ആലപ്പുഴ: പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാത്തതും ഭാഗികമായി ലഭിച്ചതുമായ അഞ്ചു വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും ഗർഭിണികൾക്കും വാക്‌സിൻ നൽകുന്ന ഇന്റൻസിഫൈഡ് മിഷൻ ഇന്ദ്രധനുഷ് 5.0 യജ്ഞത്തിന്റെ രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെ ആലപ്പുഴ ജില്ലയിൽ നടത്തും.
കുത്തിവെയ്പ്പിലൂടെ പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങളിൽ നിന്ന് കുട്ടികളെയും ഗർഭിണികളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം സെപ്റ്റംബറിലും മൂന്നാം ഘട്ടം ഒക്ടോബർ ഒമ്പത് മുതൽ 14 വരെയും നടക്കും. ബി.സി.ജി, ഒ.പി.വി., ഐ.പി.വി., റോട്ടാ വാക്‌സിൻ, എം.ആർ, ഡി.പി.ടി, ജെ.ഇ, ടി.ഡി, പി.സി.വി, പെന്റാവാലന്റ് എന്നീ വാക്‌സിനുകൾ പദ്ധതിയുടെ ഭാഗമായി നൽകും. ആരോഗ്യ സ്ഥാപനങ്ങളിലും ഔട്ട് റീച്ച് സെഷനുകളിലും വാക്‌സിനുകൾ ലഭ്യമാണ്.
എന്തെങ്കിലും കാരണം കൊണ്ട് വാക്‌സിൻ എടുക്കാൻ സാധിക്കാതെ പോയവർക്ക് ഇതിലൂടെ വാക്‌സിനെടുക്കാം. മീസിൽസ് (അഞ്ചാം പനി), റൂബല്ല എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകും. കുത്തിവെയ്പ്പ് എടുക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കി നൽകുന്നതിനായി സമഗ്ര ബോധവത്ക്കരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.

