തിരുവനന്തപുരത്ത് നിപ സംശയത്തിലിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ പരിശോധനാഫലം നെഗറ്റീവ്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തെത്തിയ വിദ്യാർത്ഥിയുടെ നിപ പരിശോധനാ ഫലമാണ് നെഗറ്റീവായത്.
കഴിഞ്ഞ ദിവസം കാട്ടാക്കട സ്വദേശിയെയും നിപ സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവരുടെ ബന്ധുക്കൾ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്തിയിരുന്നു. അതേ തുടർന്നാണ് പനി വന്ന സാഹചര്യത്തിൽ നിപ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കോഴിക്കോട് ഇപ്പോഴും നിപ ജാഗ്രതയിൽ തുടരുകയാണ്. നിലയിൽ സമ്പർക്കപ്പട്ടികയിൽ മാത്രമുളളത് 1192 പേരാണ് . 51 പേരുടെ ഫലം ഇന്ന് ലഭിക്കും. ആദ്യം നിപ ബാധിച്ച് മരിച്ചയാളുടെ ഒൻപതു വയസ്സുളള മകൻ വെന്റിലേറ്ററിൽ തുടരുകയാണ്. നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട് .
നിപ രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കുന്ന സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമാണെന്നും, നിലവിൽ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

