെത്തുന്നവർക്കായി പ്രത്യേകം അൾട്രാ സൗണ്ട് മെഷീനും ഒരുക്കിയിട്ടുണ്ട്. കെൽട്രോൺ സഹായത്തോടെ പുതിയ പാക്‌സ് സിസ്റ്റം കൂടി സ്ഥാപിക്കുന്നതോടെ സ്‌കാൻ, എക്‌സ്‌റേ മുതലായവ ആശുപത്രിയുടെ എത് ഭാഗത്ത് നിന്നും ഡോക്ടർമാർക്ക് വിരൽത്തുമ്പിൽ കമ്പ്യൂട്ടർ മുഖേന ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു.

പ്രതിദിനം 900ത്തോളം രോഗികളാണ് തൃശൂർ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെത്തുന്നത്. ഇവർക്ക് മികച്ച പരിചരണം നൽകുന്നതിന്റെ ഭാഗമായി ട്രോമ കെയർ ബ്ലോക്ക് അടുത്തിടെ യാഥാർഥ്യമാക്കിയിരുന്നു. ഇവിടെ റെഡ്, യെല്ലോ തുടങ്ങിയ സോണുകളും സജ്ജമാക്കി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. സങ്കീർണ ശസ്ത്രക്രിയകൾക്കായി ട്രോമകെയർ തീയറ്ററും ബ്ലോക്കിലുണ്ട്. ഇതുകൂടാതെ മൈനർ തിയേറ്റർ, തീവ്ര പരിചരണ വിഭാഗം എന്നിവയും ബ്ലോക്കിൽ സജ്ജമായി വരുന്നു.

രോഗികൾക്കുള്ള സഹായത്തിനായി പി.ആർ.ഒ. സേവനം, കൺട്രോൾ റൂം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ആശുപത്രിയുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി അധികമായി സി.സി.ടി.വി. ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ മികച്ച സൗകര്യങ്ങൾ ലഭ്യമാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

അത്താഴം ഏഴ് മണിയോടെ കഴിക്കണം എന്ന് വിദഗ്ധർ പറയാറുണ്ട്. ഇങ്ങനെ പറയാനുള്ള കാരണം എന്താണെന്ന് അറിയാമോ. നേരത്തെ അത്താഴം കഴിയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

നേരത്തെ അത്താഴം കഴിച്ചാൽ ഭക്ഷണം ദഹിക്കാൻ ആവശ്യമായ സമയം ഉറക്കത്തിന് മുൻപ് തന്നെ ലഭിക്കും. അതിനാൽ നല്ല ഉറക്കം ലഭിക്കാനും ഇത് സഹായിക്കും. ഉറങ്ങുന്നതിന് തൊട്ടു മുൻപ് അത്താഴം കഴിക്കുന്നത് നെഞ്ചെരിച്ചിലിനും ദഹനക്കേടിനും കാരണമാകും.

ഏഴ് മണിയോടെ അത്താഴം കഴിക്കുന്നതു കൊണ്ട് ശരീരത്തിലെ കലോറിയുടെ അളവ് ഗണ്യമായി കുറയ്ക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. അതിനാൽ, വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴം നേരത്തെ കഴിയ്ക്കണമെന്ന് വിദഗ്ധർ പറയുന്നു. രാത്രിയിൽ അമിതമായി കഴിക്കുന്നത് ശരീര ഭാരം കൂടുന്നതിനും, കുടവയർ പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും. അതിനാൽ തന്നെ രാത്രിയിൽ വളരെ കുറച്ച് മാത്രം ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.

സൂപ്പ്, റൊട്ടി, പച്ചക്കറി എന്നിവ അത്താഴത്തിൽ ഉൾപ്പെടുത്താം. കൊഴുപ്പ്, പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവയുടെ അളവ് കുറഞ്ഞിരിക്കുന്ന ഭക്ഷണങ്ങളാണ് അത്താഴത്തിന് ഏറ്റവും നല്ലത്.

തിരുവനന്തപുരം: ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കലാലയ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മണിക്കൂറിന് ഇരുപതു മിനിട്ടു വീതം അധികസമയം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

വകുപ്പിനു കീഴിലെ സർവ്വകലാശാലകളും പ്രൊഫഷണൽ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ എല്ലാ വിദ്യാർഥികൾക്കും ഈ ഈ സമയം ലഭിക്കും. സർക്കാർ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഇത്- മന്ത്രി അറിയിച്ചു.

അർഹരായവർക്ക് ഈ ആനുകൂല്യം ലഭിക്കാൻ വേണ്ട നടപടികൾ സ്ഥാപന മേധാവികൾ സ്വീകരിക്കും. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, ഐ.എച്ച്.ആർ.ഡി ഡയറക്ടർ എന്നിവർക്ക് ഇതിനുള്ള നിർദ്ദേശം നൽകിയതായി ആർ ബിന്ദു കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ആധാർ, റേഷൻകാർഡ് തുടങ്ങിയ രേഖകൾ കൈവശമില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്‌കൂളിൽ വച്ചോ അല്ലാതെയോ പെട്ടെന്ന് ആശുപത്രിയിലേക്കു കുട്ടിയെ എത്തിച്ചാൽ മതിയായ രേഖകൾ ഇല്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്. ആദ്യം കുട്ടിക്കു മതിയായ ചികിത്സ ഉറപ്പ് വരുത്തണം. അതിന് ശേഷം രേഖകൾ എത്തിക്കാനുള്ള സാവകാശം നൽകണമെന്നും മന്ത്രി നിർദേശം നൽകി.

ഈയൊരു വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രി ഇടപെട്ടത്. ഇതുസംബന്ധിച്ച് സർക്കുലർ ഇറക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. പദ്ധതി നടത്തിപ്പുകാരായ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കും നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾക്ക് സൗജന്യ ചികിത്സയ്ക്കായി രജിസ്റ്റർ ചെയ്യുന്നതിന് റേഷൻ കാർഡും ആധാർ കാർഡും ആവശ്യമാണ്. ഈ രേഖകൾ എത്തിക്കാനുള്ള സാവകാശമാണ് നൽകുന്നതെന്ന് വീണാ ജോർജ് പറഞ്ഞു.

ആലപ്പുഴ: പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാത്തതും ഭാഗികമായി ലഭിച്ചതുമായ അഞ്ചു വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും ഗർഭിണികൾക്കും വാക്‌സിൻ നൽകുന്ന ഇന്റൻസിഫൈഡ് മിഷൻ ഇന്ദ്രധനുഷ് 5.0 യജ്ഞത്തിന്റെ രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെ ആലപ്പുഴ ജില്ലയിൽ നടത്തും.

കുത്തിവെയ്പ്പിലൂടെ പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങളിൽ നിന്ന് കുട്ടികളെയും ഗർഭിണികളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം സെപ്റ്റംബറിലും മൂന്നാം ഘട്ടം ഒക്ടോബർ ഒമ്പത് മുതൽ 14 വരെയും നടക്കും. ബി.സി.ജി, ഒ.പി.വി., ഐ.പി.വി., റോട്ടാ വാക്‌സിൻ, എം.ആർ, ഡി.പി.ടി, ജെ.ഇ, ടി.ഡി, പി.സി.വി, പെന്റാവാലന്റ് എന്നീ വാക്‌സിനുകൾ പദ്ധതിയുടെ ഭാഗമായി നൽകും. ആരോഗ്യ സ്ഥാപനങ്ങളിലും ഔട്ട് റീച്ച് സെഷനുകളിലും വാക്‌സിനുകൾ ലഭ്യമാണ്.

എന്തെങ്കിലും കാരണം കൊണ്ട് വാക്‌സിൻ എടുക്കാൻ സാധിക്കാതെ പോയവർക്ക് ഇതിലൂടെ വാക്‌സിനെടുക്കാം. മീസിൽസ് (അഞ്ചാം പനി), റൂബല്ല എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകും. കുത്തിവെയ്പ്പ് എടുക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കി നൽകുന്നതിനായി സമഗ്ര ബോധവത്ക്കരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.

ശരീരത്തിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നതിൽ അത്താഴത്തിന് നിർണായക പങ്കുണ്ട്. അതിനാൽ തന്നെ അത്താഴം കഴിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. അത്താഴം കഴിച്ച ശേഷം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അത്താഴം കഴിക്കുന്നത് നല്ലതല്ല. ഈ ശീലം ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുകയും ദഹനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. മെറ്റബോളിസത്തെയും ഇത് പ്രതികൂലമായി ബാധിക്കും.

അത്താഴത്തിന് ശേഷം ചായ കുടിക്കുന്നതും നല്ല ശീലമല്ല. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന രാസപദാർത്ഥമായ ടാനിൻ ഇരുമ്പ് ആഗിരണം തടസപ്പെടുത്തും. അത്താഴത്തിന് ശേഷം ഉടൻ കുളിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. കാരണം ഇത് ശരീരത്തിന്റെ താപനില കുറയ്ക്കുകയും രക്തയോട്ടം കുറയ്ക്കുകയും ചെയ്യും. അത്താഴം കഴിച്ച ശേഷം ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷം മാത്രം കുളിക്കുക.

അത്താഴത്തിന് ശേഷം സിഗരറ്റ് വലിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾ കൂട്ടും. ഭക്ഷണത്തിന് ശേഷമുള്ള പുകവലി ദഹനക്കേട്, ആസിഡ് റിഫ്‌ലക്‌സ്, നെഞ്ചെരിച്ചിൽ എന്നിവ വർദ്ധിപ്പിക്കും.

ഓണം എന്ന് കേട്ടാൽ മനസിലേക്ക് ആദ്യം എത്തുന്നത് ഓണസദ്യയാണ്. എന്നാൽ, ഡയറ്റ് പിന്തുടരുന്നവർക്ക് എപ്പോഴുമുള്ള ആശങ്കയാണ് സദ്യ കഴിച്ചാൽ തടി കൂടുമോയെന്നത്. ഓണസദ്യ ആരോഗ്യകരമായി കഴിക്കാൻ സഹായിക്കുന്ന വഴികളെന്തൊക്കെയാണെന്ന് നോക്കാം.

ഓണസദ്യയിൽ പരിപ്പ് നിർബന്ധമായും ഉൾപ്പെടുത്തണം. ഇതിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും ഇതിൽ നിന്നും ലഭിക്കും. വിശപ്പു കുറയ്ക്കാനും അമിത ഭക്ഷണം ഒഴിവാക്കാനും പരിപ്പ് ഓണ സദ്യയിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. പരിപ്പിൽ നെയ്യ് ഒഴിച്ച് കഴിക്കുന്നതും ഗുണം ചെയ്യും.

സദ്യയിൽ അവിയൽ ഉൾപ്പെടുത്തുന്നതും ആരോഗ്യത്തിന് ഉത്തമമാണ്. ഡയറ്റ് നോക്കുന്നവർ നിർബന്ധമായും സദ്യയിൽ അവിയൽ ഉൾപ്പെടുത്തണം.

പാക്ക് ചെയ്ത് വരുന്ന ഭക്ഷണങ്ങൾ വാങ്ങുന്നവരാണ് നമ്മളിൽ പലരും. പാക്ക് ചെയ്ത് വരുന്ന ഭക്ഷണസാധനങ്ങൾ വാങ്ങിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഏത് ഉത്പന്നം വാങ്ങിക്കുമ്പോഴും അതിന്റെ അളവ് പ്രത്യേകം ശ്രദ്ധിക്കണം. നമുക്ക് ആവശ്യമുള്ള അത്രയും സാധനം മാത്രം വാങ്ങിക്കാൻ ശ്രമിക്കുക. ഇത് നഷ്ടമൊഴിവാക്കാൻ സഹായിക്കും. ഭക്ഷണസാധനങ്ങളുടെ കാലാവധി നോക്കി വേണം സാധനങ്ങൾ എടുക്കേണ്ടത്.

ഉത്പന്നത്തിന്റെ നിർമ്മാതാക്കൾ- അഥവാ ബ്രാൻഡ്/ കമ്പനി, അതിന്റെ വിശദാംശങ്ങൾ എന്നിവയും പാക്കറ്റിലോ കുപ്പിയിലോ ഉണ്ടായിരിക്കണം. ഇതും ശ്രദ്ധിക്കേണ്ടതാണ്. ഏത് ഉത്പന്നമായാലും അതിൽ എന്തെല്ലാം ചേർത്തിട്ടുണ്ട്, എത്ര പോഷകങ്ങൾ- എത്ര അളവിലുണ്ട് എന്നതെല്ലാം ഫുഡ് ലോബലിലുണ്ടായിരിക്കണം. ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കണം.