കൊതുക് ജന്യ, ജലജന്യ രോഗങ്ങൾ വർധിക്കുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ജില്ലയിൽ കടുത്ത വേനലിനെ തുടർന്ന് കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിലും ഇടവിട്ട് മഴ ലഭിച്ച സാഹചര്യത്തിലും കൊതുക് ജന്യ, ജല ജന്യ രോഗങ്ങൾ വർധിക്കാനുള്ള സാധ്യതയുണ്ടെന്നും ഇത്തരം രോഗങ്ങൾക്ക് എതിരെ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ജില്ലയിൽ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ കൊതുക് ജന്യ രോഗങ്ങളും മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും വർധിക്കുന്നതായി കണക്കുകൾ കാണിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്നുണ്ട്. ഈ വർഷം ഇതുവരെ ജില്ലയിൽ 1149 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. 2023 ൽ 79 ഉം 2022 ൽ 40 ഉം മാത്രമായിരുന്നു ഡെങ്കിപ്പനി ബാധിച്ചവർ.

ജില്ലയിലെ സാംക്രമിക രോഗങ്ങളുടെ നിലവിലെ സ്ഥിതി ചർച്ച ചെയ്യുന്നതിനും മഴക്കാല പൂർവ്വ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുമായി ഏകോപിച്ച് നടപ്പിലാക്കുന്നതിനും ആയി എഡിഎം നവീൻ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് ഈ വിലയിരുത്തൽ. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സി സച്ചിൻ ജില്ലയിലെ സ്ഥിതിവിവര കണക്കുകൾ അവതരിപ്പിച്ചു.

ഹെപ്പറ്റൈറ്റിസ്-എ അഥവാ മഞ്ഞപ്പിത്ത രോഗവും ജില്ലയിൽ വർധിക്കുന്നതായാണ് കണക്ക്. 2023 ൽ 28 പേർക്കാണ് രോഗം ബാധിച്ചതെങ്കിൽ ഈ വർഷം 145 പേർക്ക് മഞ്ഞപ്പിത്ത ബാധയുണ്ടായി. ജില്ലയിലെ ചില പ്രദേശങ്ങളിൽ മഞ്ഞപ്പിത്ത ഔട്ട് ബ്രേക്ക് തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ് രോഗ തോത് വർധിക്കാനുള്ള കാരണം. മലിനമായ കിണറുകളും വിവാഹം തുടങ്ങിയ പാർട്ടികളിലെ വെൽക്കം ഡ്രിങ്ക് തുടങ്ങിയവയും മേളകളിൽ വിൽക്കപ്പെടുന്ന ഐസ് ജ്യൂസ് എന്നിവയും രോഗം പകരുന്നതിന് കാരണമാകുന്നുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പ്രതിരോധ നിർദേശങ്ങൾ

കൊതുകുകൾ പെരുകുന്നത് തടയാൻ വെള്ളക്കെട്ടുകൾ ഒഴിവാക്കി ഉറവിട നശീകരണം ഫലപ്രദമായി ചെയ്യുക, കൊതുക് കടിയേൽക്കാതിരിക്കാനാവശ്യമായ ലേപനങ്ങളോ വലയോ ഉപയോഗിക്കുക, വെള്ളം ശേഖരിച്ചുവെക്കുന്ന പാത്രങ്ങൾ അടച്ചുസൂക്ഷിക്കുക. ആഴ്ചയിൽ ഒരു ദിവസം ഡ്രൈഡേ ആചരിക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.

വീടുകളിലെ ഇൻഡോർ പ്ലാന്റുകളുടെ വെള്ളം ആഴ്ചയിൽ ഒരു ദിവസം നിർബന്ധമായും മാറ്റണം. ജില്ലയിൽ പലയിടത്തും വീടുകളുടെ അകത്തു സൂക്ഷിച്ചിരിക്കുന്ന ഇൻഡോർ പ്ലാന്റുകളിലെ വെള്ളത്തിൽ കൊതുക് വളരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അതിനാൽ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നും ഡോ. കെ സി സച്ചിൻ പറഞ്ഞു.

കടുത്ത വേനലിനെ തുടർന്ന് കുടിവെള്ളമടക്കം മലിനമാകാനുള്ള സാധ്യത വർധിച്ചിട്ടുണ്ട്. അതിനാൽ ഇക്കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണമെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനും പാചകത്തിനും ഉപയോഗിക്കുക, കിണറുകൾ ക്ലോറിനേറ്റ് ചെയ്യുക, തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം ഒഴിവാക്കുക, മലമൂത്ര വിസർജന ശേഷം കൈകാലുകൾ കഴുകുക, ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകൾ കഴുകുക, പൊതു ടാപ്പുകളും കിണറുകളും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ജലജന്യ രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലായി നിർദേശിച്ചിട്ടുള്ളത്.

എലികളാണ് എലിപ്പനി പടർത്തുന്നത്. അതിനാൽ എലി മൂത്രം കലരാൻ സാധ്യതയുള്ള വെള്ളവുമായി സമ്പർക്കമുണ്ടാകുന്നത് ഒഴിവാക്കുകയാണ് പ്രധാനം. ശരീരത്തിൽ മുറിവോ വിണ്ട് കീറിയ പാദങ്ങളോ ഉള്ളവർ എലി മൂത്രം കലർന്ന വെള്ളത്തിൽ കാൽവെക്കുകയോ കുളിക്കുകയോ ചെയ്താൽ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കും. അതിനാൽ ഇത്തരമാളുകൾ മലിന ജലത്തിൽ ചവിട്ടുന്നത് പോലും ഒഴിവാക്കണം. കണ്ണുകൾ, വായ എന്നിവയിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം.

എലി പെറ്റുപെരുകുന്ന സാഹചര്യം ഒഴിവാക്കുക, ശരീരത്തിൽ മുറിവ്, വിണ്ടുകീറിയ പാദം എന്നിവ ഉള്ളവർ മലിന ജല സമ്പർക്കം ഒഴിവാക്കാൻ ശ്രദ്ധിക്കുക എന്നിവയാണ് എലിപ്പനി പ്രതിരോധത്തിനുള്ള മാർഗങ്ങൾ. തൊഴിലുറപ്പ് തൊഴിലാളികൾ, കർഷ തൊഴിലാളികൾ, തെങ്ങുകയറ്റ തൊഴിലാളികൾ, കർഷകർ, മൃഗ പരിപാലകർ, ശുചീകരണ തൊഴിലാളികൾ തുടങ്ങി മലിന ജല സമ്പർക്ക സാധ്യതയുള്ള തൊഴിൽ ചെയ്യുന്നവർ തുടങ്ങിയവർ ആഴ്ചയിൽ ഒരിക്കൽ ഡോക്സി സൈക്ലിൻ-200 മില്ലിഗ്രാം ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം കഴിച്ചാൽ രോഗ സാധ്യത തടയാനാകും.