Health (Page 19)

തിരുവനന്തപുരം: വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് ക്ഷീര കർഷകർക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. സൂര്യഘാതം ഏറ്റവും കൂടുതൽ സംഭവിക്കാൻ സാധ്യതയുള്ള രാവിലെ 11 മുതൽ വൈകിട്ട് നാലു വരെ പൊള്ളുന്ന വെയിലിൽ തുറസായ സ്ഥലത്തു മേയാൻ വിടുന്നത് ഒഴിവാക്കണം. 11നു മുൻപും നാലിനു ശേഷവും മാത്രം പശുക്കളെ മേയാൻ വിടണം.

തൊഴുത്തിൽ വായുസഞ്ചാരം ഉറപ്പാക്കണം. ഫാൻ സജ്ജീകരിക്കുന്നതു തൊഴുത്തിലെ ചൂട് കുറയ്ക്കാൻ സഹകരമാവും. മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി പന്തൽ / തുള്ളി നന/ സ്പ്രിങ്ക്ളർ / നനച്ച ചാക്കിടുന്നത് ഉത്തമമാണ്. ശുദ്ധമായ തണുത്ത കുടിവെള്ളം ദിവസത്തിൽ എല്ലാ സമയവും ലഭ്യമായിരിക്കണം (കറവപശുക്കൾക്ക് 80- 100 ലിറ്റർ വെള്ളം / ദിവസം) ധാരാളം പച്ചപ്പുല്ല് തീറ്റയായി ലഭ്യമാക്കണം.മികച്ച ഖരാഹാരം അഥവാ കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോൽ രാത്രിയിലുമായി പരിമിതപ്പെടുത്തണം.

ചൂടും ഈർപ്പവും (ഹ്യൂമിഡിറ്റി) കൂടിയ പകൽ സമയങ്ങളിൽ നനയ്ക്കുന്നത് മൂലം കന്നുകാലികളുടെ ശരീരം പെട്ടെന്ന് തണുക്കുകയും തുടർന്ന് ശരീരോഷമാവ് സ്വയം നിയന്ത്രിക്കുന്നതിലേക്കായി കുറച്ചു സമയത്തിന് ശേഷം ശരീരോഷ്മാവ് സ്വയം വർദ്ധിക്കുന്നതിനും മറ്റു അസ്വസ്ഥതകൾക്കും കാരണമാകും. താരതമ്യേന ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം കന്നുകാലികളെ നനയ്ക്കാൻ ശ്രദ്ധിക്കണം.

കനത്ത ചൂട് മൂലം കന്നുകാലികളിൽ കൂടുതൽ ഉമിനീർ നഷ്ടപ്പെടുന്നത് മൂലം ദഹനക്കേടും വയറിളക്കവും ഉണ്ടാകാൻ സാധ്യതയുണ്ട്. ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിൻ എ, ഉപ്പ്, പ്രോബയോട്ടിക്സ് എന്നിവ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്തണം. വേനൽ ചൂട് മൃഗങ്ങളുടെ ശരീര സമ്മർദ്ദം കൂട്ടുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. ചൂടുകാലത്തു ബാഹ്യ പരാദങ്ങളായ പട്ടുണ്ണി, ചെള്ള്, പേൻ , ഈച്ച തുടങ്ങിയവ പെറ്റുപെരുകുന്ന സമയമായതിനാൽ അവ പരത്തുന്ന മാരകരോഗങ്ങളായ തൈലേറിയാസിസ്, അനാപ്ലാസ്മോസിസ്, ബബീസിയോസിസ് എന്നിവ കൂടുതലായി കണ്ടു വരുന്നു. ചൂട് കാലത്തു ഇത്തരം ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുൻകരുതൽ കൂടി കർഷകർ സ്വീകരിക്കണം.

ബാക്ടീരിയ പരത്തുന്ന അകിടുവീക്കം വേനൽക്കാലത്തു സാധാരണ കണ്ടുവരുന്ന അസുഖമാണ്. ഇതു നിയന്ത്രിക്കുന്നതിനു കറവയുള്ള മൃഗങ്ങളുടെ അകിടിൽ നിന്നും പാൽ പൂർണമായി കറന്ന് ഒഴിവാക്കേണ്ടതും ചൂട് കുറഞ്ഞ രാവിലെയും വൈകിട്ടുമായി കറവ ക്രമീകരിക്കണം. കൃഷിപ്പണിക്കുപയോഗിക്കുന്ന കന്നുകാലികളെ രാവിലെ 11 മുതൽ വൈകിട്ടു നാലു വരെയുള്ള സമയങ്ങളിൽ കൃഷിപ്പണിക്കായി നിയോഗിക്കരുത്. പ്രാദേശികമായി പുറപ്പെടുവിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പുകൾ പാലിക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണം.

സൂര്യാഘാത ലക്ഷണങ്ങളും ശ്രദ്ധിക്കണം. തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായിൽ നിന്നും നുരയും പതയും വരിക, വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ തേടണം.

തന്റെ രോഗവിവരത്തെ കുറിച്ച് തുറന്നു സംസാരിച്ച് നടി അന്ന രാജൻ. തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ് താനെന്നാണ് അന്ന വ്യക്തമാക്കുന്നത്. അടുത്തിടെ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ വന്ന നെഗറ്റീവ് കമന്റുകൾക്ക് മറുപടി നൽകുകയായിരുന്നു താരം.

വീഡിയോയ്ക്ക് താഴെ വന്ന പല കമന്റുകളും തന്നെ വ്യക്തിപരമായി വേദനിപ്പിക്കുന്നുണ്ട്. ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് എന്ന അസുഖമാണ് തനിക്കുള്ളത്. അതിനാൽ ശരീരം ചിലപ്പോൾ തടിച്ചും ചിലപ്പോൾ മെലിഞ്ഞും ഇരിക്കും. മുഖം വലുതാകുന്നതും സന്ധികളിലെ തടിപ്പും വേദനയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണെന്ന് താരം അറിയിച്ചു.

എന്നാൽ അതിനാൽ താൻ ഒന്നും ചെയ്യാതിരിക്കില്ല. തന്റെ വീഡിയോ കാണാൻ താൽപ്പര്യമില്ലാത്തവർ കാണേണ്ടതില്ല. താൻ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ നിരവധി മോശം കമന്റുകൾ കണ്ടു. അത്തരം കമന്റുകൾക്ക് നിരവധി ലൈക്ക് ലഭിക്കുന്നത് വേദനാജനമാണ്. ഒന്നും ചെയ്യാതെ വീട്ടിൽ ഇരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അന്ന കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽ മഴയും തുടർന്ന് മഴക്കാലവും വരുന്നതോടെ മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ഡെങ്കിപ്പനി വ്യാപനത്തിന് ഏറെയാണ്. അതിനാൽ വകുപ്പുകൾ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണം. കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് യോഗങ്ങൾ ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. മെഡിക്കൽ ഓഫീസർ പബ്ലിക് ഹെൽത്ത് ഓഫീസറായതിനാൽ യോഗം ചേർന്ന് പ്രാദേശികമായി പ്രവർത്തനങ്ങൾ നടത്തണം. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് തുടർച്ചയായ പ്രവർത്തനങ്ങൾ നടത്തണം. വാർഡ്തല സാനിറ്ററി കമ്മിറ്റികളുടെ പ്രവർത്തനം ശക്തമാക്കണം. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും കൊതുകിന്റെ ഉറവിട നശീകരണവും വളരെ പ്രധാനമാണ്. ഹോട്ട്‌സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും മന്ത്രി നിർദേശം നൽകി.

ഉഷ്ണ തരംഗത്തിന്റെ നിലവിലെ സാഹചര്യവും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു. ആരോഗ്യ ജാഗ്രത കലണ്ടർ അനുസരിച്ചുള്ള ഡ്രൈ ഡേ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കൃത്യമായി നടത്താൻ മന്ത്രി നിർദേശം നൽകി. ഇടവിട്ടുള്ള മഴ, അമിതമായ ചൂട്, കാലാവസ്ഥ വ്യതിയാനം എന്നിവ കാരണം പലതരം പകർച്ചവ്യാധികളുണ്ടാകാൻ സാധ്യതയുണ്ട്. അതനുസരിച്ചുള്ള ജാഗ്രത പാലിക്കണം. ഡെങ്കിപ്പനി ചെറുതായി വർധിച്ചു വരുന്നതായാണ് സൂചന. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകൾ വളരെയധികം ശ്രദ്ധിക്കണം. തദ്ദേശ സ്ഥാപന തലത്തിൽ ആക്ഷൻ പ്ലാൻ രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കാൻ നിർദേശം നൽകി. വീടിനും സ്ഥാപനങ്ങൾക്കും അകത്തും പുറത്തും വെള്ളം കെട്ടി നിർത്താനുള്ള സാഹചര്യം ഒഴിവാക്കണം. ഡെങ്കിപ്പനി പ്രതിരോധം എല്ലാവരുടേയും ഉത്തരവാദിത്തമാണ്.

എലിപ്പനി ഏറെ ശ്രദ്ധിക്കണം. മലിന ജലത്തിലിറങ്ങുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. ആശുപത്രികളിൽ മരുന്നുകളുടെ സ്റ്റോക്ക് ഉറപ്പ് വരുത്തണം.

എച്ച് 1 എൻ 1, ചിക്കൻ പോക്‌സ്, ഹെപ്പറ്റെറ്റിസ്, മലമ്പനി, ജലജന്യ രേഗങ്ങൾ തുടങ്ങിയവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിഥി തൊഴിലാളികളിലുൾപ്പെടെ മലമ്പനി റിപ്പോർട്ട് ചെയ്തതിനാൽ പ്രതിരോധം ശക്തമാക്കണം. തൊഴിൽ വകുപ്പിന്റെ സഹകരണത്തോടെ അവബോധം ശക്തമാക്കും. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കും. താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങളും ശക്തമായി തുടരുന്നു. സംസ്ഥാന തലത്തിൽ പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. തയ്യാറാക്കാൻ നിർദേശം നൽകി. കോഴിക്കോട്, വയനാട് ജില്ലകളിൽ നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം.

ഉഷ്ണ തരംഗം തുടരുന്നതിനാൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ശുദ്ധമായ വെള്ളം മാത്രമേ കുടിക്കാവൂ. തിളപ്പിച്ചാറ്റിയ വെള്ളം നല്ലത്. ഭക്ഷ്യ വസ്തുക്കൾ തുറന്ന് വയ്ക്കരുത്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ തോന്നിയാൽ ഉടൻ ചികിത്സ തേടേണ്ടതാണ്.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവൈലൻസ് ഓഫീസർമാർ, മെഡിക്കൽ കോളേജുകളിലെ വിദഗ്ധ ഡോക്ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

തിരുവനന്തപുരം: ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഈ വിഭാഗത്തിലുള്ളവർ കഴിയുന്നതും നേരിട്ട് വെയിൽ ഏൽക്കാതിരിക്കുക. നിർജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാർഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാൽ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.

അന്തരീക്ഷ താപനില തുടർച്ചയായി സാധാരണയിൽ കൂടുതൽ ഉയർന്നു നിൽക്കുന്നതിനേയാണ് ഉഷ്ണതരംഗം എന്ന് പറയുന്നത്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. അതിനാൽ വളരെയേറെ ശ്രദ്ധിക്കണം.

· രാവിലെ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

· കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങളിലുള്ളവർ ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

· അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

· പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.

· ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. യാത്രാ വേളയിൽ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.

· നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.

· കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കുക. തിളപ്പിച്ചാറ്റിയ വെള്ളം നല്ലത്.

· കുട്ടികൾക്ക് ധാരാളം വെള്ളം നൽകുക.

· പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധമായിരിക്കണം.

· പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആർ.എസ്. ലായനി, സംഭാരം തുടങ്ങിയവ നല്ലത്.

· കുട്ടികളെയോ വളർത്തു മൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

· സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം.

· ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക.

· തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക.

· ധാരാളം പാനീയങ്ങൾ കുടിക്കാൻ നൽകുക.

· ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.

തിരുവനന്തപുരം: ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏൽക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവർ ജോലി സമയം ക്രമീകരിക്കണം. നിർജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാർഗം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവർ തണലിൽ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. സാധാരണമല്ലാത്ത ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ചികിത്സ തേടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. ജില്ലാ ഭരണകൂടവുമായി ചേർന്ന് ജില്ലകളുടെ സാഹചര്യം ഇടയ്ക്കിടയ്ക്ക് വിലയിരുത്താനും അതനുസരിച്ച് നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി. ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും ആരോഗ്യ വകുപ്പും നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകി.

തുടർച്ചയായി വെയിലേറ്റാൽ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. വളരെ ഉയർന്ന ശരീര താപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വറ്റിവരണ്ട ചുവന്ന ചർമ്മം, ശക്തമായ തലവേദന, തലകറക്കം, ഓക്കാനം, ബോധക്ഷയം, കഠിനമായ ക്ഷീണം എന്നിവ തോന്നിയാൽ ശ്രദ്ധിക്കണം. വെയിലിൽ നിന്ന് തണലിലേക്ക് മാറി വിശ്രമിക്കുക. കട്ടികൂടിയ വസ്ത്രങ്ങൾ മാറ്റുക. ധാരാളം വെള്ളം കുടിക്കുക. തണുത്ത വെള്ളം കൊണ്ട് ദേഹം തുടയ്ക്കുക. കാറ്റ് കൊള്ളുക, വീശുക/ഫാനോ എ.സിയോ ഉപയോഗിക്കുക. ഡോക്ടറെ കാണിച്ചു ചികിത്സ തേടുക.

· രാവിലെ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് കൂടുതൽ നേരം വെയിലേൽക്കരുത്.

· അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

· പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.

· ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. യാത്രാ വേളയിൽ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.

· കുട്ടികൾക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം നൽകണം.

· ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.

· വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

· കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്

· ചൂടിന്റെ കാഠിന്യം കുറയ്ക്കാൻ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക

· വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളിൽ സൂക്ഷിക്കുന്ന പാനീയങ്ങൾ മാത്രം ഉപയോഗിക്കുക.

· ജ്യൂസിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുണ്ടാക്കുന്നതാവണം.

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂൾ പ്രവർത്തനം ഒരാഴ്ചത്തേയ്ക്ക് നിർത്തിവയ്ക്കാൻ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം. അന്തരീക്ഷ താപനില ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടർന്നും ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ നിർദേശത്തെത്തുടർന്നും ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.

അങ്കണവാടികളുടെ മറ്റ് പ്രവർത്തനങ്ങൾ പതിവ് പോലെ നടക്കും. ഈ കാലയളവിൽ കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യൻ വീടുകളിലെത്തിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.

ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും സുരക്ഷിതമായിരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. അന്തരീക്ഷ താപനില തുടർച്ചയായി സാധാരണയിൽ കൂടുതൽ ഉയർന്ന് നിൽക്കുന്ന അവസ്ഥയാണ് ഉഷ്ണതരംഗം. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

രാവിലെ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. നിർജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാർഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാൽ ചികിത്സ തേടേണ്ടതാണ്.

തിരുവനന്തപുരം: അപൂർവ രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികൾക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. 6 വയസ് വരെയുള്ള കുട്ടികൾക്ക് നൽകിയിരുന്ന മരുന്നാണ് 12 വയസ് വരെയാക്കിയത്. ആദ്യ ഘട്ടത്തിൽ 10 കുട്ടികൾക്കാണ് വിലകൂടിയ മരുന്ന് നൽകിയത്.

ഇതുവരെ 57 കുട്ടികൾക്കാണ് മരുന്ന് നൽകിയത്. 12 വയസ് വരെ ചികിത്സ ഉയർത്തുമ്പോൾ 23 കുട്ടികൾക്കും കൂടി മരുന്ന് നൽകുന്നതാണ്. നവകേരള സദസ്സിനിടെ എസ്.എം.എ. ബാധിതയും കോഴിക്കോട് സ്വദേശിയുമായ സിയ മെഹ്റിൻ തന്റെ അനുഭവം പങ്കുവയ്ക്കുന്നതിനിടേയാണ് അപൂർവ രോഗത്തിനുള്ള മരുന്ന് വിതരണം 6 വയസിന് മുകളിലുള്ള കുട്ടികൾക്കും ലഭ്യമാക്കിയാൽ സഹായകരമാണെന്ന ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

നട്ടെല്ലിന്റെ വളവ് പരിഹരിക്കുന്നതിനുള്ള സൗജന്യ ശസ്ത്രക്രിയ ആദ്യമായി നടത്തിയത് സിയാ മെഹ്റിനിലാണ്. ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കുമെന്ന് ബഹു. മുഖ്യമന്ത്രി പ്രഭാത യോഗത്തിൽ തന്നെ പറഞ്ഞിരുന്നു. തുടർന്നാണ് സർക്കാർ തലത്തിൽ ചർച്ച ചെയ്ത് 6 വയസിന് മുകളിലുള്ള കുട്ടികൾക്കും സൗജന്യ മരുന്ന് നൽകാൻ കഴിഞ്ഞ മാസം തീരുമാനമെടുത്തതെന്ന് വീണാ ജോർജ് കൂട്ടിച്ചേർത്തു.

ഡ്രൈവിംഗ് സമയത്ത് നിങ്ങളുടെ പേഴ്‌സ് / വാലറ്റ് പിൻ പോക്കറ്റിലാണോ വെയ്ക്കാറുള്ളത്. അത് തെറ്റായ ശീലമാണ് എന്നാണ് ന്യൂറോളജിസ്റ്റുകൾ പറയുന്നത്. നിങ്ങൾക്ക് നടുവേദന ഉണ്ടാകാൻ ഇത് ഒരു കാരണമാകാമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

മാത്രമല്ല ഇത് കാലുകൾക്ക് താഴെയുള്ള വേദനയിലേക്ക് നയിക്കുകയും ചെയ്യും. ദീർഘനേരം വാലറ്റിൽ ഇരിക്കുന്നത് നിങ്ങളുടെ ഹിപ് ജോയിന്റിന് തൊട്ടുപിന്നിലുള്ള സിയാറ്റിക് നാഡിയുടെ കംപ്രഷനിലേക്ക് നയിക്കുന്നു, വാലറ്റിനും നിങ്ങളുടെ ഇടുപ്പിനും ഇടയിൽ കുത്തി നോവിക്കുന്നു. ഇത് സയാറ്റിക്ക/പിരിഫോർമിസ് സിൻഡ്രോം എന്നും ഫാറ്റ് വാലറ്റ് സിൻഡ്രോം എന്നും അറിയപ്പെടുന്നു.

ഒരു ഇടുപ്പ് ഉയരത്തിൽ അസമമായ പ്രതലത്തിൽ ഇരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. ദിവസം തോറും, മണിക്കൂറുകളോളം ഇങ്ങനെ ഇരിക്കുന്നത് നിങ്ങളുടെ നട്ടെല്ലിന് കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. നിവർന്നു ഇരിക്കുന്നതിനുപകരം, നിങ്ങൾ യഥാർത്ഥത്തിൽ ഒരുവശം ചരിഞ്ഞ് ഇരിക്കുന്നു.

സയാറ്റിക് നാഡി കടന്നുപോകുന്ന ഇടത്തിൽ വാലറ്റ് അമർത്തുകയും ഉയരമുള്ള ഒരു ഇടുപ്പിൽ ഇരിക്കുന്നതിലൂടെ, സിയാറ്റിക് ഞരമ്പുകളുടെ നാഡി വേരുകളിൽ ലംബർ ഡിസ്‌കുകളുടെ സമ്മർദ്ദം നടുവേദനക്ക് കാരണമാകും അതിനാൽ പിൻ പോക്കറ്റിൽ വാലറ്റ് സൂക്ഷിക്കുന്ന ശീലം മാറ്റുന്നതാണ് നിങ്ങൾക്ക് നല്ലത്.

hot

തിരുവനന്തപുരം: ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഈ വിഭാഗത്തിലുള്ളവർ കഴിയുന്നതും നേരിട്ട് വെയിൽ ഏൽക്കാതിരിക്കുക. നിർജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാർഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാൽ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.

അന്തരീക്ഷ താപനില തുടർച്ചയായി സാധാരണയിൽ കൂടുതൽ ഉയർന്നു നിൽക്കുന്നതിനേയാണ് ഉഷ്ണതരംഗം എന്ന് പറയുന്നത്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. അതിനാൽ വളരെയേറെ ശ്രദ്ധിക്കണം.

· രാവിലെ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

· കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങളിലുള്ളവർ ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

· അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

· പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.

· ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. യാത്രാ വേളയിൽ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.

· നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.

· കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കുക. തിളപ്പിച്ചാറ്റിയ വെള്ളം നല്ലത്.

· കുട്ടികൾക്ക് ധാരാളം വെള്ളം നൽകുക.

· പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധമായിരിക്കണം.

· പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആർ.എസ്. ലായനി, സംഭാരം തുടങ്ങിയവ നല്ലത്.

· കുട്ടികളെയോ വളർത്തു മൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

· സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം.

· ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക.

· തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക.

· ധാരാളം പാനീയങ്ങൾ കുടിക്കാൻ നൽകുക.

· ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.

പലർക്കും അനുഭവപ്പെടുന്ന പ്രശ്‌നങ്ങളിലൊന്നാണ് കണ്ണിന് താഴെയുള്ള കറുപ്പ്. നന്നായി ഉറങ്ങാത്തതിനാലാണ് ഇത് സംഭവിക്കുന്നതെന്നാണ് പലരുടെയും ധാരണ. എന്നാൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാണ് ഈ നിറവ്യത്യാസമെന്നതാണ് യാഥാർത്ഥ്യം. അലർജി, നിർജ്ജലീകരണം എന്നിവ മൂലം ഇത്തരത്തിൽ കണ്ണിന് താഴെ കറുപ്പ് വരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

ഇരുമ്പ്, വിറ്റാമിൻ ഡി, കെ, ഇ, ബി എന്നിവയുടെ കുറവു മൂലവും കണ്ണിന് താഴെ കറുത്തപാടുകൾ വരാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തൈറോയിഡ്, വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുടെ ആദ്യ ലക്ഷങ്ങളുടെ ഭാഗമായും കണ്ണിന് താഴെ കറുപ്പ് വരാം. നന്നായി ഉറങ്ങിയിട്ടും ജീവിതശൈലി തന്നെ മാറ്റിയിട്ടും ഈകറുപ്പ് മാറുന്നില്ലെങ്കിൽ വൈദ്യ സഹായം തേടണമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.

ഹീമോഗ്ലോബിൻ കുറയുമ്പോഴും ചില മരുന്നുകളോടുള്ള അലർജിയും വരണ്ട ചർമ്മമുള്ളവർക്കും അറ്റോപിക് ഡെർമറ്റൈറ്റിസ് ഉള്ളവർക്കും കണ്ണിന് താഴെ കറുപ്പ് ഉണ്ടാകാം. നല്ല പോഷക ഗുണങ്ങളുള്ള ആഹാരം കഴിക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയും. നല്ല ഉറക്കം, സമ്മർദ്ദം കുറയ്ക്കൽ എന്നിവയിലൂടെയും കണ്ണിന് താഴെയുള്ള കറുപ്പ് ഒരു പരിധി വരെ കുറയ്ക്കാം. ഇതൊന്നും ഫലം ചെയ്യുന്നില്ലെങ്കിൽ എത്രയും വേഗം ഡോക്ടറെ സമീപിക്കേണ്ടതാണ്.