എന്താണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ്; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ആന്റി ബയോട്ടിക്കുകൾക്കെതിരെ അണുക്കൾ പ്രതിരോധശേഷി ആർജ്ജിക്കുന്നതിനെയാണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്ന് പറയുന്നത്. ആന്റിബയോട്ടിക്കുകൾ കഴിച്ചാലും രോഗം മാറാത്ത അവസ്ഥ ഇതുവഴി ഉണ്ടാകും. അനിയന്ത്രിതമായ ആന്റിബയോട്ടിക് ഉപയോഗം മൂലം പ്രതിരോധശേഷിയാർജിക്കുന്ന അണുക്കൾ പെരുകുന്ന സാഹചര്യം കുറച്ചുകൊണ്ടു വരണം. ഇതിനായി വ്യക്തികളുടെയും ആരോഗ്യസ്ഥാപനങ്ങളുടെയും പൊതുസമൂഹത്തിന്റെയും കൂട്ടായ പ്രവർത്തനം ഉണ്ടാകണം.

ആന്റി മൈക്രോബിയൽ റസിസ്റ്റൻസുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പൊതുജനങ്ങൾ ഡോക്ടറുടെ നിർദ്ദേശങ്ങൾ പ്രകാരം മാത്രം ആന്റിബയോട്ടിക് കഴിക്കണം. അസുഖം ഭേദമായി എന്ന് തോന്നിയാലും ഡോക്ടർ നിർദ്ദേശിച്ച കാലയളവിൽ ആന്റിബയോട്ടിക്കുകൾ നിർബന്ധമായും കഴിക്കേണ്ടതാണ്. കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. രോഗബാധിതരുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം. പ്രതിരോധ കുത്തിവെപ്പുകൾ യഥാസമയം സ്വീകരിക്കുകയും വേണം.

ആന്റി മൈക്രോബിയൽ റെസിസ്റ്റന്റിന്റെ ഫലമായി അണുബാധ ചികിത്സയ്ക്കാൻ ബുദ്ധിമുട്ടാകും. പകർച്ചവ്യാധികൾ പടരുന്നതിനുള്ള സാധ്യതയും വർദ്ധിക്കും. രോഗതീവ്രത കൂടുകയും മരണം സംഭവിക്കുകയും ചെയ്യും. രോഗം എന്താണെന്ന് പരിശോധനയിലൂടെ ഉറപ്പിച്ച് ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ മാത്രം രോഗികൾക്ക് ശരിയായ അളവിൽ ശരിയായ കാലയളവിലേക്ക് ആന്റിബയോട്ടിക് നൽകാൻ ആരോഗ്യ പ്രവർത്തകരും ശ്രദ്ധിക്കണം.