ശരീരത്തിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നതിൽ അത്താഴത്തിന് നിർണായക പങ്കുണ്ട്. അതിനാൽ തന്നെ അത്താഴം കഴിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. അത്താഴം കഴിച്ച ശേഷം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അത്താഴം കഴിക്കുന്നത് നല്ലതല്ല. ഈ ശീലം ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുകയും ദഹനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. മെറ്റബോളിസത്തെയും ഇത് പ്രതികൂലമായി ബാധിക്കും.
അത്താഴത്തിന് ശേഷം ചായ കുടിക്കുന്നതും നല്ല ശീലമല്ല. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന രാസപദാർത്ഥമായ ടാനിൻ ഇരുമ്പ് ആഗിരണം തടസപ്പെടുത്തും. അത്താഴത്തിന് ശേഷം ഉടൻ കുളിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. കാരണം ഇത് ശരീരത്തിന്റെ താപനില കുറയ്ക്കുകയും രക്തയോട്ടം കുറയ്ക്കുകയും ചെയ്യും. അത്താഴം കഴിച്ച ശേഷം ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷം മാത്രം കുളിക്കുക.
അത്താഴത്തിന് ശേഷം സിഗരറ്റ് വലിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾ കൂട്ടും. ഭക്ഷണത്തിന് ശേഷമുള്ള പുകവലി ദഹനക്കേട്, ആസിഡ് റിഫ്‌ലക്‌സ്, നെഞ്ചെരിച്ചിൽ എന്നിവ വർദ്ധിപ്പിക്കും.

