രാജ്യത്തേറ്റവും കൂടുതൽ സൗജന്യ ചികിത്സ കേരളത്തിൽ: വീണാ ജോർജ്

തൃശൂർ: രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്നത് കേരളത്തിലെ സർക്കാർ ആശുപത്രികളിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 1600 കോടി രൂപയാണ് സൗജന്യ ചികിത്സക്കായി സംസ്ഥാന സർക്കാർ ഒരു വർഷം മുടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ മെഡിക്കൽ കോളജിൽ അഞ്ചു ലക്ഷം രൂപയിലേറെ ചെലവു വരുന്ന സങ്കീർണമായ തലച്ചോറിലെ മുഴ നീക്കൽ ശസ്ത്രക്രിയ അടുത്തിടെ തൃശൂർ മെഡിക്കൽ കോളജിൽ നടത്തിയത് പൂർണമായും സൗജന്യമായാണ്. നിപ വൈറസ് 90 ശതമാനത്തിലേറെ മരണനിരക്ക് സൃഷ്ടിക്കുന്ന ഭീകരമായ അവസ്ഥയാണ്. എന്നാൽ നിപ മരണ നിരക്ക് 30 ശതമാനമായി കുറയ്ക്കാൻ സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയ്ക്ക് സാധിച്ചു. രാജ്യത്ത് ഏറ്റവും കുറഞ്ഞ മാതൃ -ശിശു മരണനിരക്ക് കേരളത്തിലാണ്. കോവിഡ് കാലത്ത് കേരളത്തെ വേറിട്ടു നിർത്തിയത് അത് മനുഷ്യരെ ചേർത്തുപിടിച്ചതു കൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.

അഞ്ഞൂറു കോടിയിലേറെ രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കുന്നത്. 233 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് തൃശൂർ മെഡിക്കൽ കോളേജിൽ നടക്കുന്നത്. 273 കോടി രൂപ മുടക്കി നിർമിക്കുന്ന അമ്മയും കുഞ്ഞും ബ്‌ളോക്കിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. 169 കോടി രൂപ മുടക്കി നിർമിക്കുന്ന സൂപ്പർ സ്‌പെഷാലിറ്റി ബ്‌ളോക്കിന്റെയും നിർമാണം പൂർത്തിയായെന്ന് മന്ച്രി ചൂണ്ടിക്കാട്ടി.

ആരോഗ്യ മേഖലയിൽ മാത്രം 219 കോടി രൂപ കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. ഇതുവരെ ഇതിൽ നിന്ന് ഒരു രൂപ പോലും ലഭിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സമ്മർദത്തിനിടയിലും ധീരമായ ചെറുത്തു നിൽപാണ് വികസന രംഗത്ത് സംസ്ഥാനം നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.