Health (Page 18)

നിരവധി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് പാൽ. ശരീരത്തിന് ഏറ്റവും കൂടുതൽ ഊർജമേകുന്ന പാനീയമാണ് പാൽ. എല്ലുകളുടെ ബലം വർധിപ്പിക്കാൻ പാൽ കുടിക്കുന്നത് നല്ലതാണ്. പാൽ കുടിക്കുന്നതിലൂടെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടും. പാലിനൊപ്പം നെയ്യ് ചേർത്ത് കുടിക്കുകയാണെങ്കിൽ അത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

രാത്രി ഉറങ്ങുന്നതിന് മുൻപ് ചൂടുപാലിൽ ഒരു സ്പൂൺ നെയ്യ് ചേർത്ത് കുടിക്കുന്നത് വളരെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്താൻ പാലിനൊപ്പം നെയ്യ് ചേർത്ത് കുടിക്കുന്നത് വളരെ നല്ലതാണ്. നെയ്യിൽ ബ്യൂട്ടിറിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുവാനും ദഹനവ്യവസ്ഥയിലെ വീക്കം കുറയ്ക്കാനും ബ്യൂട്ടറിക് ആസിഡ് സഹായിക്കും.

പാലിൽ നെയ്യ് ചേർത്ത് കുടിക്കുന്നത് ചർമ്മ സംരക്ഷണത്തിനും സഹായിക്കും. വൈറ്റമിൻ എ, ഡി, ഇ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. തിളക്കമുള്ള ചർമത്തിനും സ്വാഭാവിക ഭംഗി നിലനിർത്താനും പാലിൽ നെയ്യ് ചേർത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്.

അപകടമുണ്ടായി വാഹനം റോഡിൽ കിടന്നാൽ പോലീസ് വരുന്നതുവരെ കാത്തു നിൽക്കണോയെന്ന സംശയം പലർക്കുമുണ്ട്. പലരുടെയും തെറ്റായ ധാരണയാണ് വാഹനങ്ങൾ തൽസ്ഥാനത്ത് നിന്ന് മാറ്റരുത് എന്നുള്ളത്, പലപ്പോഴും ഇത് മറ്റ് അപകടത്തിന് കാരണമായേക്കാം. റോഡ് ചട്ടങ്ങൾ 2017-ൽ പരിഷ്‌കരിച്ച് ഡ്രൈവിംഗ് റെഗുലേഷൻ 2017 പുറത്തിറക്കിയപ്പോൾ അപകടം ഉണ്ടായതിനു ശേഷം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

  1. അപകടത്തിൽപ്പെട്ട വാഹനത്തിലെ ഡ്രൈവർക്കും യാത്രക്കാർക്കും ഏതെങ്കിലും തരത്തിലുള്ള പരിക്കുകൾ ഉണ്ടോയെന്ന് സ്വയവും മറ്റുള്ളവരെയും പരിശോധിക്കുകയും ആവശ്യമെങ്കിൽവൈദ്യസഹായവും തേടേണ്ടതുമാണ്. പോലീസിനെ വിവരം അറിയിക്കുകയും അന്വേഷണ ഉദ്യേഗസ്ഥനുമായി സഹകരിക്കേണ്ടതുമാണ്.
  2. സ്വന്തം വാഹനത്തിന്റെയും മറ്റു വാഹനത്തിന്റെയും രജിസ്റ്റർ നമ്പർ അടക്കമുള്ള ചിത്രങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ച് പകർത്തേണ്ടതും ഇങ്ങനെ ചിത്രങ്ങൾ പകർത്തുന്നത് മറ്റു വാഹനത്തിലെ യാത്രക്കാരോ ഡ്രൈവറോ തടസ്സപ്പെടുത്താൻ പാടില്ലാത്തതും ആകുന്നു.

3. സാധ്യമെങ്കിൽ എത്രയും പെട്ടെന്ന് വാഹനങ്ങൾ മാർഗ്ഗ തടസ്സം ഉണ്ടാകാത്ത രീതിയിൽ റോഡ് അരികിലേക്ക് മാറ്റിയിടേണ്ടതാണ്. മാറ്റിയിടാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ വാഹനത്തിന്റെ സമീപത്ത് വാണിംഗ് ട്രയാങ്കിൾ സ്ഥാപിക്കേണ്ടതും അപകട മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തിപ്പിക്കേണ്ടതുമാണ്.

  1. ഡ്രൈവർമാർ പേര്, ഫോൺനമ്പർ, മേൽവിലാസം, രജിസ്‌ട്രേഷൻ ,ലൈസൻസ്, ഇൻഷുറൻസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ പരസ്പരം കൈമാറേണ്ടതുമാണ്.
  2. അപകടത്തിന് ഇരയായ വാഹനങ്ങളിലെ യാത്രക്കാരും ഡ്രൈവറും പ്രകോപനം ഉണ്ടാക്കുന്ന രീതിയിൽ പരസ്പരം പെരുമാറുകയോ സംസാരിക്കുകയോ ചെയ്യുന്നതിൽ നിന്ന് സ്വയം വിട്ടു നിൽക്കേണ്ടതാണ്.
  1. ഒരു സൗഹൃദ രീതിയിലുള്ള ഒത്തുതീർപ്പത്തിന് സാധിക്കുന്നില്ല എങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ വരുന്നത് വരെ ഡ്രൈവർ സംഭവ സ്ഥലത്ത് തുടരേണ്ടതാണ്.

സംസ്ഥാനത്ത് ഇപ്പോൾ ചൂട് കനക്കുകയാണ്. പുറത്തിറങ്ങിയാൽ വെന്തുരുകുന്ന അവസ്ഥയാണ്. സൺസ്‌ക്രീൻ പുരട്ടാതെ പുറത്തിറങ്ങാൻ പോലും പലരും ഇപ്പോൾ പേടിക്കുന്നുണ്ട്. എന്നാൽ സൺസ്‌ക്രീൻ തെരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

സിങ്ക് ഓക്സൈഡ്, ടൈറ്റാനിയം ഡയോക്സൈഡ് തുടങ്ങിയ മിനറൽ ആക്റ്റീവ് ഘടകങ്ങൾ അടങ്ങിയ സൺസ്‌ക്രീനുകൾ ഉപയോഗിക്കുന്നതാണ് സുരക്ഷിതവും കൂടുതൽ ഫലപ്രദവും. ‘റീഫ്-സേഫ്’ അല്ലെങ്കിൽ ‘നോൺ-ടോക്സിക്’ എന്ന് ലേബൽ ചെയ്തിരിക്കുന്ന സൺസ്‌ക്രീനുകൾ ഉപയോഗിക്കാനും ശ്രദ്ധിക്കണം. പുറത്തിറങ്ങുന്നതിന് 15-20 മിനിറ്റ് മുൻപ് തന്നെ ചർമ്മത്തിൽ സൺസ്‌ക്രീൻ പുരട്ടേണ്ടതാണ്.

വിയർക്കുകയും നനയുകയോ ചെയ്താൽ വീണ്ടും സൺസ്‌ക്രീം പുരട്ടുന്നതാണ് നല്ലത്. പുറത്താണെങ്കിൽ ഓരോ രണ്ട് മണിക്കൂർ കഴിയുമ്പോഴും സൺസ്‌ക്രീൻ പുരട്ടാനും ശ്രദ്ധിക്കണം.

അണുബാധകളേയും രോഗങ്ങളേയും വർധിപ്പിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിൽ പ്രവേശിക്കാതെ സൺസ്‌ക്രീൻ സംരക്ഷിക്കുന്നുണ്ട്.

മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദേശം നൽകിയിരുന്നു. പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി. ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ നടത്താനും നിർദേശം നൽകി. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് വിവിധ ഭാഗങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയയ്ച്ചു. അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകി. 2011 മുതൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വെസ്റ്റ് നൈൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ല. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ജപ്പാൻ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈൽ പനിയും കാണാറുള്ളത്. എന്നാൽ ജപ്പാൻ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വ്യക്തികൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനിൽക്കാതെ നോക്കണം.

എന്താണ് വെസ്റ്റ് നൈൽ?

ക്യൂലക്‌സ് കൊതുക് പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ. ജപ്പാൻ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാൻ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കിൽ വൈസ്റ്റ് നൈൽ പനി മുതിർന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്. ജപ്പാൻ ജ്വരത്തിന് വാക്‌സിൻ ലഭ്യമാണ്.

രോഗപ്പകർച്ച

ക്യൂലക്‌സ് വിഭാഗത്തിൽപ്പെട്ട കൊതുകാണ് വെസ്റ്റ് നൈൽ പനി പ്രധാനമായും പരത്തുന്നത്. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 1937ൽ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 2011ൽ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്തത്.

രോഗലക്ഷണങ്ങൾ

തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല. ചിലർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ഒരു ശതമാനം ആളുകളിൽ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോൾ മരണം വരെയും സംഭവിക്കാം. എന്നാൽ ജപ്പാൻ ജ്വരത്തെ അപേക്ഷിച്ച് താരതമ്യേന മരണ നിരക്ക് കുറവാണ്.

രോഗപ്രതിരോധവും ചികിത്സയും

വൈസ്റ്റ് നൈൽ വൈറസിനെതിരായ മരുന്നുകളോ വാക്‌സിനോ ലഭ്യമല്ലാത്തതിനാൽ രോഗലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയും പ്രതിരോധവുമാണ് പ്രധാനം. കൊതുകുകടി എൽക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാർഗം. ശരീരം മൂടുന്ന വിധത്തിൽ വസ്ത്രം ധരിക്കുക, കൊതകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുക, കൊതുകുതിരി, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. കൂടാതെ കൊതുകിന്റെ ഉറവിട നശീകരണവും പ്രധാനമാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീർണമാക്കും. ആരംഭത്തിൽ തന്നെ ചികിത്സിച്ചാൽ ഭേദമാക്കാവുന്നതാണ്.

തിരുവനന്തപുരം: ജില്ലയിൽ കടുത്ത വേനലിനെ തുടർന്ന് കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിലും ഇടവിട്ട് മഴ ലഭിച്ച സാഹചര്യത്തിലും കൊതുക് ജന്യ, ജല ജന്യ രോഗങ്ങൾ വർധിക്കാനുള്ള സാധ്യതയുണ്ടെന്നും ഇത്തരം രോഗങ്ങൾക്ക് എതിരെ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ജില്ലയിൽ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ കൊതുക് ജന്യ രോഗങ്ങളും മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും വർധിക്കുന്നതായി കണക്കുകൾ കാണിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്നുണ്ട്. ഈ വർഷം ഇതുവരെ ജില്ലയിൽ 1149 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. 2023 ൽ 79 ഉം 2022 ൽ 40 ഉം മാത്രമായിരുന്നു ഡെങ്കിപ്പനി ബാധിച്ചവർ.

ജില്ലയിലെ സാംക്രമിക രോഗങ്ങളുടെ നിലവിലെ സ്ഥിതി ചർച്ച ചെയ്യുന്നതിനും മഴക്കാല പൂർവ്വ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുമായി ഏകോപിച്ച് നടപ്പിലാക്കുന്നതിനും ആയി എഡിഎം നവീൻ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് ഈ വിലയിരുത്തൽ. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സി സച്ചിൻ ജില്ലയിലെ സ്ഥിതിവിവര കണക്കുകൾ അവതരിപ്പിച്ചു.

ഹെപ്പറ്റൈറ്റിസ്-എ അഥവാ മഞ്ഞപ്പിത്ത രോഗവും ജില്ലയിൽ വർധിക്കുന്നതായാണ് കണക്ക്. 2023 ൽ 28 പേർക്കാണ് രോഗം ബാധിച്ചതെങ്കിൽ ഈ വർഷം 145 പേർക്ക് മഞ്ഞപ്പിത്ത ബാധയുണ്ടായി. ജില്ലയിലെ ചില പ്രദേശങ്ങളിൽ മഞ്ഞപ്പിത്ത ഔട്ട് ബ്രേക്ക് തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ് രോഗ തോത് വർധിക്കാനുള്ള കാരണം. മലിനമായ കിണറുകളും വിവാഹം തുടങ്ങിയ പാർട്ടികളിലെ വെൽക്കം ഡ്രിങ്ക് തുടങ്ങിയവയും മേളകളിൽ വിൽക്കപ്പെടുന്ന ഐസ് ജ്യൂസ് എന്നിവയും രോഗം പകരുന്നതിന് കാരണമാകുന്നുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പ്രതിരോധ നിർദേശങ്ങൾ

കൊതുകുകൾ പെരുകുന്നത് തടയാൻ വെള്ളക്കെട്ടുകൾ ഒഴിവാക്കി ഉറവിട നശീകരണം ഫലപ്രദമായി ചെയ്യുക, കൊതുക് കടിയേൽക്കാതിരിക്കാനാവശ്യമായ ലേപനങ്ങളോ വലയോ ഉപയോഗിക്കുക, വെള്ളം ശേഖരിച്ചുവെക്കുന്ന പാത്രങ്ങൾ അടച്ചുസൂക്ഷിക്കുക. ആഴ്ചയിൽ ഒരു ദിവസം ഡ്രൈഡേ ആചരിക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.

വീടുകളിലെ ഇൻഡോർ പ്ലാന്റുകളുടെ വെള്ളം ആഴ്ചയിൽ ഒരു ദിവസം നിർബന്ധമായും മാറ്റണം. ജില്ലയിൽ പലയിടത്തും വീടുകളുടെ അകത്തു സൂക്ഷിച്ചിരിക്കുന്ന ഇൻഡോർ പ്ലാന്റുകളിലെ വെള്ളത്തിൽ കൊതുക് വളരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അതിനാൽ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നും ഡോ. കെ സി സച്ചിൻ പറഞ്ഞു.

കടുത്ത വേനലിനെ തുടർന്ന് കുടിവെള്ളമടക്കം മലിനമാകാനുള്ള സാധ്യത വർധിച്ചിട്ടുണ്ട്. അതിനാൽ ഇക്കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണമെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനും പാചകത്തിനും ഉപയോഗിക്കുക, കിണറുകൾ ക്ലോറിനേറ്റ് ചെയ്യുക, തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം ഒഴിവാക്കുക, മലമൂത്ര വിസർജന ശേഷം കൈകാലുകൾ കഴുകുക, ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകൾ കഴുകുക, പൊതു ടാപ്പുകളും കിണറുകളും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ജലജന്യ രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലായി നിർദേശിച്ചിട്ടുള്ളത്.

എലികളാണ് എലിപ്പനി പടർത്തുന്നത്. അതിനാൽ എലി മൂത്രം കലരാൻ സാധ്യതയുള്ള വെള്ളവുമായി സമ്പർക്കമുണ്ടാകുന്നത് ഒഴിവാക്കുകയാണ് പ്രധാനം. ശരീരത്തിൽ മുറിവോ വിണ്ട് കീറിയ പാദങ്ങളോ ഉള്ളവർ എലി മൂത്രം കലർന്ന വെള്ളത്തിൽ കാൽവെക്കുകയോ കുളിക്കുകയോ ചെയ്താൽ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കും. അതിനാൽ ഇത്തരമാളുകൾ മലിന ജലത്തിൽ ചവിട്ടുന്നത് പോലും ഒഴിവാക്കണം. കണ്ണുകൾ, വായ എന്നിവയിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം.

എലി പെറ്റുപെരുകുന്ന സാഹചര്യം ഒഴിവാക്കുക, ശരീരത്തിൽ മുറിവ്, വിണ്ടുകീറിയ പാദം എന്നിവ ഉള്ളവർ മലിന ജല സമ്പർക്കം ഒഴിവാക്കാൻ ശ്രദ്ധിക്കുക എന്നിവയാണ് എലിപ്പനി പ്രതിരോധത്തിനുള്ള മാർഗങ്ങൾ. തൊഴിലുറപ്പ് തൊഴിലാളികൾ, കർഷ തൊഴിലാളികൾ, തെങ്ങുകയറ്റ തൊഴിലാളികൾ, കർഷകർ, മൃഗ പരിപാലകർ, ശുചീകരണ തൊഴിലാളികൾ തുടങ്ങി മലിന ജല സമ്പർക്ക സാധ്യതയുള്ള തൊഴിൽ ചെയ്യുന്നവർ തുടങ്ങിയവർ ആഴ്ചയിൽ ഒരിക്കൽ ഡോക്സി സൈക്ലിൻ-200 മില്ലിഗ്രാം ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം കഴിച്ചാൽ രോഗ സാധ്യത തടയാനാകും.

തിരുവനന്തപുരം: സംസ്ഥാനത്തു വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ- ക്ഷീരവികസന മേഖലയിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചു മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

രാവിലെ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ കന്നുകാലികളെ മേയാൻ വിടുന്നത് സൂര്യഘാതത്തിന് ഇടയാക്കുമെന്നതിനാൽ ഈ സമയത്തു മേയാൻ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു. ഉഷ്ണ തരംഗം റിപ്പോർട്ട് ചെയ്തിട്ടുള്ളതും ജല ദൗർലഭ്യം അനുഭവപ്പെടുന്നതുമായ ക്ഷീര കർഷക മേഖലകളിൽ ജില്ലാ ഓഫീസർമാർ കളക്ടർമാരുമായി നേരിട്ട് ബന്ധപ്പെട്ട് കന്നുകാലികൾക്ക് ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.

കടുത്ത വേനലിനെ പ്രതിരോധിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിൽ നിന്നുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ കർഷകർ പാലിക്കണം. തൊഴുത്തിൽ വായുസഞ്ചാരം ഉറപ്പാക്കണം. ഫാൻ സജ്ജീകരിക്കുന്നതു തൊഴുത്തിലെ ചൂട് കുറയ്ക്കാൻ സഹകരമാവും. മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി പന്തൽ / തുള്ളി നന/ സ്പ്രിങ്ക്ളർ / നനച്ച ചാക്കിടുന്നത് ഉത്തമമാണ്. സൂര്യഘാതം ഏറ്റവും കൂടുതൽ സംഭവിക്കാൻ സാധ്യതയുള്ള രാവിലെ മുതൽ വൈകിട്ട് നാലുവരെ പൊള്ളുന്ന വെയിലിൽ തുറസ്സായ മേയാൻ വിടുന്നത് ഒഴിവാക്കുക. 11 മണിക്ക് മുൻപും 4 മണിക്ക് ശേഷവും മാത്രം പശുക്കളെ മേയാൻ വിടുക. ശുദ്ധമായ തണുത്ത കുടിവെള്ളം ദിവസത്തിൽ എല്ലാ സമയവും ലഭ്യമായിരിക്കണം (കറവപശുക്കൾക്ക് 80- 100 ലിറ്റർ വെള്ളം / ദിവസം) ധാരാളം പച്ചപ്പുല്ല് തീറ്റയായി ലഭ്യമാക്കണം.

മികച്ച ഖരാഹാരം അഥവാ കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോൽ രാത്രിയിലുമായി പരിമിതപ്പെടുത്തുക. ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം കന്നുകാലികളെ നനയ്ക്കാൻ ശ്രദ്ധിക്കുക. കനത്ത ചൂട് മൂലം കന്നുകാലികളിൽ കൂടുതൽ ഉമിനീർ നഷ്ടപ്പെടുന്നതിനാൽ ദഹനക്കേടും വയറിളക്കവും ഉണ്ടാകാൻ സാധ്യതയുണ്ട്. ആയതിനാൽ ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിൻ എ, ഉപ്പ്, പ്രോബയോട്ടിക്സ് എന്നിവ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്തണം.

വേനൽ ചൂട് മൃഗങ്ങളുടെ ശരീര സമ്മർദ്ദം കൂട്ടുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും. ചൂടുകാലത്തു ബാഹ്യ പരാദങ്ങളായ പട്ടുണ്ണി, ചെള്ള്,പേൻ , ഈച്ച തുടങ്ങിയവ പെറ്റുപെരുകുന്ന സമയമായതിനാൽ അവ പരത്തുന്ന മാരകരോഗങ്ങളായ തൈലേറിയാസിസ്, അനാപ്ലാസ്മോസിസ്,ബബീസിയോസിസ് എന്നിവ കൂടുതലായി കണ്ടു വരുന്നു. ആയതിനാൽ ചൂട് കാലത്തു ഇത്തരം ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുൻകരുതൽ കൂടി കർഷകർ സ്വീകരിക്കണം.

ബാക്ടീരിയ പരത്തുന്ന അകിടുവീക്കം വേനൽക്കാലത്തു സാധാരണ കണ്ടുവരുന്ന അസുഖമാണ്. ആയതു നിയന്ത്രിക്കുന്നതിന് കറവയുള്ള മൃഗങ്ങളുടെ അകിടിൽ നിന്നും പാൽ പൂർണമായി കറന്ന് ഒഴിവാക്കേണ്ടതും ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടുമായ് കറവ ക്രമീകരിക്കണം. കൃഷിപ്പണിക്കുപയോഗിക്കുന്ന കന്നുകാലികളെ രാവിലെ 11 മണി മുതൽ വൈകീട്ട് 4 മണി വരെയുള്ള ചൂട് കൂടിയ സമയങ്ങളിൽ കൃഷിപ്പണിക്കായി നിയോഗിക്കരുത്. പ്രാദേശികമായി പുറപ്പെടുവിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പുകൾ പാലിക്കുകയും മുൻകരുതലുകൾ സ്വീകരിക്കണം.

തളർച്ച ,ഭക്ഷണം വേണ്ടായ്ക, പനി, വായിൽ നിന്നും നുരയും പതയും വരിക , വായ തുറന്ന ശ്വസനം , പൊള്ളിയ പാടുകൾ എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ തേടണം. ഇവ സൂര്യാഘാത ലക്ഷണങ്ങളാണ്. സൂര്യാഘാതമേറ്റാൽ തണുത്ത വെള്ളം തുണിയിൽ മുക്കി ശരീരം നന്നായി തുടയ്ക്കണം. കുടിക്കാൻ ധാരാളം വെള്ളം നൽകണം.

മൃഗസംരക്ഷണ വകുപ്പിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസർമാരും ക്ഷീരവികസന വകുപ്പിലെ ജില്ലാതല ഓഫീസർമാരും വിവിധ ജില്ലകളിലെ സാഹചര്യം വിശദീകരിച്ചു. മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് ഡയറക്ടർ ആസിഫ് കെ യൂസഫ് ഐഎഎസ് വകുപ്പ് തലത്തിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് വിശദമായി സംസാരിച്ചു.

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ചോറ്. എന്നാൽ അധികമായി ചോറ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ചോറിൽ കലോറിയും കാർബോഹൈഡ്രേറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനും ആദ്യം ചെയ്യേണ്ടത് ചോറിന്റെ അളവ് കുറയ്ക്കുക എന്നതാണ്. കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തിൽ കൊഴുപ്പടിയാൻ കാരണമാകും. അതിനാൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉച്ചയ്ക്ക് ചോറിന് പകരം കാർബോയും കലോറിയും കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കണം. ഈ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ചീര സൂപ്പ്

ഉച്ചയ്ക്ക് ചോറിന് പകരം കഴിക്കാൻ പറ്റിയ ഭക്ഷണമാണ് ചീര സൂപ്പ്. ഫൈബർ അടങ്ങിയതും കലോറി കുറഞ്ഞതുമായ ചീര കൊണ്ടുള്ള സൂപ്പ് വിശപ്പ് കുറയ്ക്കുകയും വയറു കുറയ്ക്കുകയും ചെയ്യും.

ബ്രൊക്കോളി റൈസ്

ഫൈബർ അടങ്ങിയതും കാർബോ കുറഞ്ഞതുമായ ബ്രൊക്കോളി റൈസ് കഴിക്കുന്നതും ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കും.

ബ്രൊക്കോളി- ബ്രൗൺ റൈസ്

ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ചുവന്ന അരി വിശപ്പിനെ നിയന്ത്രിക്കും. അതിനാൽ ബ്രൊക്കോളി- ബ്രൌൺ റൈസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗുണം ചെയ്യും.

കോളിഫ്‌ളർ റൈസ്

കലോറിയും കാർബോയും കുറവുള്ള കോളിഫ്‌ലവർ റൈസും വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉച്ചയ്ക്ക് കഴിക്കാം.

ബ്രൌൺ റൈസ്

ഫൈബർ ധാരാളം അടങ്ങിയ ചുവന്ന അരി വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

ഇനി വരുന്ന 28 ദിവസങ്ങൾ

സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. ചൂടിനെ പ്രതിരോധിക്കാൻ ചെയ്യേണ്ട പത്ത് നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചിരിക്കുകയാണ് ദുരന്ത നിവാരണ വിദഗ്ധനും യു എൻ ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുരളി തുമ്മാരുകുടി ഇക്കാര്യം അറിയിച്ചത്.

ഈ നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

  1. എല്ലാ ദിവസവും കാലാവസ്ഥ മുന്നറിയിപ്പുകൾ പരിശോധിക്കുന്നത് ശീലമാക്കുക. നമ്മുടെ ദൈനംദിന പരിപാടികൾ സാധിക്കുന്നതും അതനുസരിച്ച് പ്ലാൻ ചെയ്യുക. ഉദാഹരണത്തിന് നമ്മൾ എപ്പോൾ നടക്കാൻ പോകുന്നു, വ്യായാമം ചെയ്യാൻ പോകുന്നു (നടക്കാൻ പോകണോ/വ്യായാമം ചെയ്യണോ), ഷോപ്പിങ്ങിനും മറ്റു പ്ലാൻ ചെയ്യാവുന്ന പരിപാടികൾക്കും പോകുന്നു എന്നതൊക്കെ ദിനാന്തരീക്ഷ സ്ഥിതിയുമായി ബന്ധിപ്പിക്കുക. നമ്മുടെ ഫോണിൽ തന്നെ ദിവസത്തിൽ എങ്ങനെ ചൂട് മാറുന്നു എന്നുള്ള വിവരം ലഭ്യമാണല്ലോ.
  2. വീടിന് പുറത്ത് തൊഴിൽ സംബന്ധമായോ മറ്റു കാര്യങ്ങൾക്കായോ നിർബന്ധമായും പുറത്ത് ഇറങ്ങേണ്ടി വരുന്നവർ ചൂടിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ കയ്യിൽ കരുതുക. ചൂടുകൊണ്ടുണ്ടാകുന്ന ക്ഷീണം, സൂര്യതാപം, ഇവയുടെ ലക്ഷണം മനസ്സിലാക്കി അപകടസ്ഥിതിയിലേക്ക് പോകുന്നതിന് മുൻപ് തന്നെ കത്തുന്ന ചൂടിൽ നിന്നും മാറുക. ജോലി സമയം ചൂടു കുറവുള്ള സമയം നോക്കി ക്രമീകരിക്കുന്നതും തുടർച്ചയായി ചൂടിൽ നിൽക്കുന്നത് ഒഴിവാക്കുന്നതും നല്ലതാണ്. സർക്കാരിനും തൊഴിൽ ഉടമകൾക്കും ഇക്കാര്യത്തിൽ പലതും ചെയ്യാനുണ്ട്.
  3. നമ്മുടെ വസ്ത്രങ്ങൾ കാലാവസ്ഥക്കനുസരിച്ച് ക്രമീകരിക്കുക. ഇറുകിയ വസ്ത്രങ്ങൾ, കട്ടിയുള്ള വസ്ത്രങ്ങൾ, പല ലെയറുകളുള്ള വസ്ത്രങ്ങൾ, കടും നിറങ്ങൾ, വായു സഞ്ചാരം കുറക്കുന്ന വസ്ത്രങ്ങൾ ഇവ ഒഴിവാക്കുക. ഇളം നിറങ്ങളുള്ള കോട്ടൺ വസ്ത്രങ്ങളാണ് ഉത്തമം.
  4. വീട്ടിൽ നിന്നും ഇറങ്ങുന്‌പോൾ കയ്യിൽ/ബാഗിൽ ഒരു ബോട്ടിൽ വെള്ളം ഉറപ്പായും കരുതുക. ഇടക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഒപ്പം കുടിക്കുന്ന വെള്ളം/പാനീയങ്ങൾ ശുദ്ധമാണെന്ന് ഉറപ്പാക്കേണ്ടതും പ്രാധാനമാണ്. റോഡ് സൈഡിൽ കിട്ടുന്ന ജ്യൂസുകളും മറ്റും കുടിക്കുന്‌പോൾ ഐസ് ഒഴിവാക്കുക എന്നത് ഞാൻ നാല്പത് വർഷം മുൻപ് കാൺപൂരിൽ നിന്നേ ശീലിച്ചതാണ്. കാരണം അതിന്റെ ശുദ്ധത ഉറപ്പിക്കാൻ പറ്റില്ല എന്നത് തന്നെ.
  5. പുറത്തിറങ്ങുന്‌പോൾ നേരിട്ട് ചൂടേൽക്കുന്നത് കുറക്കാൻ കുടയോ തൊപ്പിയോ എപ്പോഴും കൈയിൽ കരുതണം. പ്രത്യേകിച്ചും പുറത്ത് ജോലി ചെയ്യുന്നവർ സൺ ഹാറ്റ് വക്കുന്നത് ശീലമാക്കണം.
  6. സൺ ഹാറ്റ്, കൂളിംഗ് ഗ്ലാസ്, സൺ സ്‌ക്രീൻ ലോഷനുകൾ ഒന്നുംതന്നെ മലയാളികളുടെ ശീലമല്ല. ടൂറിസ്റ്റുകൾ ചെയ്യുന്നതോ, ഗൾഫിൽ നിന്നും അമേരിക്കയിൽ നിന്നും വരുന്ന പൊങ്ങച്ചക്കാർ ചെയ്യുന്നതോ ഒക്കെയായി ഇതിനെ ഇപ്പോഴും കാണുന്നവരുണ്ട്. എന്നാൽ അതാത് നാട്ടിലെ കാലാവസ്ഥക്കനുസരിച്ച് അവർ പരിശീലിച്ച ആരോഗ്യകരമായ ശീലങ്ങളാണ് ഇതൊക്കെ. പുറത്തിറങ്ങുന്‌പോൾ സൺ സ്‌ക്രീൻ ലോഷനുകൾ പുരട്ടുന്നതും കൂളിംഗ് ഗ്ലാസ് വെക്കുന്നതും ശീലമാക്കുക.
  7. ചൂട് കൂടിയതിനാൽ അംഗൻവാടികൾ ഒരാഴ്ചത്തേക്ക് അടച്ചു എന്ന് വായിച്ചു. ഈ നിയന്ത്രണം സ്‌കൂളുകളിലേക്കും എൻട്രൻസ് കോച്ചിങ്ങിലേക്കും വ്യാപിപ്പിക്കുന്നതും നല്ല കാര്യമാണ്. വീട്ടിലും അധികം ചൂടുള്ള സമയത്ത് കുട്ടികൾ പുറത്തിറങ്ങി കളിക്കുന്നത് നിയന്ത്രിക്കുക. സമയാസമയം ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ട് എന്ന് മുതിർന്നവർ ഉറപ്പാക്കുക. ചൂടിനെ പ്രതിരോധിക്കുന്ന മുൻപറഞ്ഞ കാര്യങ്ങൾ കുട്ടികളെ പറഞ്ഞു പഠിപ്പിക്കുക, അവർക്ക് ഇനിയങ്ങോട്ട് ഇതൊക്കെ ശീലമായേ പറ്റൂ.
  8. വീട്ടിലുള്ള പ്രായമായവരെ പ്രത്യേകം ശ്രദ്ധിക്കുക. പുറത്തിറങ്ങി ചൂടുകൂടി സൂര്യാഘാതം കൊണ്ട് സംഭവിക്കുന്ന മരണങ്ങളെക്കാൾ കൂടുതൽ സംഭവിക്കുന്നത് വീടിനുള്ളിൽ പ്രായമായവർക്ക് ചൂടുള്ള സമയത്ത് വേണ്ടത്ര സംരക്ഷണം ലഭിക്കാത്തത് കൊണ്ടാണ്. 2003 ൽ ആഗസ്റ്റിൽ യൂറോപ്പിലുണ്ടായ ഉഷ്ണതരംഗം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ആ വർഷം സാധാരണ വർഷങ്ങളേക്കാൾ ഇരുപതിനായിരം മരണങ്ങൾ കൂടുതലായുണ്ടായി എന്ന് ആരോഗ്യവിദഗ്ദ്ധരും സർക്കാരും മനസ്സിലാക്കിയത്. വേനൽക്കാലത്ത് പ്രായമായവരെ സംരക്ഷിക്കാൻ യൂറോപ്പിൽ ഇപ്പോൾ പ്രത്യേക സംവിധാനങ്ങളുണ്ട്. വീട്ടിൽ ഏറ്റവും ചൂട് കുറഞ്ഞ മുറി പ്രായമായവർക്ക് നൽകുക, അവർ ആവശ്യത്തിന് വെള്ളം കുടിക്കുന്നു എന്നും ഉഷ്ണപാനീയങ്ങളോ മദ്യമോ കുടിക്കുന്നില്ല എന്നും ഉറപ്പു വരുത്തുക. മുറിയിൽ ചൂട് കുറക്കാനായി സാധ്യമായതെല്ലാം ചെയ്യുക. ചൂടിനോട് അനുബന്ധമായതല്ലാത്ത മറ്റു രോഗമോ ക്ഷീണമോ കണ്ടാലും ഉടൻ ഡോക്ടറുടെ ഉപദേശം തേടുക.
  9. നമ്മുടെ ഭക്ഷണ ശീലങ്ങളിൽ കാലാവസ്ഥക്കനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. മലയാളികളുടെ സമകാലീന ശീലങ്ങളിൽ ഒഴിവാക്കാൻ പറ്റാത്തവയാണ് ചായയും കാപ്പിയും. ഈ ചൂടുകാലം അവസാനിക്കുന്നത് വരെ ചായയും കാപ്പിയും ചൂടുള്ള മറ്റു പാനീയങ്ങളും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇനിയും മഴക്കാലം വരുമല്ലോ, അപ്പോൾ ക്ലാരയോടൊത്ത് ചൂടൻ കട്ടൻകാപ്പി കുടിക്കണമെങ്കിൽ ഇപ്പോൾ അവ ഒഴിവാക്കുന്നതാണ് ബുദ്ധി. ചൂട് കൂടുന്നതിനാൽ ബിവറേജസിലോ ബാറിലോ പോയി അല്പം മദ്യപിച്ചേക്കാം എന്ന് കരുതുന്നതും റിസ്‌ക് ആണ്. മലയാളികൾ ശീലമാക്കിയിരിക്കുന്ന തരം മദ്യങ്ങൾ ചൂടുകാലത്ത് റിസ്‌ക് കൂട്ടുന്നവയാണ്. (ഈ ചൂടുകാലത്തും ബിവറേജസിൽ ആളുകൾ ക്യൂ നിൽക്കേണ്ടി വരുന്നു എന്നത് എന്നത്തേയും പോലെ കഷ്ടവുമാണ്).
  10. ഇപ്പോൾ കേരളത്തിലെ മിക്ക വീടുകളും തന്നെ വിശാലമായ വാതിലുകളും ജനലുകളും ഉള്ളവയാണ്. ജനലുകൾ മിക്കതും ഗ്ലാസ്സ് ഇട്ടവയും. പുതിയ കെട്ടിടങ്ങൾക്ക് കൂളിഗ്ഗ് ഗ്ലാസ്സുകൾ ഉണ്ടെങ്കിലും പൊതുവിൽ മുഴുവൻ വെളിച്ചവും (ചൂടും) അകത്തേക്ക് കടത്തിവിടുന്ന രീതിയിലാണ് നമ്മുടെ ജനാലകൾ. നമ്മുടെ കർട്ടനുകളും വീടിനകത്താണ്. ഇത്തരത്തിലുള്ള സംവിധാനം പുറത്തുള്ള ചൂടിനെ അകത്തു കയറ്റിയതിന് ശേഷം വെളിച്ചത്തെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. വീട്ടിൽ എ.സി.യും ഫാനും ഉണ്ടെങ്കിൽ പോലും അത് ചൂടിന്റെ നിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുന്നു. ജനാലകൾക്ക് പുറത്തു തന്നെ ചൂടിനേയും വെയിലിനേയും പ്രതിരോധിക്കുന്ന തരത്തിൽ ഔട്ട് ഡോർ കർട്ടനോ ചുരുങ്ങിയത് ഒരു തുണിയോ കെട്ടിയിടുന്നത് ചൂട് കുറക്കാനും എ.സി.യെ കൂടുതൽ ഫലപ്രദമാക്കാനും സഹായിക്കും.

സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുകയാണ്. ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും സുരക്ഷിതമായിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദ്ദേശം. അന്തരീക്ഷ താപനില തുടർച്ചയായി സാധാരണയിൽ കൂടുതൽ ഉയർന്ന് നിൽക്കുന്ന അവസ്ഥയാണ് ഉഷ്ണതരംഗം.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

സൂര്യാഘാതമേറ്റാൽ ആദ്യം ചെയ്യേണ്ടത്

  1. സൂര്യാഘാതമേറ്റാൽ ഉടൻ തന്നെ തണലുള്ള സ്ഥലത്തേക്ക് മാറ്റുക.
  2. തണുത്ത വെള്ളം തുണിയിൽ മുക്കി ശരീരം നന്നായി തുടയ്ക്കുക.
  3. കുടിക്കാൻ തണുത്ത വെള്ളം നൽകുക.
  4. ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ തേടുക

രാവിലെ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. നിർജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാർഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാൽ ചികിത്സ തേടേണ്ടതാണ്.

സംസ്ഥാനത്ത് ചൂട് ഉയരുകയാണ്. കനത്ത ചൂടിൽ മനുഷ്യരും മൃഗങ്ങളുമെല്ലാം ഉരുകിയൊലിക്കുകയാണ്. വേനൽക്കാലത്ത് വളർത്തു മൃഗങ്ങളെ പരിപാലിക്കേണ്ടത് എങ്ങനെയാണെന്ന സംശയം പലർക്കുമുണ്ടാകാം. വേനൽക്കാലത്ത് അരുമ മൃഗങ്ങളെ പരിപാലിക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം.

·വളർത്തു മൃഗങ്ങൾക്ക് എല്ലായ്പ്പോഴും ശുദ്ധമായ തണുത്ത ജലം കുടിയ്ക്കാൻ പാകത്തിന് എല്ലാസമയത്തും ലഭ്യമാണെന്ന് ഉറപ്പാക്കുക.

·പകൽ സമയത്തു അടച്ചിട്ടതും വായു സഞ്ചാരമില്ലാത്തതുമായ മുറികളിൽ അരുമമൃഗങ്ങളെ പാർപ്പിക്കരുത്.

·ഫാനുകളോ എയർ കൂളറുകളോ ഉള്ള മുറികളിൽ പകൽ സമയങ്ങളിൽ അരുമ മൃഗങ്ങളെ പാർപ്പിക്കുന്നതു അഭികാമ്യം ആയിരിക്കും.

·രോമം കൂടിയ ഇനത്തിൽ പെട്ട അരുമ മൃഗങ്ങളെ വേനൽക്കാലത്തു ഗ്രൂമിംഗിന് വിധേയമാക്കി അവയുടെ രോമക്കെട്ടുകളുടെ അളവു കുറയ്ക്കുന്നത് ചൂട് കുറക്കുന്നതിന് സഹായകരമാകും.

·കോൺക്രീറ്റ്/ ടിൻ ഷീറ്റുകൊണ്ടുള്ള കൂടുകളുടെ മേൽക്കൂരകളിൽ നനഞ്ഞ ചണം ചാക്ക് വിരിക്കുന്നതും ഇടയ്ക്കിടയ്ക്ക് ചാക്കിൽ വെള്ളം തളിക്കുന്നതും കൂടുകളിൽ ചൂട് കുറക്കുന്നതിന് സഹായകരമായിരിക്കും.

·രാവിലെ ഒൻപതു മണി മുതൽ വൈകീട്ട് നാല് മണി വരെയുള്ള സൂര്യപ്രകാശത്തിനു ചൂട് വളരെ കൂടുതലായതിനാൽ അവയെ പാർപ്പിച്ചിരിക്കുന്ന കൂടുകളിൽ നേരിട്ട് സൂര്യപ്രകാശം പതിയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.

·ശുദ്ധമായ കുടിവെള്ളത്തോടൊപ്പം വിറ്റാമിൻ തുള്ളിമരുന്നുകൾ നൽകുന്നത് ചൂടുകാലത്തു ഓമന മൃഗങ്ങൾക്കുണ്ടാകുന്ന അസുഖങ്ങൾക്ക് പ്രതിരോധം തീർക്കാൻ സഹായകരമായിരിക്കും

·ചൂടുകാലത്തു ബാഹ്യ പരാദങ്ങൾ പെറ്റുപെരുകുന്ന സമയമായതിനാൽ ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുൻകരുതൽ കൂടി അരുമ മൃഗങ്ങളുടെ ഉടമസ്ഥർ സ്വീകരിക്കേണ്ടതാണ്.

·ചൂട് കൂടിയ ഉച്ച സമയങ്ങളിൽ ആഹാരം നൽകാതെ ചൂട്കുറവുള്ള സമയങ്ങളിൽ പ്രത്യേകിച്ച് രാവിലെയും വൈകീട്ടും പല നേരങ്ങളിലായി എളുപ്പം ദഹിക്കുന്ന ആഹാരം നൽകുന്നതാണ് നല്ലത്.

·അടച്ചിട്ട കാറുകളിൽ അരുമ മൃഗങ്ങളെ ഒറ്റക്കാക്കി ഉടമസ്ഥർ പുറത്തുപോകരുത് .

·വളർത്തു മൃഗങ്ങളുമായുള്ള വാഹനത്തിലെ യാത്രകൾ കഴിവതും രാവിലെയും വൈകിട്ടുമായി ക്രമീകരിക്കേണ്ടതാണ്.

·യാത്രകളുടെ ഇടവേളകളിൽ ശുദ്ധമായ കുടിവെള്ളം നൽകേണ്ടതാണ്.

·ചൂട് കൂടിയ പകൽ സമയങ്ങളിൽ റോഡിലോ കോൺക്രീറ്റ് നടപ്പാതയിലോ അരുമ മൃഗങ്ങളെ നടത്തരുത്.

·ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം അരുമ മൃഗങ്ങളെ നടത്താനും വ്യായാമത്തിനും കൊണ്ട് പോകാൻ ശ്രദ്ധിക്കേണ്ടതാണ്.