Health (Page 23)

നിരവധി ഔഷധ ഗുണങ്ങൾ നെല്ലിക്കയിലുണ്ട്. ധാരാളം ധാതുക്കളും വിറ്റാമിനുകളും നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക പ്രതിരോധശേഷി വർദ്ധിപ്പിക്കും. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്റെ അളവ് നിലനിർത്താനും നെല്ലിക്ക സഹായിക്കും.

ധമനികളിലും സിരകളിലും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ നെല്ലിക്കയ്ക്ക് കഴിയും. ഹൃദയാരോഗ്യത്തോടൊപ്പം ആരോഗ്യകരമായ രക്തചംക്രമണത്തിനും നെല്ലിക്ക സഹായകമാണെന്ന് വിദഗ്ധർ പറയുന്നു. സന്ധിവാതം, ഓസ്റ്റിയോപൊറോസിസ്, സന്ധി വേദന എന്നിവയ്ക്ക് നെല്ലിക്ക ജ്യൂസ് വളരെ നല്ലതാണ്.

നെല്ലിക്കയിൽ ധാരാളം ജലാംശം ഉണ്ട്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തും. ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, ഊർജം വർധിപ്പിക്കുന്ന ഘടകങ്ങൾ എന്നിവ നെല്ലിക്ക ജ്യൂസിൽ അടങ്ങിയിട്ടുണ്ട്.

ഉയർന്ന ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾക്കുളള നിർദേശങ്ങളും അതോറിറ്റി പുറപ്പെടുവിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  • പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
  • പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത് .
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഓ ആർ എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
  • മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
  • ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജല ലഭ്യത ഉറപ്പാക്കണം.
  • വിദ്യാർഥികളുടെ കാര്യത്തിൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 മുതൽ 3 വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
  • അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
  • കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
  • ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ പകൽ 11 മുതൽ വൈകിട്ട് 3 വരെ സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. അവർക്ക് ചൂടേൽക്കാതിരിക്കാനുതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യണം.
  • മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും പകൽ 11 മുതൽ വൈകിട്ട് 3 വരെ കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
  • പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തണം. 11 മുതൽ 3 മണി വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
  • യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
  • നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തണം.
  • ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
  • കുട്ടികളെയും വളർത്തുമൃഗങ്ങളെയും പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
  • ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക.
  • അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്)ക്ക് 100 കോടികൂടി അനുവദിച്ചു. ഈ മാസം ആദ്യം 150 കോടി രൂപ കാരുണ്യ പദ്ധതിക്ക് അനുവദിച്ചിരുന്നു. ഫെബ്രുവരിയിലും 100 കോടി രൂപ നൽകി. രണ്ടാം പിണറായി സർക്കാർ ഇതുവരെ 2795 കോടി രൂപയാണ് പദ്ധതിക്കായി നൽകിയത്. ഇതിൽ കേന്ദ്ര സർക്കാർ വിഹിതം വർഷം 151 കോടി രൂപ മാത്രമാണ്.

സംസ്ഥാനത്തെ ദരിദ്രരും ദുർബലരുമായ കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ ആശുപത്രി ചികിത്സ പദ്ധതിയിൽ ഉറപ്പാക്കുന്നു. 41.96 ലക്ഷം കുടുംബങ്ങൾ കാസ്പിൽ ഉൾപ്പെടുന്നു. ഇവർക്ക് സർക്കാർ, എംപാനൽ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ സൗകര്യമുണ്ട്. ഒരു കുടുംബത്തിലെ മുഴുവൻ വ്യക്തികൾക്കോ അല്ലെങ്കിൽ ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും. കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ ഒന്നും സഹായത്തിന് പരിഗണിക്കുന്നതിന് തടസമാകില്ല. ഒരു കുടുംബത്തിലെ എല്ലാവർക്കും പദ്ധതി സഹായത്തിന് അർഹതയുണ്ട്. അംഗമാകുന്ന ഏതൊരു വ്യക്തിക്കും മുൻഗണനാ മാനദണ്ഡങ്ങളില്ലാതെ ചികിത്സാസഹായം ലഭ്യമാകുന്നുവെന്നതും പ്രത്യേകതയാണ്. അറുനൂറിലേറെ ആശുപത്രികളിലാണ് കാസ്പ് ചികിത്സ സൗകര്യമുള്ളത്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) യിൽ ഉൾപ്പെടാത്തതും, വാർഷിക വരുമാനം മുന്നുലക്ഷത്തിൽ താഴെയുള്ളതുമായ കുടുംബങ്ങൾക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് സൗജന്യ ചികിത്സാ സ്‌കീമുമുണ്ട്.

ഒരു വാഹനം നിറുത്തി ഡ്രൈവർ പുറത്തിറങ്ങുമ്പോൾ വണ്ടി മുന്നോട്ടോ പിന്നോട്ടോ ഉരുണ്ട് നീങ്ങി ( പ്രത്യേകിച്ചും ചരിവുള്ള പ്രതലങ്ങളിൽ) അപകടം ഉണ്ടാകാതെ തടയുന്നത് ഹാൻഡ് ബ്രേക്ക് അഥവാ പാർക്കിംഗ് ബ്രേക്കാണ്. പാർക്കിംഗ് ബ്രേക്ക് ലിവർ മുകളിലേക്ക് വലിച്ച് ലോക്ക് ചെയ്യുമ്പോൾ വാഹനത്തിന്റെ പിൻചക്രത്തിലെ ബ്രേക്ക് പ്രവർത്തനക്ഷമമാക്കുന്നതാണ് ഇതിന്റെ പ്രവർത്തനം എന്ന് ലളിതമായി പറയാം. പാർക്കിംഗ് ബ്രേക്ക് ലിവറിന്റെ ഭാഗമായ റാച്ചറ്റ് സംവിധാനമാണ് ലിവറിനെ യഥാസ്ഥാനത്ത് പിടിച്ച് നിർത്തുന്നത്.

ചിലർ ലിവറിന്റെ മുകളിലുള്ള നോബ് ഞെക്കിപ്പിടിച്ച് ലിവർ മുകളിലേക്ക് ഉയർത്തുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനെ തെറ്റായി ചെയ്യുമ്പോൾ ബ്രേക്ക് ശരിയായി ലോക്ക് ആകില്ല. ബ്രേക്ക് റിലീസ് ചെയ്യുമ്പോഴാണ് ലിവറിന്റെ മുകളിലെ നോബ് പ്രസ് ചെയ്യേണ്ടത് എന്നുകൂടി മനസിലാക്കുക. ലിവർ മുകളിലേക്ക് വലിക്കുമ്പോൾ ‘ടിക് ടിക്’ ശബ്ദം കേൾക്കുന്നത് ഒന്നു ശ്രദ്ധിക്കുമല്ലൊ. റാച്ചറ്റിന്റെ ടീത്തിൽ ലോക്ക് ആകുന്ന ശബ്ദമാണിത്. സാദാരണയായി 4 മുതൽ 9 വരെ ‘ടിക്’ശബ്ദമാണ് വാഹന നിർമ്മാതാക്കൾ നിഷ്‌കർഷിക്കുന്നത്. ലിവർ വിലക്കുമ്പോൾ ഇതിൽ കൂടുതൽ തവണ ‘ടിക്’ശബ്ദം കേട്ടാൽ ഹാൻഡ് ബ്രേക്ക് അഡ്ജസ്റ്റ് ചെയ്യാറായി എന്ന് മനസിലാക്കാം.

വാഹനം നിർത്തി പുറത്തിറങ്ങും മുൻപ് ഗിയറിൽ ഇടാനും മറക്കരുത്. വാഹനം ന്യൂട്രൽ പൊസിക്ഷനിൽ ആണെങ്കിൽ പോലും ‘ പാർക്കിംഗ് ബ്രേക്ക് ‘ ശരിയായി പ്രവർത്തിപ്പിച്ചിട്ടുണ്ടെങ്കിൽ സുരക്ഷ ഉറപ്പുവരുത്താം.

ഇന്നത്തെ കാലത്ത് ഫ്രിഡ്ജ് ഇല്ലാത്ത ഒരു വീട് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഭക്ഷണസാധനങ്ങൾ കേടുകൂടാതിരിക്കാനും പാഴാകാതിരിക്കാനും റഫ്രിജറേറ്റർ സഹായിക്കും. അധികം വരുന്ന ഭക്ഷണസാധനങ്ങൾ നമ്മളിൽ പലരും റഫ്രിജറേറ്ററിനുള്ളിൽ സൂക്ഷിക്കാറുണ്ട്. അങ്ങനെയാണെങ്കിൽ പോലും ചില സമയങ്ങളിൽ ഭക്ഷണസാധനങ്ങൾ കേടായിപ്പോകാറുണ്ട്. എന്താണ് ഇതിന്റെ കാരണമെന്ന് നോക്കാം.

റഫ്രിജറേറ്ററിനുള്ളിലെ താപനില കൂടുതലോ കുറവോ ആയിരിക്കുന്നതാണ് ഇതിന് കാരണം. ഭക്ഷണസാധനങ്ങൾ റഫ്രിജറേറ്ററിനുള്ളിൽ 5 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനിലയിൽ സൂക്ഷിക്കരുത്. ഈ താപനിലയിൽ ഭക്ഷണം സൂക്ഷിച്ചാൽ പെട്ടെന്ന് കേടുവരും. ഉയർന്ന താപനിലയിൽ ഭക്ഷണം സൂക്ഷിക്കുന്നത് ഭക്ഷണസാധനങ്ങളുടെ സ്വാഭാവികത നഷ്ടപ്പെടുന്നതിനും കാരണമാകും.

0 മുതൽ 5 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ആയിരിക്കണം റഫ്രിജറേറ്ററിനുള്ളിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കേണ്ടതെന്നാണ് പഠനങ്ങൾ പറയുന്നത്. കാലാവസ്ഥ മാറുന്നതിനനുസരിച്ച് താപനില മാറ്റി നൽകേണ്ടതാണ്.

റെഫ്രിജറേറ്റർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • റെഫ്രിജറേറ്ററിനു ചുറ്റും വായുസഞ്ചാരം ഉറപ്പാക്കുക. ഇതിനായി ഭിത്തിയിൽ നിന്നും നാല് ഇഞ്ചെങ്കിലും അകലം ഉണ്ടായിരിക്കണം.
  • റെഫ്രിജറേറ്ററിന്റെ വാതിൽ ഭ്രദമായി അടഞ്ഞിരിക്കണം. ഇതിനായി വാതിലിലുളള റബ്ബർ ബീഡിംഗ് കാലാകാലം പരിശോധിച്ച് പഴക്കം ചെന്നതാണെങ്കിൽ മാറ്റുക.
  • ആഹാര സാധനങ്ങൾ ചൂടാറിയതിനു ശേഷം മാത്രം റെഫ്രിജറേറ്ററിൽ വയ്ക്കുക. എടുത്തു കഴിഞ്ഞാൽ തണുപ്പു മാറിയതിനുശേഷം മാത്രം ചൂടാക്കുക.
  • കൂടെക്കൂടെ റെഫ്രിജറേറ്റർ തുറക്കുന്നത് ഊർജ്ജനഷ്ടമുണ്ടാക്കും.
  • റെഫ്രിജറേറ്റർ കൂടുതൽ നേരം തുറന്നിടുന്നത് ഒഴിവാക്കാനായി ആഹാരസാധനങ്ങൾ അടുക്കോടെയും ചിട്ടയോടെയും ഒരു നിശ്ചിത സ്ഥാനത്ത് വയ്ക്കാൻ ശ്രദ്ധിക്കുക.
  • കാലാവസ്ഥ അനുസരിച്ചും ഉള്ളിലെ സാധനങ്ങളുടെ അളവ് അനുസരിച്ചും തെർമോസ്റ്റാറ്റ് ക്രമീകരിക്കണം.
  • റെഫ്രിജറേറ്ററിൽ ആഹാര സാധനങ്ങൾ കുത്തിനിറച്ച് ഉപയോഗിക്കുന്നത് വൈദ്യുതി ചെലവു കൂട്ടും. മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് റെഫ്രിജറേറ്ററിനകത്തെ തണുത്ത വായുവിന്റെ സുഗമമായ സഞ്ചാരത്തിന് തടസ്സം ഉണ്ടാക്കുന്നതിനാൽ ആഹാര സാധനങ്ങൾ കേടാകുകയും ചെയ്യും.
  • ആഹാര സാധനങ്ങൾ അടച്ചുമാത്രം റഫ്രിജറേറ്ററിൽ സൂക്ഷിക്കുക. ഇത് ഈർപ്പം റെഫ്രിജറേറ്ററിനകത്ത് വ്യാപിക്കുന്നത് തടയുകയും തന്മൂലമുള്ള വൈദ്യുതി നഷ്ടം ഒഴിവാക്കുകയും ചെയ്യുന്നു.
  • ഫ്രീസറിൽ ഐസ് കൂടുതൽ കട്ട പിടിക്കുന്നത് ഊർജ്ജനഷ്ടമുണ്ടാക്കുന്നു. അതിനാൽ നിർമാതാവ് നിർദ്ദേശിചിട്ടുള്ള സമയ ക്രമത്തിൽ തന്നെ ഫ്രീസർ ഡീഫ്രോസ്റ്റ് ചെയ്യുക.

മധുരം ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. അതിനാൽ തന്നെ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാൻ പലർക്കും ബുദ്ധിമുട്ടാണ്. എന്നാൽ, പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യത്തിന് ഹാനീകരമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഒരു ദിവസം വിവിധരൂപത്തിൽ പഞ്ചസാര നമ്മുടെ ശരീരത്തിൽ എത്തുന്നുണ്ട്. പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

ചായ, കാപ്പി തുടങ്ങിയവയിൽ മധുരം ഇടാതെ കുടിച്ചാൽ ഒരു പരിധി വരെ നമുക്ക് പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സാധിക്കും. പ്രമേഹം വരാതിരിക്കാനുള്ള ഒരു മുൻകരുതൽ കൂടിയാണിത്.

ജ്യൂസിന് പകരം പഴങ്ങൾ കഴിക്കാം. പാക്കറ്റിൽ വാങ്ങുന്ന ജ്യൂസ് ആണെങ്കിൽ അമിതമായ പഞ്ചസാര ചേർത്താണ് വിപണിയിൽ ലഭിക്കുക. അതിനാൽ തന്നെ ഇത് പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം.

പാകം ചെയ്യുന്ന ഭക്ഷണത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കണം. ഭക്ഷണം അമിതമായി കഴിക്കാതെ നിയന്ത്രിച്ച് കഴിക്കണം. പരമാവധി വീട്ടിൽ നിന്ന് തന്നെ ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മഞ്ഞപ്പിത്തം (വൈറൽ ഹെപ്പറ്റൈറ്റിസ് ) മഞ്ഞപ്പിത്തം എ ഇ വിഭാഗങ്ങൾ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിലും കണ്ണിനും ശരീരത്തിലും മഞ്ഞ നിറം പ്രത്യക്ഷപ്പെടുന്നു.

ഹെപ്പറ്റൈറ്റിസ്-എ, ഇ വൈറസ് ബാധ മലിനമായതോ അല്ലെങ്കിൽ വേണ്ടത്ര ശുദ്ധീകരിക്കാത്തതോ ആയ ജലം, മലിനമായ ആഹാരം, രോഗിയുമായുള്ള സമ്പർക്കം എന്നിവ വഴി വളരെ വേഗം പകരുന്നു. രോഗബാധിതനായ ഒരാൾ കുടുംബാംഗങ്ങൾക്ക് ഭക്ഷണം തയ്യാറാക്കുമ്പോഴും ആഹാരം പങ്കിട്ടു കഴിക്കുമ്പോഴും സമ്പർക്കം പുലർത്തുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരുന്നു. രോഗിയെ ശുശ്രൂഷിക്കുന്നവർ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകേണ്ടതാണ്. മലിനമായ കൈകളിലൂടെയും മറ്റും രോഗാണുക്കൾ വെള്ളത്തിലും ഭക്ഷണത്തിലും കലരുന്നതു വഴി രോഗം പകരുന്നു. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടുന്നതിലൂടെ രോഗം മാരകമാകുന്നത് തടയാം.

പ്രതിരോധ മാർഗങ്ങൾ

  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. തിളപ്പിച്ചതും തിളപ്പിക്കാത്തതുമായ കുടിവെള്ളം കൂടികലർത്തി ഉപയോഗിക്കരുത്.പുറത്തുപോകുമ്പോൾ എപ്പോഴും തിളപ്പിച്ചാറിയ വെള്ളം കരുതുക.
  • ആഹാരം പാകം ചെയ്യുന്നതിനും, വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പും ശുചിമുറി ഉപയോഗിച്ച ശേഷവും പുറത്ത് പോയി വന്നതിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
  • കിണറിന് ചുറ്റുമുള്ള പരിസരങ്ങളിൽ വൃത്തിഹീനമായ രീതിയിൽ വെള്ളം കെട്ടിക്കിടക്കാതെയും കിണറിലെ വെള്ളം മലിനമാകാതെയും സൂക്ഷിക്കുക. കൃത്യമായ ഇടവേളകളിൽ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശമനുസരിച്ച് കിണർ വെള്ളം ക്‌ളോറിനേറ്റ് ചെയ്യുക. മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശങ്ങളിൽ കുടിവെള്ള സ്രോതസ്സുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യേണ്ടതാണ്.ഇത്തരത്തിൽ അണുവിമുക്തമായ ശുദ്ധമായ വെള്ളം മാത്രം പാകം ചെയ്യുവാനും പാത്രങ്ങൾ കഴുകുന്നതിനും ഉപയോഗിക്കുക.
  • വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം ചെയ്ത ആഹാരസാധനങ്ങളും ശീതളപാനീയങ്ങളും പഴകിയതും മലിനമായതുമായ ആഹാരവും കഴിക്കാതിരിക്കുക
  • പഴവർഗ്ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക
  • ആഹാര സാധനങ്ങളും കുടിവെള്ളവും എപ്പോഴും അടച്ചു സൂക്ഷിക്കുക
  • തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം ചെയ്യാതിരിക്കുക
  • കുഞ്ഞുങ്ങളുടെ വിസർജ്ജ്യങ്ങൾ സുരക്ഷിതമായി ശൗച്യാലയത്തിലൂടെ മാത്രം നീക്കം ചെയ്യുക
  • വീട്ടു പരിസരത്ത് ചപ്പുചവറുകൾ കുന്നുകൂടാതെ ശ്രദ്ധിക്കുക. ഈച്ച ശല്യം ഒഴിവാക്കുക.

രോഗബാധയുള്ള പ്രദേശങ്ങളിൽ സ്‌കൂളുകളിലും, കോളേജുകളിലും, ജോലിസ്ഥലങ്ങളിലും മറ്റും ഭക്ഷണവും കുടിവെള്ളവും പങ്കുവെച്ചു കഴിക്കുന്നത് ഒഴിവാക്കുക. ഉത്സവങ്ങൾ, ആഘോഷങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചുള്ള ഐസ് മാത്രം ശീതളപാനീയങ്ങളിൽ ഉപയോഗിക്കുക. രോഗബാധിതർ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കേണ്ടതും പൊതുഇടങ്ങളിൽ സന്ദർശിക്കുന്നതും ഒഴിവാക്കേണ്ടതാണ്. രോഗികൾ ഉപയോഗിക്കുന്ന പാത്രങ്ങളും ആഹാരവും മറ്റ് വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവെയ്ക്കരുത്.

ജീവിതശൈലീരോഗങ്ങളുള്ളവർ, പ്രായമായവർ, ഗർഭിണികൾ,ഗുരുതരരോഗബാധിതർ തുടങ്ങിയവരിൽ കാലതാമസമില്ലാതെ ശരിയായ ചികിത്സ കൃത്യസമയത്തുതന്നെ നൽകേണ്ടതാണ്. അതുകൊണ്ട് ഇവരിൽ കരളിന്റെ പ്രവർത്തനം തകരാറായി രോഗം ഗുരുതരമാകാൻ സാധ്യതയുഉള്ളതിനാൽ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്നും കൃത്യമായ ചികിത്സ കാലതാമസം കൂടാതെതന്നെ തേടുക. ഇവർ കഴിവതും പൊതുഇടങ്ങളിൽ സന്ദർശിക്കുന്നതും കൂടുതൽ ജനസമ്പർക്കം ഒഴിവാക്കുകയും പുറത്തുപോകുന്ന സന്ദർഭങ്ങളിൽ വെള്ളവും ഭക്ഷണവും ഒപ്പം കരുതുകയും പുറത്തുനിന്നും കഴിക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കേണ്ടതാണ്.

ആന്റി ബയോട്ടിക്കുകൾക്കെതിരെ അണുക്കൾ പ്രതിരോധശേഷി ആർജ്ജിക്കുന്നതിനെയാണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്ന് പറയുന്നത്. ആന്റിബയോട്ടിക്കുകൾ കഴിച്ചാലും രോഗം മാറാത്ത അവസ്ഥ ഇതുവഴി ഉണ്ടാകും. അനിയന്ത്രിതമായ ആന്റിബയോട്ടിക് ഉപയോഗം മൂലം പ്രതിരോധശേഷിയാർജിക്കുന്ന അണുക്കൾ പെരുകുന്ന സാഹചര്യം കുറച്ചുകൊണ്ടു വരണം. ഇതിനായി വ്യക്തികളുടെയും ആരോഗ്യസ്ഥാപനങ്ങളുടെയും പൊതുസമൂഹത്തിന്റെയും കൂട്ടായ പ്രവർത്തനം ഉണ്ടാകണം.

ആന്റി മൈക്രോബിയൽ റസിസ്റ്റൻസുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പൊതുജനങ്ങൾ ഡോക്ടറുടെ നിർദ്ദേശങ്ങൾ പ്രകാരം മാത്രം ആന്റിബയോട്ടിക് കഴിക്കണം. അസുഖം ഭേദമായി എന്ന് തോന്നിയാലും ഡോക്ടർ നിർദ്ദേശിച്ച കാലയളവിൽ ആന്റിബയോട്ടിക്കുകൾ നിർബന്ധമായും കഴിക്കേണ്ടതാണ്. കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. രോഗബാധിതരുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം. പ്രതിരോധ കുത്തിവെപ്പുകൾ യഥാസമയം സ്വീകരിക്കുകയും വേണം.

ആന്റി മൈക്രോബിയൽ റെസിസ്റ്റന്റിന്റെ ഫലമായി അണുബാധ ചികിത്സയ്ക്കാൻ ബുദ്ധിമുട്ടാകും. പകർച്ചവ്യാധികൾ പടരുന്നതിനുള്ള സാധ്യതയും വർദ്ധിക്കും. രോഗതീവ്രത കൂടുകയും മരണം സംഭവിക്കുകയും ചെയ്യും. രോഗം എന്താണെന്ന് പരിശോധനയിലൂടെ ഉറപ്പിച്ച് ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ മാത്രം രോഗികൾക്ക് ശരിയായ അളവിൽ ശരിയായ കാലയളവിലേക്ക് ആന്റിബയോട്ടിക് നൽകാൻ ആരോഗ്യ പ്രവർത്തകരും ശ്രദ്ധിക്കണം.

മുണ്ടിവീക്കം ( MUMPS),മുണ്ടി നീര് എന്നീ പേരുകളിൽ അറിയപ്പെടുന്ന രോഗം മിക്സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലം ആണ് ഉണ്ടാകുന്നത് .വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീർ ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്. രോഗം ബാധിച്ചവരിൽ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളിൽ വീക്കം കണ്ടുതുടങ്ങുന്നതിനു തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതൽ ആറു ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്.

അഞ്ചു മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതൽ ബാധിക്കുന്നതെങ്കിലും മുതിർന്നവരിലും കാണപ്പെടാറുണ്ട്. രോഗം കുട്ടികളിലേക്കാൾ ഗുരുതരമാകുന്നത് മുതിർന്നവരിലാണ്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങൾ. വായ തുറക്കുന്നതിനും ചവക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം നേരിടുന്നു.

വിശപ്പില്ലായ്മയും ക്ഷീണവും മറ്റു ലക്ഷണങ്ങൾ ആണ്. പനി, വേദന തുടങ്ങിയ ലക്ഷണങ്ങൾക്ക് ചികിത്സിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം. വായ തുറക്കുന്നതിനും, ചവയ്ക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടും എന്നതിനാൽ കുട്ടികൾ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചേക്കാം, അതിനാൽ ദ്രവരൂപത്തിലുള്ള ആഹാരം കൂടുതലായി നൽകുന്നതിനും, വായയുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

വായുവിലൂടെ പകരുന്ന ഈ രോഗം സാധാരണയായി ചുമ, തുമ്മൽ, മൂക്കിൽ നിന്നുള്ള സ്രവങ്ങൾ, രോഗമുള്ളവരുമായുള്ള സമ്പർക്കം എന്നിവയിലൂടെയാണ് പകരുന്നത്.

പ്രത്യേക ശ്രദ്ധ പുലർത്തിയില്ലെങ്കിൽ തലച്ചോർ, വൃഷണം, അണ്ഡാശയം, ആഗ്നേയ ഗ്രന്ഥി, പ്രോസ്ട്രേറ്റ് എന്നീ ശരീര ഭാഗങ്ങളെ രോഗം ബാധിക്കുന്നു രോഗ ലക്ഷണങ്ങൾ പ്രാരംഭത്തിലേ ചികിത്സിച്ചില്ലെങ്കിൽ ഭാവിയിൽ വന്ധ്യത ഉണ്ടാകുന്നതിനു സാധ്യത ഉണ്ട്. തലച്ചോറിനെ ബാധിച്ചാൽ എൻസഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാം. ഇത് മരണ കാരണമായേക്കാം. രോഗം തിരിച്ചറിയുമ്പോഴേക്കും മറ്റു പലരിലേക്കും പകർന്നിരിക്കും എന്നതിനാൽ മുണ്ടിനീര് പകരുന്നത് നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്.

അസുഖ ബാധിതർ പൂർണമായും അസുഖം മാറുന്നത് വരെ വീട്ടിൽ വിശ്രമിക്കുക. രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്‌കൂളിൽ വിടുന്നത് പൂർണമായും ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്തുക്കൾ അണുവിമുക്തമാക്കുക.

സാധാരണയായി ഒന്ന് മുതൽ രണ്ട് ആഴ്ചകൾ കൊണ്ട് രോഗം ഭേദമാകാറുണ്ട്. ഈ രോഗ നിയന്ത്രണത്തിന് പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്. കുട്ടികൾക്ക് ജനിച്ചശേഷം 16 മുതൽ 24 വരെയുള്ള മാസങ്ങളിൽ എം എം ആർ പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിലൂടെ മുണ്ടിനീര്, അഞ്ചാം പനി, റുബെല്ല എന്നീ അസുഖങ്ങളിൽ നിന്നും പ്രതിരോധം നൽകാം. ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിലാണ് മുണ്ടിനീര് കൂടുതൽ കാണപ്പെടുന്നത്.

മുണ്ടിനീര് ബാധിക്കുന്നവർ രോഗത്തെ അവഗണിക്കുകയോ സ്വയം ചികിത്സ ചെയ്യുകയോ ചെയ്യാതെ ഉടൻ തന്നെ ഡോക്ടറെ കണ്ട് വിദഗ്ദ ചികിത്സ തേടേണ്ടതാണ്.

പാലിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങളുണ്ട്. ശരീരത്തിന് ഏറ്റവും കൂടുതൽ ഊർജമേകുന്ന പാനീയമാണ് പാൽ. 100 മില്ലി ലീറ്റർ പശുവിൻ പാലിൽ 87.8 ഗ്രാം വെള്ളമാണ്. 4.8 ഗ്രാം അന്നജം, 3.9 ഗ്രാം കൊഴുപ്പ്, 3.2 ഗ്രാം പ്രോട്ടീൻ, 120 മില്ലിഗ്രാം കാത്സ്യം, 66 കലോറി തുടങ്ങിയ അടങ്ങിയിട്ടുണ്ട്. ദിവസവും പാൽ കുടിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. എന്നാൽ, പാലിനൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല. ഇങ്ങനെ കഴിക്കുന്നത് ചിലരിൽ ദഹന പ്രശ്‌നങ്ങളുണ്ടാക്കും. അത്തരത്തിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

  • എരിവേറിയ ഭക്ഷണങ്ങൾ

പാലിനൊപ്പം ഒരിക്കലും എരിവേറിയ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല. ഇങ്ങനെ കഴിക്കുന്നത് അസിഡിറ്റിയും നെഞ്ചെരിച്ചിലും ഉണ്ടാക്കും.

  • സിട്രസ് പഴങ്ങൾ

പാലും നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങൾ ഒരുമിച്ച് കഴിക്കരുത്. ഇത് ചിലരിൽ ദഹന പ്രശ്‌നങ്ങൾക്ക് കാരാണമാകാൻ സാധ്യതയുണ്ട്.

  • പാലും മത്സ്യവും

പാലും മത്സ്യവും ഒരുമിച്ച് കഴിക്കുന്നതും ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

  • വാഴപ്പഴം

പാലും വാഴപ്പഴവും ഒരുമിച്ച് കഴിക്കുന്നതും ദഹിക്കാൻ പ്രയാസം ഉണ്ടാക്കാൻ സാധ്യതയുണ്ട്.

  • എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പാലിനൊപ്പം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെ കഴിക്കുന്നത് ആരോഗ്യത്തിന് തീരെ നല്ലതല്ല.

  • സോഡ

സോഡ പോലുള്ള കാർബണേറ്റഡ് പാനീയങ്ങളും പാലിനൊപ്പം വയറിനുള്ളിൽ എത്തുന്നത് ദഹനത്തെ തടസപ്പെടുത്തും. അതിനാൽ ഇവ ഒരുമിച്ച് കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

  • മദ്യം

പാലിനൊപ്പം മദ്യവും കഴിക്കരുത്.

  • സംസ്കരിച്ച ഭക്ഷണങ്ങള്‍

പാലിനൊപ്പം സംസ്കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതല്ല.