കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ചിരുന്ന പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട് മരുതോങ്കരയിൽ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ വൈറസ് ഉണ്ടായിരുന്നതിന് തെളിവ് ലഭിച്ചു. സാമ്പിൾ പരിശോധനയിൽ നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയതായി ഐസിഎംആർ സ്ഥിരീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. വയനാട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വീണാ ജോർജ് ഇക്കാര്യം വ്യക്തമാക്കിയത്.
മരുതോങ്കരയിൽ നിന്ന് ശേഖരിച്ച 57 സാമ്പിളുകളിൽ 12 എണ്ണത്തിലാണ് ആന്റിബോഡി സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. നിലവിൽ വൈറസ് ബാധ ഉണ്ടായ പ്രദേശത്തെ വവ്വാലുകളിൽ ആന്റിബോഡി കണ്ടെത്തിയത് രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സംസ്ഥാനത്ത് കണ്ടുവരുന്നത് മരണനിരക്ക് വളരെ കൂടുതലുള്ള ബംഗ്ലാദേശി നിപ്പ വകഭേദമാണ്. ഇത്തവണയും വവ്വാലുകളിൽ നിന്നും ശേഖരിച്ച സാംപിളുകളിൽ ഇതേ തരത്തിൽപ്പെട്ട വൈറസിനെ തന്നെയാണ് പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കണ്ടെത്തിയിട്ടുള്ളതെന്ന് നേരത്തെ വീണാ ജോർജ് പറഞ്ഞിരുന്നു.

