പച്ചക്കറികളിലും പഴങ്ങളിലും തളിച്ചിരിക്കുന്നത് കൊലയാളി വിഷം ! അകത്താക്കും മുമ്പ് ഒന്ന് ശ്രദ്ധിക്കൂ . . .

തിരുവനന്തപുരം: സംസ്ഥാനത്തെ വിപണിയിലെത്തുന്ന പച്ചക്കറികളിലും പഴങ്ങളിലും ഉഗ്രന്‍ വിഷമെന്ന് പഠന റിപ്പോര്‍ട്ട്. 28.04% പച്ചക്കറികളിലും 22.66% പഴങ്ങളിലും കീടനാശിനി സാന്നിധ്യമുണ്ടെന്നു കാര്‍ഷിക സര്‍വകലാശാലയുടെ പഠനത്തിലാണ് കണ്ടെത്തിയിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ കീടനാശിനി കണ്ടെത്തിയത് കാപ്‌സിക്കത്തിലാണ്. 88 – 100% ആണിത്. പഴങ്ങളില്‍ മുന്തിരിയിലാണ് ഏറ്റവും കൂടുതല്‍ കീടനാശിനി – 62.5 – 100%. ചുവന്ന ചീര (80%), പച്ചമുളക് (67%), സാമ്പാര്‍ മുളക് (65%), പുതിനയില (60%), മല്ലിയില (57%) എന്നിവയാണ് കീടനാശിനി അംശം കണ്ടെത്തിയതില്‍ മുന്നിലുള്ള മറ്റു പച്ചക്കറികള്‍.

ഒരു വര്‍ഷത്തിനുള്ളില്‍ പരിശോധിച്ച 1197 ഭക്ഷ്യവസ്തുക്കളില്‍ 872 എണ്ണത്തിലും (72.8%) കീടനാശിനിയുടെ അംശമില്ല. 28.04% പച്ചക്കറികളിലും 22.66% പഴങ്ങളിലും കീടനാശിനി സാന്നിധ്യം കണ്ടെത്തി. 2020 ഏപ്രില്‍ മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ റിപ്പോര്‍ട്ടിലാണ് കണ്ടെത്തലുകള്‍.

സംസ്ഥാനത്തെ വിപണിയിലെത്തുന്ന പഴങ്ങളിലെയും പച്ചക്കറികളിലെയും കീടനാശിനി അവശിഷ്ടാംശം പരിശോധിച്ചു ഫലം ജനങ്ങള്‍ക്കു ലഭ്യമാക്കാനും പരിഹാരം നിര്‍ദേശിക്കാനും കൃഷി വകുപ്പിന്റെ ധനസഹായത്തോടെയുള്ള സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട പരിശോധനാ ലബോറട്ടറിയിലാണ് ഇവ പരിശോധിച്ചത്.

പച്ചക്കറികളിലും പഴങ്ങളിലും കണ്ടെത്തിയ കീടനാശിനികളില്‍ അത്യുഗ്ര വിഷം വരെയുണ്ട്. കുമിള്‍ നാശിനികളാണ് ഏറെയും. കൂട്ടത്തില്‍ സംസ്ഥാനത്തു നിരോധിച്ചവയുമുണ്ട്. ബീറ്റ്‌റൂട്ട്, വെണ്ടയ്ക്ക, ചുവന്ന കാപ്‌സിക്കം, മഞ്ഞ കാപ്‌സിക്കം, കോളിഫ്‌ലവര്‍, സാമ്പാര്‍ മുളക്, ചൗ ചൗ, അമരയ്ക്ക, മല്ലിയില, കറിവേപ്പില, മുരിങ്ങയ്ക്ക, പച്ചമുളക്, കോവയ്ക്ക, പച്ചമാങ്ങ, ഉലുവയില, പുതിനയില, മത്തന്‍, പടവലങ്ങ, കറുത്ത മുന്തിരി എന്നിവയിലാണ് അത്യുഗ്ര വിഷം കണ്ടെത്തിയിരിക്കുന്നത്.

ചുവന്ന ചീര, ബീന്‍സ്, പാവയ്ക്ക, വഴുതനങ്ങ, കാപ്‌സിക്കം, നിത്യവഴുതന, വെള്ളരി, സവാള, സാലഡ് വെള്ളരി, തക്കാളി, പയര്‍, ആപ്പിള്‍, പിയര്‍, മാതളം, തണ്ണിമത്തന്‍, ഏലയ്ക്ക, മുളകുപൊടി, ജീരകം എന്നിവയില്‍ ഉഗ്രവിഷാംശവും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ചില പൊടിക്കൈകളിലൂടെ കീടനാശിനി സാന്നിധ്യം ഇല്ലാതാക്കാമെന്നു കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധര്‍ പറയുന്നു. വിളവെടുപ്പിനു മുന്‍പും പച്ചക്കറികളും പഴങ്ങളും അടുക്കളയില്‍ എത്തിയ ശേഷവുമാണ് ശ്രദ്ധിക്കേണ്ടത്.

വിളവെടുപ്പിനു മുന്‍പ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്ത കീടനാശിനി കൃത്യമായ അളവിലും സമയത്തും മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണം. അടുക്കളയില്‍ എത്തുന്ന സാധനങ്ങള്‍ 20 ഗ്രാം ഉപ്പു ലയിപ്പിച്ച ലായനിയിലോ 20 ഗ്രാം വാളന്‍പുളി കലക്കിയ ലായനിയിലോ 20 മിനിറ്റ് മുക്കിവച്ച ശേഷം ഉപയോഗിക്കാം.

വേവിക്കാതെ കഴിക്കുന്ന സാധനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഏറ്റവും കൂടുതല്‍ കീടനാശിനിയുള്ള മുന്തിരി പോലുള്ളവ. തൊലി കളഞ്ഞു ഉപയോഗിക്കാവുന്നവ അങ്ങനെ ഉപയോഗിക്കുക. അന്തര്‍ വ്യാപന ശേഷിയുള്ള കീടനാശിനിയുടെ സാന്നിധ്യം കൂടുതല്‍ ശ്രദ്ധിക്കണം.