Health (Page 48)

നിപ വൈറസ് രോഗബാധ കണ്ടെത്തുന്നതിന് നടത്തുന്ന പരിശോധന അതീവ സങ്കീർണകരമാണ്. അപകടകരമായ വൈറസായതിനാൽ ഐ.സി.എം.ആറിന്റെ അംഗീകാരമുള്ള ലാബുകൾക്ക് മാത്രമേ നിപ പരിശോധന നടത്താൻ കഴിയുകയുള്ളൂ. നിപ വൈറസ് കണ്ടെത്തുന്നത് പി.സി.ആർ. അല്ലെങ്കിൽ റിയൽ ടൈം പി.സി.ആർ. ഉപയോഗിച്ചുള്ള ലബോറട്ടറി പരിശോധന നടത്തിയാണ്.

സാമ്പിളുകൾ എടുക്കുന്നതെങ്ങനെ?

എൻ. 95 മാസ്‌ക്, ഫേസ്ഷീൽഡ്, ഡബിൾ ഗ്ലൗസ്, പി.പി.ഇ. കിറ്റ് തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് രോഗലക്ഷണമുള്ള വ്യക്തികളുടെ മൂക്കിലേയും തൊണ്ടയിലേയും സ്രവങ്ങൾ, സിഎസ്എഫ്, മൂത്രം, രക്തം തുടങ്ങിയ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിക്കുന്നു. തുടക്ക സമയത്ത് രോഗലക്ഷണങ്ങൾ പലരിലും കാണാത്തതിനാൽ നിപ വൈറസിന്റെ പ്രാരംഭ ഘട്ടം വെല്ലുവിളി നിറഞ്ഞതാണ്. എങ്കിലും രോഗബാധിതരായ ആളുകൾക്കിടയിൽ അതിജീവന സാധ്യത വർധിപ്പിക്കുന്നതിനും മറ്റ് ആളുകളിലേക്ക് പകരുന്നത് തടയുന്നതിനും രോഗ വ്യാപനം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും നേരത്തെയുള്ള പരിശോധന നിർണായകമാണ്. അതിനാൽ തന്നെ രോഗലക്ഷണങ്ങളില്ലാത്ത ഒരാളുടെ പരിശോധനാഫലം നെഗറ്റീവായാലും, അദ്ദേഹം സമ്പർക്കപ്പട്ടികയിലുൾപ്പെട്ട ആളായാൽ നിപയുടെ ഇൻകുബേഷൻ പരിധിയായ 21 ദിവസം ഐസൊലേഷനിൽ കഴിയണം.

ലാബിലേക്ക് അയക്കുന്നതെങ്ങനെ?

സംശയിക്കപ്പെടുന്നയാളുടെ സാമ്പിളുകളുടെ ശേഖരണം, ലാബിലേക്ക് കൊണ്ടുപോകൽ, സംഭരണം, സംസ്‌കരണം എന്നിവയിൽ മതിയായ ബയോ സേഫ്റ്റി മുൻകരുതലുകൾ സ്വീകരിക്കണം. ക്ലിനിക്കൽ വിശദാംശങ്ങൾ രേഖപ്പെടുത്തിയ സാമ്പിളുകൾ സുരക്ഷിതമായി ട്രിപ്പിൾ കണ്ടെയ്നർ പാക്കിംഗ് നടത്തുന്നു. ഇത് കോൾഡ് ചെയിനിൽ 2 മുതൽ 8 ഡിഗ്രി സെൽഷ്യസിൽ സുരക്ഷിതമായി ടെസ്റ്റിംഗ് ലബോറട്ടറിയിലേക്ക് മുൻകൂർ അറിയിപ്പോടെ കൊണ്ടുപോകണം.

നിപ ഉണ്ടെന്ന് കണ്ടെത്തുന്നതെങ്ങനെ?

നിപ വൈറസിനെ കണ്ടെത്താൻ പി.സി.ആർ. അല്ലെങ്കിൽ റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ (ആർ.ടി.പി.സി.ആർ) പരിശോധനയാണ് നടത്തുന്നത്. എൻ.ഐ.വി. പൂനെയിൽ നിന്നും ലഭിക്കുന്ന റീയേജന്റ് കിറ്റുപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. ആദ്യമായി സാമ്പിളുകളിൽ നിന്ന് ആർ.എൻ.എ.യെ വേർതിരിക്കുന്നു. ഇതിൽ നിപ വൈറസ് ജീൻ കണ്ടെത്തിയാൽ നിപ വൈറസ് ഉണ്ടെന്ന് സ്ഥിരീകരിക്കും. ഈ പരിശോധനയ്ക്ക് 3 മുതൽ 4 മണിക്കൂറാണ് സമയമെടുക്കുന്നത്.

നിലവിൽ നിപ പരിശോധനകൾ കൃത്യസമയത്ത് നടത്താനും പരിശോധനാഫലം ലഭ്യമാക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടത്താനും സാധിക്കുന്നുണ്ട്. ഇതുവഴി നിപ വൈറസിനെ നിയന്ത്രണ വിധേയമാക്കാനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

കോഴിക്കോട് ജില്ലയെ ഭീതിയിലാഴ്ത്തിയ നിപ വൈറസിന്റെ കാരണക്കാർ വവ്വാലുകളാണെന്നനിലയിൽ അവയ്ക്ക് നേരെയുള്ള അക്രമങ്ങൾ വർദ്ധിച്ചു വരുന്നതായി ശ്രദ്ധയിൽ പെടുന്നുണ്ട്. സമീപ പ്രദേശങ്ങളിൽ നിന്ന് അവയെ തുരത്താൻ കല്ലെറിയുക, ഉച്ചത്തിൽ ശബ്ദമുണ്ടാക്കുക (പടക്കം പോലുള്ളവ ഉപയോഗിച്ച്), അവയുടെ വാസ സ്ഥലങ്ങളിൽ തീയിടുക, അവ അധിവസിക്കുന്ന മരങ്ങൾ മുറിക്കുക എന്നിവ ചെയ്ത് ദയവായി വവ്വാലുകളെ ഭീതിയിലാഴ്ത്തരുതെന്നാണ് അധികൃതർ അഭ്യർത്ഥിക്കുന്നത്.

നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയ ടെറോപസ് എന്ന പഴംതീനി വവ്വാലുകൾ/ കടവാവലുകൾ നിപ വൈറസ് മൂലം രോഗ ബാധിതരാവുകയോ, മരിക്കുകയോ ചെയ്യുന്നതായി രേഖപ്പെടുത്തിയിട്ടില്ല. ഇവ വലുപ്പം കൂടുതലുള്ളവയും മരങ്ങളിൽ ചേക്കേറുകയും ചെയ്യുന്നവയാണ്. ഇവയെ ഉപദ്രവിക്കുകയോ പേടിപ്പിക്കുകയോ ആവാസ വ്യവസ്ഥയിൽ മാറ്റം വരുത്തുകയോ ചെയ്യുമ്പോൾ സമ്മർദ്ദം മൂലം ശരീരത്തിൽ ഉള്ള വൈറസിന്റെ തോത് കൂടുവാനും, ശരീര സ്രവങ്ങളിലൂടെ വൈറസുകൾ പുറം തള്ളപ്പെടാനും ഇതുമൂലം രോഗവ്യാപനം കൂടാനും ഇടയാകും.

വവ്വാലുകൾ കടിച്ചതോ അവയുടെ വിസർജ്ജ്യം കലർന്നതോ ആയ പഴങ്ങൾ ഭക്ഷിക്കുകയോ വളർത്തുമൃഗങ്ങൾക്ക് നൽകുകയോ ചെയ്യരുത്. വവ്വാലുകളുടെ സാന്നിധ്യമുള്ള മരങ്ങൾക്ക് കീഴിൽ വളർത്തു മൃഗങ്ങളെ മേയാൻ അനുവദിക്കാതിരിക്കുക. വീട്ടുവളപ്പിലെ പഴങ്ങൾ ശുചിയാക്കിയ ശേഷം മാത്രം കഴിക്കുക. പഴങ്ങളിൽ വവ്വാലോ മറ്റുജീവികളോ കടിച്ചതോ കൊത്തിയതോ ആയ പാടുകളില്ല എന്ന് ഉറപ്പ് വരുത്തുക തുടങ്ങിയ മുൻകരുതലുകളാണ് ഇപ്പോൾ സ്വീകരിക്കേണ്ടത്.

നമ്മുടെ ട്രോപ്പിക്കൽ ആവാസവ്യസ്ഥക്ക് കൃത്യമായ സംഭാവനകൾ നല്കുന്ന സസ്തനിയാണ് വവ്വാലുകൾ, കീടനിയന്ത്രണത്തിനും, സസ്യങ്ങളുടെ പരാഗണത്തിനും വിത്തുവിതരണത്തിലും ഒക്കെ വവ്വാലുകൾ നിർണ്ണായകമാണ്. ഈ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി നമ്മൾ ഏവരും ഉത്തരവാദിത്തത്തോടെ പെരുമാറണം എന്ന് അഭ്യർത്ഥിക്കുന്നു. മനുഷ്യരുടെ കൂടെ തന്നെ കാലാകാലങ്ങളായി ചേർന്ന് ജീവിച്ചുവരുന്ന വവ്വാലുകളെ ഭയക്കാതെ ജാഗ്രതയോടെ ജീവിക്കാൻ നാം ശീലിച്ചു തുടങ്ങണം. ഇത്തരം അവസരങ്ങൾ നമ്മുടെ പ്രകൃതിയോടുള്ള സമീപനത്തിന്റെ പുനപരിശോധനയ്ക്കുള്ള അവസരം കൂടിയാകണം.

നിപ്പ സംസ്ഥാനത്ത് ആശങ്ക അകലുന്നു. ആദ്യരോഗിയുടെ ഹൈ റിസ്ക് സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 281 പേരുടെ ഐസലേഷൻ കാലാവധി പൂർത്തിയായി. ഇന്നലെ വൈകിട്ടു വരെ ലഭിച്ച 49 പരിശോധനാഫലങ്ങളും നെഗറ്റീവാണ് എന്നത് ആശ്വാസം നൽകുന്ന കാര്യമാണ്. നിപ്പ നിയന്ത്രണ വിദേയമാകുന്നു എന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്. 36 സാംപിളുകളുടെ പരിശോധനാഫലം ഇനിയും വരാനുണ്ട്.

നിലവിൽ 11 പേരാണ് ഐസലേഷനിലുള്ളത്. ചികിത്സയിലുള്ള നാലു രോഗികളും ഉണ്ട്. ചികിത്സയിലുള്ള നാലുപേരുടെയും ആരോഗ്യ നില തൃപ്തികരമാണ്. ഐസിയുവിൽ ചികിത്സയിലുള്ള ഒൻപതു വയസ്സുകാരന്റെ ആരോഗ്യനിലയും മെച്ചപ്പെട്ടിട്ടുള്ളതായാണ് വിവരം. സമ്പർക്കപ്പട്ടികയിൽ നിലവിലുള്ളത് 1,286 പേരാണ്. ആശങ്ക അകലുന്നുണ്ടെങ്കിലും പട്ടികയിലുള്ളവർ നിർബന്ധമായും 21 ദിവസം ഐസലേഷൻ പാലിക്കണം. 21 ദിവസത്തിനുള്ളിലാണു വൈറസ് സജീവമാവുക എന്നതിനാലാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത് എന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

രോഗത്തെ കുറിച്ചുള്ള ആശങ്ക അകലുന്നുണ്ട്. രണ്ടാം തരംഗത്തിനുള്ള സാധ്യത കുറവാണെങ്കിലും പൂർണമായും തള്ളിക്കളയാൻ ആവില്ല എന്ന് മുഖ്യമന്ത്രി അറിയിച്ചു. വവ്വാലിനെ പിടിക്കാതെ തന്നെ സാംപിൾ ശേഖരിച്ചുള്ള ഗവേഷണം തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിപയിൽ സംസ്ഥാനത്തിന് വീണ്ടും ആശ്വാസം. കഴിഞ്ഞ ദിവസം പരിശോധനക്ക് അയച്ച 61പരിശോധന ഫലങ്ങൾ നെഗറ്റീവ്. നിപ ബാധിച്ച് മരിച്ച ഹാരിസുമായി അടുത്തിടപഴകിയ വ്യക്തിയുടെ പരിശോധന ഫലവും ഇക്കൂട്ടത്തിൽ ഉണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. മാത്രമല്ല ഏറ്റവും ഒടുവിൽ നിപ സ്ഥിരീകരിച്ച വ്യക്തിയെ പരിചരിച്ച ആരോഗ്യ പ്രവർത്തകയുടെ പരിശോധന ഫലവും നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം പുറത്തുവന്ന 42 പരിശോധന ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. സംസ്ഥാനത്തിന് ആശ്വാസം നൽകുന്ന വാർത്തകളാണ് ഇവ. നിപ ഭീതി കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിപ ബാധിതനായിരുന്ന ഒൻപതു വയസ്സുകാരന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ കഴിഞ്ഞ ദിവസം കുട്ടിയെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നു

കോഴിക്കോടിന് പുറമെ മറ്റുജില്ലകളിൽ നിന്നുള്ളവരുടെ ഭൂരിപക്ഷം സാമ്പിളുകളും നെഗറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സംഘവുമായി വിശദമായ ചർച്ച നടത്തിയതായും സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെ കേന്ദ്ര സംഘം അഭിനന്ദിച്ചതായും മന്ത്രി അറിയിച്ചു. രണ്ടാം തരംഗം സംസ്ഥനത്ത് ഉണ്ടായിട്ടില്ല എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കോഴിക്കോട് നിപ ആശങ്ക ഒഴിയുന്നു. 49 ഫലങ്ങൾ കൂടി നെഗറ്റീവായി. അതെ സമയം അവസാന രോഗിയുമായി സമ്പർക്കം പുലർത്തിയ രണ്ടുപേർക്ക് രോഗ ലക്ഷണങ്ങൾ ഉണ്ട്. ഇവർ ഹൈ റിസ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവരാണ്. ഇന്നലെ പുറത്തു വന്ന 71 സാമ്പിളുകളും നെഗറ്റീവാണ്. മാത്രമല്ല ആദ്യം കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ച വടകര താലൂക്കിലെ 9 പഞ്ചായത്തുകളിൽ നിലവിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയ ആരോഗ്യ പ്രവർത്തകരെ മെഡിക്കൽ കോളേജുകളിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. വവ്വാലുകളിൽ നിന്നും ശേഖരിച്ച 14 സാമ്പിളുകൾ നെഗറ്റീവാണ്. എങ്കിലും ഇവ വീണ്ടും പരിശോധനക്ക് അയക്കും.

ആദ്യ രോഗിക്ക് നിപ ബാധയേറ്റത്‌ സമീപ പ്രദേശത്തു നിന്ന് തന്നെയാണെന്നാണ് കണ്ടെത്തൽ. മരിച്ച വ്യക്തിയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കണ്ടെത്തലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമത്തിലൂടെ വിശദീകരിച്ചിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നിപ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകൾ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് മന്ത്രി വ്യക്തമാക്കി.

എങ്കിലും നിരന്തരം വീക്ഷിച്ച് പ്രോട്ടോകോൾ പ്രകാരമുള്ള നടപടി സ്വീകരിക്കണം. സമ്പർക്കപ്പട്ടികയിലുള്ളവർ സമ്പർക്ക ദിവസം മുതൽ 21 ദിവസം ഐസൊലേഷനിൽ കഴിയണമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, തൃശൂർ, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഓരോ ജില്ലയിലേയും ഐസൊലേഷൻ, ചികിത്സാ സംവിധാനങ്ങൾ എന്നിവ യോഗം വിലയിരുത്തി. കോഴിക്കോടിന് പുറമേ മറ്റ് ജില്ലകളും ജാഗ്രതയോടെ പ്രവർത്തിക്കുകയാണ്. 45 പേർ മറ്റുജില്ലകളിലായി ക്വാറന്റൈനിൽ കഴിയുന്നു. ജില്ലകളിൽ ഫീവർ സർവെയലൻസ്, എക്‌സപേർട്ട് കമ്മിറ്റി മീറ്റിഗ് എന്നിവ നടത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്ന് വീണാ ജോർജ് പറഞ്ഞു.

സംസ്ഥാന തലത്തിൽ നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്. സ്റ്റേറ്റ് ആർആർടി കൂടി വേണ്ട മാർഗനിർദേശങ്ങൾ നൽകി. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ സംസ്ഥാനതല കൺട്രോൾ റൂം പ്രവർത്തിച്ചു വരുന്നു. എല്ലാ ജില്ലകളിലും സർവയലെൻസിന്റെ ഭാഗമായി നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകിയിരുന്നു. എല്ലാ ജില്ലകളിലും പ്രത്യേകമായി ഒരു ആംബുലൻസ്, ഐസൊലേഷൻ വാർഡുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഇ സഞ്ജീവനി ടെലിമെഡിസിൻ സേവനം ശക്തമാക്കി. മാനസിക പിന്തുണയ്ക്കായി ടെലിമനസിന്റെ ഭാഗമായി സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം രൂപീകരിച്ചു. നിപ രോഗവുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലെയും ജില്ലാ സർവെയലൻസ് ഓഫീസർമാർ, മെഡിക്കൽ ഓഫീസർമാർ, നഴ്‌സിംഗ് ഓഫീസർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, നഴ്‌സിങ് അസിസ്റ്റന്റ്മാർ തുടങ്ങി 6000 ഓളം ജിവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്.

ആരോഗ്യ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, കോഴിക്കോട്, തൃശൂർ, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂർ ജില്ലകളിലെ ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. എങ്കിലും നിരന്തരം വീക്ഷിച്ച് പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കണം. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, തൃശൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.ഓരോ ജില്ലയിലേയും ഐസൊലേഷന്‍, ചികിത്സാ സംവിധാനങ്ങള്‍ എന്നിവ യോഗം വിലയിരുത്തി. കോഴിക്കോടിന് പുറമേ മറ്റ് ജില്ലകളും ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ്. 45 പേര്‍ മറ്റുജില്ലകളിലായി ക്വാറന്റൈനില്‍ കഴിയുന്നു. ജില്ലകളില്‍ ഫീവര്‍ സര്‍വെയലന്‍സ്, എക്സപേര്‍ട്ട് കമ്മിറ്റി മീറ്റിഗ് എന്നിവ നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനതലത്തില്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. സ്റ്റേറ്റ് ആര്‍ആര്‍ടി കൂടി വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു വരുന്നു. എല്ലാ ജില്ലകളിലും സര്‍വയലെന്‍സിന്റെ ഭാഗമായി നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എല്ലാ ജില്ലകളിലും പ്രത്യേകമായി ഒരു ആംബുലന്‍സ്, ഐസൊലേഷന്‍ വാര്‍ഡുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇ സഞ്ജീവനി ടെലിമെഡിസിന്‍ സേവനം ശക്തമാക്കി. മാനസിക പിന്തുണയ്ക്കായി ടെലിമനസിന്റെ ഭാഗമായി സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചു. നിപ രോഗവുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലെയും ജില്ലാ സര്‍വെയലന്‍സ് ഓഫീസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, നഴ്സിംഗ് ഓഫീസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, നഴ്സിങ് അസിസ്റ്റന്റ്മാര്‍ തുടങ്ങി 6000 ഓളം ജിവനക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നതായി ആരോഗ്യവകുപ്പ്. രണ്ടാം തരംഗം ഉണ്ടായിട്ടില്ല എന്നാണ് ആരോഗ്യവകുപ്പ് ഇപ്പോഴത്തെ സാഹചര്യത്തിൽ വിലയിരുത്തുന്നത്. പുതിയതായി നിപ കേസുകളൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല എന്നുള്ളത് ആശ്വാസകരമായ ഒന്നാണ്. നിലവില്‍ സമ്പര്‍ക്ക പട്ടികയിൽ 1233 പേരാണ് ഉള്ളത്. 352 പേരാണ് ഹൈറിസ്‌ക് പട്ടികയില്‍ ഉള്ളത്. ഇതില്‍ 129 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 23 പേര്‍ മെഡിക്കല്‍ കോളജിലും നാല് പേര്‍ മാത്യശിശു സംരക്ഷണ കേന്ദ്രത്തിലും 3 പേര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയില്‍ കഴിയുകയാണ്.

അതേസമയം കോഴിക്കോട് കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. ഇന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ വഴി മാത്രമാണ് ക്ലാസുകൾ. ഈ മാസം 23 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി തുടരും. ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് സെന്ററുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയിരിക്കും. ഒരുകാരണവശാലും വിദ്യാർത്ഥികൾ സ്കൂളിൽ വരാൻ പാടില്ല എന്നാണ് നിലവിലെ ഉത്തരവ്.

നിപയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നിർദേശങ്ങൾ അവഗണിച്ച് ക്ലാസുകൾ തുടരുന്നു എന്ന ആരോപണത്തിൽ ഇപ്പോൾ നടപടി എടുത്തിരിക്കുകകയാണ്. നിലവിലുള്ള നിപ സാഹചര്യവും കോഴിക്കോട് ജില്ല അധികാരികളുടെ നിര്‍ദേശങ്ങളും പരിഗണിച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉടനടി നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് എൻ.ഐ.ടി.സി രജിസ്ട്രാർ അറിയിച്ചു. സെപ്‌റ്റംബർ 18 മുതൽ 23 വരെ എല്ലാ ക്ലാസുകളും ഓൺലൈൻ മോഡിലൂടെ നടക്കും. കഴിഞ്ഞ ദിവസം കോഴിക്കോടുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആദ്യം അനിശ്ചിത കാലത്തേക്കും പിന്നീട് ചുരുക്കി 18 മുതൽ 23 വരെ അവധി പ്രഖ്യാപിച്ചിരുന്നു.

ഓൺലൈൻ മോഡിൽ ക്ലാസുകൾ നടത്തും അതോടൊപ്പം ഹാജർ ആവശ്യകതകൾ പതിവുപോലെ തുടരുമെന്നും എൻ.ഐ.ടി.സി അറിയിച്ചു. ഡീനും എച്ച്.ഒ.ഡിയുമായി കൂടിയാലോചിച്ച് ടൈം ടേബിൾ പുനഃക്രമീകരിക്കും. യു.ജി, പി.ജി ഉന്നത ക്ലാസുകളിലെ ഷെഡ്യൂൾ ചെയ്ത പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ സമയക്രമം പിന്നീട് പ്രഖ്യാപിക്കും.

അതോടൊപ്പം ഇൻസ്റ്റിറ്റ്യൂട്ടിൽ നിരവധി നിർദേശങ്ങളും നിബന്ധനകളും നിപ സാഹചര്യം കണക്കിലെടുത്ത് നൽകിയിട്ടുണ്ട്. കണ്ടെയ്‌ൻമെന്റ് സോണുകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവരും പ്രഖ്യാപിത കണ്ടെയ്‌ൻമെൻ് സോണുകളിൽ താമസിക്കുന്ന വിദ്യാർത്ഥികളും ജീവനക്കാരും സ്ഥിരമോ കരാറോ ആയവരും ജില്ലാ അതോറിറ്റിയുടെ അംഗീകാരം ലഭിക്കുന്നതുവരെ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിക്കരുത്. ഡേ സ്കോളർമാർ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കണം, ഓൺലൈൻ ക്ലാസുകൾ നടക്കുന്നത് വരെ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കരുത്. ഇൻസ്റ്റിറ്റ്യൂട്ടിലെ എല്ലാവരും മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്. സാമൂഹിക അകലവും കൈ ശുചിത്വവും. എല്ലാവരും പരസ്പരം 3 അടി അകലം പാലിക്കണം. കൈകൾ എപ്പോഴും ശുചിത്വം പാലിക്കണം. പുറത്ത് റെസ്റ്റോറന്റുകൾ, മാർക്കറ്റുകൾ, തിരക്കേറിയ പ്രദേശങ്ങൾ തുടങ്ങിയവയിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കണം. അത്യാവശ്യമല്ലാതെ തിരക്കേറിയ ഒരു സ്ഥലവും സന്ദർശിക്കരുതെന്നും ഇൻസ്റ്റിറ്റ്യൂട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എച്ച്.ഒ.ഡി/ഡീൻ/രജിസ്‌ട്രാർ/ഡയറക്ടര്‍ എന്നിവരുടെ പ്രത്യേക അനുമതിയില്ലാതെ ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള സന്ദർശകരെ അനുവദിക്കില്ല. സന്ദർശകർ ഉൾപ്പെടെ മാസ്ക് ധരിക്കണം. ക്യാമ്പസ്സിൽ നിന്നും ആരും പുറത്തേക്ക് പോകരുത്. നിപയുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ഔദ്യോഗിക ചാനലുകളെ മാത്രമെ ആശ്രയിക്കാവു,ക്യാമ്പസ് നിവാസികൾ ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങളുള്ള ഏതെങ്കിലും കേസുകൾ ബന്ധപ്പെട്ട അധികാരികളെ/ആരോഗ്യ കേന്ദ്രങ്ങളിൽ കാലതാമസം കൂടാതെ അറിയിക്കേണ്ടതുണ്ടെന്നുമാണ് രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നത്.

നിപ നിയന്ത്രണങ്ങൾ പാലിക്കാതെ ക്ലാസുകൾ നടത്തിയതിനെതിരെ വിദ്യാർത്ഥികൾ രംഗത്ത് വന്നിരുന്നു. കോളജ് നിലനിൽക്കുന്നത് കണ്ടെയ്ൻമെന്റ് സോൺ അല്ലാത്തതിനാൽ അവധി നൽകില്ലെന്ന നിലപാടിലായിരുന്നു കോളേജ് അധികൃതർ. അതിനെ തുടർന്നാണ് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരത്ത് നിപ സംശയത്തിലിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ പരിശോധനാഫലം നെഗറ്റീവ്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തെത്തിയ വിദ്യാർത്ഥിയുടെ നിപ പരിശോധനാ ഫലമാണ് നെഗറ്റീവായത്.

കഴിഞ്ഞ ദിവസം കാട്ടാക്കട സ്വദേശിയെയും നിപ സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവരുടെ ബന്ധുക്കൾ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്തിയിരുന്നു. അതേ തുടർന്നാണ് പനി വന്ന സാഹചര്യത്തിൽ നിപ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കോഴിക്കോട് ഇപ്പോഴും നിപ ജാഗ്രതയിൽ തുടരുകയാണ്. നിലയിൽ സമ്പർക്കപ്പട്ടികയിൽ മാത്രമുളളത് 1192 പേരാണ് . 51 പേരുടെ ഫലം ഇന്ന് ലഭിക്കും. ആദ്യം നിപ ബാധിച്ച് മരിച്ചയാളുടെ ഒൻപതു വയസ്സുളള മകൻ വെന്റിലേറ്ററിൽ തുടരുകയാണ്. നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട് .

നിപ രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കുന്ന സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമാണെന്നും, നിലവിൽ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.