Health (Page 47)

മഴ തുടരുന്ന സാഹചര്യത്തിൽ പലസ്ഥലങ്ങളിലും എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലെപ്‌റ്റോസ്‌പൈറ വിഭാഗത്തിൽപെട്ട ബാക്ടീരിയ വഴിയാണ് എലിപ്പനി ഉണ്ടാകന്നത്. കാർന്നുതിന്നുന്ന ജീവികളായ എലി, അണ്ണാൻ എന്നിവയും കന്നുകാലികളും മറ്റ് മൃഗങ്ങളും ഇതിന്റെ രോഗവാഹകരാണ്. ഈ ജീവികളുടെ മൂത്രമോ അത് കലർന്ന മണ്ണോ ,വെള്ളമോ വഴിയുള്ള സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നത് . ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, കന്നുകാലി പരിചരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ, കർഷകർ, മലിനജല സമ്പർക്കത്തിൽ ഏർപ്പെടുന്നവർ, വിനോദത്തിനായി മലിനമായ തോടുകളിലും ജലാശയങ്ങളിലും മീൻപിടിക്കാൻ ഇറങ്ങുന്നവർ തുടങ്ങിയവരിൽ രോഗ സാധ്യത കൂടുതലാണ്. മലിനജലത്തിൽ നിന്നും ശരീരത്തിലെ ചെറിയ മുറിവുകളിൽ കുടിയോ, കണ്ണ്, മൂക്ക്, വായ എന്നിവ വഴിയോ രോഗാണു മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നു. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർ വ്യക്തിഗത സുരക്ഷാമാർഗങ്ങളായ കയ്യുറ, കാലുറകൾ എന്നിവ ഉപയോഗിക്കണം. കൂടാതെ ശരീര ഭാഗങ്ങളിൽ മുറിവുകളുണ്ടെങ്കിൽ മലിനമായ വെള്ളവുമായോ മണ്ണുമായോ സമ്പർക്കമുണ്ടാകാതെ നോക്കണം.

പനി, പേശിവേദന, തലവേദന, വയറുവേദന, ഛർദ്ദി, ഓക്കാനം, കണ്ണിന് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ .തുടക്കത്തിലേ രോഗ നിർണയം നടത്താതിരുന്നാൽ രോഗം മൂർച്ഛിച്ച് കരൾ, വൃക്ക, ശ്വാസകോശം, ഹൃദയം തുടങ്ങി എല്ലാ അവയവങ്ങളേയും ബാധിക്കും. ഇവയെല്ലാം മരണ കാരണമായേക്കാം. എലിപ്പനിക്കെതിരെയുള്ള മുൻകരുതൽ മരുന്നും ചികിത്സയും എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. പനി, പേശിവേദന തുടങ്ങിയ ലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തുന്നവർ തങ്ങളുടെ തൊഴിൽ പശ്ചാത്തലം ഡോക്ടറോട് പറയുന്നത് രോഗനിർണയം എളുപ്പമാക്കും. രോഗം വരാൻ സാധ്യതയുള്ള വ്യക്തികൾ ആഴ്ചയിലൊരിക്കൽ 200 മില്ലിഗ്രാം ഡോക്‌സിസൈക്ലിൻ ഗുളിക ( 100 മില്ലി ഗ്രാമിന്റെ രണ്ടെണ്ണം) ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം കഴിക്കുക. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്‌സിസൈക്ലിൻ ഗുളിക സൗജന്യമായി ലഭ്യമാണ്.

പ്രതിരോധമാർഗങ്ങൾ

പനി, തലവേദന, ശരീരവേദന എന്നിവ ഉണ്ടായാൽ സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുക.
ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുക.
ശരീരത്തിൽ മുറിവുള്ളപ്പോൾ മലിന ജലത്തിൽ ഇറങ്ങാതിരിക്കുക.
ആഹാരവും കുടിവെള്ളവും എലി മൂത്രം വഴി മലിനീകരിക്കപ്പെടാതെ മൂടിവെക്കുക.
ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയാതെ ശരിയായ രീതിയിൽ സംസ്‌കരിക്കുക.
കാലിത്തൊഴുത്തിലെ മാലിന്യങ്ങൾ ശരിയായ രീതിയിൽസംസ്‌കരിക്കുക.
വീടും പരിസരവും വെള്ളം കെട്ടിനിൽക്കാതെ വൃത്തിയായി സൂക്ഷിക്കുക.

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പകർച്ച പനികൾ തുടരുന്ന സാഹചര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങൾ ആവശ്യമായ ബദൽ ക്രമീകരണം ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആലപ്പുഴ കുട്ടനാട് അടിയന്തിര സാഹചര്യം നേരിടുന്നതിന് വെള്ളത്തിൽ സഞ്ചരിക്കുന്ന 3 മൊബൈൽ ഫ്ളോട്ടിംഗ് ഡിസ്പെൻസറികൾ, വാട്ടർ ആംബുലൻസ് എന്നിവ സജ്ജമാക്കിയിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.

മഴ തുടരുന്നതിനാൽ ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യതയുണ്ട്. കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. എലിപ്പനി പ്രതിരോധം പ്രധാനമാണ്. ചെളിയിലോ മലിന ജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങിയാൽ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണ്. വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. ആഹാരവും വെള്ളവും അടച്ച് സൂക്ഷിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. എത്രയും വേഗം ചികിത്സ തേടണം.

തിരുവനന്തപുരം; ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ‘ഹൃദയസ്പർശം’ കാക്കാം ഹൃദയാരോഗ്യം എന്ന പേരിൽ സംസ്ഥാനതല ക്യാമ്പയിൻ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഹൃദ്രോഗം കണ്ടുപിടിക്കുക, ചികിത്സയ്ക്കുക, പ്രതിരോധിക്കുക, സിപിആർ ഉൾപ്പെടെയുള്ള പ്രഥമ ശുശ്രൂക്ഷാ പരിശീലനം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇസിജി, ട്രോപ് ടി തുടങ്ങിയ സൗജന്യ പരിശോധനകൾ കാമ്പയിന്റെ ഭാഗമായി ലഭ്യമാക്കും. ഓട്ടോ, ടാക്‌സി, ആംബുലൻസ് ഡ്രൈവർമാർ, മറ്റു വോളണ്ടിയർമാർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. മെഡിക്കൽ കോളേജുകളുടെയും ഹാർട്ട് ഫൗണ്ടേഷന്റെയും സഹായത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനതല ഉദ്ഘാടനം നാളെ തൃശൂർ മെഡിക്കൽ കോളേജിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും.

ആഗോള തലത്തിൽ സെപ്റ്റംബർ 29 ലോക ഹൃദയ ദിനമായി ആചരിക്കുന്നു. ഹൃദയാരോഗ്യത്തെപ്പറ്റിയും ഹൃദയത്തെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ലോക ഹാർട്ട് ഫെഡറേഷൻ സെപ്റ്റംബർ 29 ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങൾ കൊണ്ടാണ് എന്നതാണ് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്. 30 വയസിനും 70 വയസിനും ഇടയിലുള്ള മരണങ്ങളിൽ 32 ശതമാനവും ഹൃദയസംബന്ധമായ രോഗങ്ങൾ കൊണ്ടാണെന്നാണ് കണക്കാക്കുന്നത്.

ഹൃദയംകൊണ്ട് ഹൃദയത്തെ അറിയൂ (Use Heart, Know Heart) എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യദിന സന്ദേശം. നമ്മൾ ഓരോരുത്തരും നമ്മുടെ ഹൃദയത്തെക്കുറിച്ച് അറിയുകയും ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടി മുൻകരുതലുകളെടുക്കുകയും അതിനുവേണ്ടിയുള്ള പരിശോധനകളും ചികിത്സയും നടത്തുക എന്നുള്ള ഒരു സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നൽകുന്നത്. പ്രാഥമികതലത്തിൽ തന്നെ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പ്രാഥമിക രോഗങ്ങളായ പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയവയെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ആരോഗ്യ വകുപ്പ് ബൃഹത് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നു. ആർദ്രം ജീവിതശൈലീ സ്‌ക്രീനിംഗിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരിലുള്ള 1.48 കോടിയോളം പേരെ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. ഇവരിൽ ഹൃദ്രോഗം ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾ വരാൻ സാധ്യതയുള്ള ആൾക്കാരെ കണ്ടെത്തി വിദഗ്ധ പരിശോധനയ്ക്കായി റഫർ ചെയ്യുകയും ചെയ്യുന്നു. ഇതിലൂടെ ഹൃദ്രോഗം വരാതെ നോക്കുന്നതിനും നേരത്തെ കണ്ടെത്തുന്നതിനും നമുക്ക് സാധിക്കുമെന്ന് മന്ത്രി അറിയിച്ചു.

പ്രധാന മെഡിക്കൽ കോളേജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിൽ 13 ജില്ലകളിലും കാത്ത് ലാബുകൾ സജ്ജമാക്കി വരുന്നു. അതിൽ 11 എണ്ണവും പ്രവർത്തനസജ്ജമാക്കി. കൂടാതെ ഇടുക്കിയിൽ കാത്ത് ലാബ് സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. 12 ജില്ലാ ആശുപത്രികളിൽ കൊറോണറി കെയർ ഐസിയു സജ്ജമാക്കി. ഹൃദ്രോഗം നേരത്തെ കണ്ടെത്തുന്നതിന് ആവശ്യമായ പരിശോധനാ സൗകര്യങ്ങൾ ഒട്ടുമിക്ക ആശുപത്രികളിലും സജ്ജമാക്കിയിട്ടുണ്ട്. ട്രോപ്പ് ടി അനലൈസർ എന്ന ഉപകരണത്തിലൂടെ ഹൃദയഘാതം നേരത്തെ കണ്ടെത്തുന്നതിനുള്ള സംവിധാനം താലൂക്ക്തല ആശുപത്രികളിൽ ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമേ ഈ വർഷം സ്റ്റെമി (STEMI – ST-elevation myocardial infarction) ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃകയിലുള്ള ഹൃദ്രോഗ ചികിത്സ ആരംഭിക്കുന്നതിനുള്ള പദ്ധതിയും ആവിഷ്‌ക്കരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.

ഹോമിയോപ്പതി വകുപ്പിലെയും ഭാരതീയ ചികിത്സാ വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ ആദ്യഘട്ടമായി എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടി സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്രയധികം സര്‍ക്കാര്‍ മേഖലയിലെ ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ണസജ്ജമാക്കി ഒരുമിച്ച് എന്‍എബിഎച്ച് ആക്രഡിറ്റേഷന് അപേക്ഷിക്കുന്നത്. ഈ സ്ഥാപനങ്ങളിലെ എന്‍.എ.ബി.എച്ച്. കേന്ദ്ര സംഘത്തിന്റെ അന്തിമ വിലയിരുത്തല്‍ നടന്നുവരികയാണ്.

എന്‍.എ.ബി.എച്ച്. അംഗീകാരം ലഭിക്കുന്നതോടെ ആയുഷ് ആതുരസേവന രംഗത്ത് മികച്ച ഗുണനിലവാരം ഉറപ്പുവരുത്തുവാന്‍ സാധിക്കും. മാത്രമല്ല, സംസ്ഥാനത്തെ ആരോഗ്യ ടൂറിസം രംഗത്തിനും ഇത് മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ സ്ഥാപനങ്ങള്‍ വിവിധ ഗുണമേന്മാ മാനദന്ധങ്ങള്‍ കൈവരിക്കുന്നതിന്റെ പൊതു അംഗീകാരമാണ് എന്‍.എ.ബി.എച്ച്. ആക്രഡിറ്റേഷനിലൂടെ ലഭിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, രോഗീസൗഹൃദം, രോഗീ സുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധാ നിയന്ത്രണം എന്നിവയുള്‍പ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടര്‍ന്നാണ് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭ്യമാകുന്നത്. നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്.

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2013 നും 2017നും സമാനമായി ഈ വർഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാൽ മുൻകൂട്ടി തന്നെ ജാഗ്രതാ നിർദേശം നൽകി രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിനാൽ കാര്യമായ തോതിൽ കേസുകൾ വർധിച്ചിട്ടില്ല. ഇടവിട്ടുള്ള മഴ തുടരുന്നതിനാൽ വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉൾപ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം സമഗ്രമായ രീതിയിൽ തുടരേണ്ടത് രോഗപ്പകർച്ച തടയുന്നതിനും രോഗനിയന്ത്രണത്തിനും അനിവാര്യമാണ്. ഡെങ്കിപ്പനി പ്രതിരോധത്തിൽ കൂട്ടായ പ്രവർത്തനം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടന്നു. ആരോഗ്യ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കേണ്ടതാണെന്ന് നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർമാർ ജില്ലാ കളക്ടർമാരുമായി കൂടിയാലോചിച്ച് വിവിധ വകുപ്പുകളും ജനപ്രതിനിധികളുമായും ചർച്ച ചെയ്ത് വാർഡുതലം മുതലുള്ള ഫീൽഡുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. എല്ലാ ജില്ലകളിലേയും ഹോട്ട് സ്‌പോട്ടുകൾ ജില്ലകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും കൈമാറുകയും അത് പ്രസിദ്ധീകരിക്കുകയും വേണം. ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തണം.

ജനപ്രതിനിധികളേയും സന്നദ്ധ പ്രവർത്തകരേയും വിവിധ വകുപ്പുകളേയും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണം. വരുന്ന 8 ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. ഇത് ജില്ലാതലത്തിൽ ഉറപ്പ് വരുത്തേണ്ടതാണ്.

സ്വകാര്യ ആശുപത്രികളിലെ പകർച്ചപ്പനി കേസുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. മരണം പരമാവധി ഒഴിവാക്കാൻ പ്രോട്ടോകോൾ അനുസരിച്ച് ചികിത്സ ഉറപ്പാക്കേണ്ടതുണ്ട്. ആയതിനായി സർക്കാർ, സ്വകാര്യ മേഖലയിൽ തുടർപരിശീലനങ്ങൾ പൂർത്തിയാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ പ്രത്യേകം വിശകലനം ചെയ്തു. അവരെ കാര്യക്ഷമമായി വിന്യസിപ്പിച്ചുകൊണ്ട് കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് മന്ത്രി നിർദേശം നൽകി.

വിടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്, ചിരട്ട മുതലായവയിൽ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീട്ടിനകത്തെ ചെടികൾ വയ്ക്കുന്ന ട്രേ കൊതുകിന്റെ ഉറവിടമാകാറായി കാണുന്നുണ്ട്. അതിനാൽ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം. ആക്രിക്കട, ടയർകട എന്നിവ വെള്ളം വീഴാതെ സുരക്ഷിതമാക്കണം. ജലക്ഷാമമുള്ള സ്ഥലങ്ങളിൽ വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങളും നിർമ്മാണ സ്ഥലത്തിലെ ടാങ്കുകളും കൊതുകിന്റെ പ്രജനന കേന്ദ്രമാകാതെ ശരിയായ രീതിയിൽ മൂടി വയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണ്.

പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. നീണ്ടുനിൽക്കുന്ന പനി വളരെ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി ഓർമ്മിപ്പിച്ചു.

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തേങ്ങ. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ തേങ്ങയ്ക്ക് കഴിവുണ്ട്. തേങ്ങയിൽ കൊഴുപ്പ് താരതമ്യേന ഉയർന്നതാണ്. ഇത് കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളായ ഡി, ഇ, എ, കെ എന്നിവ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കും.

ശരീരത്തിന് ആവശ്യമുള്ള എല്ലാ ഇലക്ട്രോലൈറ്റുകളും നാളികേരത്തിൽ നിന്ന് ലഭിക്കുന്നു. ശരീരത്തെ ജലാംശം ഉള്ളതാക്കി നിലനിർത്തുന്നതിന് ഇലക്ട്രോലൈറ്റുകൾ ഒട്ടും ഒഴിച്ചുകൂടാനാവാത്തതാണ്. മറ്റേത് തരം ഡ്രിങ്കുകളുമായി താരതമ്യം ചെയ്താലും തേങ്ങാവെള്ളം നൽകുന്നത്ര ഇലക്ട്രോലൈറ്റുകൾ മറ്റൊന്നും നൽകില്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

തേങ്ങയിലെ മാംസഭാഗത്ത് നിന്ന് ഉണ്ടാക്കുന്ന ഭക്ഷണ പദാർത്ഥമാണ് തേങ്ങാ പൊടി. ഗ്ലൂട്ടൻ ഫ്രീ ഭക്ഷണക്രമം സ്വീകരിച്ച ആളുകൾക്ക് നിരവധി വിഭവങ്ങൾ ഉണ്ടാക്കാൻ സഹായിക്കും.

തിരുവനന്തപുരം: നിപ എന്തുകൊണ്ടു വീണ്ടും കോഴിക്കോട് എന്നതുമായി ബന്ധപ്പെട്ട് ഐ.സി.എം.ആർ. വ്യക്തമായ ഉത്തരം നൽകിയിട്ടില്ലെന്നും, ഇതുമായി ബന്ധപ്പെട്ടു സംസ്ഥാനം സീറോ സർവലൻസ് പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ വിശദമായ പ്രൊപ്പോസൽ തയാറാക്കാൻ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വവ്വാലുകളെ സംബന്ധിച്ച് ഐ.സി.എം.ആർ നടത്തിയ പഠനത്തിന്റെ വിവരങ്ങളും നമുക്ക് ലഭ്യമാകും. വവ്വാലിനെ പിടിക്കാതെ തന്നെ സാമ്പിൾ ശേഖരിച്ചുള്ള ഗവേഷണം തോന്നക്കൽ വൈറളോജി ഇൻസ്റ്റിട്ട്യൂട്ടിൻറെ സഹായത്തോടെ നടപ്പാക്കും. 2018ൽ കോഴിക്കോടും 2019ൽ എറണാകുളത്തും 2021ൽ വീണ്ടും കോഴിക്കോടും നിപ രോഗബാധ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തു നിപ രോഗനിർണയത്തിനായി ലാബുകൾ സജ്ജമാണ്. തോന്നക്കലിലെ ഇൻസ്റ്റിറ്റൂട്ട് ഓഫ് വൈറോളജിയിൽ നിപ വൈറസ് രോഗം നിർണ്ണയിക്കാൻ സാമ്പിൾ പരിശോധനാ സംവിധാനമുണ്ട്. 2021 സെപ്റ്റംബർ മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രത്യേകം സജ്ജീകരിച്ച ലാബിൽ നിപ രോഗ നിർണയ പരിശോധന നടന്നുവരുന്നുണ്ട്. ഇതു രണ്ടും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ളതാണ്. 2018ൽ സംസ്ഥാനത്ത് നിപ രോഗബാധ സംബന്ധിച്ച പ്രോട്ടോകോൾ പുറത്തിറക്കിയിരുന്നു. 2021 സെപ്റ്റംബറിൽ ഇത് പരിഷ്‌കരിച്ചു. നിപ ചികിൽസ, മരുന്നുകൾ, ഐസൊലേഷൻ, സാമ്പിൾ പരിശോധന തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കുന്നത് ഈ പ്രോട്ടോകോൾ പ്രകാരമാണ്. പുതിയ ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ 2023ൽ ചെറിയ ചില മാറ്റങ്ങളോടെ 2021ലെ പ്രോട്ടോകോളും ആരോഗ്യവിദഗ്ധ സമിതി പരിഷ്‌കരിച്ചിട്ടുണ്ട്.

2022ൽ ആരോഗ്യം, വനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ വർക്ക്‌ഷോപ്പിൽ സുപ്രധാനങ്ങളായ പരിപാടികൾ ആവിഷ്‌കരിച്ചിരുന്നു. വിദഗ്ധർ പങ്കെടുത്ത ഈ വർക്ക്‌ഷോപ്പിന്റെ അടിസ്ഥാനത്തിൽ നിപ പ്രതിരോധത്തിനായി കലണ്ടർ തയാറാക്കി കർമ്മപരിപാടി നടപ്പാക്കുകയാണ്. നിപ ഔട്ട്‌ബ്രേക്ക് നിരീക്ഷിക്കാൻ സി.ഡി.എം.എസ് പോർട്ടൽ ഇ-ഹെൽത്ത് രൂപീകരിച്ചു. വവ്വാലുകളിൽ നിന്ന് വൈറസ് ബാധ ഉണ്ടാകാതിരിക്കാനുളള സാമൂഹിക ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും കൂടുതലുള്ള 14 ഹോട്‌സ്പോട്ടുകൾ ഉള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൽ അനിതകുമാരി അറിയിച്ചു. സെപ്റ്റംബർ മാസത്തിൽ മാത്രം ഇതുവരെ 23 പേർക്ക് സ്ഥിരീകരിച്ച രോഗബാധയും 120 പേർക്ക് സംശയാസ്പദമായ രോഗബാധയും രണ്ട് മരണവും ഉണ്ടായിട്ടുണ്ട്.

പ്രതിരോധം പ്രധാനം

ആഴ്ചതോറും വീടും സ്ഥാപനങ്ങളും ചുറ്റുപാടും നിരീക്ഷിച്ച് കൊതുക് വളരാനിടയുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുക. ഇതോടൊപ്പം വ്യക്തി സുരക്ഷാമാർഗങ്ങളും പാലിക്കുക. വെള്ളം ശേഖരിച്ചു വെക്കുന്ന പാത്രങ്ങൾ, ചിരട്ടകൾ പൊട്ടിയപാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, റെഫ്രിജറേറ്ററിന്റെ അടിഭാഗത്തെ ട്രേ, ടയറുകൾ, ടാർപാളിൻ ഷീറ്റുകൾ, വീടിന്റെ ടെറസ്,സൺഷേഡ്, പാത്തികൾ എന്നിവിടങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് പ്രധാനമായും ഇവ മുട്ടയിട്ട് പെരുകുന്നത്.

വീടിനകത്തെ ചെടികളും ഉറവിടം

വീടുകളിൽ വളർത്തുന്ന മണി പ്ലാന്റും മറ്റ്അലങ്കാരച്ചെടികളും കൊതുക് പെരുകാനുള്ള സാഹചര്യം വർധിപ്പിച്ചു. ചെടിച്ചട്ടികളിലും അവയ്ക്കടിയിൽ വെക്കുന്ന ട്രേകളിലും വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. നിലവിൽ രോഗബാധിതരായവരുടെ വീടുകളിൽ പരിശോധന നടത്തിയപ്പോൾ വെള്ളം ശേഖരിച്ചു വെക്കുന്ന ടാങ്കുകൾ, പാത്രങ്ങൾ, റബ്ബർ പാൽ സംഭരിക്കുന്ന ചിരട്ടകൾ ,ടയറുകൾ, ടാർപാളിൻ ഷീറ്റുകൾ , വാഹനങ്ങളുടെ സ്‌പെയർ പാർട്‌സുകൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങൾ തുടങ്ങിയവയിൽ കൂത്താടികളുടെ സാന്നിധ്യം കൂടിയ തോതിൽ കണ്ടെത്തിയിട്ടുണ്ട്.

ഡ്രൈഡേ ആചരണം തുടരണം.

ഇടവിട്ടുള്ള മഴ കൊതുക് പെരുകാനുള്ള സാഹചര്യം ഒരുക്കുമെന്നതിനാൽ ആഴ്ചയിലൊരിക്കൽ ഡ്രൈഡേ പ്രവർത്തനങ്ങൾ തുടരണം. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ഡെങ്കിപ്പനി വ്യാപന സാധ്യതയുണ്ട്. പനി വന്നാൽ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ സേവനം തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് .2013 നും 2017 നും സമാനമായി ഈ വര്‍ഷം ഡെങ്കി്പപനി രോഗവ്യാപനം കൂടുതലാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉള്‍പ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം സമഗ്രമായ രീതിയില്‍ തുടരേണ്ടത് രോഗപ്പകര്‍ച്ച തടയുന്നതിനും രോഗനിയന്ത്രണത്തിനും അനിവാര്യമാണ്. ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിനായി കൂട്ടായ പ്രവര്‍ത്തനം അനുവാര്യമെന്നും മന്ത്രി പറഞ്ഞു.പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടന്നു. ആരോഗ്യ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതാണെന്ന് നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ജില്ലാ കളക്ടര്‍മാരുമായി കൂടിയാലോചിച്ച് വിവിധ വകുപ്പുകളും ജനപ്രതിനിധികളുമായും ചര്‍ച്ച ചെയ്ത് വാര്‍ഡുതലം മുതലുള്ള ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. ജില്ലകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും എല്ലാ ജില്ലാകളിലെയും ഹോട്ട് സ്‌പോര്‍ട്ടുകള്‍ കൈമാറുകയും പ്രസിദ്ധികരിക്കുകയും വേണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി

കോഴിക്കോട്: കേരളത്തിന് ആശ്വാസ വാർത്ത. കഴിഞ്ഞ നാലു ദിവസമായി പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരന്റെ നില മെച്ചപ്പെട്ടു വരുന്നുവെന്നും മന്ത്രി അറിയിച്ചു. ചികിത്സയിലുള്ള മറ്റു മൂന്നു പേർക്കും കാര്യമായ രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി വിശദീകരിച്ചു.

സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താൻ ഐസിഎംആർ അംഗീകാരം നൽകി. ലെവൽ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികൾക്കാണ് അംഗീകാരം നൽകുന്നത്. ഇതിനായി എസ്ഒപി തയ്യാറാക്കും. ഐസിഎംആറുമായി നടത്തിയ ആശയവിനിമയത്തെ തുടർന്നാണ് നടപടി. ഇതിലൂടെ കൂടുതൽ കേന്ദ്രങ്ങളിൽ പരിശോധന നടത്താനും കാലതാമസമില്ലാതെ നിപ വൈറസ് ഉണ്ടോയെന്ന് കണ്ടെത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുമാകും. ട്രൂനാറ്റ് പരിശോധനയിൽ നിപ വൈറസ് കണ്ടെത്തുന്ന സാമ്പിളുകൾ മാത്രം തിരുവനന്തപുരം തോന്നക്കൽ, കോഴിക്കോട് വൈറോളജി ലാബുകളിലേക്ക് അയച്ചാൽ മതിയാകുമെന്നും വീണാ ജോർജ് പറഞ്ഞു.

എന്ത് കൊണ്ട് കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിക്കുന്നത് എന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞ പ്രകാരം സംസ്ഥാനം സീറോ സർവലൻസ് പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഹൈ റിസ്‌ക് സമ്പർക്കപ്പട്ടികയിലുള്ള വ്യക്തികളുടെ ആന്റിബോഡി പരിശോധിച്ചാണ് പഠനം നടത്തുന്നത്. നിപ പ്രതിരോധത്തിന് ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനം പ്രവർത്തിച്ചു വരുന്നു. 81 സാമ്പിളുകളാണ് നിപ സംശയിച്ച് ഈ വർഷം മാത്രം പരിശോധിച്ചത്. നിപ പ്രോട്ടോകോളിന്റെ ഭാഗമായി പരിശീനം നടത്തുകയും ലാബ് സൗകര്യമൊരുക്കുകയും ചെയ്തു. ഈ വർഷം പുറത്തിറക്കിയ ആരോഗ്യ ജാഗ്രതാ കലണ്ടറിലും നിപ പ്രതിരോധമുണ്ട്. 21 ദിവസമാണ് ഇൻക്യുബേഷൻ പീരിഡ് എങ്കിലും വീണ്ടും 21 ദിവസം കൂടി പ്രവർത്തനം നടത്തും. അതിനാൽ 42 ദിവസം കൺട്രോൾ റൂം പ്രവർത്തിക്കുന്നതാണ്. മൃഗ സംരക്ഷണം, വനം വകുപ്പുകളുടെ സഹകരണത്തോടെ വൺ ഹെൽത്ത് ശക്തിപ്പെടുത്തുന്നതാണ്. പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് രൂപീകരിക്കാനുള്ള നടപടികൾ നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.