Health (Page 44)

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മഴ ഇടവിട്ട് പെയ്യുന്നതിനാൽ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഡ്രൈ ഡേ ആചരണത്തിൽ ശ്രദ്ധ ചെലുത്തണം.

വെള്ളം കെട്ടിനിന്ന് ഈഡിസ് കൊതുക് പെരുകാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് ഡെങ്കിപ്പനി പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം. ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.

വീട്ടിനകത്തും പുറത്തും കൊതുക് മുട്ടയിട്ട് പെരുകാൻ ഉള്ള സാഹചര്യങ്ങൾ നിരവധിയാണ്. ഫ്രിഡ്ജിന്റെ പുറകിലെ ട്രെ, ചെടിച്ചട്ടിയുടെ അടിയിൽ വച്ചിരിക്കുന്ന പാത്രങ്ങൾ, വെള്ളത്തിൽ വളർത്തുന്ന അലങ്കാര ചെടി പാത്രങ്ങൾ , ഉപയോഗിക്കാത്ത ക്ലോസറ്റ് എന്നിവിടങ്ങളിൽ കൊതുകിന്റെ കൂത്താടികൾ വളരുന്നില്ല എന്ന് ഉറപ്പാക്കുക. വീടിന്റെ പുറത്ത് ഉപയോഗശൂന്യമായ പാത്രം, ചിരട്ട, കുപ്പി ,ടയർ , ആട്ടുകല്ല്, ഉരൽ ,ക്ലോസറ്റുകൾ , വാഷ്‌ബേസിനുകൾ തുടങ്ങിയവ അലക്ഷ്യമായി ഇടാതെ വെള്ളം വീഴാത്ത വിധത്തിൽ സൂക്ഷിക്കുക. ടെറസ്, സൺഷേഡ്, റൂഫിന്റെ പാത്തി , മഴ മറയായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കാതെ സൂക്ഷിക്കുക. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും, ടാങ്കുകളും കൊതുകുകൾ കടക്കാത്ത വിധം മൂടി സൂക്ഷിക്കുക. തോട്ടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യമില്ലെന്ന് ഉടമകൾ ഉറപ്പാക്കുക.

കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക, ശരീരം മൂടുന്ന വിധത്തിൽ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, ജനൽ, വാതിൽ എന്നിവിടങ്ങളിലൂടെ കൊതുക് കടക്കാതെ കൊതുക് വല ഘടിപ്പിക്കുക, പകൽ ഉറങ്ങുമ്പോഴും കൊതുകുവല ഉപയോഗിക്കുക തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.

കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ നിപ വിമുക്തി പ്രഖ്യാപനം ഒക്ടോബർ 26ന് നടക്കും. ഉച്ചയ്ക്ക് 2.30ന് കോഴിക്കോട് മെഡിക്കൽ കോളജ് അറോറ ഓഡിറ്റോറിയത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജാണ് നിപ വിമുക്തി പ്രഖ്യാപനം നിർവഹിക്കുന്നത്. കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ്പ റിസർച്ചിന്റെ ഉദ്ഘാടനവും അന്ന് നടക്കും.

നിപ്പ ഇൻക്യുബേഷൻ കാലയളവ് പൂർത്തിയാവുമ്പോൾ നിപ്പാക്കാലം ഔദ്യോഗികമായി അവസാനിക്കുന്നതിന്റെ ആശ്വാസത്തിലാണ് കോഴിക്കോട് നിവാസികൾ. കോഴിക്കോട് ജില്ലയിൽ നിപ്പ ഔദ്യോഗികമായി സ്ഥിരീകരിച്ചത് സെപ്റ്റംബർ 12നാണ്. മൂന്നാം തവണയാണ് കോഴിക്കോട് നിപ സ്ഥിരീകരിക്കുന്നത്. മന്ത്രി പി എ മുഹമ്മദ് റിയാസ് നിപ വിമുക്ത പ്രഖ്യാപന ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായവരെ ചടങ്ങിൽ ആദരിക്കുകയും ചെയ്യും.

സർക്കാർ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്റെറ്റിസ് ബി, സി എന്നിവ ബാധിച്ചതായി സ്ഥിതീകരണം. ഉത്തർപ്രദേശിൽ കാൻപൂരിലെ ലാല ലജ്പത് റായ് സർക്കാർ ആശുപത്രിയിലാണ്  സംഭവം. തലസേമിയ രോഗബാധയെ തുടർന്നാണ് കുട്ടികൾക്കു രക്തം നൽകിയത്. രക്തദാന സമയത്ത് കൃത്യമായ പരിശോധന നടത്താത്തതാണ് പിഴവിന് ഈടാക്കിയതെന്നാണ് റിപ്പോർട്ട്‌. 180 തലസേമിയ രോഗികളാണ് ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ചത്.

14 കുട്ടികൾ സ്വകാര്യ ആശുപത്രികളിൽ നിന്നും സ്വീകരിച്ചിരുന്നു. ആറ് – 16 വയസ് പ്രായമുള്ള കുട്ടികൾക്കാണ് വൈറസ് ബാധയുണ്ടായത്. ഇതിൽ ഏഴു പേർക്ക് ഹെപ്പറ്റൈറ്റിസ് ബിയും അഞ്ചു പേർക്ക് ഹെപറ്റൈറ്റിസ് സിയും രണ്ടു പേർക്ക് എച്ച്ഐവിയുമാണ് സ്ഥിരീകരിച്ചതെന്ന് ലാല ലജ്പത് റായ് ആശുപത്രിയിലെ ശിശുരോഗ വിഭാഗം മേധാവിയും നോഡൽ ഓഫിസറുമായ ഡോ. അരുൺ ആര്യ അറിയിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് റിപ്പോർട്ട് പറയുന്നു.

ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ചവരെ ഗാസ്ട്രോ എൻട്രോളജി വിഭാഗത്തിലേക്കും എച്ച്ഐവി ബാധിതരെ കാൻപുരിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ഡോക്ടർ അരുൺ അറിയിച്ചു. സാധാരണഗതിയിൽ വൈറസ് പരിശോധന നടത്തിയതിനുശേഷം മാത്രമേ രക്തദാനം  നടത്താറുള്ളൂ എന്നാൽ കുട്ടികൾ വിൻഡോ പീരിയഡിൽ ആയിരുന്ന സമയത്ത് ആകാം രക്തദാനം സ്വീകരിച്ചതെന്ന് ഡോക്ടർ സ്ഥിരീകരിച്ചു. ഈ സമയത്ത് രക്തത്തിലെ വൈറസിനെ സ്ഥിരീകരിക്കാൻ സാധിക്കുകയില്ല.

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രോമ കെയർ പരിശീലനം അപെക്‌സ് ട്രോമ ആന്റ് എമർജൻസി ലേണിങ് സെന്ററിന്റെ (ATELC) നേതൃത്വത്തിൽ വികേന്ദ്രീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അടിയന്തര സാഹചര്യം നേരിടുന്നതിന് പരിശീലകർക്കുള്ള പരിശീലനം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം അടെൽകിൽ ആരംഭിച്ചു. അത്യാധുനിക സിമുലേഷൻ ബേസ്ഡ് ടീച്ചിംഗിംൽ പരിശീലകരുടെ പരിശീലർക്കുള്ള മാസ്റ്റേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമാണ് ആരംഭിച്ചത്.

ഒക്ടോബർ 16 മുതൽ 21 വരെ രണ്ട് ബാച്ചുകളിലായാണ് പരിശീലനം സംഘടിപ്പിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റും സിമുലേഷൻ വിദഗ്ധരും സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത്. മെഡിക്കൽ കോളേജുകളിൽ നിന്നും നഴ്‌സിംഗ് കോളേജുകളിൽ നിന്നുമുള്ളവർക്കാണ് പരിശീലനം നൽകിയതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ വിഭാഗത്തിലുള്ള ഡോക്ടർമാർക്കും നഴ്‌സുമാർക്കും എമർജൻസി കെയറിൽ പരിശീലനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ 150 ഓളം മാസ്റ്റേഴ്‌സ് ട്രെയ്‌നർമാർക്കാണ് പരിശീലനം നൽകിയത്. നൂതന സിമുലേഷൻ ടെക്‌നോളജിയിലും എമർജൻസി കെയറിലും അത്യാധുനിക സങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു പരിശീലനം നൽകിയത്.

മനുഷ്യ ശരീരത്തോട് സാമ്യമുള്ള അത്യാധുനിക മാനിക്വിനുകളിലായിരുന്നു പരിശീലനം. സിപിആർ, എമർജൻസി കെയർ എന്നിവയിൽ വിദഗ്ധ പരിശീലനം നൽകി. ഈ മാസ്റ്റേഴ്‌സ് ട്രെയിനർമാർ മറ്റ് ഡോക്ടർമാർക്കും, മെഡിക്കൽ വിദ്യാർത്ഥികൾക്കും നഴ്‌സുമാർക്കും, നഴ്‌സിംഗ് അസിസ്റ്റന്റുമാർക്കും പരിശീലനം നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 1.5 കോടി രൂപയുടെ അത്യാധുനിക ഉപകരണങ്ങളാണ് സെന്ററിൽ വിദഗ്ധ പരിശീലനത്തിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതിനോടകം 15,000ലധികം പേർക്ക് സെന്ററിലൂടെ വിവിധ പരിശീലനങ്ങൾ നൽകാനായെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

മനുഷ്യന് ഒരു ദിവസം പ്രവർത്തിക്കാനാവശ്യമായ ഊർജം ലഭിക്കുന്നത് പ്രഭാത ഭക്ഷണത്തിലൂടെയാണ്. വയറ് നിറയെ എന്തെങ്കിലും കഴിക്കുകയല്ല, മറിച്ച് ശരീരത്തിന് വേണ്ടത് കഴിക്കുകയാണ് ചെയ്യേണ്ടത്. ചില ഭക്ഷണ ശീലങ്ങൾ രാവിലെ ഒഴിവാക്കണം. അവ ഏതൊക്കെയാണെന്ന് നോക്കാം.

കാപ്പി

വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് തീരെ നല്ലതല്ല. ഇത് അസിഡിറ്റിയ്ക്ക് കാരണമാകും.

സിട്രിക് പഴങ്ങൾ

ഓറഞ്ച്, തക്കാളി പോലുള്ള സിട്രിക് പഴങ്ങൾ രാവിലെ ഒഴിവാക്കണം. പ്രതിരോധശേഷി വർധിപ്പിക്കാനും ചർമത്തിന്റെ ആരോഗ്യത്തിനും വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ നല്ലതാണെങ്കിലും ഇവ രാവിലെ കഴിക്കുന്നത് നെഞ്ചെരിച്ചിലിനും അസിഡിറ്റിക്കും കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.

യോഗർട്ട്

ദഹനത്തിന് സഹായിക്കുന്ന ഭക്ഷണമാണ് യോഗർട്ട്. എന്നാൽ രാവിലെ വെറും വയറ്റിൽ യോഗർട്ട് കഴിക്കുന്നത് വിപരീത ഫലം ഉണ്ടാക്കും. രാവിലെ ശരീരത്തിന് ആവശ്യമായ ഭക്ഷണം നൽകിയ ശേഷം പിന്നീട് യോഗർട്ട് കഴിക്കാം. എങ്കിലേ ഗുണം ലഭിക്കുകയുള്ളൂവെന്നും വിദഗ്ധർ അറിയിച്ചു.

ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ

ചിക്കൻ ഫ്രൈ, ലിവർ ഫ്രൈ പോലുള്ള ഭക്ഷണങ്ങൾ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തരുതെന്നാണ് ന്യൂട്രീഷൻമാർ പറയുന്നത്. ഫ്രൈ വിഭവങ്ങൾ കഴിക്കുന്നത് കൂടുതൽ ക്ഷീണം ഉണ്ടാക്കുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

ഡ്രൈവിംഗ് ഏറ്റവും ദുഷ്‌കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം എങ്കിലും തീരെ യാത്രകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുവാൻ സഹായിക്കും.

റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ (അത് ചെറിയ അളവിൽ ആണെങ്കിലും) അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാം.

മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കണം. മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ നമ്മൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ല, കൂടാതെ മഴക്കാലത്ത് മുന്നിലെ വാഹനത്തിന്റെ ബ്രേക് ലൈറ്റ് പ്രവർത്തിക്കണമെന്നും ഇല്ല.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

  1. വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്.
  2. ശക്തമായ മഴയത്ത് മരങ്ങളൊ മറ്റ് ഇലക്ട്രിക് ലൈനുകളൊ ഇല്ലാത്ത റോഡ് അരികിൽ ഹാസാർഡസ് വാണിംഗ് ലാംപ് ഓൺ ചെയ്ത് സുരക്ഷിതമായി പാർക്ക് ചെയ്യുക.
  3. മഴക്കാലത്ത് സഡൻ ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ( Skidding) ഒഴിവാക്കും.
  4. മഴക്കാലത്ത് പാർക്ക് ചെയ്യുമ്പോൾ മരങ്ങളുടെ കീഴിലൊ മലഞ്ചെരുവിലൊ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയൊ ആകാതിരിക്കാൻ ശ്രദ്ധിക്കുക.
  5. തീർത്തും ഒഴിവാക്കാൻ സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക. ഈ അവസരത്തിൽ വണ്ടി നിൽക്കുകയാണെങ്കിൽ ഒരു കാരണവശാലും വീണ്ടും സ്റ്റാർട്ട് ചെയ്യാതെ വണ്ടിയിൽ നിന്നും ഇറങ്ങി തള്ളി മാറ്റാൻ ശ്രമിക്കണം.
  6. ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറിൽ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.
  7. വെള്ളത്തിലൂടെ കടന്ന് പോകുമ്പോൾ ഏസി ഓഫ് ചെയ്യുക.
  8. മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടും വേഗത കൂട്ടാതെ സമയം കണക്കാക്കി മുൻകൂട്ടി യാത്രതിരിക്കുക.
  9. പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിൽ വെള്ളം കയറിയെങ്കിൽ ഒരു കാരണവശാലും സ്റ്റാർട്ടാക്കാൻ ശ്രമിക്കരുത്. സർവ്വീസ് സെന്ററിൽ അറിയിക്കുക.
  10. മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.
  11. വാഹനത്തിന്റെ ടയർ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിയ്ക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യുക.

കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെള്ളം കയറിയ സാഹചര്യത്തിൽ പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ക്യാമ്പുകളിൽ നിന്നും വീണ്ടും വീട്ടിലേക്ക് പോകുമ്പോൾ ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും തിരികെ വീട്ടിലെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

· വീടുകളും സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം കഴുകി വൃത്തിയാക്കുക. ബ്ലീച്ചിംഗ് പൗഡർ കലക്കിയ ലായനി ഉപയോഗിച്ച് അണുനശീകരണം നടത്തുക.

· കക്കൂസ് മാലിന്യങ്ങളാൽ മലിനപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കുക

· മലിനമായ കിണറുകൾ, ടാങ്കുകൾ കുടിവെള്ള സ്രോതസുകൾ തുടങ്ങിയവ ക്ലോറിനേറ്റ് ചെയ്ത് അണു വിമുക്തമാക്കുക

· വീടുകളിലെ ഇലക്ടിക് ഉപകരണങ്ങൾ ഇലക്ട്രീഷ്യനെ കൊണ്ട് പരിശോധിപ്പിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക

· ഭക്ഷ്യവസ്തുക്കൾ ഗുണനിലവാരം ഉറപ്പാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക

· ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന പാത്രങ്ങൾ ക്ലോറിനേറ്റ് ചെയ്ത ശുദ്ധജലം കൊണ്ട് കഴുകുക

· പാചകം ചെയ്യാൻ ക്ലോറിനേറ്റ് ചെയ്ത ശുദ്ധജലം മാത്രം ഉപയോഗിക്കുക

· തിളപ്പിച്ചാറിയ വെള്ളം കുടിക്കുക

· വീടിന് പുറത്തിങ്ങുമ്പോൾ ചെരുപ്പ് ഉപയോഗിക്കുക

· കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് പെരുകുന്നതിനുള്ള സാധ്യതയുണ്ട്

· ശുചീകരണം നടത്തുമ്പോൾ വിഷപ്പാമ്പുകൾ ഉണ്ടോയെന്ന് പരിശോധിക്കണം. കടിയേറ്റാൽ ഉടൻ തന്നെ ചികിത്സ തേടണം.

കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ചിരുന്ന പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

കോഴിക്കോട് മരുതോങ്കരയിൽ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ വൈറസ് ഉണ്ടായിരുന്നതിന് തെളിവ് ലഭിച്ചു. സാമ്പിൾ പരിശോധനയിൽ നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയതായി ഐസിഎംആർ സ്ഥിരീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. വയനാട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വീണാ ജോർജ് ഇക്കാര്യം വ്യക്തമാക്കിയത്.

മരുതോങ്കരയിൽ നിന്ന് ശേഖരിച്ച 57 സാമ്പിളുകളിൽ 12 എണ്ണത്തിലാണ് ആന്റിബോഡി സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. നിലവിൽ വൈറസ് ബാധ ഉണ്ടായ പ്രദേശത്തെ വവ്വാലുകളിൽ ആന്റിബോഡി കണ്ടെത്തിയത് രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സംസ്ഥാനത്ത് കണ്ടുവരുന്നത് മരണനിരക്ക് വളരെ കൂടുതലുള്ള ബംഗ്ലാദേശി നിപ്പ വകഭേദമാണ്. ഇത്തവണയും വവ്വാലുകളിൽ നിന്നും ശേഖരിച്ച സാംപിളുകളിൽ ഇതേ തരത്തിൽപ്പെട്ട വൈറസിനെ തന്നെയാണ് പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കണ്ടെത്തിയിട്ടുള്ളതെന്ന് നേരത്തെ വീണാ ജോർജ് പറഞ്ഞിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം സ്ഥാപിക്കാൻ തീരുമാനിച്ചു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലാണ് ഇത് സ്ഥാപിക്കുക.

കേരള ഡെവലപ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ സമർപ്പിച്ച വിശദ പദ്ധതി രേഖ അംഗീകരിച്ചാണ് ഭരണാനുമതി നൽകിയത്. മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

മൈക്രോ ബയോളജി എന്ന ശാസ്ത്ര ശാഖയ്ക്ക് പുതിയ വീക്ഷണം പ്രദാനം ചെയ്യുന്ന നൂതന ശാസ്ത്ര മേഖലയാണ് മൈക്രോബയോം റിസർച്ച്. ഒരേ പരിതസ്ഥിതിയിൽ ഒരുമിച്ച് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സൂക്ഷ്മാണു വ്യവസ്ഥയെ കുറിച്ചുള്ള പഠനമാണ് മൈക്രോബയോം റിസർച്ച്.

സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോമിന്റെ പ്രവർത്തനത്തിനായി താൽക്കാലികാടിസ്ഥാനത്തിൽ തസ്തികകൾ സൃഷ്ടിക്കും. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ നിന്ന് വിരമിച്ച ഡോ സാബു തോമസിനെ ആദ്യ ഡയറക്ടറായി 3 വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കും.

കമ്പനിയായി രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുന്നതിന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനെ ചുമതലപ്പെടുത്തി. മൈക്രോബയോമിന്റെ ഭരണ വകുപ്പായി കേരള സർക്കാരിന്റെ സയൻസ് ആൻഡ് ടെക്‌നോളജി വകുപ്പിനെ തീരുമാനിച്ചു.

കോവിഡ് പകർച്ച വ്യാധിയുടെ പശ്ചാത്തലത്തിലാണ് ഏകാരോഗ്യ സമീപനം അടിസ്ഥാനമാക്കിയുള്ള മൈക്രോബയോം ഗവേഷണം കൂടുതൽ പ്രസക്തമാകുന്നത്. പരിസ്ഥിതി ശാസ്ത്രം, കാർഷിക മേഖല, വൈദ്യശാസ്ത്ര മേഖല, ഫോറൻസിക് സയൻസ് തുടങ്ങി എക്‌സോ ബയോളജി വരെ വ്യാപിച്ചു കിടക്കുന്ന വൈവിധ്യമാർന്ന ശാസ്ത്ര മേഖലകളിൽ പുതിയ ഡയഗ്‌നോസ്റ്റിക് ഇന്റർവെൻഷണൽ ടെക്‌നിക്കുകൾ വികസിപ്പിക്കാൻ മൈക്രോബയോം ഗവേഷണം ലക്ഷ്യമിടുന്നു. ഈ മേഖലയിലെ സാധ്യതകൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനാണ് 2022-23 ബജറ്റിൽ മൈക്രോബയോം സെന്റർ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്.

ഏകാരോഗ്യ വ്യവസ്ഥയിൽ മൈക്രോബയോട്ടയുടെ പ്രാധാന്യം പ്രചാരത്തിലാക്കുന്ന അന്തർവൈജ്ഞാനിക ഗവേഷണം, ക്രോസ് ഡൊമൈൻ സഹപ്രവർത്തനം, നവീന ഉത്പന്ന നിർമ്മാണം എന്നിവ ഏകോപിപ്പിക്കുവാൻ കഴിയുന്ന ആഗോള കേന്ദ്രമാക്കി ഇതിനെ മാറ്റും. ബിഗ് ഡാറ്റാ ടെക്‌നോളജികളായ ഐ.ഒ ടി, എ.ടി.ഡാറ്റാ അനലിറ്റിക്‌സ് എന്നിവയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി മൈക്രോബയോമിന്റെ സ്‌പേഷ്യോ ടെമ്പറൽ മാപ്പിംഗ് സൃഷ്ടിക്കും. തുടർന്നുള്ള ഗവേഷണങ്ങൾക്കും സൂക്ഷ്മാണുക്കളുടെ ഇടപെടലുകൾ മനസ്സിലാക്കുന്നതിനും ജീനോമിക് ഡാറ്റാ ബേസ് നിർമ്മിക്കും.

സ്റ്റാർട്ട് അപ്പുകളെയും സംരംഭകരേയും പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതിനായി നവീന ടെക്‌നോളജികൾ ഉപയോഗപ്പെടുത്തി കൊണ്ടുള്ള പുതിയ തന്ത്രങ്ങൾ രൂപപ്പെടുത്തുകയും അതുവഴി മാതൃകാപരമായ ഗവേഷണം നടത്തുകയും ചെയ്യും.

ഹ്യൂമൻ മൈക്രോബയോം, ആനിമൽ മൈക്രോബയോം, പ്ലാന്റ് മൈക്രോബയോം, അക്വാട്ടിക് മൈക്രോബയോം, എൻവയോൺമെന്റൽ മൈക്രോബയോം, ഡാറ്റാ ലാബുകൾ എന്നിങ്ങനെ 6 ഡൊമൈനുകളിൽ ഗവേഷണവും വികസനവും സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം കേന്ദ്രം പദ്ധതിയിടുന്നുണ്ട്.

പ്രാരംഭ ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള ലബോറട്ടറി തിരുവനന്തപുരം കിൻഫ്രാ പാർക്കിലുള്ള കെട്ടിടത്തിലാവും. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ പുതിയ കെട്ടിടം നിർമ്മിച്ച് കഴിഞ്ഞാൽ പ്രവർത്തനം അവിടേക്ക് മാറ്റും

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതി വഴി ടെക്‌നിക്കൽ കമ്മിറ്റി അംഗീകരിച്ച മുഴുവൻ പേർക്കും 2 മാസത്തിനുള്ളിൽ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പുതിയ അപേക്ഷ വരുന്നതനുസരിച്ച് അവരുടെ സംരക്ഷണവും ഉറപ്പാക്കും. മുഴുവൻ കുട്ടികളുടെയും ചികിത്സ, തുടർചികിത്സ, ഉപകരണങ്ങളുടെ മെയിന്റനൻസ്, പ്രോസസർ അപ്ഗ്രഡേഷൻ എന്നിവ സമയബന്ധിതമായി നടപ്പാക്കുന്നതാണ്. മുമ്പ് കെഎസ്എസ്എം തുടർന്നുപോന്ന അതേ കമ്പനികളുമായി കെ.എം.എസ്.സി.എൽ. ചർച്ച നടത്തി ഉപകരണങ്ങൾക്കും മെയിന്റനൻസിനും അപ്ഗ്രഡേഷനും ധാരണയായിട്ടുണ്ട്. എത്രയും വേഗം ഉപകരണങ്ങൾ വിതരണം ചെയ്യാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ നേതൃത്വത്തിൽ ശ്രുതിതരംഗം പദ്ധതിയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ഉന്നതതല യോഗം ചേർന്നു. പുതുതായി രജിസ്റ്റർ ചെയ്ത കുട്ടികൾ, ഉപകരണങ്ങളുടെ മെയിന്റനൻസ്, പ്രോസസർ അപ്ഗ്രഡേഷൻ എന്നിവ യോഗം ചർച്ച ചെയ്തു. നിലവിൽ ലഭിച്ച അപേക്ഷകൾ വിലയിരുത്തി 44 ശസ്ത്രക്രിയകൾക്ക് അംഗീകാരം നൽകി തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ശസ്ത്രക്രിയ പൂർത്തിയാക്കിയവർക്കായി ഓഡിയോ വെർബൽ ഹാബിറ്റേഷൻ തെറാപ്പി, ഉപകരണങ്ങളുടെ മെയിന്റനൻസ്, പ്രോസസർ അപ്ഗ്രഡേഷൻ, മറ്റ് തുടർ ചികിത്സാ സൗകര്യങ്ങൾ എന്നിവയും ഉറപ്പാക്കിയിട്ടുണ്ട്.

ശ്രവണ വൈകല്യം നേരിടുന്ന അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുവാനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രുതി തരംഗം. നിലവിൽ ആരോഗ്യ വകുപ്പിന് കീഴിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് പദ്ധതിയുടെ നിർവഹണ ചുമതല വഹിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ നിന്നും എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിൽ നിന്നും ഗുണഭോക്താക്കൾക്ക് സൗജന്യ സേവനം ലഭ്യമാകും. കൂടുതൽ കുട്ടികൾക്ക് സഹായം ലഭ്യമാക്കുന്നതിന് സി.എസ്.ആർ. ഫണ്ടും ഉപയോഗപ്പെടുത്തുമെന്നും മന്ത്രി വ്യക്തിമാക്കി. എസ്എച്ച്എ ഡയറക്ടർ, കെഎംഎസ്‌സിഎൽ. മാനേജിംഗ് ഡയറക്ടർ, ജനറൽ മാനേജർ, എസ്എച്ച്എ ജോ ഡയറക്ടർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.