നിപ്പ സംസ്ഥാനത്ത് ആശങ്ക അകലുന്നു. ആദ്യരോഗിയുടെ ഹൈ റിസ്ക് സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 281 പേരുടെ ഐസലേഷൻ കാലാവധി പൂർത്തിയായി. ഇന്നലെ വൈകിട്ടു വരെ ലഭിച്ച 49 പരിശോധനാഫലങ്ങളും നെഗറ്റീവാണ് എന്നത് ആശ്വാസം നൽകുന്ന കാര്യമാണ്. നിപ്പ നിയന്ത്രണ വിദേയമാകുന്നു എന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്. 36 സാംപിളുകളുടെ പരിശോധനാഫലം ഇനിയും വരാനുണ്ട്.
നിലവിൽ 11 പേരാണ് ഐസലേഷനിലുള്ളത്. ചികിത്സയിലുള്ള നാലു രോഗികളും ഉണ്ട്. ചികിത്സയിലുള്ള നാലുപേരുടെയും ആരോഗ്യ നില തൃപ്തികരമാണ്. ഐസിയുവിൽ ചികിത്സയിലുള്ള ഒൻപതു വയസ്സുകാരന്റെ ആരോഗ്യനിലയും മെച്ചപ്പെട്ടിട്ടുള്ളതായാണ് വിവരം. സമ്പർക്കപ്പട്ടികയിൽ നിലവിലുള്ളത് 1,286 പേരാണ്. ആശങ്ക അകലുന്നുണ്ടെങ്കിലും പട്ടികയിലുള്ളവർ നിർബന്ധമായും 21 ദിവസം ഐസലേഷൻ പാലിക്കണം. 21 ദിവസത്തിനുള്ളിലാണു വൈറസ് സജീവമാവുക എന്നതിനാലാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത് എന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
രോഗത്തെ കുറിച്ചുള്ള ആശങ്ക അകലുന്നുണ്ട്. രണ്ടാം തരംഗത്തിനുള്ള സാധ്യത കുറവാണെങ്കിലും പൂർണമായും തള്ളിക്കളയാൻ ആവില്ല എന്ന് മുഖ്യമന്ത്രി അറിയിച്ചു. വവ്വാലിനെ പിടിക്കാതെ തന്നെ സാംപിൾ ശേഖരിച്ചുള്ള ഗവേഷണം തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

