നിപയിൽ സംസ്ഥാനത്തിന് വീണ്ടും ആശ്വാസം. കഴിഞ്ഞ ദിവസം പരിശോധനക്ക് അയച്ച 61പരിശോധന ഫലങ്ങൾ നെഗറ്റീവ്. നിപ ബാധിച്ച് മരിച്ച ഹാരിസുമായി അടുത്തിടപഴകിയ വ്യക്തിയുടെ പരിശോധന ഫലവും ഇക്കൂട്ടത്തിൽ ഉണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. മാത്രമല്ല ഏറ്റവും ഒടുവിൽ നിപ സ്ഥിരീകരിച്ച വ്യക്തിയെ പരിചരിച്ച ആരോഗ്യ പ്രവർത്തകയുടെ പരിശോധന ഫലവും നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം പുറത്തുവന്ന 42 പരിശോധന ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. സംസ്ഥാനത്തിന് ആശ്വാസം നൽകുന്ന വാർത്തകളാണ് ഇവ. നിപ ഭീതി കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിപ ബാധിതനായിരുന്ന ഒൻപതു വയസ്സുകാരന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ കഴിഞ്ഞ ദിവസം കുട്ടിയെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നു
കോഴിക്കോടിന് പുറമെ മറ്റുജില്ലകളിൽ നിന്നുള്ളവരുടെ ഭൂരിപക്ഷം സാമ്പിളുകളും നെഗറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സംഘവുമായി വിശദമായ ചർച്ച നടത്തിയതായും സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെ കേന്ദ്ര സംഘം അഭിനന്ദിച്ചതായും മന്ത്രി അറിയിച്ചു. രണ്ടാം തരംഗം സംസ്ഥനത്ത് ഉണ്ടായിട്ടില്ല എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

