ന്യൂഡൽഹി: ഇന്ത്യയിലെ 54 കഫ് സിറപ്പ് കമ്പനികൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ പുറത്തുവിട്ടറിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. സിഡിഎസ്സിഒ എന്നത് കോസ്മെറ്റിക്സ്, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്ന രാജ്യത്തെ ദേശീയ റെഗുലേറ്ററി ബോഡിയാണ്.
പല കമ്പനികളും ഗുണനിലവാരമില്ലാത്ത കഫ് സിറപ്പുകൾ നിർമിക്കുന്നതായി കണ്ടെത്തിയെന്നാണ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ നിർമിത കഫ് സിറപ്പുകൾ കഴിച്ച് ആഗോളതലത്തിൽ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം പുതിയ നടപടി സ്വീകരിച്ചത്.
ഈ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ, കഫ് സിറപ്പുകളുടെ ഗുണനിലവാരം സംബന്ധിച്ച് സർക്കാർ ക്ലിയറൻസ് ലഭിക്കണം എന്ന കാര്യം ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) നിർബന്ധമാക്കിയിരുന്നു. ഇതനുസരിച്ച്, കയറ്റുമതിക്ക് അനുമതി തേടുന്ന കഫ് സിറപ്പ് കമ്പനികളുടെ സാമ്പിളുകൾ പരിശോധിച്ചു വരികയാണ്. 54 കമ്പനികളിൽ നിന്നും ലഭിച്ച 128 സാമ്പിളുകൾ നിലവാരമുള്ളതല്ലെന്ന് സിഡിഎസ്സിഒ കണ്ടെത്തിയിട്ടുണ്ട്. ഗുജറാത്ത്, മുംബൈ, ചണ്ഡീഗഡ്, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർക്കാർ ലാബുകളിലാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ പരാജയപ്പെട്ടവർക്ക്, ഗുണനിലവാരം സംബന്ധിച്ച മാനദണ്ഡങ്ങൾക്കനുസൃതമായി വീണ്ടും കഫ് സിറപ്പുകൾ നിർമിക്കാനും അവ വീണ്ടും പരിശോധനയ്ക്ക് അയക്കാനും സാധിക്കും. ഗുണനിലവാരം സംബന്ധിച്ച് ലോകാരോ?ഗ്യ സംഘടന നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രമേ ഈ കഫ് സിറപ്പുകൾ കയറ്റുമതി ചെയ്യാൻ കഴിയൂ. ഇത് ഞങ്ങൾ കൃത്യമായി പരിശോധിക്കുമെന്നും സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

