ചെന്നൈ: ഹിന്ദിയിലല്ല തമിഴില്‍ സംസാരിക്കണമെന്ന് പുരസ്‌കാര വേദിയില്‍ വെച്ച് സംഗീതമാന്ത്രികന്‍ എ.ആര്‍ റഹ്മാന്‍ ഭാര്യയോട് പറയുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി. ചെന്നൈയില്‍ നടന്ന ആനന്ദ വികടന്‍ സിനിമാ അവാര്‍ഡ് ചടങ്ങിലാണ് എ ആര്‍ റഹ്മാന്‍ ഭാര്യ സൈറ ബാനുവിനോട് തമിഴില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടത്.
ചടങ്ങില്‍ എ ആര്‍ റഹ്മാനാണ് മികച്ച പിന്നണി ഗായകന്‍, മികച്ച സംഗീത സംവിധായകന്‍ എന്നീ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്. മികച്ച ഗായകനുള്ള അവാര്‍ഡ് റഹ്മാന്‍ തന്റെ ഭാര്യയ്ക്ക് സമര്‍പ്പിക്കുകയും വേദിയിലേയ്ക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. തന്റെ ശബ്ദത്തിന്റെ ഏറ്റവും ആദ്യത്തെ ഫാന്‍ തന്റെ ഭാര്യയാണെന്നും വേദിയില്‍ റഹ്മാന്‍ പങ്കുവച്ചു. ‘എന്റെ ശബ്ദം നല്ലതാണെന്ന് ആദ്യമായി പറഞ്ഞത് ഭാര്യയാണ്. ഈ ധൈര്യത്തിലാണ് ഞാന്‍ പാട്ടുപാടാന്‍ തുടങ്ങിയത്. ഇപ്പോഴും എന്റെ പാട്ടുകള്‍ മാത്രമല്ല, ഞാന്‍ അഭിമുഖങ്ങളില്‍ സംസാരിക്കുന്നതും ഭാര്യ കേട്ടിരിക്കാറുണ്ട്’- അദ്ദേഹം വേദിയില്‍ വ്യക്തമാക്കി.
തുടര്‍ന്ന് മൈക്ക് കൈമാറുന്നതിന് മുന്‍പ് ദയവായി ഹിന്ദിയില്‍ സംസാരിക്കാതെ തമിഴില്‍ സംസാരിക്കൂവെന്ന് റഹ്മാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതുകേട്ട് സൈറ ഞെട്ടിക്കൊണ്ട് ദൈവമേയെന്ന് പറഞ്ഞത് കാണികള്‍ ഏറ്റെടുത്തു. എന്നാല്‍, തനിക്ക് നന്നായി തമിഴ് സംസാരിക്കാന്‍ അറിയില്ലെന്നും തന്നോട് ക്ഷമിക്കണമെന്നും സൈറ ബാനു ഇംഗ്‌ളീഷില്‍ പറഞ്ഞു. എ ആര്‍ റഹ്മാന്റെ ശബ്ദം തനിക്ക് പ്രിയപ്പെട്ടതാണെന്നും അദ്ദേഹത്തിന്റെ ശബ്ദത്തോട് താന്‍ പ്രണയത്തിലായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, എ ആര്‍ റഹ്മാന്‍ പുരസ്‌കാര വേദിയില്‍ ഭാര്യയോട് ഹിന്ദിയിലല്ല തമിഴില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടതില്‍ ഏറെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

