അത്താഴം ഏഴ് മണിയോടെ കഴിക്കണം എന്ന് വിദഗ്ധർ പറയാറുണ്ട്. ഇങ്ങനെ പറയാനുള്ള കാരണം എന്താണെന്ന് അറിയാമോ. നേരത്തെ അത്താഴം കഴിയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
നേരത്തെ അത്താഴം കഴിച്ചാൽ ഭക്ഷണം ദഹിക്കാൻ ആവശ്യമായ സമയം ഉറക്കത്തിന് മുൻപ് തന്നെ ലഭിക്കും. അതിനാൽ നല്ല ഉറക്കം ലഭിക്കാനും ഇത് സഹായിക്കും. ഉറങ്ങുന്നതിന് തൊട്ടു മുൻപ് അത്താഴം കഴിക്കുന്നത് നെഞ്ചെരിച്ചിലിനും ദഹനക്കേടിനും കാരണമാകും.
ഏഴ് മണിയോടെ അത്താഴം കഴിക്കുന്നതു കൊണ്ട് ശരീരത്തിലെ കലോറിയുടെ അളവ് ഗണ്യമായി കുറയ്ക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. അതിനാൽ, വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴം നേരത്തെ കഴിയ്ക്കണമെന്ന് വിദഗ്ധർ പറയുന്നു. രാത്രിയിൽ അമിതമായി കഴിക്കുന്നത് ശരീര ഭാരം കൂടുന്നതിനും, കുടവയർ പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും. അതിനാൽ തന്നെ രാത്രിയിൽ വളരെ കുറച്ച് മാത്രം ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.
സൂപ്പ്, റൊട്ടി, പച്ചക്കറി എന്നിവ അത്താഴത്തിൽ ഉൾപ്പെടുത്താം. കൊഴുപ്പ്, പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവയുടെ അളവ് കുറഞ്ഞിരിക്കുന്ന ഭക്ഷണങ്ങളാണ് അത്താഴത്തിന് ഏറ്റവും നല്ലത്.

