ന്യൂഡൽഹി: ലോകത്ത് വീണ്ടും കോവിഡ് നിരക്കുകളിൽ വർദ്ധനവ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും കോവിഡ് കേസുകൾ ഉയരുകയാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. മുപ്പത്തിയൊന്ന് പുതിയ കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 249 ആയി ഉയർന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
അമേരിക്ക, യു.കെ, ഫ്രാൻസ്, മലേഷ്യ, ഓസ്‌ട്രേലിയ, ഫിലിപ്പീൻസ് തുടങ്ങിയ പല രാജ്യങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് ഇപ്പോഴും ഒരു ഭീഷണിയായി തുടരുന്നുണ്ടെന്നും ഇപ്പോൾ പലരാജ്യങ്ങളിലും വ്യാപിക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടനയുടെ സാംക്രമിക രോഗപ്രതിരോധ വിഭാഗം ഇടക്കാല ഡയറക്ടറായ മരിയ വാൻ കെർഖോവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
രൂപാന്തരം സംഭവിച്ചും മാറ്റം സംഭവിച്ചും കോവിഡ് വൈറസ് ഇപ്പോഴും പടർന്നുകൊണ്ടിരിക്കുകയാണ്. ലോകം കോവിഡിൽ നിന്ന് ഏറെ മുന്നോട്ടുപോയി. ആളുകൾ സ്വയം സുരക്ഷിതരാകാൻ പഠിച്ചു. പക്ഷേ ഈ വൈറസ് എവിടെയും പോയിട്ടില്ല. ഇപ്പോഴും പടരുകയാണ്. മാറിക്കൊണ്ടിരിക്കുകയാണ്. ജീവനെടുത്തുകൊണ്ടിരിക്കുകയാണെന്നും മരിയ പറഞ്ഞിരുന്നു. കോവിഡിന്റെ BA.2.86 എന്ന വകഭേദമാണ് പലയിടത്തും വ്യാപിച്ചുകൊണ്ടിരിക്കുന്നതെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.

