ബാഹുബലി ഇല്ലായിരുന്നെങ്കില്‍ പൊന്നിയിന്‍ സെല്‍വന്‍ സാധ്യമാകില്ലായിരുന്നു: മണിരത്‌നം

ബാഹുബലി ഇല്ലായിരുന്നെങ്കില്‍ പൊന്നിയിന്‍ സെല്‍വന്‍ സാധ്യമാകില്ലായിരുന്നുവെന്നും രണ്ട് ഭാഗങ്ങളായി പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കാനുള്ള പാത തെളിച്ചത് ബാഹുബലിയാണെന്നും സംവിധായകന്‍ മണിരത്‌നം. പി. എസ് -2 വിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് ചിത്രത്തിന്റെ അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാജമൗലിക്ക് നന്ദിയും അറിയിച്ചു.

രണ്ട് ഭാഗങ്ങളായി പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കാനുള്ള പാത തെളിച്ചത് ബാഹുബലിയാണെന്ന് മണിരത്‌നം പറഞ്ഞു. ഇക്കാര്യം രാജമൗലിയോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും സംവിധായകന്‍ വെളിപ്പെടുത്തി. ചരിത്ര സിനിമയെടുക്കാന്‍ ഇന്‍ഡസ്ട്രിക്ക് ബാഹുബലി ധൈര്യം തന്നുവെന്നും ഇന്ത്യന്‍ ചരിത്രം സിനിമയാക്കി മാറ്റാനുള്ള പാത അദ്ദേഹം തെളിയിച്ചുവെന്നും മണിരത്‌നം കൂട്ടിച്ചേര്‍ത്തു. കരഘോഷങ്ങളോടെയാണ് മണിരത്‌നത്തിന്റെ വാക്കുകള്‍ ആളുകള്‍ ഏറ്റെടുത്തത്.

ഏപ്രില്‍ 28-നാണ് ലോകമെമ്ബാടുമുള്ള തിയേറ്ററുകളില്‍ പി. എസ് -2 എത്തുന്നത്. ജയം രവി, ജയറാം, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, ശോഭിതാ ദുലിപാല, ജയചിത്ര,ഐശ്വര്യ ലക്ഷ്മി തുടങ്ങിയ ഒട്ടേറേ അഭിനേതാക്കളും ‘പൊന്നിയിന്‍ സെല്‍വനി’ലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നായിരുന്നു റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്.