പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മാതൃയാനം പദ്ധതി യാഥാര്‍ത്ഥ്യമാക്കി

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി നടപ്പിലാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 41 ജില്ലാ ജനറല്‍ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, 9 മെഡിക്കല്‍ കോളേജുകള്‍, 50 താലൂക്ക് ആശുപത്രികള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം എന്നിങ്ങനെ പ്രസവം നടക്കുന്ന 101 സര്‍ക്കാര്‍ ആശുപത്രികളിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.

ഈ പദ്ധതിയുടെ പ്രയോജനം എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങള്‍ക്കും ലഭിക്കും. ഈ പദ്ധതി അനേകം കുടുംബങ്ങള്‍ക്ക് സഹായകമാകുമെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത് ട്രയല്‍ റണ്‍ ഉള്‍പ്പെടെ നടത്തിയാണ്. വളരെയധികം തുക പ്രസവ ശേഷം വീട്ടിലേയ്ക്കുള്ള ദീര്‍ഘദൂര യാത്രയ്ക്ക് ചെലവാകാറുണ്ട്. ഇത് പല കുടുംബങ്ങള്‍ക്കും താങ്ങാനാവില്ല. ഈ പദ്ധതി ഇതിനൊരു പരിഹാരമാണ്. ഈ സേവനം പ്രസവശേഷം എല്ലാവര്‍ക്കും ഉറപ്പാക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.