Health (Page 38)

ആരോഗ്യവകുപ്പിൽ അധിക പോസ്റ്റ്‌ അനുവദിച്ച് മന്ത്രി സഭാ യോഗം. 50 പുതിയ പോസ്റ്റാണ് ഇടുക്കി മെഡിക്കൽ കോളജിന് ഉള്ളത്. ആകെ 195 പുതിയ ഡോക്ടർമാരുടെ പോസ്റ്റ്‌ സംസ്ഥാനത്ത് അനുവദിച്ചു. മന്ത്രിസഭാ യോഗം ആരോഗ്യ മേഖലയിലെ ഏറെ കാലമായുള്ള അവശ്യത്തിനാണ് അംഗീകാരം നൽകിയത്. മന്ത്രിസഭാ യോഗം കഴിഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ ജനപ്രിയ തീരുമാനങ്ങളെന്ന് പ്രതികരിച്ചു. മന്ത്രിസഭ യോഗ തീരുമാനം ഏറെ സന്തോഷകരം. എയർസ്ട്രിപ്പ്, മെഡിക്കൽ കോളജിലെ പുതിയ തസ്തികകൾ നിർണ്ണയിച്ചതും എല്ലാം വളരെ സന്തോഷകരം.ഗവർണ്ണറുടെ ഭാഗത്ത് നിന്നുള്ള സമീപനം ദയനീയം. ഗവർണർ വിഷയത്തിൽ കേന്ദ്രസർക്കാരിന് ഉടൻ കത്ത് അയക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിൽ കർശന മുന്നറിയിപ്പ് നൽകി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. നിരീക്ഷണം ശക്തമാക്കണമെന്നാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. മുൻകരുതൽ നടപടികൾക്ക് ഒരു വീഴ്ചയും വരുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ കോവിഡ് കേസുകൾ ഉയരുകയും പുതിയ വകഭേദം കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ ആരോഗ്യമന്ത്രി ഇന്ന് യോഗം വിളിച്ചു ചേർത്തിരുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

അതേസമയം, സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറിയ തോതിൽ വർധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. കോവിഡ് കേസിലുള്ള വർധനവ് നവംബർ മാസത്തിൽ തന്നെ കണ്ടിരുന്നു. അതനുസരിച്ച് മന്ത്രി തലത്തിൽ യോഗങ്ങൾ ചേർന്ന് ആരോഗ്യ വകുപ്പ് നടപടികൾ സ്വീകരിച്ചിരുന്നു. മാർഗനിർദേശങ്ങളും പുറത്തിറക്കിയിരുന്നു. സ്റ്റേറ്റ് മെഡിക്കൽ ഓഫീസർമാരുടെ കോൺഫറൻസിലും നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന കൂടി നടത്താനും ജനിതക ശ്രേണീകരണത്തിന് വേണ്ടി സാമ്പിളുകൾ അയക്കാനും നിർദേശം നൽകിയിരുന്നു. മാത്രമല്ല ഈ മാസത്തിൽ കോവിഡ് പരിശോധന കൂട്ടുകയും ചെയ്തു. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതൽ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ നേതൃത്വത്തിൽ നിലവിലെ കോവിഡ് സാഹചര്യവും ആശുപത്രി സംവിധാനവും വിലയിരുത്തി. സംസ്ഥാനത്ത് നിരീക്ഷണം കൂടുതൽ ശക്തമാക്കും. ആരോഗ്യ വകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും ഏകോപന പ്രവർത്തനങ്ങൾ നടത്തും. ആശുപത്രികൾ കോവിഡ് രോഗികൾക്ക് പ്രത്യേക സൗകര്യമൊരുക്കണം. ഗുരുതരമല്ലാത്ത കോവിഡ് രോഗികളെ മെഡിക്കൽ കോളേജിൽ റഫർ ചെയ്യാതെ ജില്ലകളിൽ തന്നെ ചികിത്സിക്കണം. ഇതിനായി നിശ്ചിത കിടക്കകൾ കോവിഡിനായി ജില്ലകൾ മാറ്റിവയ്ക്കണം. ഓക്‌സിജൻ കിടക്കകൾ, ഐസിയു, വെന്റിലേറ്റർ എന്നിവ നിലവിലുള്ള പ്ലാൻ എ, ബി അനുസരിച്ച് ഉറപ്പ് വരുത്തണം. ഡയാലിസിസ് രോഗികൾക്ക് കോവിഡ് ബാധിച്ചാൽ ഡയാലിസിസ് മുടങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം.

കോവിഡ് രോഗലക്ഷണമുള്ളവർക്ക് മാത്രം കോവിഡ് പരിശോധന നടത്തുന്നതാണ് അഭികാമ്യം. ഗുരുതര രോഗമുള്ളവർ, പ്രായമായവർ, ഗർഭിണികൾ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണം. കോവിഡ് പോസിറ്റീവായാൽ ചികിത്സിക്കുന്ന ആശുപത്രിയിൽ തന്നെ ചികിത്സ ഉറപ്പാക്കണം. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും കൃത്യമായി മാസ്‌ക് ധരിക്കണം. ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ എന്നിവരും മാസ്‌ക് ധരിക്കണം.

നിലവിലെ ആക്ടീവ് കേസുകളിൽ ബഹുഭൂരിപക്ഷം പേരും നേരിയ രോഗലക്ഷണങ്ങളുള്ളതിനാൽ വീടുകളിലാണുള്ളത്. മരണമടഞ്ഞവരിൽ ഒരാളൊഴികെ എല്ലാവരും 65 വയസിന് മുകളിലുള്ളവരാണ്. കൂടാതെ ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസർ തുടങ്ങിയ ഗുരുതര അനുബന്ധ രോഗങ്ങൾ ഉള്ളവരുമായിരുന്നു. ഫലം ലഭിച്ചതിൽ ഒരു സാമ്പിളിൽ മാത്രമാണ് ജെഎൻ-1 ഒമിക്രോൺ വേരിയെന്റാണ് സ്ഥിരീകരിച്ചത്. ആ വ്യക്തിക്ക് രോഗം ഭേദമാകുകയും ചെയ്തു.

ആശുപത്രികളിലുള്ള ഐസൊലേഷൻ വാർഡുകൾ, റൂമുകൾ, ഓക്‌സിജൻ കിടക്കകൾ, ഐസിയു കിടക്കകൾ, വെന്റിലേറ്റുകൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ഡിസംബർ 13 മുതൽ 16 വരെ ഇവയുടെ ലഭ്യത ഉറപ്പ് വരുത്താനായി 1192 സർക്കാർ, സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തി ഓൺലൈൻ മോക് ഡ്രിൽ നടത്തി. ഓക്‌സിജൻ സൗകര്യം ലഭ്യമായ 1957 കിടക്കകളും, 2454 ഐസിയു കിടക്കകളും 937 വെന്റിലേറ്റർ സൗകര്യമുള്ള ഐസിയു കിടക്കകളുമുണ്ട്.

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കാൻ കേന്ദ്ര സർക്കാർ. സ്ഥിതിഗതികൾ ശക്തമായി നിരീക്ഷിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. വിഷയത്തിൽ ചർച്ച നടത്താനായി അടിയന്തരയോഗം വിളിച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ബുധനാഴ്ച്ചയാണ് യോഗം ചേരുന്നത്. ഓൺലൈനായാണ് യോഗം. സംസ്ഥാന ആരോഗ്യമന്ത്രിമാർ, ആരോഗ്യ വകുപ്പ് സെക്രട്ടറിമാർ, കേന്ദ് ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥർ, കേന്ദ്രഭരണപ്രദേശങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കുചേരും.

മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ, മുൻകരുതൽ നടപടികൾ തുടങ്ങിയവയെ കുറിച്ചെല്ലാം യോഗം ചർച്ച ചെയ്യും. ഇനി ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ലെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

കോവിഡിലെ ചർച്ചകൾക്ക് . നാളെയാണ് യോഗം ചേരുക. യോഗം വിലയിരുത്തും. വീണ്ടും മാസ്‌ക് നിർബന്ധമാക്കുമെന്നാണ് സൂചന. ഏത് സാഹചര്യമുണ്ടായാലും ഇനി ലോക്ഡൗൺ പ്രഖ്യാപിക്കില്ലെന്നാണ് വിലയിരുത്തൽ.

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് കേസുകൾ കൂടുതലാണ് എന്ന നിലയിൽ അനാവശ്യഭീതി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് തീർത്തും തെറ്റായ കാര്യമാണ്. നവംബർ മാസത്തിൽത്തന്നെ കോവിഡ് കേസുകളിൽ ചെറുതായി വർദ്ധനവ് കണ്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കൃത്യമായ ജാഗ്രത നിർദേശം നൽകി മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തിയിരുന്നു. സാമ്പിളുകൾ ഹോൾ ജിനോം സീക്വൻസിംഗ് പരിശോധനയ്ക്ക് അയയ്ക്കാൻ മന്ത്രിതല യോഗത്തിൽ അന്നുതന്നെ തീരുമാനിച്ചിരുന്നു. നവംബർ മുതൽ ഹോൾ ജിനോമിക് പരിശോധനയ്ക്ക് സാമ്പിളുകൾ അയച്ചു വരുന്നു. അതിൽ ഒരു സാമ്പിളിൽ മാത്രമാണ് ജെഎൻ 1 കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം കരകുളം സ്വദേശിയായ 79 വയസുള്ള ആൾക്കാണ് ഇത് കണ്ടെത്തിയത്. അവർ ഗൃഹ ചികിത്സ കഴിഞ്ഞ് രോഗമുക്തമാകുകയും ചെയ്തതായും മന്ത്രി വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ മാസങ്ങളിലായി ഇന്ത്യയിൽ നിന്നും സിംഗപ്പൂരിലേക്ക് പോയ 15 പേരിൽ ജെഎൻ 1 ഉണ്ടെന്ന് സിംഗപ്പൂർ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ അർത്ഥം ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലും ഈ കോവിഡ് വകഭേദം ഉണ്ടെന്നാണ്. കേരളത്തിൽ ഇത് പരിശോധനയിലൂടെ കണ്ടെത്തി എന്നുള്ളതാണ് പ്രത്യേകത. കേരളത്തിലെ സംവിധാനങ്ങളുടെ മികവു കൊണ്ടും ജാഗ്രത കൊണ്ടുമാണ് കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് ഇത് സംബന്ധിച്ച് കൃത്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഐസിയു കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും ഉപയോഗം കൂടുന്നുണ്ടോ എന്ന് തുടക്കം മുതൽ പരിശോധിക്കുന്നുണ്ട്. ഇപ്പോഴുമത് നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

ആശുപത്രികളിലുള്ള ഐസൊലേഷൻ വാർഡുകൾ, റൂമുകൾ, ഓക്സിജൻ കിടക്കകൾ, ഐസിയു കിടക്കകൾ, വെന്റിലേറ്റുകൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുകയും റിവ്യൂ ചെയ്യുകയും ചെയ്യുന്നു. ഡിസംബർ 13 മുതൽ 16 വരെ ഇവയുടെ ലഭ്യത ഉറപ്പ് വരുത്താനായി 1192 സർക്കാർ, സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തി ഓൺലൈൻ മോക് ഡ്രിൽ നടത്തി. ഓക്സിജൻ സൗകര്യം ലഭ്യമായ 1957 കിടക്കകളും, 2454 ഐസിയു കിടക്കകളും 937 വെന്റിലേറ്റർ സൗകര്യമുള്ള ഐസിയു കിടക്കകളും ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മരിച്ച ആളുകൾക്ക് ഗുരുതരമായ മറ്റു രോഗങ്ങളും ഉണ്ടായിരുന്നു. ആരും തന്നെ കോവിഡ് മൂലം മരിച്ചവരല്ല. മറ്റ് ഗുരുതര രോഗങ്ങളുമായി ആശുപത്രിയിൽ അഡ്മിറ്റ് ആയവരാണ്. കേരളത്തിന്റെ ആരോഗ്യ സംവിധാനങ്ങളുടെ മികവു കൊണ്ടാണ് എപ്പോഴും കാര്യങ്ങൾ കൃത്യമായി കണ്ടെത്തുന്നത്. അത് ഇവിടെ രോഗം പടരുന്നു എന്ന രീതിയിൽ തെറ്റായി വ്യാഖ്യാനിച്ച് ജനജീവിതത്തെ ബാധിക്കുന്ന രീതിയിലേക്ക് കൊണ്ടുപോകാൻ പാടില്ല. പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരും കോവിഡ് വരാതിരിക്കാൻ കരുതൽ സ്വീകരിക്കണമെന്ന് വീണാ ജോർജ് ആവശ്യപ്പെട്ടു.

ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് 1600 ലധികം പേർക്ക് രോഗം വന്നിട്ടുണ്ട്. മരിച്ച പത്ത് പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. എന്നാൽ ഇവരിൽ ഭൂരിഭാഗം പേർക്കും മറ്റ് ഗുരുതര അസുഖങ്ങൾ ഉണ്ടായിരുന്നു. പുതിയ കൊവിഡ് ഉപവകഭേദം ആദ്യം കണ്ടെത്തിയത് കേരളത്തിലാണെന്നത് സംസ്ഥാന ആരോഗ്യ സംവിധാനങ്ങളുടെ മികവ് കൊണ്ടാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൽ കൊവിഡിന്റെ പുതിയ വകഭേതമായ ഒമിക്രോൺ JN.1 ശക്തിപ്രാപിപ്പിക്കുന്നു. ആദ്യമായാണ് ഈ വർഷം മേയ് 15ന് ശേഷം ഇത്രയധികം രോഗികളുണ്ടാകുന്നത്.ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത് ആഘോഷങ്ങളും ഒത്തുചേരലുകളും കൂടുതലായി നടക്കുന്ന ജനുവരിവരെ രോഗവ്യാപനം തുടരുമെന്നാണ്. ഇത് വാക്‌സിനെടുത്തതിനാൽ വൈറസ് അപകടകരമാകില്ലെങ്കിലും പ്രായമായവരിലും മറ്റ് രോഗങ്ങളുള്ളവരിലും ഗർഭിണികളിലും അപകടകരമായ സ്ഥിതിയ്ക്ക് കാരണമാകും.

നിലവിൽ വലിയ വർദ്ധനവാണ് സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ. ആശുപത്രികളിൽ ദിവസേന 10,000ലധികം പേർ ചികിത്സ തേടുന്നു. ഇതിൽ അതിയായ ക്ഷീണവും തളർച്ചയും ശ്വാസതടസവും ഉൾപ്പെടെയുള്ള ലക്ഷണങ്ങളുള്ളവരെ മാത്രമാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടനുബന്ധിച്ച് വീടുകളിലും മറ്റു വൈദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും ചെയ്യുമ്പോൾ വൈദ്യുതി സുരക്ഷാ നടപടികൾ കൈക്കൊള്ളുകയും ജാഗ്രത പാലിക്കുകയും വേണമെന്ന് ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു.

നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും താത്കാലിക വയറിംഗ് നിയമപ്രകാരം ലൈസൻസുള്ള വ്യക്തികളെക്കൊണ്ടു മാത്രം ചെയ്യിക്കണം. വൈദ്യുത പ്രതിഷ്ഠാപനത്തിൽ 30 മില്ലി ആമ്പിയറിന്റെ എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ സ്ഥാപിച്ചിട്ടുണ്ടെന്നും അത് പ്രവർത്തന ക്ഷമമാണെന്നും ഉറപ്പാക്കണം. നക്ഷത്രദീപാലങ്കാരങ്ങളുടെ വയറുകൾ കൈയെത്താത്ത (പ്രത്യേകിച്ച് കുട്ടികളുടെ) ദൂരത്ത് സ്ഥാപിക്കണം. ഇൻസുലേഷൻ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, കൂട്ടി യോജിപ്പിച്ചതോ, കാലഹരണപ്പെട്ടതോ ആയതും നിലവാരം കുറഞ്ഞതുമായ വയറുകൾ ദീപാലങ്കാരങ്ങൾക്ക് ഉപയോഗിക്കരുത്. ഐ.എസ്.ഐ ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രമേ ഉപയോഗിക്കാവൂ. കണക്ടറുകൾ ഉപയോഗിച്ചു മാത്രമേ വയറുകൾ കൂട്ടി യോജിപ്പിക്കാൻ പാടുള്ളൂ. ജോയിന്റുകൾ പൂർണ്ണമായും ഇൻസുലേറ്റ് ചെയ്തിരിക്കണം. ഗ്രില്ലുകൾ ഇരുമ്പു കൊണ്ടുള്ള വസ്തുക്കൾ, ലോഹനിർമ്മിത ഷീറ്റുകൾ എന്നിവയിലൂടെ ദീപാലങ്കാരങ്ങൾ വലിക്കാതിരിക്കുക. വീടുകളിലെ എർത്തിംഗ് സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും അറിയിപ്പിൽ പറയുന്നു.

മീൻ കറിയ്ക്ക് രുചി വർദ്ധിപ്പിക്കുന്നത് മാത്രമല്ല, മറ്റ് ഒട്ടേറെ ഗുണങ്ങൾ കുടംപുളിയ്ക്കുണ്ട്. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനുമെല്ലാം ഇത് വളരെ നല്ലതാണ്.

കൊളസ്‌ട്രോൾ കുറയ്ക്കാനും കുടുംപുളി കഴിക്കുന്നത് നല്ലതാണ്. നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടി ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. അതിറോസ്‌ക്ലീറോസിസ്, ഹൃദയാഘാതം, പക്ഷാഘാതം ഇവയൊക്കെ വരാനുള്ള സാധ്യത കുറയ്ക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവും ഇൻസുലിൻ റെസ്‌പോൺസും കുടംപുളി മെച്ചപ്പെടുത്തുന്നു.

ക്ഷീണം, പേശികൾക്കു തളർച്ച ഇവയെല്ലാം അകറ്റി ഊർജ്ജമേകുന്നു. വിശപ്പു നിയന്ത്രിക്കുന്നു. ഇതുമൂലം കൃത്യസമയത്തും കൃത്യമായ അളവിലും ഭക്ഷണം കഴിക്കുകയും ശരീരഭാരം കുറയുകയും ചെയ്യും.

തിരുവനന്തപുരം: കേരളത്തിൽ ജെ എൻ-1 കോവിഡ് ഉപവകഭേദം കണ്ടെത്തിയതുസംബന്ധിച്ച് പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. വിഷയത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് വീണാ ജോർജ് പറഞ്ഞു.

മാസങ്ങൾക്കുമുമ്പ് സിംഗപ്പൂർ എയർപോർട്ടിൽ ഇറങ്ങിയ ഇന്ത്യക്കാരെ ജീനോമിക് സീക്വൻസിങിന് വിധേയരാക്കിയപ്പോൾ ഈ ഉപവകഭേദം കണ്ടെത്തിയിട്ടുള്ളതാണ്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ഈ വകഭേദം നേരത്തേയുണ്ട്. കേരളത്തിന്റെ ആരോഗ്യസംവിധാനങ്ങൾ മികച്ചതായതുകൊണ്ട് നമ്മൾ ജനിതകശ്രേണീകരണത്തിലൂടെ അത് ഇവിടെ കണ്ടെത്തി എന്നുമാത്രമേയുള്ളൂവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

വളരെ സൂക്ഷ്മമായി നിലവിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ട്. അനുബന്ധരോഗങ്ങളുള്ളവർ ശ്രദ്ധ പുലർത്തേണ്ടതാണെന്ും വീണാ ജോർജ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്‌നോളജിയിൽ ഉയർന്ന ജീവാപായ സാധ്യതയുള്ള രോഗാണുക്കളെ കൈകാര്യം ചെയ്യുന്നതിനും പഠിക്കുന്നതിനുമായി അത്യാധുനിക സൗകര്യമായ ബയോസേഫ്റ്റി ലെവൽ- 3 (ബിഎസ്എൽ-3) ഗവേഷണശാല (ആർജിസിബി) പ്രവർത്തനമാരംഭിച്ചു. ദക്ഷിണേന്ത്യയിൽ ബിഎസ്എൽ-3 ലാബ് സൗകര്യമുള്ളത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ബയോടെക്‌നോളജി (എൻഐഎബി), ഹൈദരാബാദ്, മണിപ്പാൽ സെന്റർ ഫോർ വൈറസ് റിസർച്ച് (എംസിവിആർ) എന്നിവിടങ്ങളിൽ മാത്രമാണ്

രോഗകാരികളായ സൂക്ഷ്മാണുക്കളുടെ നിർണ്ണയത്തിനും ഗവേഷണ ആവശ്യങ്ങൾക്കുമായി ലബോറട്ടറികളെ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുണ്ട്. അതിൽ തന്നെ, മനുഷ്യനു തീവ്രമായ രോഗാവസ്ഥയ്‌ക്കോ മരണത്തിനോ കാരണമായേക്കാവുന്നതും എന്നാൽ സമൂഹവ്യാപനത്തിനു സാധ്യത കുറഞ്ഞതുമായ സൂക്ഷ്മജീവികളെ റിസ്‌ക് ഗ്രൂപ്പ്-3 എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ആർജിസിബിയിലെ സീനിയർ സയന്റിസ്റ്റും ബിഎസ്എൽ 3 ലാബ് ഇൻ ചാർജ്ജുമായ ഡോ. രാജേഷ് ചന്ദ്രമോഹനദാസ് പറഞ്ഞു.

കോവിഡ് വൈറസുകൾ, ചിലയിനം ഇൻഫ്‌ളുവൻസ വൈറസുകൾ, മൈക്രോ ബാക്റ്റീരിയം ട്യൂബെർക്കുലോസിസ് തുടങ്ങി രോഗകാരികളായ സൂക്ഷ്മാണുക്കളുടെ ഗവേഷണത്തിന് ബയോസേഫ്റ്റി ലെവൽ- 3 എന്ന് നിശ്ചയിക്കപ്പെട്ട ലബോറട്ടറികൾ നിർബന്ധമാണ്. അപകടകാരികളായ സൂക്ഷ്മാണുക്കളെ നിയന്ത്രിക്കുന്നതിനും ലബോറട്ടറി ജീവനക്കാരെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനും ഈ ലാബുകളിൽ കർശനമായ സുരക്ഷാനടപടികളും പ്രോട്ടോക്കോളുകളുമുണ്ട്. പകർച്ചവ്യാധികൾ, മോളിക്യുലാർ മെഡിസിൻ, ബയോ ടെക്‌നോളജി എന്നിവയിലെ ഗവേഷണങ്ങളിൽ ബിഎസ്എൽ 3 ലാബ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അപകടകരമായ സൂക്ഷ്മാണുക്കളെ തടയുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, എഞ്ചിനീയറിംഗ് നിയന്ത്രണങ്ങൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രോഗനിർണയ സംവിധാനങ്ങളുടെയും വാക്‌സിനുകൾ ഉൾപ്പടെയുള്ള മരുന്നുകളുടെ വികസനവും പരീക്ഷണവും തുടങ്ങി സാംക്രമിക രോഗങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ ബിഎസ്എൽ 3 ലാബ് നിർണായക പങ്ക് വഹിക്കും. പുതിയതും പുനരാവിർഭവിക്കുന്നതുമായ വൈറൽ രോഗങ്ങളുടെ പ്രക്രിയകൾ പഠിക്കാനും അവയ്‌ക്കെതിരെ ആൻറിവൈറൽ തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും ഈ ലബോറട്ടറി സഹായകരമാവുമെന്നും ഡോ. രാജേഷ് അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: കേരളത്തിലെ 21 റെയിൽവേ സ്റ്റേഷനുകൾക്ക് എഫ്.എസ്.എസ്.എ.ഐ.യുടെ ഈറ്റ് റൈറ്റ് സ്റ്റേഷൻ അംഗീകാരം ലഭിച്ചു. യാത്രക്കാർക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ.) നേതൃത്വത്തിലുള്ള ഈറ്റ് റൈറ്റ് ഇന്ത്യാ മൂവ്‌മെന്റിന് കീഴിലുള്ള സംരംഭങ്ങളിലൊന്നായ ഈറ്റ് റൈറ്റ് റെയിൽവേ സ്റ്റേഷൻ പദ്ധതിയിലാണ് കേരളത്തിലെ 21 സ്റ്റേഷനുകൾക്ക് അംഗീകാരം ലഭിച്ചത്. രാജ്യത്ത് 114 റയിൽവേ സ്റ്റേഷനുകൾക്കാണ് ഈറ്റ് റൈറ്റ് സ്റ്റേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചത്. അവയിൽ ഏറ്റവും കൂടുതൽ അംഗീകാരം ലഭിച്ചത് കേരളത്തിനാണ്.

കേരളം ഭക്ഷ്യസുരക്ഷാ രംഗത്ത് നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള മറ്റൊരു അംഗീകാരം കൂടിയാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഭക്ഷ്യ സുരക്ഷാ സൂചികയിൽ അടുത്തിടെ കേരളം ദേശീയ തലത്തിൽ ആദ്യമായി ഒന്നാം സ്ഥാനം നേടിയിരുന്നു. മുൻ വർഷത്തെ വരുമാനത്തെക്കാൾ 193 ശതമാനം അധിക വരുമാനം നേടി 2022-23 കാലയളവിൽ റെക്കോർഡിട്ടു. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമായി. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം കാമ്പയിൻ’ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ്, ഹൈജീൻ റേറ്റിംഗ്, ഈറ്റ് റൈറ്റ് ക്യാമ്പസ്, ക്ലീൻ ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിൾ മാർക്കറ്റ്, ഉപയോഗിച്ച എണ്ണ തിരിച്ചെടുക്കുന്ന റൂക്കോ എന്നീ പദ്ധതികൾ നടപ്പിലാക്കി വരുന്നു. ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടലും ഈറ്റ് റൈറ്റ് കേരള മൊബൈൽ ആപ്പും യാഥാർത്ഥ്യമാക്കി. ഇത് കൂടാതെയാണ് ഈറ്റ് റൈറ്റ് റെയിൽവേ സ്റ്റേഷൻ പദ്ധതിയും നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പരപ്പനങ്ങാടി, ചാലക്കുടി, തലശ്ശേരി, കണ്ണൂർ, പാലക്കാട് ജങ്ഷൻ, ചെങ്ങന്നൂർ, ഷൊർണൂർ ജങ്ഷൻ, തിരൂർ, വടകര, ചങ്ങനാശ്ശേരി, ആലപ്പുഴ, വർക്കല, കരുനാഗപ്പള്ളി, അങ്കമാലി, ആലുവ, തിരുവല്ല, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നീ റെയിൽവേ സ്റ്റേഷനുകൾക്കാണ് ഈറ്റ് റൈറ്റ് സ്റ്റേഷൻ അംഗീകാരം ലഭിച്ചത്.

റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ റീട്ടെയിൽ ഔട്ട്ലെറ്റ്(സ്റ്റാറ്റിക്), റീട്ടെയിൽ കം കാറ്ററിംഗ് സ്ഥാപനം (സ്റ്റാറ്റിക്), ഫുഡ് പ്ലാസ/ ഫുഡ് കോർട്ടുകൾ/ റെസ്റ്റോറന്റുകൾ (സ്റ്റാറ്റിക്), പെറ്റി ഫുഡ് വെണ്ടർമാർ/ സ്റ്റാളുകൾ/ കിയോസ്‌കുകൾ (സ്റ്റാറ്റിക്/ മൊബൈൽ), കൂടാതെ സ്റ്റേഷൻ യാർഡിലെ വെയർഹൗസ്, ബേസ് കിച്ചൺ തുടങ്ങിയവയെല്ലാം ഈ പദ്ധതിയുടെ കീഴിൽ വരുന്നവയാണ്. ഇവിടെയെല്ലാം ഭക്ഷ്യ സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും യാത്രക്കാർക്ക് ഭക്ഷണം നൽകുമ്പോഴും സുരക്ഷാ മാനദണ്ഡം പാലിക്കുന്നുണ്ടെന്നും എഫ്.എസ്.എസ്.എ.ഐ. ഉറപ്പ് വരുത്തിയ ശേഷമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. ഈ പദ്ധതി പ്രകാരം സർട്ടിഫൈ ചെയ്യണമെങ്കിൽ സ്റ്റേഷൻ കോംപ്ലക്‌സിലെ മുഴുവൻ ഭക്ഷ്യ സംരംഭകരും എഫ്.എസ്.എസ്.എ.ഐ. റജിസ്‌ട്രേഷൻ/ ലൈസൻസ് നിർബന്ധമായും കരസ്ഥമാക്കിയിട്ടുണ്ടാവണം. കുടാതെ സ്റ്റേഷനിലെ സ്ഥാപനങ്ങളിൽ ഭക്ഷണം കൈകാര്യം ചെയ്യുന്നവർ എഫ്.എസ്.എസ്.എ.ഐ.യുടെ ഫോസ്റ്റാക് പരിശീലനം ലഭിച്ച സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ടാവണം.