ചൂട്; യാത്രാവേളകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സംസ്ഥാനത്ത് ചൂട് വർദ്ധിക്കുകയാണ്. ചൂടും പൊടിയും ശബ്ദ മലിനീകരണവും എല്ലാം ഡ്രൈവർക്കും യാത്രക്കാർക്കും വളരെയധികം ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കാവുന്ന ഒന്നാണ്. ഉറക്കം, അമിത ക്ഷീണം, നിർജ്ജലീകരണം (Dehydration ), മാനസിക പിരിമുറുക്കം, പുറം വേദന (Backpain), കണ്ണിന് കൂടുതൽ ആയാസം സൃഷ്ടിക്കൽ എന്നിവയെല്ലാം സുരക്ഷിതമായ യാത്രയെ ബാധിക്കും. ദീർഘദൂര യാത്രകളിൽ ഇത് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കും. ചൂട് കാലത്ത് യാത്ര നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ദീർഘ ദൂര യാത്രകളിൽ അസ്വസ്ഥതയും മറ്റ് ശാരീരിക വെല്ലുവിളികളും നേരിടാൻ യാത്രയിൽ ഇടക്കിടെ ഇടവേളകൾ എടുക്കുകയും ധാരാളം , ജലാംശം നിലനിർത്താൻ ദാഹമില്ലെങ്കിലും ഇടക്കിടെ വെള്ളം കുടിക്കുകയും ചെയ്യുക.
  • ജലാംശം അടങ്ങിയ പഴവർഗ്ഗങ്ങൾ യാത്രയിൽ കരുതുന്നത് നല്ലതാണ്.
  • എണ്ണയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങളും ഫാസ്റ്റ് ഫുഡുകളും ഒഴിവാക്കുക.
  • കൂടുതൽ ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഡ്രൈവിംഗ് കഴിയുന്നതും ഒഴിവാക്കുക.
  • ചായയും മറ്റ് സോഫ്റ്റ് ഡ്രിക്‌സുകളും കഴിയുന്നതും ഒഴിവാക്കുകയും പകരം കരിക്കിൻ വെള്ളമോ സംഭാരമോ, ജ്യൂസുകളോ ഉപയോഗിക്കുകയും ചെയ്യുക.
  • അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
  • നല്ല വെയിലത്ത് ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന സമയത്ത് ചൂട് കാറ്റ് മൂലം, നാം പോലും അറിയാതെ ഡീഹൈഡ്രേഷൻ നടക്കുവാനുള്ള സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നേരിട്ട് വെയിൽ ശരീരത്ത് തട്ടുന്നത് ഒഴിവാക്കുന്ന തരത്തിലുള്ള ജാക്കറ്റുകളും കയ്യുറയും ധരിക്കുക.
  • ഇരിപ്പിടം ശരിയാം വണ്ണം ക്രമീകരിക്കുകയും കാർ സ്റ്റീരിയോ കുറഞ്ഞ ശബ്ദത്തിൽ മാത്രം പ്രവർത്തിപ്പിക്കുകയും ചെയ്യുക.
  • കണ്ണിന്റെ ആയാസം കുറയ്ക്കാൻ, ഇടവേളകൾ എടുക്കുകയും ശുദ്ധജലം ഉപയോഗിച്ച് മുഖം ഇടക്കിടെ കഴുകുകയും കണ്ണടച്ച് വിശ്രമം എടുക്കുകയും ചെയ്യുക.
  • വെയിൽ നേരിട്ട് തട്ടുന്നത് ഒഴിവാക്കാനും റോഡ് മിറേജ് ഒഴിവാക്കുന്നതിനു സൺഗ്ലാസ് ധരിക്കുക.
  • തണൽ തേടി നായകളോ മറ്റു ജീവികളോ പാർക്ക് ചെയ്ത വാഹനത്തിൻറെ അടിയിൽ അഭയം തേടാൻ ഇടയുണ്ട് , മുന്നോട്ട് എടുക്കുന്നതിന് മുമ്പ് നിർബന്ധമായും വാഹനത്തിന്റെ അടിഭാഗം ശ്രദ്ധിക്കുക.