സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നതായി ആരോഗ്യവകുപ്പ്. രണ്ടാം തരംഗം ഉണ്ടായിട്ടില്ല എന്നാണ് ആരോഗ്യവകുപ്പ് ഇപ്പോഴത്തെ സാഹചര്യത്തിൽ വിലയിരുത്തുന്നത്. പുതിയതായി നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നുള്ളത് ആശ്വാസകരമായ ഒന്നാണ്. നിലവില്‍ സമ്പര്‍ക്ക പട്ടികയിൽ 1233 പേരാണ് ഉള്ളത്. 352 പേരാണ് ഹൈറിസ്‌ക് പട്ടികയില്‍ ഉള്ളത്. ഇതില്‍ 129 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 23 പേര്‍ മെഡിക്കല്‍ കോളജിലും നാല് പേര്‍ മാത്യശിശു സംരക്ഷണ കേന്ദ്രത്തിലും 3 പേര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയില്‍ കഴിയുകയാണ്.
അതേസമയം കോഴിക്കോട് കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. ഇന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ വഴി മാത്രമാണ് ക്ലാസുകൾ. ഈ മാസം 23 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി തുടരും. ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് സെന്ററുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയിരിക്കും. ഒരുകാരണവശാലും വിദ്യാർത്ഥികൾ സ്കൂളിൽ വരാൻ പാടില്ല എന്നാണ് നിലവിലെ ഉത്തരവ്.

