Health (Page 45)

തിരുവനന്തപുരം: സംസ്ഥാനത്തെ 4 ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 68.39 കോടി രൂപയുടെ നബാർഡ് ധനസഹായത്തിന് ഭരണാനുമതി നൽകി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം നേമം ശാന്തിവിള താലൂക്ക് ആശുപത്രി 22.24 കോടി, പാലക്കാട് മലമ്പുഴ മണ്ഡലം എലപ്പുള്ളി താലൂക്ക് ആശുപത്രി 17.50 കോടി, തൃശൂർ ഗുരുവായൂർ മണ്ഡലം ചാവക്കാട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി 10.80 കോടി, മലപ്പുറം കുറ്റിപ്പുറം താലൂക്ക് ആശുപത്രി 17.85 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചത്.

നേമം താലൂക്ക് ആശുപത്രിയുടെ മുഖഛായ മാറ്റുന്ന തരത്തിലുള്ള 6 നില കെട്ടിമാണ് നിർമ്മിക്കുന്നത്. സെല്ലാർ ബ്ലോക്കിൽ സിഎസ്എസ്ഡി., എക്‌സ്‌റേ റൂം, മെഡിക്കൽ ഗ്യാസ്, പാർക്കിഗ് എന്നിവയും ഗ്രൗണ്ട് ഫ്‌ളോറിൽ 6 കിടക്കകളുള്ള ഒബ്‌സർബേഷൻ റൂം, ലാബ്, നഴ്‌സിംഗ് സ്റ്റേഷൻ, 7 ഒപി മുറികൾ, വെയിറ്റ് ഏരിയ, ഫാർമസി, സ്റ്റോർ എന്നിവയുമുണ്ടാകും. ഒന്നാം നിലയിൽ ഗൈനക് ഒപി, അൾട്രാസൗണ്ട് സ്‌കാൻ, ഗൈനക് പ്രീചെക്ക് ഏരിയ, ഒഫ്ത്താൽ യൂണിറ്റ്, എൻസിഡി യൂണിറ്റ്, ദന്തൽ യൂണിറ്റ്, അഡ്മിനിസ്‌ട്രേഷൻ, ഡയബറ്റിക് ഒപി, ടിബി ഡയഗ്നോസിസ് യൂണിറ്റ്, വെയിറ്റിംഗ് ഏരിയ, സ്റ്റാഫ് റൂം എന്നിവയും, രണ്ടാം നിലയിൽ 10 കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ്, ആർ.ഒ. പ്ലാന്റ്, വാർഡുകൾ എന്നിവയും മൂന്നാം നിലയിൽ 8 കിടക്കകളുള്ള സ്ത്രീകളുടയും പുരുഷൻമാരുടേയും ഐസൊലേഷൻ വാർഡുകൾ, 10 കിടക്കകളുള്ള സ്ത്രീകളുടയും പുരുഷൻമാരുടേയും ജനറൽ വാർഡുകൾ എന്നിവയും നാലാം നിലയിൽ ഒഫ്ത്താൽമിക് ഓപ്പറേഷൻ തീയറ്റർ, ജനറൽ ഓപ്പറേഷൻ തീയറ്റർ, റിക്കവറി റൂം, പോസ്റ്റ് ഒപി വാർഡ്, 5 കിടക്കകളുള്ള മെഡിക്കൽ ഐസിയു എന്നിവയുമുണ്ടാകും.

എലപ്പുള്ളി താലൂക്ക് ആശുപത്രിയിൽ 5 നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറിൽ കാഷ്വാലിറ്റി, ഒബ്‌സർവേഷൻ, ഇസിജി, എക്‌സ്‌റേ, മൈനർ ഓപ്പറേഷൻ തീയറ്റർ, ഫാർമസി, ലോൺട്രി എന്നിവയും ഒന്നാം നിലയിൽ 5 ഒപി റൂം, ഓഫീസ്, ഗൈനക് ഒപി, ഓപ്പറേഷൻ തീയറ്റർ, അനസ്‌തേഷ്യ റൂം എന്നിവയും രണ്ടാം നിലയിൽ മേജർ ഓപ്പറേഷൻ തീയറ്റർ, അനസ്തീഷ്യ റൂം, പോസ്റ്റ് ഓപ്പറേറ്റീവ് റിക്കവറി റൂം, പ്രീ ഒപി, ലേബർ റൂമുകൾ എന്നിവയും മൂന്നാം നിലയിൽ പീഡിയാട്രിക് വാർഡ്, ആന്റിനാറ്റൽ വാർഡ്, പോസ്റ്റ്‌നാറ്റൽ വാർഡ്, സ്ത്രീകളുടേയും പുരുഷൻമാരുടേയും വാർഡുകൾ, ഐസൊലേഷൻ വാർഡുകൾ, നാലാം നിലയിൽ അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്, കോൺഫറൻസ് ഹാൾ എന്നിവയുമുണ്ടാകും.

ചാവക്കാട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ 2 നില കെട്ടിടമാണ് നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറിൽ 14 ഒബ്‌സർവേഷൻ കിടക്കകളോട് കൂടിയ കാഷ്വാലിറ്റി, ഡോക്ടർമാരുടേയും നഴ്‌സുമാരുടേയും മുറി, ഫാർമസി, വെയിറ്റിംഗ് ഏരിയ, എക്‌സ്‌റേ, മൈനർ ഓപ്പറേഷൻ തീയറ്റർ എന്നിവയും ഒന്നാം നിലയിൽ ലാബ്, ബ്ലഡ് ഡൊണേഷൻ സെന്റർ, 4 കിടക്കകളുള്ള ഐസിയു, ഐസൊലേഷൻ, ഭൂമിക, ഫിലാറിയൽ യൂണിറ്റ്, ഐസിടിസി, എൻടിഇഎഫ് റൂം എന്നിവയും സജ്ജമാക്കും.

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ 4 നില കെട്ടിടമാണ് നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറിൽ കാഷ്വാലിറ്റി, ഫാർമസി, 3 ഒപി റൂം, എക്‌സ്‌റേ, ഫാർമസി എന്നിവയും ഒന്നാം നിലയിൽ 2 മേജർ ഓപ്പറേഷൻ തീയറ്ററുകൾ, മൈനർ ഓപ്പറേഷൻ തീയറ്റർ, അനസ്‌തേഷ്യ റൂം, ഐസിയു, പോസ്റ്റ് ഒപി വാർഡ്, ലേബർ ഐസിയു, റിക്കവറി റൂം, വിശ്രമമുറി എന്നിവയും, രണ്ടാം നിലയിൽ 14 കിടക്കകളുള്ള പീഡിയാട്രിക് വാർഡ്, 2 ഗൈനക് ഒപി, ഒഫ്ത്താൽ യൂണിറ്റ്, മൂന്നാം നിലയിൽ 16 കിടക്കകളുള്ള സ്ത്രീകളുടേയും കുട്ടികളുടേയും വാർഡുകൾ, 6 മറ്റ് മുറികൾ, സ്റ്റോർ എന്നിവയുമുണ്ടാകും.

തിരുവനന്തപുരം: ആശുപത്രികളിലെ സേവനങ്ങൾ പൂർണതോതിൽ ജനങ്ങൾക്ക് അനുഭവവേദ്യമാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആർദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ ആശുപത്രികളുടെ സന്ദർശനവും അവലോകന യോഗവും കഴിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പീരുമേട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ സജ്ജമാക്കിയ ആധുനിക സൗകര്യങ്ങളോട് കൂടിയ ലേബർ റൂം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്താൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. 10 വർഷമായ എക്സ്റേ മെഷീൻ അടിയന്തിരമായി മാറ്റണം . സി.എസ്.ആർ. ഫണ്ടുപയോഗിച്ച് പോർട്ടബിൾ എക്സ്റേ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഡയാലിസിസ് യൂണിറ്റ് ഉടൻ ആരംഭിക്കും. ജില്ലയിലെ താലൂക്ക് ആശുപത്രികളിൽ ഉണ്ടാകേണ്ട പരമാവധി സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കും. ഇത് കൃത്യമായി നിരീക്ഷിക്കുന്നതിന് ഡി എം ഒയ്ക്കും മന്ത്രി നിർദേശം നൽകി. ആശുപത്രികളിൽ ഇ ഹെൽത്ത് അടിയന്തരമായി നടപ്പിലാക്കണം . ‘

തൊടുപുഴ ആശുപത്രിയിലെ പുതിയ കെട്ടിടം പൂർണതോതിൽ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനസജ്ജമാക്കണം. നെടുങ്കണ്ടം ആശുപത്രിയിൽ 37.87 കോടി രൂപയുടെ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും.

അടിമാലി ആശുപത്രിയിൽ സിസിയു സ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകി. തിങ്കളാഴ്ച മുതൽ 24 മണിക്കൂറും ഫാർമസി പ്രവർത്തിക്കണം. ഫയർ എൻഒസി ലഭ്യമാക്കി ഒരു മാസത്തിനകം ഡയാലിസിസ് യൂണിറ്റ് പ്രവർത്തനസജ്ജമാക്കണം. കട്ടപ്പന ആശുപത്രിയിൽ നവംബർ ഒന്നു മുതൽ രണ്ടാമത്തെ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കണം. നോഡൽ ഓഫീസർമാർ യോഗം വിളിച്ച് വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യണം. ആശുപത്രിപത്രികളുടെ പരിസരത്ത് സ്വകാര്യ പ്രാക്ടീസിനായുള്ള ഡോക്ടർമാരുടെ ഫോൺ നമ്പർ പ്രദർശിപ്പിക്കാൻ പാടില്ലെന്നും നിർദേശം നൽകി.

‘ആർദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഇന്ന് ഇടുക്കി ജില്ലയിലെ അടിമാലി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, നെടുങ്കണ്ടം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. തൊടുപുഴ ആശുപത്രി കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു. തുടർന്ന് വൈകുന്നേരം ഈ ആശുപത്രികളുടെ അവലോകന യോഗവും ചേർന്നു.

തിരുവനന്തപുരം: അപൂർവ രോഗമായ സ്പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച കുട്ടികളുടെ എല്ലാ മാതാപിതാക്കൾക്കും 3 മാസത്തിനുള്ളിൽ ചെസ്റ്റ് ഫിസിയോതെറാപ്പി പരിശീലനം നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കുട്ടികളുടെ മാതാപിതാക്കൾക്കാണ് പരിശീലനം നൽകുന്നത്. എം.എസ്.എ. ബാധിച്ച കുട്ടികളെ ഏറ്റവും അലട്ടുന്ന പ്രശ്‌നമാണ് ശ്വാസകോശത്തിൽ കഫം കെട്ടുന്നത്. ഇതിന് ഏറ്റവും ഫലപ്രദമാണ് ചെസ്റ്റ് ഫിസിയോതെറാപ്പി. പലപ്പോഴും ഫിസിയോതെറാപ്പിസ്റ്റുകളുടെ അടുത്ത് കുട്ടിയെ എത്തിക്കാൻ കഴിയാതെ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് ആരോഗ്യ വകുപ്പ് കുട്ടികളുടെ രക്ഷിതാക്കൾക്ക് തന്നെ ചെസ്റ്റ് ഫിസിയോതെറാപ്പിയിൽ വിദഗ്ധ പരിശീലനം നൽകാൻ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

എസ്.എം.എ. ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾക്കുള്ള ചെസ്റ്റ് ഫിസിയോതെറാപ്പി പരിശീലനം തിരുവനന്തപുരം അപെക്‌സ് ട്രോമ ആന്റ് എമർജൻസി ലേണിംഗ് സെന്ററിൽ നടന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലേയും അമൃത ഇൻസ്റ്റിറ്റ്യൂട്ടിലേയും വിദഗ്ധരാണ് പരിശീലനം നൽകിയത്. 30 ഓളം പേർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്.

എസ്.എം.എ. രോഗികളുടെ ചികിത്സയ്ക്കായി സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. എസ്.എ.ടി. ആശുപത്രിയെ സെന്റർ ഓഫ് എക്‌സലൻസായി അടുത്തിടെ കേന്ദ്രം ഉയർത്തിയിരുന്നു. ആദ്യമായി എസ്.എ.ടി. ആശുപത്രിയിൽ എസ്.എം.എ. ക്ലിനിക് ആരംഭിച്ചു. അതിന് പിന്നാലെ വിലപിടിപ്പുള്ള മരുന്നുകൾ നൽകാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു. അപൂർവ രോഗം ബാധിച്ച 47 കുട്ടികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. ഇതുകൂടാതെ എസ്.എം.എ. ബാധിച്ച കുട്ടികളിൽ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സർക്കാർ മേഖയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ചു. ഇതിനോടനുബന്ധമായി മെഡിക്കൽ കോളേജുകളിൽ ആദ്യമായി എസ്.എ.ടി. ആശുപത്രിയിൽ ജനിറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റ് ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചു. അപൂർവ രോഗങ്ങളുടെ നിർണയത്തിനായി തെരഞ്ഞെടുത്ത തിരുവനന്തപുരം സി.ഡി.സി.യിലെ ജെനറ്റിക് ആന്റ് മെറ്റബോളിക് ലാബിന് എൻ.എ.ബി.എൽ അംഗീകാരം നേടിയെടുക്കാനും സാധിച്ചു. സർക്കാർ മെഡിക്കൽ കോളേജുകളിലെ പീഡിയാട്രിക് ഐസിയു വിഭാഗങ്ങളെ എസ്.എം.എ. തീവ്രപരിചരണത്തിന് പരിശീലനം നൽകി ശക്തിപ്പെടുത്തുവാനും പദ്ധതിയുണ്ടെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: വെള്ളം കയറിയ ഇടങ്ങളിൽ ഉണ്ടാകാനിടയുള്ള പകർച്ചവ്യാധികളുടെ പ്രതിരോധം വിലയിരുത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. കനത്ത മഴയെത്തുടർന്ന് വെള്ളം ഇറങ്ങുന്ന സമയമായതിനാൽ പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് മന്ത്രി പറഞ്ഞു. എലിപ്പനിക്കു വളരെയേറെ സാധ്യതയുണ്ട്. ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ നേരത്തെ തന്നെ ആരോഗ്യ വകുപ്പ് ജാഗ്രത പുലർത്തിയിരുന്നു. പനി കേസുകൾ കുറഞ്ഞു വന്നിരുന്നെങ്കിലും മഴ വ്യാപിക്കുന്നതിനാൽ ശ്രദ്ധിക്കേണ്ടതാണ്. ആരും സ്വയം ചികിത്സ പാടില്ല. പനി ബാധിച്ചാൽ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകി. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അവബോധ പ്രവർത്തനം ശക്തമാക്കണം. മരുന്ന് ലഭ്യത ഉറപ്പാക്കണം. എലിപ്പനിക്കെതിരെ ജാഗ്രതാ നിർദേശം നൽകണം. ഡെങ്കിപ്പനിക്കെതിരേയും ശ്രദ്ധ വേണം. എലിപ്പനിക്ക് മാനദണ്ഡപ്രകാരമുള്ള ചികിത്സ ഉറപ്പാക്കണം. ക്യാമ്പുകളുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. വെള്ളം താഴ്ന്ന് കഴിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും യോഗം ചർച്ച ചെയ്തു. ക്യാമ്പുകളിൽ നിന്നും വീണ്ടും വീട്ടിലേക്ക് പോകുമ്പോൾ ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. ആരോഗ്യ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ആരോഗ്യ ജാഗ്രത ഏറെ പ്രധാനം

വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരും എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിൻ ഗുളിക ആരോഗ്യ വർത്തകരുടെ നിർദ്ദേശ പ്രകാരം കഴിക്കണം. 100 മില്ലിഗ്രാമിന്റെ 2 ഗുളികകൾ (200 മില്ലി ഗ്രാം) ആഴ്ചയിലൊരിക്കലാണ് കഴിക്കേണ്ടത്. തൊട്ടടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ഡോക്‌സിസൈക്ലിൻ ഗുളിക സൗജന്യമായി ലഭ്യമാണ്. എലി, പട്ടി, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രവും മറ്റ് വിസർജ്യങ്ങളും കലർന്ന വെള്ളത്തിലൂടെയാണ് മനുഷ്യരിലേക്ക് എലിപ്പനി പകരുന്നത്. കൈകാലുകളിലെയും, മറ്റ് ശരീര ഭാഗങ്ങളിലെയും മുറിവുകൾ, കണ്ണിലെയും വായിലെയും നേർത്ത തൊലി എന്നിവയിലൂടെയാണ് രോഗാണു ശരീരത്തിലെത്തുന്നത്. വെളളവുമായി സമ്പർക്കമുണ്ടായിട്ടുള്ളവർ പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് എലിപ്പനി സാധ്യത വെളിപ്പെടുത്തുകയും ചികിത്സ തേടുകയും വേണം. സ്വയം ചികിത്സ പാടില്ല. തുടക്കത്തിലെ ശരിയായ ചികിത്സ ലഭിച്ചാൽ എലിപ്പനി ഭേദമാക്കാൻ കഴിയും. ചികിത്സ താമസിച്ചാൽ രോഗം സങ്കീർണ്ണമാകുവാനും മരണം സംഭവിക്കുവാനുമുള്ള സാധ്യതയുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും തിരികെ വീട്ടിലെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

· വീടുകളും സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം കഴുകി വൃത്തിയാക്കുക. ബ്ലീച്ചിംഗ് പൗഡർ കലക്കിയ ലായനി ഉപയോഗിച്ച് അണുനശീകരണം നടത്തുക.

· കക്കൂസ് മാലിന്യങ്ങളാൽ മലിനപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കുക

· മലിനമായ കിണറുകൾ, ടാങ്കുകൾ കുടിവെള്ള സ്രോതസുകൾ തുടങ്ങിയവ ക്ലോറിനേറ്റ് ചെയ്ത് അണു വിമുക്തമാക്കുക

· വീടുകളിലെ ഇലക്ടിക് ഉപകരണങ്ങൾ ഇലക്ട്രീഷ്യനെ കൊണ്ട് പരിശോധിപ്പിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക

· ഭക്ഷ്യവസ്തുക്കൾ ഗുണനിലവാരം ഉറപ്പാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക

· ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന പാത്രങ്ങൾ ക്ലോറിനേറ്റ് ചെയ്ത ശുദ്ധജലം കൊണ്ട് കഴുകുക

· പാചകം ചെയ്യാൻ ക്ലോറിനേറ്റ് ചെയ്ത ശുദ്ധജലം മാത്രം ഉപയോഗിക്കുക

· തിളപ്പിച്ചാറിയ വെള്ളം കുടിക്കുക

· വീടിന് പുറത്തിങ്ങുമ്പോൾ ചെരുപ്പ് ഉപയോഗിക്കുക

· കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് പെരുകുന്നതിനുള്ള സാധ്യതയുണ്ട്

· ശുചീകരണം നടത്തുമ്പോൾ വിഷപ്പാമ്പുകൾ ഉണ്ടോയെന്ന് പരിശോധിക്കണം. കടിയേറ്റാൽ ഉടൻ തന്നെ ചികിത്സ തേടണം.

കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്ക് ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി കഴിയുമ്പോൾ മരുന്നിനെ കുറിച്ച് കൂടുതൽ അറിയുന്നതിനും രോഗികളുടെ മരുന്നുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റുന്നതിനും രോഗികൾക്കായി കൗൺസിലിംഗ് സെന്റർ പ്രവർത്തനമാരംഭിച്ചു. രോഗി സൗഹാർദപരമായ അന്തരീക്ഷത്തിൽ ഫാർമസി കൗണ്ടറിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഈ സെൻറർ രോഗികൾക്ക് ഏറെ പ്രയോജനകരമാണ്.

മരുന്നുകൾ വാങ്ങി പോകുന്ന രോഗിക്ക് ഉണ്ടാകുന്ന സംശയങ്ങൾ തീർക്കുന്നതിനും, മരുന്നിന്റെ ഡോസേജ്, കഴിക്കുന്ന രീതികൾ, മരുന്നിന്റെ പാർശ്വ ഫലങ്ങൾ, എടുക്കേണ്ട മുൻകരുതലുകൾ എന്നിവയും രോഗിക്ക് മനസിലാക്കി കൊടുക്കുന്നു. ഫാർമസിസ്റ്റുകൾ രോഗികളുടെ മരുന്ന് ഉപയോഗ രീതിയും ചരിത്രവും ചോദിച്ചു മനസ്സിലാക്കുന്നത് വഴി രോഗിയുടെ മരുന്ന് ഉപയോഗിക്കുമ്പോൾ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കാനും അത് ഡോക്ടറെ അറിയിക്കുന്നതിനും സാധിക്കുന്നു.

ഇടുക്കി: ഇടുക്കി ജില്ലയിൽ കാത്ത് ലാബ് സൗകര്യം ഉടൻ ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ‘ആർദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി തൊടുപുഴ ജില്ലാ ആശുപത്രി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളേജിലുമാണ് ഉടൻ കാത്ലാബ് സൗകര്യം ലഭ്യമാക്കുക. കാരുണ്യ ഫാർമസി സേവനവും ഉടൻ ആരംഭിക്കും. ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. അഗ്‌നിസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ തടസ്സങ്ങൾ എത്രയും വേഗം നീക്കുമെന്നും മന്ത്രി പറഞ്ഞു.

രാവിലെ 8 മണിയോടെ ആശുപത്രിയിലെത്തിയ മന്ത്രി വാർഡുകളിലെത്തി രോഗികളുമായും കൂട്ടിരിപ്പുകാരുമായും സംസാരിച്ചു. ആരോഗ്യപ്രവർത്തകർ, ജീവനക്കാർ എന്നിവരുമായും ആശയവിനിമയം നടത്തി. അടിയന്തിരമായി പരിഹാരം കാണേണ്ട വിഷയങ്ങളിൽ എത്രയും വേഗം നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് മന്ത്രി നിർദേശം നൽകി.

തിങ്കളാഴ്ചയാണ് ആർദ്രം ആരോഗ്യം പരിപാടി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ആശുപത്രികളിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനും പോരായ്മകൾ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനുമാണ് സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളും മന്ത്രി നേരിട്ട് സന്ദർശിക്കുന്നത്. ആർദ്രം മിഷൻ വിഭാവനം ചെയ്യുന്ന സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ഉറപ്പാക്കുക, നിലവിൽ നൽകുന്ന സേവനങ്ങൾ , പ്രയോജനം വിലയിരുത്തുക, നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുക തുടങ്ങിവയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.

തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ്, ത്രിതല ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.

മഴക്കാലത്ത് റോഡ് അപടകടങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. അൽപ്പം മുൻകരുതലെടുത്താൽ മഴക്കാലയാത്ര സുരക്ഷിതമാക്കാം. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

മഴക്കാലത്ത് പെട്ടെന്ന് ബ്രേക്കിടുന്നതും സ്റ്റിയറിങ്ങ് വെട്ടിക്കുന്നതും കഴിവതും ഒഴിവാക്കുക.

ബ്രേക്ക് ഉപയോഗം കുറയ്ക്കുന്ന രീതിയിൽ വേഗം ക്രമപ്പെടുത്തി വാഹനം ഓടിക്കുക.

മുുൻപിലുള്ള വാഹനങ്ങളുമായി കൂടുതൽ അകലം പാലിച്ച് ഡ്രൈവ് ചെയ്യുക.

ടയറുകളുടെ കാര്യക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തുക. തേയ്മാനം സംഭവിച്ച ടയറുകൾ മാറ്റുകയും ടയർ പ്രഷർ കൃത്യമായി നിലനിർത്തുകയും വേണം. തേയ്മാനം സംഭവിച്ച ടയറുകൾ മഴക്കാലത്ത് വാഹനത്തിന്റെ ഗ്രിപ്പ് കുറയ്ക്കുന്നു. അപകടത്തിന് കാരണമാകുന്നു.

വൈപ്പർ ബ്ലേഡുകളുടെ കാര്യക്ഷമത ഉറപ്പാക്കുക.

ഹെഡ് ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്ററുകൾ എന്നിവ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കുക.

വെള്ളവും വാഹനങ്ങളിൽ നിന്നുള്ള ഗ്രീസും ഓയിലും മറ്റും നനഞ്ഞുകിടക്കുന്ന റോഡുകളിൽ വഴുക്കലുണ്ടാക്കിയേക്കാം. ഇത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിന് വഴിതെളിക്കുന്നു. വേഗം കുറച്ച് വാഹനമോടിച്ചാൽ ഈ സാഹചര്യത്തിൽ അപകടം പരമാവധി കുറയ്ക്കാനാകും. അമിത വേഗത്തിൽ പോകുമ്പോൾ പെട്ടെന്ന് ബ്രേക്കിടേണ്ടി വന്നാൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.

വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കണം. വെള്ളത്തിന് എത്രത്തോളം ആഴമുണ്ടെന്ന് പുറമേ നിന്ന് അറിയാൻ കഴിഞ്ഞേക്കില്ല. പരിചയമില്ലാത്ത റോഡുകളിലൂടെ പോകുമ്പോൾ ജാഗ്രത പുലർത്തുക.

മുന്നിലേയ്ക്കുള്ള കാഴ്ച തടസപ്പെടുത്തുന്ന അതിശക്തമായ മഴയുള്ളപ്പോൾ കഴിയുന്നതും വാഹനം ഓടിക്കാതിരിക്കുക. വലിയ മരങ്ങളില്ലാത്ത സുരക്ഷിതമായ എവിടെയെങ്കിലും വാഹനം ഒതുക്കിയശേഷം മഴ കുറയുമ്പോൾ യാത്ര തുടരാം. മഴയുള്ളപ്പോൾ വാഹനത്തിന്റെ ഹെഡ് ലൈറ്റുകൾ തെളിച്ചാൽ എതിരേ വരുന്ന ഡ്രൈവർക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയാനാകും.

തിരുവനന്തപുരം: ആസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ നിക്കോൾ മാൻഷന്റെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ സന്ദർശിച്ചു. കേരളത്തിന്റെ ആരോഗ്യ മേഖലയെപ്പറ്റി അടുത്തറിയാനാണ് സംഘം എത്തിയത്. വളരെ മികച്ച പ്രവർത്തനങ്ങളാണ് കേരളം നടത്തുന്നതെന്ന് സംഘം പറഞ്ഞു.

ആരോഗ്യ രംഗത്ത് ആസ്‌ട്രേലിയയിൽ അവസരം സൃഷ്ടിക്കുന്നതിന്റെ സാധ്യതകളും സംഘം വിലയിരുത്തി. ആരോഗ്യ ഗവേഷണത്തിൽ സഹകരണം ഉറപ്പാക്കും. കേരളത്തിലെ ആരോഗ്യ പ്രവർത്തകരും നോർത്തേൺ ടെറിട്ടറിയിലെ ആരോഗ്യപ്രവർത്തകരുമായുള്ള എക്‌സ്‌ചേഞ്ച് പ്രോഗ്രാം ആരംഭിക്കുമെന്ന് വീണാ ജോർജ് അറിയിച്ചു.

ആശുപത്രികളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാനും അവിടുത്തെ സേവനങ്ങള്‍ എങ്ങനെയാണ് എന്നത് ജനങ്ങളില്‍ നിന്നും നേരിട്ട് കേള്‍ക്കാനായാണ്‌ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നത്.

ആശുപത്രികളില്‍ നിന്നുള്ള ഫീഡ്ബാക്ക് ഉള്‍ക്കൊണ്ട് ജനകീയപങ്കാളിത്തത്തോടെ ആര്‍ദ്രം മിഷന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ചിടത്തോളം ആര്‍ദ്രം ആരോഗ്യം വലിയ മാറ്റം ഉണ്ടാക്കും. കഴിഞ്ഞ രണ്ടു ദിവസമായി എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ സന്ദര്‍ശനങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. കുറേയേറെ വിഷയങ്ങള്‍ രണ്ടു ദിവസങ്ങളിലായി പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്ത് വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനും ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. കന്നുകാലിയില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് നിഗമനം. ഇതേത്തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കന്നുകാലികളില്‍ നിന്നാണ് ബാക്ടീരിയ മനുഷ്യരിലേക്ക് പകരാറുള്ളത്. പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങള്‍. ലക്ഷണങ്ങളെ തുടര്‍ന്ന് മകനാണ് ആദ്യം ചികിത്സ തേടിയത്. രോഗം സ്ഥിരീകരിച്ചത്തിനു പിന്നാലെ അച്ഛനും രോഗം സ്ഥിരീകരിച്ചു. അച്ഛന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്ഇരുവരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം ലഭിച്ചത്.

കഴിഞ്ഞ ജൂലൈ മാസത്തിൽ കൊല്ലം ജില്ലയിലെ കടക്കലിൽ ഏഴ് വയസ്സുകാരിക്കും ഈ രോഗം സ്ഥിരീകരിച്ചിരുന്നു.