കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ നിപ വിമുക്തി പ്രഖ്യാപനം ഒക്ടോബർ 26ന് നടക്കും. ഉച്ചയ്ക്ക് 2.30ന് കോഴിക്കോട് മെഡിക്കൽ കോളജ് അറോറ ഓഡിറ്റോറിയത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജാണ് നിപ വിമുക്തി പ്രഖ്യാപനം നിർവഹിക്കുന്നത്. കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ്പ റിസർച്ചിന്റെ ഉദ്ഘാടനവും അന്ന് നടക്കും.
നിപ്പ ഇൻക്യുബേഷൻ കാലയളവ് പൂർത്തിയാവുമ്പോൾ നിപ്പാക്കാലം ഔദ്യോഗികമായി അവസാനിക്കുന്നതിന്റെ ആശ്വാസത്തിലാണ് കോഴിക്കോട് നിവാസികൾ. കോഴിക്കോട് ജില്ലയിൽ നിപ്പ ഔദ്യോഗികമായി സ്ഥിരീകരിച്ചത് സെപ്റ്റംബർ 12നാണ്. മൂന്നാം തവണയാണ് കോഴിക്കോട് നിപ സ്ഥിരീകരിക്കുന്നത്. മന്ത്രി പി എ മുഹമ്മദ് റിയാസ് നിപ വിമുക്ത പ്രഖ്യാപന ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായവരെ ചടങ്ങിൽ ആദരിക്കുകയും ചെയ്യും.

