Health (Page 22)

പോപ് കോൺ കഴിക്കാൻ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ്. രുചി മാത്രമല്ല ഇതിന് ആരോഗ്യ ഗുണവും ഏറെയുണ്ട്. പോപ് കോണിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് ധാന്യങ്ങൾ പ്രധാന പങ്കു വഹിക്കുന്നു. പോപ് കോൺ എന്നത് ഒരു മുഴുവൻ ധാന്യ ഭക്ഷണമാണ്. നാരുകളുടെ മികച്ച ഉറവിടം കൂടിയാണിത്. ദഹനം മെച്ചപ്പെടുത്താനും ഇത് കഴിക്കുന്നത് നല്ലതാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കും കഴിക്കാൻ പറ്റുന്ന മികച്ച ഒരു ഭക്ഷണമാണിത്.

പോളിഫെനോൾ ഉൾപ്പെടെയുള്ള നിരവധി ആന്റിഓക്സിഡന്റുകളാണ് പോപ്പ് കോണിൽ അടങ്ങിയിരിക്കുന്നത്. ഫ്രീ റാഡിക്കലുകൾ മൂലം ഉണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ശരീരത്തിന് സംരക്ഷണമേകുന്നു. പോപ്കോൺ തയ്യാറാക്കാൻ ഉപയോഗിക്കുന്നത് ചോളം എന്ന ധാന്യമാണ്. ചോളത്തിൽ ഗ്ലൂട്ടൻ അടങ്ങിയിട്ടില്ല. ഗ്ലൂട്ടൻ രഹിത ഭക്ഷണം കഴിക്കേണ്ടവർക്ക് ഏറ്റവും മികച്ച ഒരു ഓപ്ഷൻ കൂടിയാണിത്.

പോപ്കോൺ കഴിച്ച ഒരാൾക്ക് അത്ര പെട്ടെന്ന് ഒന്നും വിശപ്പ് തോന്നില്ല. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത കുറയ്ക്കും. കൊഴുപ്പ് അടങ്ങിയിട്ടില്ലെന്നതാണ് ഈ ഭക്ഷണത്തിന് മറ്റൊരു സവിശേഷത.

അന്തരീക്ഷ താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ എല്ലാവരും അതീവജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ജില്ല ദുരന്തനിവാരണ അതോറിറ്റി ചെർമാനായ ജില്ല കലക്ടർ എൻ ദേവിദാസ്. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ നിർദേശങ്ങൾ പാലിക്കണമെന്നും അറിയിച്ചു.

പകൽ 11 മണിമുതൽ വൈകുന്നേരം 3 വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കാൻ ഇടനൽകരുത്. പരമാവധി ശുദ്ധജലം ദാഹമില്ലെങ്കിലും കുടിക്കണം. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കുക. അയഞ്ഞ, ഇളംനിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ വേണം. കുടയോ തൊപ്പിയോ ഉപയോഗിക്കുകയുമാകാം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗവുമാകാം. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപകേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്ത സാധ്യത കണക്കിലെടുത്ത് ഫയർ ഓഡിറ്റ് നടത്തി സുരക്ഷാ മുൻകരുതൽ ഉറപ്പാക്കും. ഇവയോട് ചേർന്ന്താമസിക്കുന്നവരും സ്ഥാപനങ്ങൾനടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം.

കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന്താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേകം ജാഗ്രതപാലിക്കണം. കാട്ടുതീ വനം വകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്.പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം അതത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും ഉറപ്പാക്കണം.

കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങളാൽ അവശതഅനുഭവിക്കുന്നവർ തുടങ്ങിയവിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണവിതരണം നടത്തുന്നവർ ഉച്ചസമയത്ത് (ഒരു മണി മുതൽ മൂന്ന് വരെ) സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഇതേസമയത്തു കുടകൾ ഉപയോഗിക്കണം, നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.

പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തണം. 11 മുതൽ 3 മണി വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കാം.

യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമം ഉറപ്പാക്കണം, വെള്ളം കരുതണം. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലിസമയം ക്രമീകരിക്കണം. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടരുത്. മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടാനുംപാടില്ല. മൃഗങ്ങൾക്കും പക്ഷികൾക്കും വെള്ളം ലഭ്യമാക്കാം. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തിയിട്ട് പോകരുത്.

ജലം പാഴാക്കാതെ ഉപയോഗിക്കണം. മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കുകയുംവേണം. അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും വേണം. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യണമെന്നും ജില്ലാ കലക്ടർ ഓർമിപ്പിച്ചു.

അവധിക്കാലയാത്രകളിൽ പുഴകളും വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ കഴിവതും ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച് അധികൃതർ. കുട്ടികളും ചെറുപ്പക്കാരുമാണ് കൂടുതലായി മുങ്ങിമരണങ്ങൾക്കിരയാകുന്നതെന്ന് വാർത്തകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. ഏപ്രിൽ, മെയ് മാസങ്ങളിലാണ് അപകടങ്ങൾ കൂടുതലും.
പരിചയമില്ലാത്ത സ്ഥലങ്ങളിൽ അമിത ആത്മവിശ്വാസത്തോടെ ജലാശയങ്ങളിലേയ്ക്ക് ഇറങ്ങാതിരിക്കുക. ജലാശയങ്ങളിലെ ഗർത്തങ്ങളും ചുഴികളും മുൻകൂട്ടി മനസ്സിലാക്കാൻ കഴിയില്ല. ജലാശയങ്ങൾ, വഴുക്കുള്ള പാറക്കെട്ടുകൾ എന്നിവിടങ്ങളിൽ അതിസാഹസികത കാണിക്കുമ്പോഴും റീൽസ് പകർത്താൻ ശ്രമിക്കുമ്പോഴും അപകടത്തിൽ പെടുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

🏊മുതിർന്നവരില്ലാതെ കുട്ടികളെ വെള്ളത്തിൽ നീന്താനോ കുളിക്കാനോ കളിക്കാനോ അനുവദിക്കരുത്.

🏊 ജലാശയങ്ങളിലെ യാത്രകളിൽ ലൈഫ് ജാക്കറ്റ്, ട്യൂബ്, നീളമുള്ള കയർ തുടങ്ങിയ രക്ഷോപകരണങ്ങൾ കരുതുക.

🏊 ശരിയായ പരിശീലനം ലഭിച്ചവർ മാത്രം രക്ഷാപ്രവർത്തനങ്ങൾക്കിറങ്ങുക. വെള്ളത്തിൽ വീണവരെ രക്ഷിക്കാനായി നീന്തൽ അറിയാത്തവർ എടുത്തുചാടി അപകടത്തിൽപ്പെടരുത്. അത്തരം സന്ദർഭങ്ങളിൽ കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചുകയറ്റുന്നതാണ് കൂടുതൽ സുരക്ഷിതം.

🏊 നീന്തൽ അറിയാം എന്ന കാരണത്താൽ മാത്രം വെള്ളത്തിൽ ചാടിയിറങ്ങരുത്. ജലാശയങ്ങളിലെ അടിയൊഴുക്കും ചുഴിയും മണലുമെല്ലാം വ്യത്യസ്തമായിരിക്കും. ഒഴുക്കും ആഴവും മനസ്സിലാക്കി സാവധാനം വെള്ളത്തിലേയ്ക്ക് ഇറങ്ങുന്നതാണ് നല്ലത്.

🏊 പരിചിതമില്ലാത്ത സ്ഥലങ്ങളിൽ വെള്ളത്തിലേയ്ക്ക് എടുത്തു ചാടാതിരിക്കുക. ചെളിയിൽ പൂഴ്ന്നു പോകാം, തല പാറയിലോ മരക്കൊമ്പിലോ പതിച്ചും അപകടമുണ്ടാകാം.

🏊 നാട്ടുകാരുടെ മുന്നറിയിപ്പുകളും മുന്നറിയിപ്പ് ബോർഡുകളും അവഗണിക്കാതിരിക്കുക. നേരം ഇരുട്ടിയശേഷവും ഒറ്റപ്പെട്ട സ്ഥലങ്ങളിലും വെള്ളത്തിൽ ഇറങ്ങരുത്.

🏊 മദ്യലഹരിയിൽ ഒരു കാരണവശാലും വെള്ളത്തിൽ ഇറങ്ങരുത്. അസുഖമുള്ളവരും മരുന്നുകൾ കഴിക്കുന്നവരും – പ്രത്യേകിച്ച് അപസ്മാരരോഗികൾ, ഹൃദ് രോഗികൾ – പ്രത്യേകം സൂക്ഷിക്കുക.

🏊 നീന്തൽ അറിയില്ലെങ്കിലും സുഹൃത്തുക്കൾക്ക് അറിയാമല്ലോ എന്ന ആത്മവിശ്വാസത്തിൽ ജലാശയങ്ങളിൽ ഇറങ്ങരുത്. നിങ്ങളോടൊപ്പം ആ സുഹൃത്തിന്റെ ജീവനും പൊലിയാൻ ഇടയുണ്ട്.

🏊 ജലസുരക്ഷയെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുക. കുട്ടികളെ നീന്തൽ പഠിപ്പിക്കുക.

ആലപ്പുഴ: കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ എലിപ്പനി മാരകമാകാൻ ഇടയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ജില്ല മെഡിക്കൽ ഓഫീസർ. മണ്ണും വെള്ളവുമായി ഇടപെടുന്ന ജോലി ചെയ്യുന്നവരും കന്നുകാലി പരിപാലനത്തിൽ ഏർപ്പെടുന്നവരും മറ്റും കൈയ്യുറകൾ, കാലുറകൾ എന്നിവ ധരിക്കണം. കൈകാലുകളിൽ മുറിവ് ഉള്ളപ്പോൾ മലിനമായ വെള്ളവും മണ്ണുമായുള്ള സമ്പർക്കം ഉണ്ടാകാതെ സൂക്ഷിക്കണം. ജോലി ചെയ്തതിനുശേഷം വൃത്തിയായി സോപ്പ് ഉപയോഗിച്ച് കൈകാലുകൾ കഴുകുക തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ ശീലിക്കുക. മലിനമായ മണ്ണും വെള്ളവുമായി സമ്പർക്കത്തിൽ ഇടയാകുന്ന ജോലികളിൽ ഏർപ്പെടുന്നവർ ജോലിക്ക് ഇറങ്ങുന്നതിന് 24 മണിക്കൂർ മുമ്പ് ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം കൃത്യമായി ഇടവേളകളിൽ(ആഴ്ചയിൽ ഒരിക്കൽ 200 മില്ലിഗ്രാം എന്ന നിലയിൽ) ഡോക്സി ഗുളിക കഴിക്കുക.

കഠിനമായ ക്ഷീണം, പേശി വേദന, തലവേദന, പനി നടുവ് വേദന തുടങ്ങിയവ എലിപ്പനി രോഗത്തിന്റെ ലക്ഷണങ്ങൾ ആകാം ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടുക. കെട്ടിനിൽക്കുന്ന മലിനമായ മണ്ണും വെള്ളവുമായി സമ്പർക്കത്തിലാകാൻ ഇടയായ സാഹചര്യങ്ങൾ കൂടി ഡോക്ടറോട് പറയേണ്ടതാണ്. സ്വയം ചികിത്സ പാടില്ല വേദനസംഹാരികൾ പോലെയുള്ള മരുന്നുകൾ ഒരു കാരണവശാലും ഡോക്ടറുടെ നിർദ്ദേശമില്ലാതെ നേരിട്ട് വാങ്ങി കഴിക്കരുത്. ചെറുകുളങ്ങളിലും വെള്ളക്കെട്ടുകളിലും വറ്റിച്ച് മീൻ പിടിക്കാൻ ഇറങ്ങുന്നവർ ശ്രദ്ധിക്കുക വേനൽ ആയതോടെ കുളം, തോടുകൾ തുടങ്ങിയ ജലാശയങ്ങളിൽ വെള്ളം വറ്റി തുടങ്ങുന്നതോടെ മീൻ പിടിക്കുന്നത് ജില്ലയിൽ സാധാരണമാണ്.

ഒഴുക്കില്ലാത്ത വെള്ളത്തിൽ എലിപ്പനി രോഗാണുക്കൾ ഉണ്ടാകാനിടയുണ്ട്. ഇത്തരം വെള്ളക്കെട്ടിൽ ഇറങ്ങുന്നവർക്ക് എലിപ്പനി പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഉപയോഗശൂന്യമായി കിടക്കുന്ന ജലാശയങ്ങളിൽ പാഴ്വസ്തുക്കൾ കിടക്കാൻ ഇടയുണ്ട്. ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ കൈകാലുകളിൽ മുറിവ് ഉണ്ടാകാനും ഇടയുണ്ട്. ശരീരത്തിലെ മുറിവുകളിലൂടെയും നേർത്ത തൊലിയിലൂടെയും രോഗാണുക്കൾ മനുഷ്യ ശരീരത്തിൽ കടക്കുന്നു. ചെറുകുളങ്ങളിലും വെള്ളക്കെട്ടുകളിലും വറ്റിച്ച് മീൻ പിടിക്കാൻ ഇറങ്ങുന്നവർ പ്രവർത്തിയിലേർപ്പെടുന്നതിന് 24 മണിക്കൂർ മുൻപായി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം ഡോക്സി സൈക്ലിൻ ഗുളിക കഴിക്കുക. കൈകാലുകളിൽ മുറിവുണ്ടെങ്കിൽ മീൻ പിടിക്കാൻ ഇറങ്ങരുത്. പേശി വേദന, പനി തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത് വെറും പനി എന്നോർത്ത് സ്വയം ചികിത്സ ചെയ്യരുത്. സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ എത്തി ചികിത്സ തേടുക. മീൻ പിടിക്കാൻ ഇറങ്ങിയ വിവരം പറയാനും മറക്കരുത്.

മധ്യവേനലവധിക്കായി സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. കുട്ടികൾ സന്തോഷത്തോടെ അവധിക്കാലമാഘോഷിക്കണമെന്ന് തന്നെയായിരിക്കും ഏതൊരു രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. എന്നാൽ ഒരു പരിധി വരെ ചില രക്ഷിതാക്കൾക്കെങ്കിലും വേനലവധിക്കാലം ദുഃഖപൂരിതമാകാറുള്ളത് നമ്മൾക്കെല്ലാമറിയാവുന്നതാണ്. അമിതാഘോഷത്തിന്റെ നാളുകൾ റോഡപകടങ്ങളായും മുങ്ങിമരണങ്ങളായും കുടുംബത്തിന്റെ മാത്രമല്ല പല നാടുകളുടെ തന്നെ സന്തോഷത്തെ കെടുത്താറുണ്ട്.

പൊതുവെ കണക്കുകൾ പരിശോധിച്ചാൽ ഏപ്രിൽ മെയ് മാസങ്ങളിൽ റോഡപകടങ്ങളും മരണങ്ങളും താരതമ്യേന കൂടുന്നതായാണ് കാണുന്നത്. കുറെ ഏറെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നമുക്കിത് കുറക്കാൻ കഴിയും. വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ കഴിയുന്ന ചില നിർദേശങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇവ എന്തൊക്കെയാണെന്ന് നോക്കാം:

  1. കുട്ടികൾ നന്നായി കളിക്കട്ടെ – പക്ഷേ റോഡിലോ റോഡരികിലോ ആകാതെ ശ്രദ്ധിക്കുക.
  2. പ്രായമാവാത്ത കുട്ടികൾക്ക് ഒരു കാരണവശാലും വാഹനങ്ങൾ നൽകരുത്.
  3. ബൈക്കുകളിൽ ദൂരയാത്രകൾ പരമാവധി ഒഴിവാക്കുക പ്രത്യേകിച്ച് ഗ്രൂപ്പായി.
  4. വിനോദയാത്രകൾ മുൻകൂട്ടി റൂട്ട് പ്ലാൻ ചെയ്ത് സമയമെടുത്ത് നടത്തുക.
  5. സ്വന്തം വാഹനത്തിലാണ് യാത്രയെങ്കിൽ രാത്രി 11 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള വണ്ടിയോട്ടൽ പരമാവധി ഒഴിവാക്കുക. അങ്ങനെ യാത്ര ചെയ്യേണ്ടി വരുമ്പോൾ രാത്രി ഓടിച്ച് പരിചയമുള്ള ഡ്രൈവർമാരെ ഉപയോഗപ്പെടുത്തുക. അവരെ പകൽ കൃത്യമായി വിശ്രമിക്കാൻ അനുവദിക്കുക.
  6. ടാക്‌സി / കോൺട്രാക്റ്റ് ക്യാര്യേജുകളാണെങ്കിൽ പോലും ഡ്രൈവർമാർ കൃത്യമായി വിശ്രമിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക.
  7. സുരക്ഷാ ഉപകരണങ്ങളായ സീറ്റ് ബെൽട്ട്, ഹെൽമെറ്റ് എന്നിവ ധരിച്ചിട്ടുണ്ട് എന്നുറപ്പു വരുത്തുക.
  8. വാഹനത്തിന്റെ അറ്റകുറ്റപണികൾ കൃത്യമായി ചെയ്യുക.
  9. നമ്മുടെ വാഹനത്തിന്റെ ലൈറ്റുകൾ എല്ലാം പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക. ഹെഡ് ലൈറ്റ് ആവശ്യമായ സമയത്ത് ഡിം ചെയ്യുക.
  10. ഡ്രൈവറുടെ ശ്രദ്ധ തടസ്സപ്പെടുത്തുന്ന ഒരു പ്രവർത്തിയും യാത്രക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്നുറപ്പു വരുത്തുക.
  11. വാഹനങ്ങളിൽ സീറ്റിംഗ് കപ്പാസിറ്റിയിൽ കൂടുതൽ ആളുകളെ യാത്രയിൽ കൊണ്ടു പോകരുത്.

തിരുവനന്തപുരം: ചിക്കൻപോക്സ് രോഗലക്ഷണങ്ങൾ കണ്ടാൽ യഥാസമയം ചികിത്സ തേടണമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്. ചിക്കൻപോക്സ് കുമിളകളിലെ സ്രവങ്ങളിൽ നിന്നും, അണുബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് 10 മുതൽ 21 ദിവസം വരെ സമയമെടുത്തേക്കാം. ശരീരത്തിൽ കുമിളകൾ പൊന്തിത്തുടങ്ങുന്നതിനു രണ്ട് ദിവസം മുമ്പു മുതൽ അവ ഉണങ്ങുന്നത് വരെ അണുബാധ പകരാമെന്ന് വിദഗ്ധർ പറഞ്ഞു.

പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തിൽ കുമിളകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. മുഖം, ഉദരഭാഗം, നെഞ്ച്, കൈകാലുകൾ, എന്നിവിടങ്ങളിൽ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനിൽക്കുന്ന കുമിളകൾ വന്ന് നാലു മുതൽ ഏഴ് ദിവസത്തിനുള്ളിൽ അവ പൊട്ടുകയോ പൊറ്റയാവുകയോ ചെയ്യാം. ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ദീർഘകാലമായി ശ്വാസംമുട്ട്, ത്വക്ക് രോഗങ്ങൾ ഉള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ചിക്കൻപോക്സ് പിടിപെട്ടാൽ ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

രോഗബാധിതർ വായുസഞ്ചാരമുള്ള മുറിയിൽ പരിപൂർണ്ണ വിശ്രമം എടുക്കണം ,ധാരാളം വെള്ളം കുടിക്കണം. പഴവർഗ്ഗങ്ങൾ കഴിക്കാം. മറ്റുള്ളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടതെ ബ്ലീച്ചിങ് ലായനി ഒഴിച്ച് വൃത്തിയാക്കുക. ചൊറിച്ചിലിന് കലാമിൻ ലോഷൻ ഉപയോഗിക്കുക.

കുഞ്ഞുങ്ങളുടെ ശരീരം മൃദുവായ തുണി കൊണ്ട് ഒപ്പിയെടുക്കുക. മുതിർന്നവർക്ക് ചൊറിച്ചിൽ കുറയ്ക്കാൻ സാധാരണ വെളളത്തിൽ കുളിക്കാം. കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കണം. കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം.. സ്ഥിരമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മരുന്നുകൾ ഒന്നും നിർത്തരുതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

വാഹനമോടിക്കുന്നയാൾ വാക്കുകളാലോ ആംഗ്യങ്ങളിലൂടെയോ വളരെ ദേഷ്യത്തിൽ മറ്റു ഡ്രൈവർമാരോടോ വാഹനത്തിലുള്ളവരോടോ പെരുമാറുന്ന രീതിയെ ആണ് Road Rage എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

നിരന്തരമായി ഹോൺ മുഴക്കിയതിനെച്ചൊല്ലിയോ ഓവർടേക്കിങ്ങിനെച്ചൊല്ലിയോ ഒക്കെ നിരത്തുകളിൽ വാഗ്വാദം കാണാം. കൈ കാണിച്ചിടത്ത് ബസ് നിറുത്തിയില്ലെന്നതും ഇറങ്ങേണ്ട സ്ഥലത്തു നിന്നു കുറച്ചു മാറി ബസ് നിറുത്തിയതുമൊക്കെ നിരത്തുകളിൽ വെല്ലുവിളിക്കും വഴക്കിനും അടിപിടിക്കും കാരണമാകുന്നു.

ക്ഷമിക്കാവുന്ന നിസ്സാര കാര്യങ്ങൾ ഒഴിവാക്കുന്നതിനുപകരംഈഗോയും കോംപ്ലെക്‌സും മൂലമുള്ള കേവലമൊരു നിമിഷത്തെ വികാര പ്രകടനങ്ങൾ അടിപിടി മുതൽ ചിലപ്പോൾ കൊലപാതകത്തിൽ വരെ കലാശിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ പോലും ഇത്തരം സംഭവങ്ങൾ നടക്കുന്നത് ദൗർഭാഗ്യകരമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

നിരത്ത് മത്സരവേദിയല്ല. സമ്മർദ്ദത്തിന് അടിമപ്പെട്ട് അനാവശ്യമായി പ്രതികരിക്കാതിരിക്കുക

വാഹനമോടിക്കുമ്പോൾ വേണ്ട അത്യാവശ്യ ഘടകങ്ങളാണ് ക്ഷമയും സംയമനവും.

മത്സരവും ആവേശവും ആക്രോശവും ഒഴിവാക്കുക.

ആവശ്യക്കാരെ കടത്തിവിടുക.

അത്യാവശ്യത്തിനു മാത്രം ഹോൺ മുഴക്കുക.

മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കുക.

ഒന്നിലധികം പാതകളുള്ള ഹൈവേകളിൽ കൃത്യമായ ട്രാക്കുകൾ പാലിച്ചുമാത്രം വാഹനമോടിക്കുക.

അപമര്യാദയോടെയുള്ള പെരുമാറ്റങ്ങൾ നിരത്തിൽ ഒഴിവാക്കുക.

നിരത്തുകളിൽ അച്ചടക്കം കാത്തുസൂക്ഷിക്കുക എന്നത് വാഹനമോടിക്കുന്ന ഓരോരുത്തരുടെയും പ്രാഥമിക ഉത്തരവാദിത്തം കൂടെയാണ്.

തകാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകാൻ സാധ്യതയുണ്ട്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പ്രായമുള്ളവർ, ശിശുക്കൾ, കുട്ടികൾ, ഗർഭിണികൾ എന്നിവരും പോഷകാഹാര കുറവ് ഉള്ളവർ, പ്രമേഹം, വൃക്കരോഗങ്ങൾ, ഹൃദ്രോഗം മുതലായവയുള്ളവരും ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ചൂട് കുരു, സൂരാഘാതം, സൂര്യാതപം, പേശി വലിവ്, ചർമ്മ രോഗങ്ങൾ, വയറിളക്ക രോഗങ്ങൾ, നേത്ര രോഗങ്ങൾ, ചിക്കൻപോക്‌സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. കുട്ടികളിലെ ക്ഷീണം, തളർച്ച, അമിതമായ കരച്ചിൽ, ഭക്ഷണം കഴിക്കാൻ മടികാണിക്കുക, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കണ്ണുകൾ കുഴിഞ്ഞതായി കാണപ്പെടുക എന്നിവ വേനൽ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ കൊണ്ടാകാം. അതിനാൽ ഈ ലക്ഷണങ്ങൾ പ്രകടമായാൽ വൈദ്യ പരിശോധയ്ക്ക് വിധേയമാക്കുക. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറിഞ്ഞ് തടിക്കുന്നതിനെയാണ് ചൂട് കുരു (Heat rash) എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. ഇങ്ങനെയുള്ളവർ അധികം വെയിൽ ഏൽക്കാതിരിക്കുകയും തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ എപ്പോഴും ഈർപ്പരഹിതമായി സൂക്ഷിക്കുകയും വേണം.

പ്രതിരോധ മാർഗങ്ങൾ

വേനൽകാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോൾ ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക.

വെയിലത്ത് നടക്കേണ്ട അവസരങ്ങളിൽ കുട ഉപയോഗിക്കുക.

വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചസമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.

അതികഠിനമായ വെയിലുള്ള സമയങ്ങളിൽ കുട്ടികളെ കളിക്കാൻ അനുവദിക്കാതിരിക്കുക.

കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും, ജനലുകളും തുറന്നിടുക.

കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.

വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

കഫീൻ അടങ്ങിയ പാനീയങ്ങൾ, ഗ്യാസ് (carbonated) അടങ്ങിയ പാനിയങ്ങൾ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, മദ്യം എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക.

സൂര്യാഘാതമേറ്റുള്ള പ്രശ്‌നങ്ങളുണ്ടായാൽ തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക, ഫാൻ, എ.സി. എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക.

ധാരാളം പാനീയങ്ങൾ കുടിക്കുക.

ആരോഗ്യസ്ഥിതി മെച്ചപ്പെടാതിരിക്കുകയോ ബോധക്ഷയം ഉണ്ടാകുകയോ ചെയ്യാൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പു വരുത്തുക.

സംസ്ഥാനത്ത് ചൂട് വർദ്ധിക്കുകയാണ്. ചൂടും പൊടിയും ശബ്ദ മലിനീകരണവും എല്ലാം ഡ്രൈവർക്കും യാത്രക്കാർക്കും വളരെയധികം ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കാവുന്ന ഒന്നാണ്. ഉറക്കം, അമിത ക്ഷീണം, നിർജ്ജലീകരണം (Dehydration ), മാനസിക പിരിമുറുക്കം, പുറം വേദന (Backpain), കണ്ണിന് കൂടുതൽ ആയാസം സൃഷ്ടിക്കൽ എന്നിവയെല്ലാം സുരക്ഷിതമായ യാത്രയെ ബാധിക്കും. ദീർഘദൂര യാത്രകളിൽ ഇത് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കും. ചൂട് കാലത്ത് യാത്ര നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ദീർഘ ദൂര യാത്രകളിൽ അസ്വസ്ഥതയും മറ്റ് ശാരീരിക വെല്ലുവിളികളും നേരിടാൻ യാത്രയിൽ ഇടക്കിടെ ഇടവേളകൾ എടുക്കുകയും ധാരാളം , ജലാംശം നിലനിർത്താൻ ദാഹമില്ലെങ്കിലും ഇടക്കിടെ വെള്ളം കുടിക്കുകയും ചെയ്യുക.
  • ജലാംശം അടങ്ങിയ പഴവർഗ്ഗങ്ങൾ യാത്രയിൽ കരുതുന്നത് നല്ലതാണ്.
  • എണ്ണയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങളും ഫാസ്റ്റ് ഫുഡുകളും ഒഴിവാക്കുക.
  • കൂടുതൽ ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഡ്രൈവിംഗ് കഴിയുന്നതും ഒഴിവാക്കുക.
  • ചായയും മറ്റ് സോഫ്റ്റ് ഡ്രിക്‌സുകളും കഴിയുന്നതും ഒഴിവാക്കുകയും പകരം കരിക്കിൻ വെള്ളമോ സംഭാരമോ, ജ്യൂസുകളോ ഉപയോഗിക്കുകയും ചെയ്യുക.
  • അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
  • നല്ല വെയിലത്ത് ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന സമയത്ത് ചൂട് കാറ്റ് മൂലം, നാം പോലും അറിയാതെ ഡീഹൈഡ്രേഷൻ നടക്കുവാനുള്ള സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നേരിട്ട് വെയിൽ ശരീരത്ത് തട്ടുന്നത് ഒഴിവാക്കുന്ന തരത്തിലുള്ള ജാക്കറ്റുകളും കയ്യുറയും ധരിക്കുക.
  • ഇരിപ്പിടം ശരിയാം വണ്ണം ക്രമീകരിക്കുകയും കാർ സ്റ്റീരിയോ കുറഞ്ഞ ശബ്ദത്തിൽ മാത്രം പ്രവർത്തിപ്പിക്കുകയും ചെയ്യുക.
  • കണ്ണിന്റെ ആയാസം കുറയ്ക്കാൻ, ഇടവേളകൾ എടുക്കുകയും ശുദ്ധജലം ഉപയോഗിച്ച് മുഖം ഇടക്കിടെ കഴുകുകയും കണ്ണടച്ച് വിശ്രമം എടുക്കുകയും ചെയ്യുക.
  • വെയിൽ നേരിട്ട് തട്ടുന്നത് ഒഴിവാക്കാനും റോഡ് മിറേജ് ഒഴിവാക്കുന്നതിനു സൺഗ്ലാസ് ധരിക്കുക.
  • തണൽ തേടി നായകളോ മറ്റു ജീവികളോ പാർക്ക് ചെയ്ത വാഹനത്തിൻറെ അടിയിൽ അഭയം തേടാൻ ഇടയുണ്ട് , മുന്നോട്ട് എടുക്കുന്നതിന് മുമ്പ് നിർബന്ധമായും വാഹനത്തിന്റെ അടിഭാഗം ശ്രദ്ധിക്കുക.

എല്ലാവർഷവും അവധി ആഘോഷിക്കുന്നതിനിടെ ജലാശയങ്ങളിൽ മനുഷ്യജീവൻ പൊലിയുന്നതോടെ കണ്ണീരിലാകുന്നത് നൂറുകണക്കിന് കുടുംബങ്ങളാണ്. അവധിക്കാലം ആഘോഷിക്കാനായി കുളങ്ങളിലും പുഴകളിലും ഇറങ്ങുന്നവരും അപകടത്തിൽ പെടുന്നവരെ രക്ഷിക്കാനായി യാതൊരു മുൻകരുതൽ സംവിധാനങ്ങളോ അവബോധമോ ഇല്ലാതെ എടുത്തുചാടുന്നവരുമാണ് പലപ്പോഴും മുങ്ങിത്താഴുന്നത്.

ജലാശയങ്ങളിലെ അപകടസാധ്യതകളെപ്പറ്റി കുട്ടികളെ പറഞ്ഞുമനസ്സിലാക്കുക. മുതിർന്നവരുടെ കൂടെയല്ലാതെ ഒരു കാരണവശാലും കുഞ്ഞുങ്ങൾ വെള്ളത്തിൽ ഇറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തണം. കുട്ടികളെ നീന്തൽ പരിശീലിപ്പിക്കുന്നതിന് പ്രൊഫഷണലുകളായ പരിശീലകർ ഉള്ള കേന്ദ്രങ്ങളിൽ മാത്രമേ അയയ്ക്കാവൂ. നീന്തൽ സ്വയം പഠിക്കാതിരിക്കുക. കൂട്ടുകാർക്കൊപ്പം മാത്രമായി കുട്ടികൾ കളിക്കാനോ കുളിക്കാനോ മീൻ പിടിക്കാനോ വെള്ളത്തിലും മറ്റും പോകുന്നില്ലെന്ന് ഉറപ്പാക്കണം. അപകടത്തിൽ പെട്ടയാളെ രക്ഷിക്കാനായി ഒരിക്കലും മുൻകരുതലുകൾ ഇല്ലാതെ എടുത്തുചാടരുത്. കയറോ കമ്പോ തുണിയോ അപകടത്തിൽ പെട്ടയാൾക്ക് എത്തിച്ചുനൽകണം. ലൈഫ് ബോയ് ഇല്ലാത്ത സാഹചര്യത്തിൽ ടയറിൻറെ ട്യൂബിൽ നീണ്ട കയറുകെട്ടി നൽകാവുന്നതാണ്.

സ്ത്രീകളും കുട്ടികളും വെള്ളത്തിലിറങ്ങുമ്പോൾ ധരിക്കുന്ന വസ്ത്രങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. മുൻപരിചയമില്ലാത്ത തോടുകളിലും പുഴകളിലും കായലുകളിലും എടുത്തുചാടാതിരിക്കുക. ഒഴുക്ക്, ആഴം എന്നിവയും പാറയോ ചെളിയോ ഉണ്ടോ എന്നതും കൃത്യമായി മനസ്സിലാക്കിമാത്രമേ വെള്ളത്തിൽ ഇറങ്ങാവൂ. നീന്തൽ അറിയുന്ന കുട്ടികൾ ആയാൽ പോലും കുളങ്ങളിലോ പുഴയിലോ സ്വിമ്മിംഗ് പൂളിൽ തന്നെയാണെങ്കിലോ പോലും മുതിർന്നവരുടെ ശ്രദ്ധ ഉണ്ടാകേണ്ടതാണ്. പകൽ സമയങ്ങളിൽ മാത്രം നീന്താൻ പോകുക. രാത്രി സമയങ്ങളിലോ ജലാശയ പരിസരത്ത് ആളില്ലാത്ത സമയങ്ങളിലോ നീന്തരുത്. ഈ സമയങ്ങളിൽ ബീച്ചിൽ ഇറങ്ങുന്നതും ഒഴിവാക്കണം. ഹൃദ്രോഗം, അപസ്മാരം പോലുള്ള അസുഖങ്ങൾ ഉള്ളവർ നീന്തരുത്.