നിപയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നിർദേശങ്ങൾ അവഗണിച്ച് ക്ലാസുകൾ തുടരുന്നു എന്ന ആരോപണത്തിൽ ഇപ്പോൾ നടപടി എടുത്തിരിക്കുകകയാണ്. നിലവിലുള്ള നിപ സാഹചര്യവും കോഴിക്കോട് ജില്ല അധികാരികളുടെ നിര്‍ദേശങ്ങളും പരിഗണിച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉടനടി നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് എൻ.ഐ.ടി.സി രജിസ്ട്രാർ അറിയിച്ചു. സെപ്‌റ്റംബർ 18 മുതൽ 23 വരെ എല്ലാ ക്ലാസുകളും ഓൺലൈൻ മോഡിലൂടെ നടക്കും. കഴിഞ്ഞ ദിവസം കോഴിക്കോടുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആദ്യം അനിശ്ചിത കാലത്തേക്കും പിന്നീട് ചുരുക്കി 18 മുതൽ 23 വരെ അവധി പ്രഖ്യാപിച്ചിരുന്നു.
ഓൺലൈൻ മോഡിൽ ക്ലാസുകൾ നടത്തും അതോടൊപ്പം ഹാജർ ആവശ്യകതകൾ പതിവുപോലെ തുടരുമെന്നും എൻ.ഐ.ടി.സി അറിയിച്ചു. ഡീനും എച്ച്.ഒ.ഡിയുമായി കൂടിയാലോചിച്ച് ടൈം ടേബിൾ പുനഃക്രമീകരിക്കും. യു.ജി, പി.ജി ഉന്നത ക്ലാസുകളിലെ ഷെഡ്യൂൾ ചെയ്ത പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ സമയക്രമം പിന്നീട് പ്രഖ്യാപിക്കും.
അതോടൊപ്പം ഇൻസ്റ്റിറ്റ്യൂട്ടിൽ നിരവധി നിർദേശങ്ങളും നിബന്ധനകളും നിപ സാഹചര്യം കണക്കിലെടുത്ത് നൽകിയിട്ടുണ്ട്. കണ്ടെയ്‌ൻമെന്റ് സോണുകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവരും പ്രഖ്യാപിത കണ്ടെയ്‌ൻമെൻ് സോണുകളിൽ താമസിക്കുന്ന വിദ്യാർത്ഥികളും ജീവനക്കാരും സ്ഥിരമോ കരാറോ ആയവരും ജില്ലാ അതോറിറ്റിയുടെ അംഗീകാരം ലഭിക്കുന്നതുവരെ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിക്കരുത്. ഡേ സ്കോളർമാർ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കണം, ഓൺലൈൻ ക്ലാസുകൾ നടക്കുന്നത് വരെ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കരുത്. ഇൻസ്റ്റിറ്റ്യൂട്ടിലെ എല്ലാവരും മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്. സാമൂഹിക അകലവും കൈ ശുചിത്വവും. എല്ലാവരും പരസ്പരം 3 അടി അകലം പാലിക്കണം. കൈകൾ എപ്പോഴും ശുചിത്വം പാലിക്കണം. പുറത്ത് റെസ്റ്റോറന്റുകൾ, മാർക്കറ്റുകൾ, തിരക്കേറിയ പ്രദേശങ്ങൾ തുടങ്ങിയവയിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കണം. അത്യാവശ്യമല്ലാതെ തിരക്കേറിയ ഒരു സ്ഥലവും സന്ദർശിക്കരുതെന്നും ഇൻസ്റ്റിറ്റ്യൂട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എച്ച്.ഒ.ഡി/ഡീൻ/രജിസ്‌ട്രാർ/ഡയറക്ടര്‍ എന്നിവരുടെ പ്രത്യേക അനുമതിയില്ലാതെ ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള സന്ദർശകരെ അനുവദിക്കില്ല. സന്ദർശകർ ഉൾപ്പെടെ മാസ്ക് ധരിക്കണം. ക്യാമ്പസ്സിൽ നിന്നും ആരും പുറത്തേക്ക് പോകരുത്. നിപയുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ഔദ്യോഗിക ചാനലുകളെ മാത്രമെ ആശ്രയിക്കാവു,ക്യാമ്പസ് നിവാസികൾ ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങളുള്ള ഏതെങ്കിലും കേസുകൾ ബന്ധപ്പെട്ട അധികാരികളെ/ആരോഗ്യ കേന്ദ്രങ്ങളിൽ കാലതാമസം കൂടാതെ അറിയിക്കേണ്ടതുണ്ടെന്നുമാണ് രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നത്.
നിപ നിയന്ത്രണങ്ങൾ പാലിക്കാതെ ക്ലാസുകൾ നടത്തിയതിനെതിരെ വിദ്യാർത്ഥികൾ രംഗത്ത് വന്നിരുന്നു. കോളജ് നിലനിൽക്കുന്നത് കണ്ടെയ്ൻമെന്റ് സോൺ അല്ലാത്തതിനാൽ അവധി നൽകില്ലെന്ന നിലപാടിലായിരുന്നു കോളേജ് അധികൃതർ. അതിനെ തുടർന്നാണ് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

