Health (Page 52)

ആരോഗ്യത്തിന് അത്യുത്തമമാണ് മുളപ്പിച്ച പയർ. പ്രോട്ടിന്റെ കലവറയാണ് പയറുവർഗങ്ങൾ. അമിനോ ആസിഡുകൾ പോലുള്ള പ്രോട്ടീനുകൾ പയറുവർഗങ്ങളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൊഴുപ്പും കലോറിയും കുറയ്ക്കാൻ പയറു വർഗങ്ങൾ കഴിക്കുന്നത് നല്ലതാണ്.

മുളപ്പിച്ച പയറിൽ കൂടുതൽ പോഷകഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ശരീര ഭാരം കുറയ്ക്കാൻ ഇവ സഹായിക്കും. ശരീരത്തിന് ആവശ്യമായ മൈക്രോ ന്യൂട്രിയന്റാണ് പ്രോട്ടീൻ. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ശീലമാക്കുന്നത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഫൈറ്റിക് ആസിഡ് ഉൾപ്പെടെയുള്ള ആന്റി ന്യൂട്രിയന്റുകളും മുളപ്പിച്ച ചെറുപയറിൽ അടങ്ങിയിട്ടുണ്ട്. ഇവ ദഹന സംബന്ധമായ പ്രശ്‌നങ്ങൾ തടയാൻ സഹായിക്കുന്നു. മുളപ്പിച്ച പയറിൽ ജീവനുള്ള എൻസൈമുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ സഹായിക്കുന്നു.

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനും പയർ കഴിക്കുന്നത് പ്രയോജനപ്രദമാണ്. ശരീരഭാരം കുറയ്ക്കാനും മുലപ്പിച്ച പയർ സഹായിക്കും. ഫാറ്റി ലിവർ രോഗമുള്ളവർ മുളപ്പിച്ച പയർ കഴിക്കുന്നത് നല്ലതാണ്. കരൾ രോഗങ്ങൾ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനുമെല്ലാം മികച്ച ഭക്ഷണമാണിത്. അകാല വാർധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡൻറുകൾ മുളപ്പിച്ച പയറിലുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധൻ, വ്യാഴം ദിവസങ്ങളിൽ 1196 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. നിയമ ലംഘനം നടത്തിയ 16 കടകളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി. 113 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് കൈമാറി. ഗുരുതര വീഴ്ചകൾ കണ്ടെത്തിയ 103 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നൽകി. 159 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 319 സർവൈലൻസ് സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ചു. ചെക്ക് പോസ്റ്റുകളിലും പരിശോധന ശക്തമാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

കുമളി, പാറശാല, ആര്യൻകാവ്, മീനാക്ഷിപുരം, വാളയാർ ചെക്ക്‌പോസ്റ്റുകളിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന തുടരുന്നു. ചെക്ക് പോസ്റ്റ് കടന്നു വരുന്ന പച്ചക്കറി, പഴം, പാൽ, മീൻ, മാംസം, പലചരക്കു സാധനങ്ങൾ എന്നിവ ചെക്ക് പോസ്റ്റിൽ തന്നെ സഞ്ചരിക്കുന്ന മൊബൈൽ ലാബ് ഉപയോഗിച്ച് പരിശോധന നടത്തി.

മായം ചേർക്കാത്ത ഭക്ഷണം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായാണ് ഓണക്കാല വിപണിയിലും ചെക്ക് പോസ്റ്റുകളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ ശക്തമാക്കിയത്. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുക, ഗുരുതര വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിക്കുക തുടങ്ങിയ നടപടികളും സ്വീകരിച്ചു വരികയാണ്. നിയമ ലംഘനം നടത്തുന്നവർക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നിയമ നടപടി സ്വീകരിക്കും.

പത്തനംതിട്ട ജില്ലയിലെ ശർക്കര മൊത്തവ്യാപാര കേന്ദ്രങ്ങളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.

തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് രാജ്യത്ത് ആദ്യ ബ്ലോക്ക്തല ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് കമ്മിറ്റികൾക്കുള്ള എസ്.ഒ.പി. പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബ്ലോക്ക്തല എ.എം.ആർ. കമ്മിറ്റികളുടെ രൂപീകരണം, ലക്ഷ്യങ്ങൾ, പ്രവർത്തനങ്ങൾ, നിരീക്ഷണം എന്നിവ സംബന്ധിച്ച സമഗ്ര മാർഗരേഖയാണ് പുറത്തിറക്കിയത്. ആന്റിബയോട്ടിക് സാക്ഷരത കൈവരിക്കാൻ ബ്ലോക്ക്തല എ.എം.ആർ. കമ്മിറ്റികളുടെ പ്രവർത്തനം വളരെ പ്രധാനമാണ്. പ്രധാന സ്വകാര്യ ആശുപത്രികളെക്കൂടി കാർസാപ് (കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ) നെറ്റുവർക്കിന്റെ ഭാഗമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബ്ലോക്ക് മെഡിക്കൽ ഓഫീസർ ചെയർമാനായുള്ള ബ്ലോക്കുതല എ.എം.ആർ. കമ്മിറ്റിയിൽ ആരോഗ്യ വകുപ്പ്, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, അക്വാകൾച്ചർ, ഭക്ഷ്യസുരക്ഷ, മലിനീകരണ നിയന്ത്രണം തുടങ്ങിയ വകുപ്പുകളിലേയും ഐഎംഎ, ഐഎപി, എപിഐ, എഎഫ്പിഐ തുടങ്ങിയവയുടെയും പ്രതിനിധികളുണ്ടാകും. ജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും ആന്റിബയോട്ടിക്കുകളുടെ ശരിയായ ഉപയോഗം സംബന്ധിച്ചും അണുബാധനിയന്ത്രണ രീതികളെക്കുറിച്ചും സാർവത്രിക അവബോധം നൽകുക എന്നതാണ് ബ്ലോക്ക്തല എ.എം.ആർ. കമ്മിറ്റികളുടെ പ്രധാന ലക്ഷ്യം.

പ്രാഥമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, സാമൂഹ്യാരോഗ്യ കേന്ദ്രം തുടങ്ങിയവയെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളിൽ എ.എം.ആർ. അവബോധ പോസ്റ്ററുകൾ പ്രദർശിപ്പിക്കും. എല്ലാ ആരോഗ്യ പ്രവർത്തകരും അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും പരിശീലനം നേടിയിരിക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകൾ ശരിയായ രീതിയിൽ നീക്കം ചെയ്യും.

ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം വിലയിരുത്തുന്നതിനും കുറയ്ക്കുന്നതിനും വേണ്ടി കുറിപ്പടികൾ ഓഡിറ്റ് ചെയ്യും. ജനറിക് മരുന്നുകളെ പ്രോത്സാഹിപ്പിക്കാനും പോളിഫാർമസി കുറയ്ക്കാനും സാധിക്കും. മൂന്ന് മാസത്തിലൊരിക്കൽ 100 കുറിപ്പടികളെങ്കിലും പരിശോധിക്കണം. എല്ലാ സ്ഥാപനങ്ങളിലും പ്രതിമാസം കുറഞ്ഞത് 50 കുറിപ്പടികൾ റാൻഡമായും പരിശോധിക്കണം. സർക്കാർ നിർദേശ പ്രകാരം അംഗീകൃത ഡോക്ടറുടെ കുറുപ്പടിയിൽ മാത്രമേ ആന്റിബയോട്ടിക് നൽകുകയുള്ളു എന്ന ബോർഡ് എല്ലാ ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും പ്രദർശിപ്പിക്കാനുള്ള നടപടി സ്വീകരിക്കാൻ ഡ്രഗ്‌സ് കൺട്രോളർക്ക് നിർദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം:സംസ്ഥാന ആയുഷ് മേഖലയിൽ ഈ സാമ്പത്തിക വർഷം 177.5 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആദിവാസി മേഖലയിൽ 15 കോടി രൂപ ചെലവിൽ ഒരു ആശുപത്രിയും 10.5 കോടി ചിലവിൽ 2 ആശുപത്രികളും ഉൾപ്പെടെ 4 പുതിയ ആയുഷ് സംയോജിത ആശുപത്രികൾ സജ്ജമാക്കും. വർക്കല പ്രകൃതി ചികിത്സാ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ 15 കോടി രൂപ അനുവദിച്ചു. 87 ആയുഷ് ആശുപത്രികളെ 30 ലക്ഷം മുതൽ 1 കോടി രൂപവരെ ചെലവഴിച്ച് നവീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ സർക്കാർ ഹോമിയോപ്പതി ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റുകളും എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ആയുഷ് ലോഞ്ചുകളും സ്ഥാപിക്കും. 17 ആയുർവേദ ആശുപത്രികളെ മെഡിക്കൽ ടൂറിസം പദ്ധതിക്കായി സജ്ജമാക്കും. 50 ആയുർവേദ, ഹോമിയോപ്പതി ആശുപത്രികളെ എൻഎബിഎച്ച് നിലവാരത്തിലേക്ക് ഉയർത്തും.

സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും എല്ലാ ചികിത്സാ കേന്ദ്രങ്ങൾക്കും ഈ പദ്ധതിയിലൂടെ ഗുണഫലം ഉണ്ടാകും. സ്‌പോർട്‌സ് ആയുർവേദ പദ്ധതി, ദിന പഞ്ചകർമ പദ്ധതി, വിളർച്ചാ നിവാരണത്തിനായുള്ള അരുണിമ പദ്ധതി ഉൾപ്പെടെ ഒട്ടനേകം പൊതുനാരോഗ്യ പരിപാടികൾ വലിയതോതിൽ വിപുലീകരിക്കും. ഹോമിയോപ്പതിയിലൂടെ പ്രീ ഡയബറ്റീസ് പ്രതിരോധത്തിനായുള്ള പ്രത്യേക പദ്ധതി, സിദ്ധ, യുനാനി തെറാപ്പി കേന്ദ്രങ്ങൾ എന്നിവ ആരംഭിക്കും. ആയുഷ് മേഖലയ്ക്ക് പ്രത്യേക എൻജിനിയറിങ് വിഭാഗം, നൂതനമായ എൽ.എം.എസ്. (Learning Management System) എന്നിവ സജ്ജമാക്കും.

സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെൻസറി സജ്ജമാക്കുന്നതിന്റെ ഭാഗമായി 35 പഞ്ചായത്തുകളിലും 7 മുൻസിപ്പാലിറ്റികളിലും ഹോമിയോപ്പതി സേവനം ലഭ്യമാക്കുന്നതിനുള്ള തുകയും ഇതിലുൾക്കൊള്ളിച്ചിട്ടുണ്ട്.

എല്ലാ ജില്ലാ ആയുർവേദ ആശുപത്രികളിലും ജീവിതശൈലീ രോഗ ചികിത്സയ്ക്കായി ഉന്നതതല കേന്ദ്രങ്ങൾ സജ്ജമാക്കും. കോഴിക്കോട് പുറക്കാട്ടീരി കുട്ടികളുടെ സ്പെഷ്യലിറ്റി ആയുർവേദ ആശുപത്രിക്കും ഇടുക്കി പാറേമാവ് ആയുർവേദ പാലിയേറ്റീവ് കെയർ ആശുപത്രിക്കും പ്രത്യേക പദ്ധതിയും അനുവദിച്ചിട്ടുണ്ട്. നാഷണൽ ആയുഷ് മിഷൻ മുഖേനയാണ് ഈ പ്രവർത്തികൾ നടപ്പിലാക്കുന്നത്.

തിരുവനന്തപുരം: ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അയൽ സംസ്ഥാനങ്ങളിൽ നിന്നും അധികമായെത്തുന്ന പാൽ, പാലുല്പന്നങ്ങൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായാണ് പരിശോധന നടത്തുന്നത്. ക്ഷീര വികസന വകുപ്പുമായി സഹകരിച്ചാണ് പരിശോധന. ഇതിനായി കുമളി, പാറശാല, ആര്യൻകാവ്, മീനാക്ഷിപുരം, വാളയാർ ചെക്ക്‌പോസ്റ്റുകളിൽ ഉദ്യോഗസ്ഥരെ വിന്യസിച്ചു. മുഴുവൻ സമയവും ഉദ്യോഗസ്ഥരുടെ സേവന മുണ്ടാകും. ഈ മാസം 28 വരെ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

മൊബൈൽ ലാബുകളടക്കം ചെക്ക് പോസ്റ്റുകളിൽ സജ്ജമാക്കിയിട്ടുണ്ട്. പാൽ, പാലുല്പന്നങ്ങൾ എന്നിവയുമായി ചെക്ക്‌പോസ്റ്റുകൾ വഴി കടന്നുവരുന്ന വാഹനങ്ങൾ പരിശോധന നടത്തും. ടാങ്കറുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് മൊബൈൽ ലാബുകളിൽ പരിശോധന നടത്തുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ സാമ്പിളുകൾ വകുപ്പിന്റെ എൻ.എ.ബി.എൽ ലാബിൽ വിശദ പരിശോധനക്കായി കൈമാറും. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. കുറ്റക്കാർക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നടപടികൾ സ്വീകരിക്കും. ഇതോടൊപ്പം ചെക്ക് പോസ്റ്റുകൾ വഴി കടന്നുവരുന്ന പഴം, പച്ചക്കറി, മത്സ്യം, മാംസം, സസ്യ എണ്ണകൾ എന്നിവയുടെ സാമ്പിളുകളും പരിശോധനക്കായി ശേഖരിക്കും.

ഓണസദ്യയില്ലാതെ ഒരു ഓണം മലയാളിയ്ക്ക് ഓർക്കാൻ കൂടി കഴിയില്ല. അത്രയേറെ പ്രാധാന്യമാണ് ഓണസദ്യയ്ക്കുള്ളത്. ഓണസദ്യയിലെ ചില വിഭവങ്ങൾക്ക് അതിന്റേതായ ചില ആരോഗ്യഗുണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

പരിപ്പും പപ്പടവും നെയ്യും കൂട്ടിയാണ് ഓണസദ്യയിൽ ആദ്യം ചോറ് കഴിക്കാറുള്ളത്. ഇരുമ്പും പൊട്ടാസ്യവും ഇതിൽ ധാരാളമുണ്ട്. പരിപ്പിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം, കാത്സ്യം, മഗ്‌നീഷ്യം എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കും. നെയ്യിൽ വിറ്റാമിനുകളായ എ,ഡി,ഇ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഇത് കാഴ്ച്ചയ്ക്കും ചർമ്മത്തിനും പ്രായോജനം ചെയ്യും. സദ്യയിലെ മറ്റൊരു പ്രധാനപ്പെട്ട വിഭവമാണ് സാമ്പാർ. വിവിധ തരം പച്ചക്കറികൾ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യപരമായി ഏറെ ഗുണങ്ങൾ ഇതിനുണ്ട്.

ഇഞ്ചിക്കറിയാണ് സദ്യയിലുള്ള മറ്റൊരു പ്രധാന വിഭവം. ഇത് ദഹനത്തെ സഹായിക്കുകയും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും ചെയ്യും. വിറ്റാമിൻ എ, ഡി, ഇ, ബി, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഘടകങ്ങളും ഇഞ്ചിയിലുണ്ട്.

വിറ്റമിനുകളാലും മിനറലുകളാലും സമ്പന്നമാണ് അവിയൽ. പലതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേർത്ത് തയ്യാറാക്കുന്ന അവിയൽ ശരീരഭാരം നിയന്ത്രിക്കും. പോഷകക്കുറവ് നികത്താനും അവിയൽ കഴിക്കുന്നത് വളരെ നല്ലതാണ്. സദ്യയിൽ ഒഴിച്ചു കൂടാനാകാത്ത മറ്റ് രണ്ട് ഘടകങ്ങളാണ് മോരും പുളിശ്ശേരിയും. മോരിൽ ധാരാളം കാത്സ്യവും വിറ്റമിൻ ഡിയും ഉണ്ട്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിർത്തും.

രാജ്യത്ത് ഡെങ്കിപ്പനി വർദ്ധിക്കുന്ന സാഹചര്യമാണുള്ളത്. പനി, കഠിനമായ ദേഹവേദന, തലവേദന കണ്ണിനു പുറകിൽ വേദന സന്ധിവേദന തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രാരംഭലക്ഷണങ്ങൾ. രോഗബാധിതർ ചികിത്സയോടൊപ്പം പരിപൂർണ്ണ വിശ്രമം എടുകക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

തുടർച്ചയായ ചർദ്ദി, വയറുവേദന ,ശരീരത്തിൽ ഏതെങ്കിലും ഭാഗത്തുനിന്ന് രക്തസ്രാവം ഉണ്ടാവുക, കറുത്ത മലം, ശ്വാസംമുട്ട് ,ശരീരം ചുവന്നു തടിക്കുക ,കഠിനമായ ക്ഷീണം ശ്വാസതടസ്സം രക്തസമ്മർദ്ദം താഴുക എന്നിവ അപായ സൂചനകളാണ്. കുഞ്ഞുങ്ങൾക്ക് രോഗബാധഉണ്ടായാൽ ശരീരോഷ്മാവ് കുറയ്ക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കൃത്യമായി നൽകുക . തിളപ്പിച്ചാറിയ വെള്ളവും മറ്റ് പാനീയങ്ങളും പോഷകാഹാരവും നൽകുക. വിശ്രമിക്കുക . ജലാംശം ശരീരത്തിൽ കുറയുന്നതിന്റെ സൂചനകൾ ഉണ്ടെങ്കിൽ തിരിച്ചറിയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

രോഗബാധിതർ സമ്പൂർണ്ണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്ന് നാല് ദിവസം കൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെളളം, കരിക്കിൻ വെളളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പകൽ സമയം വിശ്രമിക്കുന്നതിനും, ഉറങ്ങുന്നതും കൊതുകു വലയ്ക്കുളളിൽ ആയിരിക്കണം.

തിരുവനന്തപുരം : അന്തരീക്ഷ താപനില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഡെങ്കി വൈറസ് മാരകമാകാമെന്ന പഠന വിവരം പുറത്തുവിട്ട് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ആർ ജി സി ബി). കൊതുകുകളിൽ ഉയർന്ന താപനിലയിൽ വളരുന്ന ഡെങ്കിവൈറസ് കൂടുതൽ ശക്തിയേറിയതാണെന്നാണ് ഗവേഷക സംഘം കണ്ടെത്തിയിരിക്കുന്നത്. ഡെങ്കിപ്പനിയുടെ തീവ്രത കുറയ്ക്കാനും രോഗത്തെ നിയന്ത്രിക്കാനുമുള്ള ഗവേഷണത്തിൽ ആഗോളതാപനം രോഗത്തെ വർധിപ്പിക്കുമെന്ന വിവരമാണ് കണ്ടെത്തിയിരിക്കുന്നത്. ഓരോ വർഷവും 390 ദശലക്ഷം കേസുകൾ ഇതേ രീതിയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നുള്ള ലോകാരോഗ്യ സംഘടനയുടെ കണക്കുകളും പഠനത്തിൽ പറയുന്നുണ്ട്.

കൊതുകിന്റെ കോശങ്ങളിലും മനുഷ്യനിലും മാറിമാറി വളരാനുള്ള ഡെങ്കി വൈറസിന്റെ കഴിവ് രോഗ വ്യാപനത്തിലെ പ്രധാനപ്പെട്ട ഘടകം ആണെന്ന് ഗവേഷണ സംഘത്തലവൻ ഡോക്ടർ ഈശ്വരൻ ശ്രീകുമാർ ലേഖനത്തിൽ പറയുന്നു. കൊതുകുകളുടെ ശരീര താപനില സ്ഥിരം അല്ല. അന്തരീക്ഷ താപനില അനുസരിച്ചാണ് അത് കൂടുകയും കുറയുകയും ചെയ്യുന്നത്. താപനില ഉയരുന്നത് കൊതുകിലെ വൈറസിന്റെ തീവ്രത കൂട്ടാൻ ഇടയാക്കും. കൊതുകിന്റെ കോശങ്ങളിൽ ഉയർന്ന ഊഷ്മാവിൽ വളർന്നുവരുന്ന വൈറസ് താഴ്ന്ന ഊഷ്മാവിൽ വളർന്നുവരുന്ന ഡെങ്കിവൈറസിനേക്കാള്‍ മാരകമാണ് എന്നിങ്ങനെയും ഗവേഷണത്തിൽ പറയുന്നുണ്ട്. അന്തരീക്ഷ ഊഷ്മാവ് കൂടിയ സാഹചര്യത്തിൽ ഇടയ്ക്ക് മഴ പെയ്യുന്നത് വൈറസുകൾ കൂടുതൽ മാരകമാകുന്നതിന് കാരണമാകുന്നതിനെകുറിച്ചും ആഗോളതാപനത്തിന്റെ കൂടിവരുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും പകർച്ചവ്യാധികളിൽ അതുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് പഠനം എടുത്തു പറയുന്നുണ്ട്.

ഡെങ്കിപ്പനി ചില സമയങ്ങളിൽ തീവ്രമായി മാറുന്നത് എന്തുകൊണ്ടാണെന്ന് പഠനം നടത്താനായിരുന്നു ഗവേഷകർ ശ്രമിച്ചത്. ആവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ രോഗത്തിന് ഫലപ്രദമായ വാക്സിനോ ആന്റിവൈറലുകളോ പ്രാബല്യത്തിൽ ഇല്ലെന്ന് ആർ ജി സി ബി ഡയറക്ടർ പ്രൊഫസർ ചന്ദ്രഭാസ് നാരായണ പറഞ്ഞു. ജനിതകമാറ്റം നടത്തിയ എലികളെ ഉപയോഗിച്ചായിരുന്നു പഠനം നടത്തിയത്. എലിയുടെ ശരീരത്തിൽ ഉയർന്ന താപനിലയിൽ വളർന്ന വൈറസ് രക്തത്തിലെ രോഗാണുവിന്റെ അളവ് വർദ്ധിപ്പിച്ചതായും കരൾ, വൃക്ക, ഹൃദയം തുടങ്ങിയ അവയവങ്ങളിൽ കോശമാറ്റം ഉണ്ടാക്കിയതായും തെളിഞ്ഞു. ഇവ ഷോക്ക് സിൻഡ്രോമിനും ആന്തരിക രക്തസ്രാവത്തിനും കാരണമാകുന്നതായും പഠനം വിലയിരുത്തി.

തിരുവനന്തപുരം : കേരളത്തിൽ താപനില വർദ്ധിക്കുകയാണ്. ഇന്നും നാളെയും കേരളത്തിലെ 9 ജില്ലകളിലാണ് താപനില വർധിക്കുമെന്ന ജാഗ്രത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ അന്തരീക്ഷ താപനില 5 ഡിഗ്രി മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ താപ നില 36 ഡിഗ്രി സെൽഷ്യസായും പാലക്കാട്, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ചൂട് 35 ഡിഗ്രി സെൽഷ്യസ് വരെയും എറണാകുളം, മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ചൂട് 34 ഡിഗ്രി സെൽഷ്യസായും ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ചൂട് ഉയർന്നുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ചൂട് കൂടുമ്പോൾ സ്വീകരിക്കേണ്ട ജാഗ്രത നിർദ്ദേശങ്ങളും നൽകുന്നുണ്ട്.

ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കാപ്‌സിക്കം. ഗ്രീൻ പെപ്പർ, സ്വീറ്റ് പെപ്പർ, ബെൽ പെപ്പർ തുടങ്ങിയ പേരുകളിലും കാപ്‌സിക്കം അറിയപ്പെടുന്നുണ്ട്. ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് തുടങ്ങിയ നിറങ്ങളിൽ ലഭിക്കുന്ന കാപ്‌സിക്കം കാണാൻ തന്നെ പ്രത്യേക ഭംഗിയാണ്. വിറ്റാമിൻ സി, ഫൈബർ, ആന്റി ഓക്‌സിഡന്റ് തുടങ്ങിയ ഘടകങ്ങൾ ഇവയിൽ ധാരാളമുണ്ട്.

കാപ്‌സിക്കം കഴിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വർദ്ധിക്കും. വിറ്റാമിൻ ഇ, എ, പൊട്ടാസ്യം എന്നിവയും ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും മറ്റ് ആന്റി ഓക്‌സിഡൻറുകളും ഇതിൽ ധാരാളമായുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. ശരീര വേദന കുറയ്ക്കാനും ഇത് ഗുണം ചെയ്യും.

ജലദോഷം, ചുമ, ആസ്ത്മ തുടങ്ങിയ ശ്വാസകോശ പ്രശ്‌നങ്ങൾക്ക് പരിഹാരമേകാനും ഇത് സഹായിക്കും. അനീമിയ തടയാനും പ്രമേഹത്തെ നിയന്ത്രിക്കാനും കാപ്‌സിക്കം കഴിക്കുന്നത് പ്രയോജനപ്രദമാണ്. കണ്ണിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും. ക്യാൻസർ സാധ്യതകളെ പ്രതിരോധിക്കാനും ഇത് സഹായകമാണ്.