Health (Page 39)

ഇടവിട്ടുള്ള മഴ തുടരുന്നതിനാൽ പകർച്ചാ വ്യാധികളുടെ വ്യാപനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉൾപ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം സമഗ്രമായ രീതിയിൽ തുടരേണ്ടത് രോഗപ്പകർച്ച തടയുന്നതിനും രോഗനിയന്ത്രണത്തിനും അനിവാര്യമാണ്.

വീടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്, ചിരട്ട മുതലായവയിൽ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീട്ടിനകത്തെ ചെടികൾ വയ്ക്കുന്ന ട്രേ കൊതുകിന്റെ ഉറവിടമായി കാണുന്നുണ്ട്. അതിനാൽ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം.

ആക്രിക്കട, ടയർകട എന്നിവ വെള്ളം വീഴാതെ സുരക്ഷിതമാക്കണം. ജലക്ഷാമമുള്ള സ്ഥലങ്ങളിൽ വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങളും നിർമ്മാണ സ്ഥലത്തിലെ ടാങ്കുകളും കൊതുകിന്റെ പ്രജനന കേന്ദ്രമാകാതെ ശരിയായ രീതിയിൽ മൂടി വയ്ക്കേണ്ടത് അത്യാവശ്യമാണ്.

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്പെഷ്യൽ റെസ്‌ക്യൂ ആംബുലൻസ് ഉടൻ വിന്യസിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കനിവ് 108 ആംബുലൻസിന്റെ 4×4 റെസ്‌ക്യു വാൻ അപ്പാച്ചിമേട് കേന്ദ്രമാക്കി പമ്പ മുതൽ സന്നിധാനം വരെ സേവനം നടത്തുന്നതിന് കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നടപടി.

നിലവിൽ പമ്പയിൽ സേവനം നടത്തുന്ന ഈ വാഹനം സന്നിധാനത്തെത്തിക്കും. ദുർഘട പാതകളിൽ അനായാസം സഞ്ചരിക്കാൻ കഴിയുന്ന 4×4 വാഹനത്തിൽ അടിയന്തര വൈദ്യസഹായം നൽകാൻ വേണ്ടിയുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സേവനം ഈ വാഹനത്തിൽ ഉണ്ടായിരിക്കുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

അതേസമയം, ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് മണ്ഡലകാലത്ത് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാൻ ആരോഗ്യ വകുപ്പിന്റേയും കനിവ് 108 ന്റേയും ആംബുലൻസുകൾക്ക് പുറമേ കനിവ് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി വിന്യസിച്ചിരുന്നു. ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4×4 റെസ്‌ക്യു വാനിന് പുറമേ ഐസിയു ആംബുലൻസ് എന്നിവയാണ് ശബരിമലയ്ക്കായി തയ്യാറാക്കിയത്.

നമ്മളിൽ പലർക്കും ശരീര വേദന ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ശരീര വേദന അനുഭവപ്പെടുമ്പോൾ ചിലർ നേരെ മെഡിക്കൽ സ്‌റ്റോറിൽ പോയി മരുന്ന് വാങ്ങി കഴിക്കാറാണ് പതിവ്. ഇങ്ങനെ വേദനകൾക്ക് ആശ്വാസം പകരുന്നതിനായി ഏറ്റവുമധികം പേർ ആശ്രയിക്കുന്ന പെയിൻ കില്ലർ ആണ് മെഫ്റ്റാൽ.

ആർത്തവ വേദന, വാതരോഗത്തിന്റെ ഭാഗമായുണ്ടാകുന്ന വേദന, പല്ലുവേദന എന്നിവക്കെല്ലാം ആളുകൾ വ്യാപകമായി ഈ പെയിൻ കില്ലറിനെ ആശ്രയിക്കാറുണ്ട്. ഈ പെയിൻ കില്ലറിന് സൈഡ് എഫക്ടുകളുണ്ട് എന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ’ (ഐപിസി). ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരും അതുപോലെ മരുന്ന് ഉപയോഗിക്കുന്ന ഉപയോക്താക്കളും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.

‘ഈസിനോഫീലിയ, ‘സിസ്റ്റമിക് സിംറ്റംസ് സിൻഡ്രോം’ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഈ പെയിൻ കില്ലറിന്റെ സൈഡ് ഇഫക്ട്‌സ്. ഉയർന്ന പനി, ശ്വാസതടസം, കിതപ്പ്, ചർമ്മത്തിൽ ചൊറിച്ചിൽ, വയറിന് പ്രശ്‌നം, വയറുവേദന, വയറിളക്കം, ഓക്കാനം, മഞ്ഞപ്പിത്തം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വൃക്ക, ഹൃദയം, ശ്വാസകോശം, പാൻക്രിയാസ് എന്നിങ്ങനെ പല അവയവങ്ങളെയും ബാധിക്കാൻ ഈ സൈഡ് എഫക്ടുകൾ കാരണമാകുമെന്നും വിദഗ്ധർ പറയുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. അതിൽ 393 ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം സജ്ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണ്. 16 മെഡിക്കൽ കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 18 ജില്ല, ജനറൽ ആശുപത്രികൾ, 22 താലൂക്ക് ആശുപത്രികൾ, 27 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 453 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 49 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 10 സ്‌പെഷ്യാലിറ്റി ആശുപത്രികൾ, 2 പബ്ലിക് ഹെൽത്ത് ലാബ്, 3 മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇ ഹെൽത്ത് നടപ്പിലാക്കിയത്. 130 ആരോഗ്യ കേന്ദ്രങ്ങളിൽ കൂടി ഇ ഹെൽത്ത് പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ മേഖലയിൽ ഡിജിറ്റൽ ഹെൽത്ത് നടപ്പിലാക്കുന്നതിനായി വലിയ പ്രയത്‌നമാണ് നടത്തി വരുന്നത്. ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാൻ 7.85 കോടി രൂപയുടെ ഭരണാനുമതി അടുത്തിടെ നൽകിയിരുന്നു. ഇ ഹെൽത്തിലൂടെ ഓൺലൈൻ ഒപി ടിക്കറ്റും പേപ്പർ രഹിത ആശുപത്രി സേവനങ്ങളും യാഥാർത്ഥ്യമാക്കി. ജീവിതശൈലീ രോഗനിർണയത്തിന് ശൈലീ ആപ്പ് ആവിഷ്‌ക്കരിച്ചു. ആർദ്രം ജനകീയ കാമ്പയിനിലൂടെ ഒന്നര കോടിയിലധികം പേരെ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. കാൻസർ രോഗനിർണയത്തിനും കാൻസർ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാൻസർ ഗ്രിഡ്, കാൻസർ കെയർ സ്യൂട്ട് നടപ്പിലാക്കി വരുന്നു. വിപുലമായ ഇ സഞ്ജീവനി സേവനങ്ങൾ ലഭ്യമാക്കി. ലാബ് റിസൾട്ട് എസ്.എം.എസ്. ആയി ലഭിക്കുന്ന സംവിധാനം ലഭ്യമാക്കി. ഹൃദ്യം, ആശാധാര പദ്ധതികളുടെ സേവനം ഓൺലൈൻ വഴിയാക്കി. ആശാധാര പദ്ധതിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് അടുത്തിടെ ദേശീയ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ അവാർഡ് ലഭിച്ചിരുന്നുവെന്നും വീണാ ജോർജ് പറഞ്ഞു.

എങ്ങനെ യുണിക്ക് ഹെൽത്ത് ഐഡി സൃഷ്ടിക്കും?

ഇ ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാൻ ആദ്യമായി തിരിച്ചറിയിൽ നമ്പർ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത നമ്പരിൽ ഒടിപി വരും. ഈ ഒടിപി നൽകുമ്പോൾ ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ഇത് പോർട്ടൽ വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ് വേർഡും മൊബൈലിൽ മെസേജായി ലഭിക്കും. ഈ തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയ്‌മെന്റ് എടുക്കാൻ സാധിക്കും.

എങ്ങനെ അപ്പോയ്‌മെന്റെടുക്കാം?

ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയൽ നമ്പരും പാസ് വേർഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയ്‌മെന്റ് ക്ലിക്ക് ചെയ്യുക. റെഫറൽ ആണെങ്കിൽ ആ വിവരം രേഖപെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്‌മെന്റും തെരഞ്ഞെടുക്കുക. തുടർന്ന് അപ്പോയ്‌മെന്റ് വേണ്ട തീയതി തെരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തിൽ ലഭ്യമായ ടോക്കണുകൾ ദൃശ്യമാകും. രോഗികൾ അവർക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കൺ എടുക്കാവുന്നതാണ്. തുടർന്ന് ടോക്കൺ പ്രിന്റും എടുക്കാവുന്നതാണ്. ടോക്കൺ വിവരങ്ങൾ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും. പോർട്ടൽ വഴി അവരുടെ ചികിത്സാവിവരങ്ങൾ, ലാബ് റിസൾട്ട്, പ്രിസ്‌ക്രിപ്ഷൻ എന്നിവ ലഭ്യമാവുന്നതാണ്.സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.

പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിക്കേണ്ട ഒരു പച്ചക്കറിയാണ് പാവയ്ക്ക. ധാരാളം ആരോഗ്യ ഗുണങ്ങളുള്ള പച്ചക്കറികളിൽ ഒന്നാണ് പാവയ്ക്ക. എന്നാൽ കയ്പ് കാരണം ചിലർ പാവയ്ക്ക കഴിക്കാറില്ല. പാവയ്ക്കയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, വിറ്റാമിൻ സി, മഗ്‌നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, കാത്സ്യം എന്നിവയും പാവയ്ക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പാവയ്ക്ക പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. പാവയ്ക്കയിൽ അടങ്ങിയിരിക്കുന്ന ചില പ്രോട്ടീനുകളാണ് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നത്.

പാവയ്ക്ക എൽഡിഎൽ കൊളസ്ട്രോൾ (മോശം കൊളസ്‌ട്രോൾ) കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബർ രക്ത ധമനികളിലെ തടസ്സം നീക്കം ചെയ്യാനും സഹായിക്കും. വിട്ടുമാറാത്ത ചുമ, ശ്വസന പ്രശ്‌നങ്ങൾ എന്നിവ പരിഹരിക്കാനും പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്.

പാവയ്ക്കയിൽ നാരുകൾ അഥവാ ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാൽ ഇത് മലബന്ധം തടയാൻ സഹായിക്കും. അതുകൊണ്ടുതന്നെ മലബന്ധ പ്രശ്‌നമുള്ളവർ പതിവായി പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്. പാവയ്ക്ക ജ്യൂസ് പതിവായി കുടിക്കുന്നത് കാൻസർ സാധ്യത കുറയ്ക്കും. കാൻസർ കോശങ്ങളുടെ വ്യാപനത്തിനെതിരെ പ്രവർത്തിക്കാനുള്ള കഴിവ് പാവയ്ക്കയ്ക്ക് ഉണ്ട്. ആസ്ത്മ, ശ്വാസകോശ അണുബാധ എന്നിവ തടയാനും പാവയ്ക്ക കഴിക്കുന്നത് ഉത്തമമാണ്.

ന്യൂഡൽഹി: ലോകത്ത് വീണ്ടും കോവിഡ് നിരക്കുകളിൽ വർദ്ധനവ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും കോവിഡ് കേസുകൾ ഉയരുകയാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. മുപ്പത്തിയൊന്ന് പുതിയ കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 249 ആയി ഉയർന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

അമേരിക്ക, യു.കെ, ഫ്രാൻസ്, മലേഷ്യ, ഓസ്‌ട്രേലിയ, ഫിലിപ്പീൻസ് തുടങ്ങിയ പല രാജ്യങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് ഇപ്പോഴും ഒരു ഭീഷണിയായി തുടരുന്നുണ്ടെന്നും ഇപ്പോൾ പലരാജ്യങ്ങളിലും വ്യാപിക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടനയുടെ സാംക്രമിക രോഗപ്രതിരോധ വിഭാഗം ഇടക്കാല ഡയറക്ടറായ മരിയ വാൻ കെർഖോവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

രൂപാന്തരം സംഭവിച്ചും മാറ്റം സംഭവിച്ചും കോവിഡ് വൈറസ് ഇപ്പോഴും പടർന്നുകൊണ്ടിരിക്കുകയാണ്. ലോകം കോവിഡിൽ നിന്ന് ഏറെ മുന്നോട്ടുപോയി. ആളുകൾ സ്വയം സുരക്ഷിതരാകാൻ പഠിച്ചു. പക്ഷേ ഈ വൈറസ് എവിടെയും പോയിട്ടില്ല. ഇപ്പോഴും പടരുകയാണ്. മാറിക്കൊണ്ടിരിക്കുകയാണ്. ജീവനെടുത്തുകൊണ്ടിരിക്കുകയാണെന്നും മരിയ പറഞ്ഞിരുന്നു. കോവിഡിന്റെ BA.2.86 എന്ന വകഭേദമാണ് പലയിടത്തും വ്യാപിച്ചുകൊണ്ടിരിക്കുന്നതെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി നടപ്പിലാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 41 ജില്ലാ ജനറല്‍ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, 9 മെഡിക്കല്‍ കോളേജുകള്‍, 50 താലൂക്ക് ആശുപത്രികള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം എന്നിങ്ങനെ പ്രസവം നടക്കുന്ന 101 സര്‍ക്കാര്‍ ആശുപത്രികളിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.

ഈ പദ്ധതിയുടെ പ്രയോജനം എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങള്‍ക്കും ലഭിക്കും. ഈ പദ്ധതി അനേകം കുടുംബങ്ങള്‍ക്ക് സഹായകമാകുമെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത് ട്രയല്‍ റണ്‍ ഉള്‍പ്പെടെ നടത്തിയാണ്. വളരെയധികം തുക പ്രസവ ശേഷം വീട്ടിലേയ്ക്കുള്ള ദീര്‍ഘദൂര യാത്രയ്ക്ക് ചെലവാകാറുണ്ട്. ഇത് പല കുടുംബങ്ങള്‍ക്കും താങ്ങാനാവില്ല. ഈ പദ്ധതി ഇതിനൊരു പരിഹാരമാണ്. ഈ സേവനം പ്രസവശേഷം എല്ലാവര്‍ക്കും ഉറപ്പാക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ന്യൂഡൽഹി: ഇന്ത്യയിലെ 54 കഫ് സിറപ്പ് കമ്പനികൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ പുറത്തുവിട്ടറിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. സിഡിഎസ്സിഒ എന്നത് കോസ്മെറ്റിക്സ്, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്ന രാജ്യത്തെ ദേശീയ റെഗുലേറ്ററി ബോഡിയാണ്.

പല കമ്പനികളും ഗുണനിലവാരമില്ലാത്ത കഫ് സിറപ്പുകൾ നിർമിക്കുന്നതായി കണ്ടെത്തിയെന്നാണ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ നിർമിത കഫ് സിറപ്പുകൾ കഴിച്ച് ആഗോളതലത്തിൽ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം പുതിയ നടപടി സ്വീകരിച്ചത്.

ഈ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ, കഫ് സിറപ്പുകളുടെ ഗുണനിലവാരം സംബന്ധിച്ച് സർക്കാർ ക്ലിയറൻസ് ലഭിക്കണം എന്ന കാര്യം ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) നിർബന്ധമാക്കിയിരുന്നു. ഇതനുസരിച്ച്, കയറ്റുമതിക്ക് അനുമതി തേടുന്ന കഫ് സിറപ്പ് കമ്പനികളുടെ സാമ്പിളുകൾ പരിശോധിച്ചു വരികയാണ്. 54 കമ്പനികളിൽ നിന്നും ലഭിച്ച 128 സാമ്പിളുകൾ നിലവാരമുള്ളതല്ലെന്ന് സിഡിഎസ്സിഒ കണ്ടെത്തിയിട്ടുണ്ട്. ഗുജറാത്ത്, മുംബൈ, ചണ്ഡീഗഡ്, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർക്കാർ ലാബുകളിലാണ് പരിശോധന നടത്തിയത്.

പരിശോധനയിൽ പരാജയപ്പെട്ടവർക്ക്, ഗുണനിലവാരം സംബന്ധിച്ച മാനദണ്ഡങ്ങൾക്കനുസൃതമായി വീണ്ടും കഫ് സിറപ്പുകൾ നിർമിക്കാനും അവ വീണ്ടും പരിശോധനയ്ക്ക് അയക്കാനും സാധിക്കും. ഗുണനിലവാരം സംബന്ധിച്ച് ലോകാരോ?ഗ്യ സംഘടന നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രമേ ഈ കഫ് സിറപ്പുകൾ കയറ്റുമതി ചെയ്യാൻ കഴിയൂ. ഇത് ഞങ്ങൾ കൃത്യമായി പരിശോധിക്കുമെന്നും സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

തൃശൂർ: രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്നത് കേരളത്തിലെ സർക്കാർ ആശുപത്രികളിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 1600 കോടി രൂപയാണ് സൗജന്യ ചികിത്സക്കായി സംസ്ഥാന സർക്കാർ ഒരു വർഷം മുടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ മെഡിക്കൽ കോളജിൽ അഞ്ചു ലക്ഷം രൂപയിലേറെ ചെലവു വരുന്ന സങ്കീർണമായ തലച്ചോറിലെ മുഴ നീക്കൽ ശസ്ത്രക്രിയ അടുത്തിടെ തൃശൂർ മെഡിക്കൽ കോളജിൽ നടത്തിയത് പൂർണമായും സൗജന്യമായാണ്. നിപ വൈറസ് 90 ശതമാനത്തിലേറെ മരണനിരക്ക് സൃഷ്ടിക്കുന്ന ഭീകരമായ അവസ്ഥയാണ്. എന്നാൽ നിപ മരണ നിരക്ക് 30 ശതമാനമായി കുറയ്ക്കാൻ സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയ്ക്ക് സാധിച്ചു. രാജ്യത്ത് ഏറ്റവും കുറഞ്ഞ മാതൃ -ശിശു മരണനിരക്ക് കേരളത്തിലാണ്. കോവിഡ് കാലത്ത് കേരളത്തെ വേറിട്ടു നിർത്തിയത് അത് മനുഷ്യരെ ചേർത്തുപിടിച്ചതു കൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.

അഞ്ഞൂറു കോടിയിലേറെ രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കുന്നത്. 233 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് തൃശൂർ മെഡിക്കൽ കോളേജിൽ നടക്കുന്നത്. 273 കോടി രൂപ മുടക്കി നിർമിക്കുന്ന അമ്മയും കുഞ്ഞും ബ്‌ളോക്കിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. 169 കോടി രൂപ മുടക്കി നിർമിക്കുന്ന സൂപ്പർ സ്‌പെഷാലിറ്റി ബ്‌ളോക്കിന്റെയും നിർമാണം പൂർത്തിയായെന്ന് മന്ച്രി ചൂണ്ടിക്കാട്ടി.

ആരോഗ്യ മേഖലയിൽ മാത്രം 219 കോടി രൂപ കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. ഇതുവരെ ഇതിൽ നിന്ന് ഒരു രൂപ പോലും ലഭിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സമ്മർദത്തിനിടയിലും ധീരമായ ചെറുത്തു നിൽപാണ് വികസന രംഗത്ത് സംസ്ഥാനം നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജ് കൈവരിച്ച ചരിത്രപരമായ നേട്ടം പങ്കുവെച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. അത്യപൂർവ ശസ്ത്രക്രിയ വിജയിപ്പിച്ച് തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്. കൈപറമ്പ് സ്വദേശിയായ 41 കാരിയുടെ തലച്ചോറിലെ മുഴ ഓർമ്മ നശിക്കാതെ Awake craniotomy പ്രകാരം പൂർണമായി നീക്കം ചെയ്തു. രോഗിയുടെ സംസാരം നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗത്തെ മുഴയായതിനാൽ ഓപ്പറേഷൻ ചെയ്ത ശേഷം സംസാരം നഷ്ടപെടാനുള്ള സാധ്യത വളരെയായിരുന്നു. അത് മറികടക്കാൻ വേണ്ടിയാണ് അനസ്തീസിയ നൽകാതെ രോഗിയെ സംസാരിപ്പിച്ചു കൊണ്ട് ഓപ്പറേഷൻ നടത്തിയത്. സ്വകാര്യ മേഖലയിൽ 5 ലക്ഷത്തോളം ചെലവ് വരുന്ന ഓപ്പറേഷനാണ് സൗജന്യമായി ചെയ്തുകൊടുത്തതെന്ന് മന്ത്രി അറിയിച്ചു.

ഓപ്പറേഷന് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു. ഡോ. സുനിൽ കുമാറിന്റെ നേതൃത്തിലുള്ള ന്യൂറോസർജറി വിഭാഗവും, ഡോ. ബാബുരാജിന്റെ നേതൃത്തിലുള്ള അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ബിന്ദു, ഡോ. സുനിൽകുമാർ, ഡോ. നിഹിത എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ നേരുന്നുവെന്നും വീണാ ജോർജ് വിശദമാക്കി.