മികച്ച നടനുള്ള നോമിനേഷന്‍ ലഭിക്കുന്ന ഏക ഇന്ത്യക്കാരന്‍; അഭിമാനമായി രാജു തോട്ടത്തില്‍

മലയാള ചലച്ചിത്രം ‘ഹോളി ഫാദറി’ ലെ അഭിനയ മികവിന് രാജു തോട്ടത്തില്‍ 5th GODARD INTERNATIONAL FILM FESTIVAL – ല്‍ മികച്ച നടനുള്ള നോമിനേഷന്‍ പട്ടികയില്‍ ഇടം നേടി.

ഓര്‍മ്മയുടെയും മറവിയുടെയും നൂല്‍പ്പാലത്തിലൂടെ ജീവിക്കുന്ന അറുപത് വയസുള്ള പിതാവിന്റെ ജീവിത സന്ധ്യയിലെ നൊമ്ബരമുണര്‍ത്തുന്ന ജീവിതം രാജു തോട്ടം റൊസാരിയോ എന്ന കഥാപാത്രത്തിലൂടെ അവിസ്മരണീയമായി ആവിഷ്‌കരിച്ചതിനാണ് ഈ മികച്ചനടനുള്ള നോമിനേഷന്‍. 87 രാജ്യങ്ങള്‍ പങ്കെടുത്ത ഈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച നടനുള്ള നോമിനേഷന്‍ ലഭിക്കുന്ന ഏക ഇന്ത്യക്കാരനാണ് അമേരിക്കന്‍ മലയാളി കൂടിയായ രാജു തോട്ടം.

അതേസമയം, പതിനാലോളം ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള ‘ ഹോളി ഫാദറിലെ’ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രാജു തോട്ടത്തിന് ഇതുവരെ ആറ് തവണ മികച്ച നടനുള്ള സംസ്ഥാന – ദേശീയ- അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ റോട്ടറി സദന്‍ ഓഡിറ്റോറിയത്തില്‍ വച്ച് പന്ത്രണ്ടാം തിയ്യതിയാണ് ഫെനല്‍ സ്‌ക്രീനിങ്ങും പുരസ്‌കാരദാനവും.