തിരുവനന്തപുരം: തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്‌നോളജിയിൽ ഉയർന്ന ജീവാപായ സാധ്യതയുള്ള രോഗാണുക്കളെ കൈകാര്യം ചെയ്യുന്നതിനും പഠിക്കുന്നതിനുമായി അത്യാധുനിക സൗകര്യമായ ബയോസേഫ്റ്റി ലെവൽ- 3 (ബിഎസ്എൽ-3) ഗവേഷണശാല (ആർജിസിബി) പ്രവർത്തനമാരംഭിച്ചു. ദക്ഷിണേന്ത്യയിൽ ബിഎസ്എൽ-3 ലാബ് സൗകര്യമുള്ളത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ബയോടെക്‌നോളജി (എൻഐഎബി), ഹൈദരാബാദ്, മണിപ്പാൽ സെന്റർ ഫോർ വൈറസ് റിസർച്ച് (എംസിവിആർ) എന്നിവിടങ്ങളിൽ മാത്രമാണ്
രോഗകാരികളായ സൂക്ഷ്മാണുക്കളുടെ നിർണ്ണയത്തിനും ഗവേഷണ ആവശ്യങ്ങൾക്കുമായി ലബോറട്ടറികളെ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുണ്ട്. അതിൽ തന്നെ, മനുഷ്യനു തീവ്രമായ രോഗാവസ്ഥയ്‌ക്കോ മരണത്തിനോ കാരണമായേക്കാവുന്നതും എന്നാൽ സമൂഹവ്യാപനത്തിനു സാധ്യത കുറഞ്ഞതുമായ സൂക്ഷ്മജീവികളെ റിസ്‌ക് ഗ്രൂപ്പ്-3 എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ആർജിസിബിയിലെ സീനിയർ സയന്റിസ്റ്റും ബിഎസ്എൽ 3 ലാബ് ഇൻ ചാർജ്ജുമായ ഡോ. രാജേഷ് ചന്ദ്രമോഹനദാസ് പറഞ്ഞു.
കോവിഡ് വൈറസുകൾ, ചിലയിനം ഇൻഫ്‌ളുവൻസ വൈറസുകൾ, മൈക്രോ ബാക്റ്റീരിയം ട്യൂബെർക്കുലോസിസ് തുടങ്ങി രോഗകാരികളായ സൂക്ഷ്മാണുക്കളുടെ ഗവേഷണത്തിന് ബയോസേഫ്റ്റി ലെവൽ- 3 എന്ന് നിശ്ചയിക്കപ്പെട്ട ലബോറട്ടറികൾ നിർബന്ധമാണ്. അപകടകാരികളായ സൂക്ഷ്മാണുക്കളെ നിയന്ത്രിക്കുന്നതിനും ലബോറട്ടറി ജീവനക്കാരെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനും ഈ ലാബുകളിൽ കർശനമായ സുരക്ഷാനടപടികളും പ്രോട്ടോക്കോളുകളുമുണ്ട്. പകർച്ചവ്യാധികൾ, മോളിക്യുലാർ മെഡിസിൻ, ബയോ ടെക്‌നോളജി എന്നിവയിലെ ഗവേഷണങ്ങളിൽ ബിഎസ്എൽ 3 ലാബ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അപകടകരമായ സൂക്ഷ്മാണുക്കളെ തടയുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, എഞ്ചിനീയറിംഗ് നിയന്ത്രണങ്ങൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഗനിർണയ സംവിധാനങ്ങളുടെയും വാക്‌സിനുകൾ ഉൾപ്പടെയുള്ള മരുന്നുകളുടെ വികസനവും പരീക്ഷണവും തുടങ്ങി സാംക്രമിക രോഗങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ ബിഎസ്എൽ 3 ലാബ് നിർണായക പങ്ക് വഹിക്കും. പുതിയതും പുനരാവിർഭവിക്കുന്നതുമായ വൈറൽ രോഗങ്ങളുടെ പ്രക്രിയകൾ പഠിക്കാനും അവയ്‌ക്കെതിരെ ആൻറിവൈറൽ തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും ഈ ലബോറട്ടറി സഹായകരമാവുമെന്നും ഡോ. രാജേഷ് അഭിപ്രായപ്പെട്ടു.

