അവധിക്കാലയാത്രകൾ; ജലാശയങ്ങളിൽ നീന്താനിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അവധിക്കാലയാത്രകളിൽ പുഴകളും വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ കഴിവതും ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച് അധികൃതർ. കുട്ടികളും ചെറുപ്പക്കാരുമാണ് കൂടുതലായി മുങ്ങിമരണങ്ങൾക്കിരയാകുന്നതെന്ന് വാർത്തകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. ഏപ്രിൽ, മെയ് മാസങ്ങളിലാണ് അപകടങ്ങൾ കൂടുതലും.
പരിചയമില്ലാത്ത സ്ഥലങ്ങളിൽ അമിത ആത്മവിശ്വാസത്തോടെ ജലാശയങ്ങളിലേയ്ക്ക് ഇറങ്ങാതിരിക്കുക. ജലാശയങ്ങളിലെ ഗർത്തങ്ങളും ചുഴികളും മുൻകൂട്ടി മനസ്സിലാക്കാൻ കഴിയില്ല. ജലാശയങ്ങൾ, വഴുക്കുള്ള പാറക്കെട്ടുകൾ എന്നിവിടങ്ങളിൽ അതിസാഹസികത കാണിക്കുമ്പോഴും റീൽസ് പകർത്താൻ ശ്രമിക്കുമ്പോഴും അപകടത്തിൽ പെടുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

🏊മുതിർന്നവരില്ലാതെ കുട്ടികളെ വെള്ളത്തിൽ നീന്താനോ കുളിക്കാനോ കളിക്കാനോ അനുവദിക്കരുത്.

🏊 ജലാശയങ്ങളിലെ യാത്രകളിൽ ലൈഫ് ജാക്കറ്റ്, ട്യൂബ്, നീളമുള്ള കയർ തുടങ്ങിയ രക്ഷോപകരണങ്ങൾ കരുതുക.

🏊 ശരിയായ പരിശീലനം ലഭിച്ചവർ മാത്രം രക്ഷാപ്രവർത്തനങ്ങൾക്കിറങ്ങുക. വെള്ളത്തിൽ വീണവരെ രക്ഷിക്കാനായി നീന്തൽ അറിയാത്തവർ എടുത്തുചാടി അപകടത്തിൽപ്പെടരുത്. അത്തരം സന്ദർഭങ്ങളിൽ കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചുകയറ്റുന്നതാണ് കൂടുതൽ സുരക്ഷിതം.

🏊 നീന്തൽ അറിയാം എന്ന കാരണത്താൽ മാത്രം വെള്ളത്തിൽ ചാടിയിറങ്ങരുത്. ജലാശയങ്ങളിലെ അടിയൊഴുക്കും ചുഴിയും മണലുമെല്ലാം വ്യത്യസ്തമായിരിക്കും. ഒഴുക്കും ആഴവും മനസ്സിലാക്കി സാവധാനം വെള്ളത്തിലേയ്ക്ക് ഇറങ്ങുന്നതാണ് നല്ലത്.

🏊 പരിചിതമില്ലാത്ത സ്ഥലങ്ങളിൽ വെള്ളത്തിലേയ്ക്ക് എടുത്തു ചാടാതിരിക്കുക. ചെളിയിൽ പൂഴ്ന്നു പോകാം, തല പാറയിലോ മരക്കൊമ്പിലോ പതിച്ചും അപകടമുണ്ടാകാം.

🏊 നാട്ടുകാരുടെ മുന്നറിയിപ്പുകളും മുന്നറിയിപ്പ് ബോർഡുകളും അവഗണിക്കാതിരിക്കുക. നേരം ഇരുട്ടിയശേഷവും ഒറ്റപ്പെട്ട സ്ഥലങ്ങളിലും വെള്ളത്തിൽ ഇറങ്ങരുത്.

🏊 മദ്യലഹരിയിൽ ഒരു കാരണവശാലും വെള്ളത്തിൽ ഇറങ്ങരുത്. അസുഖമുള്ളവരും മരുന്നുകൾ കഴിക്കുന്നവരും – പ്രത്യേകിച്ച് അപസ്മാരരോഗികൾ, ഹൃദ് രോഗികൾ – പ്രത്യേകം സൂക്ഷിക്കുക.

🏊 നീന്തൽ അറിയില്ലെങ്കിലും സുഹൃത്തുക്കൾക്ക് അറിയാമല്ലോ എന്ന ആത്മവിശ്വാസത്തിൽ ജലാശയങ്ങളിൽ ഇറങ്ങരുത്. നിങ്ങളോടൊപ്പം ആ സുഹൃത്തിന്റെ ജീവനും പൊലിയാൻ ഇടയുണ്ട്.

🏊 ജലസുരക്ഷയെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുക. കുട്ടികളെ നീന്തൽ പഠിപ്പിക്കുക.