ഒരു വാഹനം നിറുത്തി ഡ്രൈവർ പുറത്തിറങ്ങുമ്പോൾ വണ്ടി മുന്നോട്ടോ പിന്നോട്ടോ ഉരുണ്ട് നീങ്ങി ( പ്രത്യേകിച്ചും ചരിവുള്ള പ്രതലങ്ങളിൽ) അപകടം ഉണ്ടാകാതെ തടയുന്നത് ഹാൻഡ് ബ്രേക്ക് അഥവാ പാർക്കിംഗ് ബ്രേക്കാണ്. പാർക്കിംഗ് ബ്രേക്ക് ലിവർ മുകളിലേക്ക് വലിച്ച് ലോക്ക് ചെയ്യുമ്പോൾ വാഹനത്തിന്റെ പിൻചക്രത്തിലെ ബ്രേക്ക് പ്രവർത്തനക്ഷമമാക്കുന്നതാണ് ഇതിന്റെ പ്രവർത്തനം എന്ന് ലളിതമായി പറയാം. പാർക്കിംഗ് ബ്രേക്ക് ലിവറിന്റെ ഭാഗമായ റാച്ചറ്റ് സംവിധാനമാണ് ലിവറിനെ യഥാസ്ഥാനത്ത് പിടിച്ച് നിർത്തുന്നത്.
ചിലർ ലിവറിന്റെ മുകളിലുള്ള നോബ് ഞെക്കിപ്പിടിച്ച് ലിവർ മുകളിലേക്ക് ഉയർത്തുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനെ തെറ്റായി ചെയ്യുമ്പോൾ ബ്രേക്ക് ശരിയായി ലോക്ക് ആകില്ല. ബ്രേക്ക് റിലീസ് ചെയ്യുമ്പോഴാണ് ലിവറിന്റെ മുകളിലെ നോബ് പ്രസ് ചെയ്യേണ്ടത് എന്നുകൂടി മനസിലാക്കുക. ലിവർ മുകളിലേക്ക് വലിക്കുമ്പോൾ ‘ടിക് ടിക്’ ശബ്ദം കേൾക്കുന്നത് ഒന്നു ശ്രദ്ധിക്കുമല്ലൊ. റാച്ചറ്റിന്റെ ടീത്തിൽ ലോക്ക് ആകുന്ന ശബ്ദമാണിത്. സാദാരണയായി 4 മുതൽ 9 വരെ ‘ടിക്’ശബ്ദമാണ് വാഹന നിർമ്മാതാക്കൾ നിഷ്‌കർഷിക്കുന്നത്. ലിവർ വിലക്കുമ്പോൾ ഇതിൽ കൂടുതൽ തവണ ‘ടിക്’ശബ്ദം കേട്ടാൽ ഹാൻഡ് ബ്രേക്ക് അഡ്ജസ്റ്റ് ചെയ്യാറായി എന്ന് മനസിലാക്കാം.
വാഹനം നിർത്തി പുറത്തിറങ്ങും മുൻപ് ഗിയറിൽ ഇടാനും മറക്കരുത്. വാഹനം ന്യൂട്രൽ പൊസിക്ഷനിൽ ആണെങ്കിൽ പോലും ‘ പാർക്കിംഗ് ബ്രേക്ക് ‘ ശരിയായി പ്രവർത്തിപ്പിച്ചിട്ടുണ്ടെങ്കിൽ സുരക്ഷ ഉറപ്പുവരുത്താം.

