കോവിഡിന് പിന്നാലെ കുട്ടികളില്‍ മിസ്‌ക്; സംസ്ഥാനത്ത് നാല് കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: കോവിഡിന് പിന്നാലെ മള്‍ട്ടി ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രോം-സി(MIS-C) ബാധിച്ച് സംസ്ഥാനത്ത് നാല് കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

മരിച്ച നാല് പേരും 18 വയസ്സിനു താഴെയുള്ളവരാണ്. ഇതില്‍ ഒരാള്‍ക്ക് മാത്രമാണ് ഗുരുതരമായ രോഗങ്ങളുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലാണ് മിസ്‌ക് മരണം റിപ്പോര്‍ട്ട് ചെയ്തത്.

മാത്രമല്ല, കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 300 ലേറെ കുട്ടികള്‍ക്കു മിസ്‌ക് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 95ശതമാനം പേരും കോവിഡ് ബാധിതരുമായിരുന്നു.

ഇതിനാല്‍, കുട്ടികള്‍ക്ക് കോവിഡ് ബാധിക്കാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കി. കോവിഡ് പോസിറ്റീവ് ആകുന്ന കുട്ടികള്‍ക്ക് 3-4 ആഴ്ചയ്ക്കകമാണു മിസ്‌ക് ബാധിക്കുന്നത്.

കടുത്ത പനിയാണ് പ്രധാന രോഗലക്ഷണം. ത്വക്കില്‍ ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടുന്നതും പഴുപ്പില്ലാത്ത ചെങ്കണ്ണുമെല്ലാം ലക്ഷണങ്ങളാണ്. വായ്ക്കുള്ളിലെ തടിപ്പ്, രക്തസമ്മര്‍ദം കുറയല്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ഉദരരോഗങ്ങള്‍, രക്തം കട്ട പിടിക്കാനുള്ള തടസ്സം എന്നിവയും മിസ്‌കിന്റെ ലക്ഷണമായി ചൂണ്ടിക്കാട്ടുന്നു.